വിഴിഞ്ഞം തുറമുഖം: പുലിമുട്ട് നീളം കൂട്ടിയാൽ അപകടം കുറയുമോ? 




അദാനിയുടെ വിഴിഞ്ഞം വാണിജ്യ തുറമുഖത്തിന്റെ നിർമ്മാണം തുടങ്ങിക്കഴിഞ്ഞ പുലിമുട്ട് നിലവിലുള്ള മീൻപിടുത്ത തുറമുഖം വഴി പ്രവർത്തിക്കുന്ന വള്ളക്കാർക്ക് അപകടമുണ്ടാക്കുന്നതായി ഫിഷറീസ് മന്ത്രി സമ്മതിച്ചിരിക്കുന്നു. വാർത്ത ഇന്നലെ മാതൃഭൂമി പത്രത്തിൽ വന്നത് കാണുക. ഈ സാഹചര്യത്തിൽ വാണിജ്യ തുറമുഖത്തിന്റെ രൂപകൽപ്പനയിൽ (ഡിസൈൻ) മാറ്റം വരുത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടിരിക്കുന്നു. പുലിമുട്ടിന്റെ നീളം കൂട്ടണമെന്നും ഘടനയിൽ മാറ്റം വരുത്തിയേ തീരൂ എന്നും മന്ത്രി പറയുന്നു.


അതേസമയം ഞായറാഴ്ചയിലെ മാതൃഭൂമി പത്രത്തിൽ പുലിമുട്ട് നിർമ്മാണം ത്വരിതഗതിയിലാക്കുമെന്നും മുതലപ്പൊഴിയിൽ നിന്നും കടലിലൂടെ ബാർജിൽ കല്ലുകളെത്തിക്കുമെന്നും വാർത്തയുണ്ടായിരുന്നതും കാണുക.


വാണിജ്യ തുറമുഖത്തിന്റെ പുലിമുട്ട് അപകടകരമെന്ന മന്ത്രിയുടെ വാദം ശരിയാണ്. പക്ഷേ പുലിമുട്ട് നീളം കൂട്ടിയാൽ അപകടം കുറയുമോ? മുതലപ്പൊഴി തുറമുഖത്ത് നീളം കൂട്ടിയതുകൊണ്ട് അപകടം കുറഞ്ഞില്ലല്ലോ. 
അതുപോലെ പുലിമുട്ടിന്റെ രൂപരേഖയിൽ ഇനി മാറ്റം വരുത്തണമെങ്കിൽ പുതിയത് തയ്യാറാക്കി കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി വാങ്ങാതെ സാധ്യമാകുമോ? പുതിയ പ്ലാനും പരിസ്ഥിതി ആഘാത പഠനത്തിന് വിധേയമാക്കേണ്ടതല്ലേ?


ഇവിടെ നമ്മൾ ഓർമ്മിക്കേണ്ട ഒരു കാര്യം ഇപ്പോൾ അദാനി നടപ്പാക്കിക്കൊണ്ടിരിക്കുന്ന ഡിസൈൻ അദാനി തയ്യാറാക്കിയതല്ല, കേരള സർക്കാരിന്റെ തന്നെ VISL തയ്യാറാക്കിയതാണ്. ഈ ഡിസൈനുമായി കഴിഞ്ഞ ഉമ്മൻചാണ്ടി സർക്കാർ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തെ സമീപിച്ചപ്പോൾ അവരുടെ വിദഗ്ദ്ധ സമിതി അതിനെതിരെ പ്രതികരിച്ചിരുന്നു. ആ പ്ലാൻ പ്രകാരം പുലിമുട്ട് നിർമ്മിച്ചാൽ വിഴിഞ്ഞം മീൻപിടുത്ത തുറമുഖം അപകടകരമാകുമെന്നും ആയിരക്കണക്കിന് മത്സ്യത്തൊഴിലാളികളുടെ ഉപജീവനത്തെ ബാധിക്കുമെന്നും അതുകൊണ്ട് തുറമുഖത്തിന്റെ സ്ഥാനം ദൂരേയ്ക്ക് മാറ്റണമെന്നുമാണ് നിർദ്ദേശിച്ചത്. പരിസ്ഥിതി ആഘാത പഠനത്തിനുള്ള അനുമതിക്കായി ചെന്നപ്പോഴാണ് ഈ പ്രതികരണമുണ്ടായത്. ഇതിന് രേഖയുമുണ്ട്. 


2011 മെയ് മാസത്തെ പരിസ്ഥിതി മന്ത്രാലയത്തിലെ വിദഗ്ദ്ധ സമിതിയുടെ മിനിട്സിന്റെ ഇതു സംബന്ധിച്ച പ്രസക്തഭാഗം താഴെ ചേർക്കുന്നു.
During the discussion, the committee noted that: 
(i)                   The proponent has identified three alternative locations, which are very close to one another, and selected one that is close to the Fishing harbour for execution. The existing Fisheries Harbour is on the northern side of the proposed Transshipment Terminal. The lay out is similar in all proposals. The Proponent may examine the suitability of other locations away from the present locations and revert back.
 (ii)                The present proposal may affect the smooth operation of the fishing harbour in the long run due to blocking of entrance by the movement of littoral drift which is predominantly towards south in the west coast. There will be negative impact on the fishing grounds during and after construction. The development may thus cause adverse impact on the fishing activity in and around the fisheries harbor thereby affecting the very lively hood of the fishing community. It is therefore necessary to study the location of nearby fishing ground and whether the beach is being used by local fisherman for landing their catch and if so, the number of people affected by the construction of the proposed facility within the close proximity of fishing harbour. (Social Impact Assessment).


എന്നാൽ ഇതിനെയെല്ലാം മറികടക്കാനായി ഉമ്മൻചാണ്ടിയും അന്ന് കേന്ദ്ര മന്ത്രിമാരായിരുന്ന ശശി തരൂരും, ഏ.കെ ആന്റണിയും ജയറാം രമേശിൽ ശക്തമായ സ്വാധീനം ചെലുത്തി ഇതേ രീതിയിൽ ഇതേ സ്ഥലത്തു തന്നെ നിർമ്മിക്കാനുള്ള പരിസ്ഥിതി ആഘാത പഠനം നടത്താൻ അനുമതി നേടുകയാണുണ്ടായത്.


ഇപ്പോൾ മന്ത്രി മേഴ്സിക്കുട്ടിയമ്മ അദാനിയോട് ഡിസൈനിൽ മാറ്റം വരുത്താൻ ആവശ്യപ്പെട്ടത് മുഖ്യമന്ത്രിയുടെ അറിവോടെയാണോ എന്നും വ്യക്തമല്ല. അതോ ഈ പ്രസ്താവന രോഷാകുലരായ വിഴിഞ്ഞത്തെ മീൻപിടുത്തക്കാരെ നിർമ്മാണം തീരുന്നതു വരെ അടക്കി നിർത്താനുള്ള ഒരു വാചക കസർത്ത് മാത്രമായി പുകഞ്ഞു തീരുമോ എന്നും കണ്ടറിയേണ്ടിയിരിക്കുന്നു. നേരത്തെ വിഴിഞ്ഞം വാണിജ്യ തുറമുഖ നിർമ്മാണം വടക്കൻ തീരങ്ങളിൽ തീരശോഷണത്തിന് ഇടയാക്കുമെന്നും മന്ത്രി മേഴ്സിക്കുട്ടിയമ്മ സമ്മതിച്ചിരുന്നതാണ്.


ജോസഫ് വിജയൻ്റെ FB പോസ്റ്റിനോടു കടപ്പാട്

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment