മരടിന് പിന്നാലെ വയനാടും നിയമം ലംഘിച്ച് ഫ്‌ളാറ്റ് നിർമ്മാണം; പൊളിക്കണമെന്ന ഉത്തരവ് പുറത്ത്
കൽപ്പറ്റ: മരടിന് പിന്നാലെ വയനാട്ടിലും നിയമം ലംഘിച്ച് നിർമിച്ച ഫ്ളാറ്റ് പൊളിക്കാൻ ഉത്തരവ്. വൈത്തിരി താലൂക്കിൽ നിലം നികത്തി നിർമിച്ച ഫ്ളാറ്റ് സ്ഥിതി ചെയ്യുന്ന ഭൂമി പൂർവ സ്ഥിതിയിലാക്കാൻ മാനന്തവാടി സബ് കളക്ടർ നൽകിയ ഉത്തരവിന്റെ കോപ്പി മാധ്യമങ്ങള്‍ക്ക്  ലഭിച്ചു. ഒരു വർഷം മുൻപ് പുറത്തിറക്കിയ ഉത്തരവാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. 2016 ൽ സി.എസ് ധർമരാജ് എന്ന പരിസ്ഥിതി പ്രവർത്തകൻ നൽകിയ പരാതിയിലാണ് നടപടി. 


വൈത്തിരി താലൂക്കിലെ വൈത്തിരി പഞ്ചായത്തിലെ ചുണ്ടേൽ വില്ലേജിൽ നിർമിച്ചിരിക്കുന്ന ഫ്ളാറ്റ് നിൽക്കുന്ന ഭൂമി വയലാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഈ വയൽ പൂർവസ്ഥിതിയിലാക്കാനാണ് മാനന്തവാടി സബ്കളക്ടർ എൻ.എസ്.കെ ഉമേഷ് ഉത്തരവ് നൽകിയിരുന്നത്. വയൽഭൂമി പൂർവസ്ഥിതിയിലാക്കാൻ ഫ്ളാറ്റ് പൊളിച്ച് നീക്കേണ്ടി വരും. എന്നാൽ ഉത്തരവിറങ്ങി ഒരു വർഷമായിട്ടും നടപടി ഉണ്ടായിട്ടില്ല. ഇപ്പോൾ മാത്രമാണ് ഈ ഉത്തരവ് പുറത്ത് വരുന്നത്.

വയനാട്ടിൽ മൂന്ന് ബഹുനില ഫ്ളാറ്റുകളാണുള്ളത്. ഇതെല്ലാം അതീവ പരിസ്ഥിതി പ്രധാന്യമുള്ള വൈത്തിരി താലൂക്കിലെ വൈത്തിരി പഞ്ചായത്തിലാണുള്ളത്. ഇതിൽ ഒരു ഫ്ളാറ്റിനെ കുറിച്ചാണ് മാനന്തവാടി സബ്കളക്ടർ ഉത്തരവിറക്കിയിട്ടുള്ളത്. കേരള ഭൂവിനിയോഗ നിയമപ്രകാരം ഫ്ളാറ്റ് നിർമിച്ചിരിക്കുന്ന ഭൂമി വയലാണെന്ന് കണ്ടെത്തിയതിന് ശേഷമാണ് സബ്കളക്ടർ ഈ ഉത്തരവ് നൽകിയിരിക്കുന്നത്. കേരള ഭൂവിനിയോഗ നിയമപ്രകാരം ഫോം ഇ എന്ന ഉത്തരവ് കൂടി സബ്കളക്ടർ നൽകിയിട്ടുണ്ട്. ഈ ഉത്തരവ് പ്രകാരം ഈ ഭൂമിയിൽ നെൽകൃഷി നടത്തണമെന്നും സബ്കളക്ടർ പറയുന്നു. 


ആ ഭൂമി പഴയപോലെ വയലാക്കി തന്നെ മാറ്റണമെന്ന ഉത്തരവാണ് കളക്ടർ പുറപ്പെടുവിച്ചിരിക്കുന്നത്. അതിന് വേണ്ടി സ്വാഭാവികമായും ഈ ഫ്ളാറ്റ് പൊളിച്ച് നീക്കേണ്ടി വരും. ഉത്തരവിറങ്ങിയതിൻ ശേഷം ഉടമകൾ ലാൻഡ് റവന്യു കമ്മീഷണർക്ക് അപ്പീൽ നൽകിയിരുന്നു. എന്നാൽ ഉത്തരവ് സ്റ്റേ ചെയ്യാൻ തയ്യാറാകാതിരുന്ന ലാൻഡ് റവന്യു കമ്മീഷണർ ഉടമകളുടെ ഭാഗം കേട്ട് മൂന്ന് മാസത്തിനകം തീർപ്പാക്കണം എന്ന ഉത്തരവാണ് നൽകിയത്.


അതേസമയം, ഈ നിലം നികത്താനുള്ള ഒരു അനുമതിയും റവന്യു വകുപ്പ് നൽകിയിട്ടില്ലെന്ന് ഉത്തരവിൽ പറയുന്നു. മറ്റൊരു സ്ഥലത്തിന് മണ്ണിടാൻ നൽകിയ ഉത്തരവ് വെച്ചാണ് ഈ സ്ഥലം നികത്തിയിരിക്കുന്നത്. 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment