വികസിത രാജ്യങ്ങളുടെ മാലിന്യ കുപ്പത്തൊട്ടിൽ അല്ല വികസ്വര രാജ്യങ്ങൾ




കാനഡ, അമേരിക്ക, ആസ്ട്രേലിയ മുതലായ രാജ്യങ്ങളിൽ നിന്നും മലേഷ്യയിലേക്ക്  ഇറക്കുമതി ചെയ്ത  3300 ടൺ പ്ലാസ്റ്റിക് മാലിന്യങ്ങൾ, അതാതു രാജ്യങ്ങളിലേക്ക് തിരിച്ചയക്കുവാൻ അവർ തീരുമാനിച്ചിട്ട് ഒരു മാസം കഴിഞ്ഞിരിക്കുന്നു. ഇതേ മാതൃകയിൽ  ഫിലിപ്പൈയിനിൽ എത്തിയ 2600 ടൺ ഉപയോഗിച്ച പ്ലാസ്റ്റിക്കുകൾ കാനഡയിലെക്കു തന്നെ മടക്കുകയാണ്. ഏറ്റവും അധികം ഉപയോഗിച്ച പ്ലാസ്റ്റിക്കുകൾ ഇറക്കുമതി ചെയ്തിരുന്ന ചൈന ഇറക്കുമതി പൂർണ്ണമായും ഒഴിവാക്കിയതോടെ മറ്റു രാജ്യങ്ങളും അതേ പാത പിൻതുടരുവാൻ തീരുമാനിച്ചു. 


2019 മേയ് മാസം  ജനീവയിൽ 189 രാജ്യങ്ങൾ പങ്കെടുത്ത സമ്മേളനത്തിൽ വെച്ച് The Basel Convention (1989 ) ധാരണ പ്രകാരം മാലിന്യങ്ങളുടെ കയറ്റുമതിക്ക് നിയന്ത്രണങ്ങൾ കാര്യക്ഷമമാക്കി. സമ്പന്ന രാജ്യങ്ങൾ വികസ്വര രാജ്യങ്ങളിലേയ്ക്ക് അപകടകരമായ മാലിന്യങ്ങൾ (ആണവ മാലിന്യം, പ്ലാസ്റ്റിക് മുതലായവ)  ഇറക്കുമതി ചെയ്യരുത് എന്നായിരുന്നു ധാരണ. ഇത്തരം വിഷയങ്ങളിൽ നഷ്ട പരിഹാരം നൽകുവാൻ ഉത്തരവാദിത്തപ്പെട്ടവർക്കു ബാധ്യതയുണ്ട് . എന്നാൽ അവ ഒന്നും തന്നെ നടപ്പിലാക്കുവാൻ രാജ്യങ്ങൾ തയ്യാറായിരുന്നില്ല.


പുതിയ വർഷത്തിൽ നോർവ്വേ, ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളുടെ മുൻകൂർ അനുമതിയില്ലാതെ മാലിന്യ വസ്തുക്കൾ കയറ്റിയയക്കില്ല എന്നു സമ്മതിച്ചു. അമേരിക്ക The Basel Convention കരാറിൽ അംഗമാണ് എങ്കിലും നിയന്ത്രണങ്ങൾ നടപ്പിലാക്കുവാൻ സമ്മതം മൂളിയിട്ടില്ല. പക്ഷേ അംഗ രാജ്യങ്ങളുടെ  നിയന്ത്രണങ്ങൾ  ഏർപ്പെടുത്തുവാനുള്ള അവകാശത്തെ മുൻ നിർത്തി ചൈന പാഴ് വസ്തുക്കളുടെ  ഇറക്കുമതി നിരോധിച്ചു. 2017ൽ 2.5 ലക്ഷം ടൺ  പ്ലാസ്റ്റിക് മാലിന്യങ്ങൾ അമേരിക്കയിൽ നിന്നും ഇറക്കുമതി ചെയ്തിരുന്നു. ഇന്നത് പൂജ്യമായി തീർന്നു. അമേരിക്കയുടെ വിവിധ രാജ്യങ്ങളിലേക്കുള്ള മാലിന്യ കയറ്റുമതി 7.5 ലക്ഷം ടണ്ണിൽ നിന്നും 3.5 ലക്ഷം ടൺ ആയി 2 വർഷത്തിനിടയിൽ  കുറക്കേണ്ടിവന്നു. പ്രശ്നത്തെ നേരിടുവാൻ Recycling plant കൾ, ബോധവൽക്കരണം, Single usable Plastic കളുടെ നിരോധനം എന്നിവ നടപ്പിലാക്കുന്നു. എന്നാൽ മുൻസിപ്പാലിറ്റികളുടെ മാലിന്യ സംസ്ക്കരണ ചെലവു വർദ്ധിച്ചത് നഗരങ്ങളുടെ പദ്ധതി ചെലവുകൾ കൂടാൻ കാരണമായി. 


നോർവ്വേ ഉണ്ടാക്കിയ പുതിയ നിയമ ഭേദഗതിയിൽ മാലിന്യങ്ങളെ അപകടരമായത് (Hazardous) എന്നും നിരുപദ്രവകാരിയായത് എന്നും വേർതിരിച്ചു. ഇതിൽ വീണ്ടും ഒരു തരത്തിലും ഉപയോഗ്യമല്ലാത്ത വസ്തുക്കളുടെ (പ്ലാസ്റ്റിക്) കയറ്റുമതി നിരോധിച്ചു. അപകടകാരിയല്ലാത്തതും പുനരുപയോഗിക്കുവാൻ കഴിയുന്നതുമായ പ്ലാസ്റ്റിക്കുകൾ കയറ്റുമതി ചെയ്യാം എന്ന് പുതിയ നിയമം പറയുന്നു. 


കടലിൽ എത്തുന്ന പ്ലാസ്റ്റിക്ക് മാലിന്യങ്ങളെ നിയന്ത്രിക്കുന്നതിൽ പ്രത്യേക ശ്രദ്ധ ആവശ്യമാണെന്ന് നോർവ്വീജിയൻ സർക്കാർ തീരുമാനിച്ചു. ഉപയോഗിച്ചു വലിച്ചെറിയുന്ന പ്ലാസ്റ്റിക്കുകൾ ചുറ്റുപാടിൽ നിന്നും പുഴകളിലൂടെ കടലിൽ എത്തുന്നതു വഴി  അവ നൂറ്റാണ്ടുകൾ കടലിന്റെ അടിത്തട്ടിലും മറ്റും ഒഴുകി നടക്കുന്ന വിഷയം വളരെ ഗൗരവതരമാണ്. 


ചൈന കഴിഞ്ഞാൽ ഏറ്റവുമധികം പ്ലാസ്റ്റിക് മാലിന്യങ്ങൾ ഇറക്കുമതി ചെയ്യുന്ന ഇന്ത്യ, ഉപയോഗിച്ച പ്പാസ്റ്റിക്ക് കൊണ്ടുണ്ടാക്കിയ ഉൽപ്പന്നങ്ങളുടെ പ്രധാന മാർക്കറ്റ്  കൂടിയാണ്. പരിസ്ഥിതി നാശവും ഒപ്പം ക്യാൻസർ രോഗങ്ങൾക്കു കാരണമാകാവുന്ന കണ്ടം ചെയ്ത ഇലക്ട്രാേണിക്ക്/ഇലക്ട്രിക്ക് സാധനങ്ങൾ, ടയറുകൾ മുതലായവയുടെ ഇന്ത്യയിലേക്കുള്ള ഇറക്കുമതി എത്രയും വേഗം അവസാനിപ്പിക്കുവാൻ സർക്കാർ ചൈന കൈകൊണ്ട നിലപാടുകൾക്കു സമാനമായ തീരുമാനങ്ങൾ  ഗൗരവതരമായി പരിഗണിക്കണം.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment