വയനാടിനെ രക്ഷിക്കുവാന്‍ ബജറ്റ് നിര്‍ദ്ധേശങ്ങള്‍ അശക്തമാണ് 




വികസന സംരംഭത്തെ പറ്റി ആലോചിക്കുമ്പോള്‍ സ്ഥലം, കെട്ടിടം,ഉപകരണം,ഊര്‍ജ്ജ സംവിധാനം, വെള്ളവും സമാന ഉപാധികളും തൊഴിലവസരം എന്നീ വിഷയങ്ങളാണ് സാധാരണ പരിഗണിക്കുക. ജീവികളുടെ ആവാസ വ്യവസ്ഥിതി ക്കുണ്ടാകുന്ന മാറ്റങ്ങള്‍, ജലവിതാനത്തില്‍ അവയുടെ പങ്ക്തുടങ്ങി സ്ഥാപനം പുറംതള്ളുന്ന ഹരിത വാതകവും (കാര്‍ബണ്‍ പാതുകം) ശബ്ദ മലിനീകരണവും മലിനജലവും അതുണ്ടാക്കുന്ന സാമൂഹിക ആഘാതങ്ങളും പ്രധാന വിഷയങ്ങളായി നടത്തിപ്പുകാര്‍ മാത്രമല്ല സര്‍ക്കാര്‍ സംവിധാനങ്ങള്‍ പോലും പരിഗണിച്ചു വരുന്നില്ല.


സംരംഭങ്ങള്‍ തൊഴില്‍ തരുന്നു, പ്രകൃതി വിഭവങ്ങളെ മൂല്യമുള്ള ഉത്പന്നങ്ങളാക്കി മാറ്റുന്നു , അതിന്‍റെ ഭാഗമായി സാമ്പത്തിക രംഗം ഉണരുന്നു, സര്‍ക്കാരിനും നടത്തിപ്പുകാര്‍ക്കും വരുമാനം ഉണ്ടാകുന്നു എന്നിങ്ങനെയുള്ള വിലയിരുത്തലിനപ്പുറം, പ്രകൃതിയില്‍ അതുണ്ടാക്കുന്ന സ്വാധീനം എന്താണ് എന്നു പരിശോധിച്ച് വിവരങ്ങള്‍ കണ്ടെത്തുവാന്‍ നാട്ടില്‍ സംവിധാനങ്ങള്‍ ഇല്ല(?)ഉണ്ടെങ്കില്‍ അവ പ്രവര്‍ത്തിക്കുന്നില്ല.


പ്രകൃതി വിഭവങ്ങളില്‍ നിന്നും കണ്ടെത്താവുന്ന ലാഭം എത്ര വലുതായിരിക്കും എന്നതിനുള്ള തെളിവാണ് അംബാനി-വേദാന്ത-അദാനി മുതല്‍ നാട്ടിലെ ക്യാറി മുതലാളിമാരുടെ ആസ്ഥിയില്‍ ഉണ്ടാകുന്ന അഭൂത പൂര്‍വ്വമായ സാമ്പത്തിക വളര്‍ച്ച. എന്നാല്‍ പ്രകൃതി പ്രതിഭാസങ്ങള്‍ക്ക് വന്‍ ജീവന-സാമ്പത്തിക നഷ്ടങ്ങള്‍ ഉണ്ടാക്കാം എന്ന് നമ്മുടെ സര്‍ക്കാര്‍ എന്തുകൊണ്ട്  അംഗീകരിക്കുവാന്‍ മടിക്കുന്നു ? .


കോടിക്കണക്കിന് ലിറ്റര്‍ ജല സംഭരണ ശേഷിയുള്ള കുന്നുകള്‍ ഇടിച്ചു നിരത്തുമ്പോള്‍ അതിനാല്‍ ഉണ്ടാകുന്ന  ജലക്ഷാമം സാമ്പത്തിക(മറ്റു)ബാധ്യതകളുണ്ടാക്കുന്നു എന്നും മനുഷ്യേതര വിഭാഗത്തെയും അത് പ്രതികൂലമായി ബാധിക്കും എന്ന് പരിഗണിക്കുന്നില്ല.ഒരു ഹെക്റ്റര്‍ കാട് വെട്ടി വെളിപ്പിച്ചാല്‍ ഏതൊക്കെ തരത്തിലായിരിക്കും ആവാസ വ്യവസ്ഥയെ അതു തകര്‍ക്കുക ? അതിന്‍റെ സാമൂഹിക നഷ്ട്ടം കേവലം നോട്ടുകളില്‍ പ്രതിഫലിപ്പിക്കുവാന്‍ കഴിയില്ല. സര്‍ക്കിനെ സംബന്ധിച്ച് വനം വെട്ടിയാല്‍ അതിലെ മരങ്ങളോ മണ്ണിനടിയിലെ ധാതുക്കളോ വരുമാനം ഉണ്ടാക്കുന്ന വിഭവങ്ങളാണ്.ഒരു തണലും ഒരു മീറ്റര്‍ അരുവിയും ഒരു ചിത്രശലഭവും കണക്കുകളില്‍ ഇടം നേടാറില്ല. അതാതു ഭൂമിയിലെ ജീവി വര്‍ഗ്ഗങ്ങള്‍ക്ക് നഷ്ടപെടുന്ന അവരുടെ പരിസരത്തെ പറ്റി വികസന പ്രോജക്റ്റുകള്‍ എന്നും നിശബ്ദരായിരുന്നു.. 

 
കേരളത്തില്‍ പ്രളയം ഉണ്ടാക്കിയ പതിനായിര കണക്കിന് കോടികളുടെ നഷ്ട്ടത്തെ പറ്റിയുള്ള വ്യാകുലതകള്‍ പോലും മനുഷ്യനെയും അവന്‍റെ ഉടമസ്ഥതയില്‍ ഉണ്ടായിരുന്ന വസ്തുവകളേയും ചുറ്റിപറ്റിയുള്ളമാത്രമായിരുന്നു. ഇത്തരം നിലപാടുകള്‍ക്ക് മാറ്റം ഉണ്ടാകാതെ നമ്മുടെ പ്രകൃതിയുടെ ക്ഷോഭങ്ങളെ ശമിപ്പിക്കുവാന്‍കഴിയില്ല..പ്രകൃതി ദുരന്തത്തില്‍ ഉണ്ടായ കഷ്ടതകള്‍ പരിഹരിക്കുവാനായി സര്‍ക്കാര്‍ 25 പദ്ധതികള്‍ ബജറ്റിലൂടെ നിര്‍ദ്ദേശിക്കുന്നുണ്ട്. അവക്ക് പ്രകൃതിയിലുണ്ടായ ആഘാതങ്ങള്‍ പരിഹരിക്കുവാന്‍ ശേഷിയുണ്ടോ?  

 
നമ്മുടെ പുതിയ ബജറ്റില്‍ പരാമര്‍ശിക്കുന്ന പദ്ധതികളിലൂടെ പഴയ വയനാടിനെ പുനസ്ഥാപിക്കുവാന്‍ കഴിയുമോ?


വയനാട്ടില്‍ കാപ്പി കൃഷിക്ക് ഒന്നര നൂറ്റാണ്ടിലധികം ചരിത്രമുണ്ട്.അവിടുത്തെ തണുത്ത കാലാവസ്ഥ അതിനുള്ള അവസരം ഒരുക്കി. വയലുകളുടെ നാടിന്‍റെ (വയനാടിന്‍റെ) സുഖകരമായ അന്തരീക്ഷത്തിന് അടിത്തറ പാകിയത് വയലുകളും അവക്ക് ചുറ്റമുള്ള പച്ചപ്പുള്ള മലനിരകളുമാണ്.വയനാടിന്‍റെ തനതു കൃഷിയായ കാപ്പിയും തേയിലയും നിലനിൽക്കണമെങ്കിൽ പ്രകൃതിയെ സംരക്ഷിക്കാതെ കഴിയില്ല. അതിലേക്കു വെളിച്ചം വീശുന്ന സമയബന്ധിതമായ പരിപാടികള്‍ക്കാണ് പ്രഥമ പരിഗണന ഉണ്ടാകേണ്ടത്.വയനാടൻ കാപ്പിയെ കാർബൺ രഹിത മലബാർ കാപ്പി എന്ന പേരിൽ ലോക മാർക്കറ്റിലെത്തിക്കണമെങ്കിൽ ആദ്യം കാപ്പിച്ചെടികള്‍ക്ക്‌ വളരുവാൻ ഉതകുന്ന അന്തരീക്ഷത്തിലേക്ക് വയനാടിനെ തിരിച്ചു കൊണ്ടുവരണം, അതിനു സർക്കാർ തയ്യാറാണെങ്കിൽ എന്തൊക്കെയായിരിക്കണം കൈകൊള്ളേണ്ട ഹ്രസ്യവും ദീര്‍ഘവുമായ പദ്ധതികള്‍ ?


ലോകത്തെ 18 agro-bio diversity hot spot ല്‍ ഒന്നും പശ്ചിമഘട്ടത്തിന്‍റെ ഭാഗവുമായ വയനാട് (700 മുതൽ 2200 മീറ്റർ (ചെമ്പംമല) ഉയരമുള്ള പ്രദേശങ്ങൾ) അടിമുടി ക്ഷയിച്ചു കഴിഞ്ഞു. ലക്കിഡിയും അമ്പല വയലും എടക്കലും പക്ഷി പാതാളവും മുത്തങ്ങയും കബനിയും പനരമന്‍, കാളിന്ദി, മാനന്ദവാടി പുഴകളും വയലുകളും ഓര്‍മ്മകളായി മാറി. മലകള്‍ ഇടിഞ്ഞു വീഴുന്നു.ചിത്ര ശലഭങ്ങൾ, പക്ഷികൾ എന്നിവയുടെ സാനിധ്യം കൊണ്ട് ശ്രദ്ധ നേടിയ പ്രദേശങ്ങളില്‍ അവരെ ഇന്നു കണ്ടെത്തുക ദുഷ്ക്കരമായി.കാടുകള്‍ 37% ആയി ചുരുങ്ങി.ഏറെ വീട്ടി മരങ്ങള്‍  ഉണ്ടായിരുന്ന ജില്ലയിലെ 13000 വന്‍ വീട്ടികളും പിണറായി സര്‍ക്കാരിന്‍റെ കാലത്ത് മുറിച്ചു മാറ്റി. ഏറ്റവും ഉയരം കൂടിയ അയനിമരങ്ങള്‍ ഒട്ടുമിക്കതും തടികളായി തീര്‍ന്നു.(കുരങ്ങന്മാരുടെ ഇഷ്ടമരം). കോടമഞ്ഞിനെ തടഞ്ഞു നിര്‍ത്തുന്നതില്‍ അയനി നിര്‍ണ്ണായക പങ്കുവഹിച്ചു വരുന്നു.വയനാടിന് അന്യമായ ചൂട് ഇന്ന് നാടിനെ പൊള്ളിക്കുകയാണ്. കാലാവസ്ഥ ഓർമ്മകളിൽ മാത്രമായി.

 
ജനസംഖ്യയില്‍ 17% ആദിമവാസികളുള്ള വയനാടിന്‍റെ കര്‍ഷകര്‍ ശരാശരി 0.68 ഹെക്റ്റര്‍ മാത്രം ഭൂമിയുടെ ഉടമകളാണ്. ജില്ലയിലെ 8 ലക്ഷം ജനങ്ങളിലെ പകുതിയിലധികവും  കർഷകരാണ്.അവരുടെ  ഇടയിൽ നിന്നുമാണ് സംസ്ഥാനത്തെ അധികം കര്‍ഷക  ആത്മഹത്യളും  രേഖപ്പെടുത്തിയിട്ടുള്ളത്.

 
വയനാടിനെ രക്ഷിക്കണമെങ്കിൽ...
 
1.പശ്ചിമഘട്ടത്തെ സംരക്ഷിക്കുവാൻ (ഗാഡ്ഗിൽ നിർദ്ദേശങ്ങളെ പരിഗണിച്ചുള്ള) ആവശ്യമായ നിർദ്ദേശങ്ങൾ വയനാടിനും ബാധകമാക്കുക.


2.അനധികൃത തോട്ടങ്ങൾ തിരിച്ചു പിടിക്കൽ.


3.പാട്ടക്കരാർ പുതുക്കി നൽകാതെ, തോട്ട ഭൂമി തൊഴിലാളി സഹകരണ സംഘങ്ങൾക്ക്


4.ആദിവാസി സൗഹൃദ ജില്ലയാക്കി വയനാടിനെ മാറ്റുക. അതിലേക്കായി വനസംരക്ഷണ അവകാശ നിയമം പൂർണ്ണമായും നടപ്പിലാക്കൽ, ആദിവാസി ഭൂമി ആദിവാസികൾക്ക്മാത്രം .


5.പ്രത്യേക-കെട്ടിട നിർമ്മാണ-ഭൂവിനിയോഗ ചട്ടങ്ങള്‍ , കാർബൺ രഹിത വയനാടിനായി പ്രത്യേക സോൺ


6. വയനാടിലെ ആദിവാസികൾക്കും കർഷകർക്കും മിനിമം വരുമാനമുറപ്പിക്കൽ, അതിന്‍റെ ഭാഗമായി വയനാടന്‍ ഉല്‍പ്പന്നങ്ങള്‍ ലോക മാര്‍ക്കറ്റില്‍ എത്തിക്കുവാന്‍ പദ്ധതികള്‍

 
വയനാടിനെ രക്ഷിക്കുവാൻ സർക്കാർ എടുക്കേണ്ട തീരുമാനങ്ങളില്‍ മുഖ്യം പശ്ചിമഘട്ടവും നദികളും വയലുകളും പൂർണ്ണമായും നിലനിർത്തുക എന്നതായിരിക്കണം  
രണ്ടാം ഘട്ടമായി കർഷകരെ കാർബൺ രഹിത കൃഷിയിലെത്തിക്കുവാനുള്ള പരിസരമൊരുക്കൽ.
മൂന്നാം ഘട്ടത്തിൽ വയനാടിന്‍റെ  കാർഷിക മറ്റു തനത് വിഭവങ്ങൾ സഹകരണ സംഘങ്ങളിലൂടെ സംഭരിക്കൽ, ലോക വിപണയിലെത്തിക്കുവാൻ സർക്കാർ സംവിധാനം.(മലബാറിന്‍റെ ടാഗിലുള്ള കാര്‍ബണ്‍ രഹിത കാപ്പി, തേയില, പഴങ്ങള്‍, മുളയരി മുതലായ ഉൽപ്പന്നങ്ങൾ.)

 
നമ്മുടെ ബജറ്റ്  കാര്‍ബണ്‍ രഹിത പഞ്ചായത്തായി പരിചയപെടുത്തിയ മീനങ്ങാടിയില്‍ പോലും സര്‍ക്കാര്‍ നടത്തിയ മരം മുറിക്കല്‍ അവരുടെ വയനാട് സംരക്ഷണ യജ്ഞത്തിന്‍റെ പൊള്ളത്തരങ്ങള്‍ പുറത്തു കൊണ്ടുവരുന്നുണ്ട്. 2019-20 ലെ ബജറ്റില്‍ വയനാടിന്‍റെ രക്ഷക്കായി പറഞ്ഞു പോയ പദ്ധതികള്‍ കേവലം വാചാടോപങ്ങള്‍ മാത്രമാണ്.

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment