തോവിരസമരം സുശക്തമായി തുടരുന്നു..




മണ്ണില്‍ പണിയെടുക്കുന്നവര്‍ക്ക് മണ്ണിന്‍റെ ഉടമാസ്ഥാവകാശം എന്ന ആവശ്യം ഉയര്‍ന്നുകേട്ട 1931 മുതലുള്ള ദേശിയ പ്രക്ഷോഭങ്ങള്‍ ഇന്നും കേരളത്തിൽ (പോലും) ലക്ഷ്യം നേടിയിട്ടില്ല. കൃഷിയില്‍ ഏര്‍പെടുന്നവര്‍ മണ്ണിനെയും അതിലൂടെ ഒഴുകുന്ന ജലശ്രോതസുകളുടെയും കാറ്റിനെയും വളരെ അടുത്തു മനസ്സിലാക്കുന്നവരാണ്. അവരുടെ പരമ്പരാഗത ഭൂമിക്ക് മുകളില്‍ പത്തൊന്‍പതാം നൂറ്റാണ്ട് മുതല്‍ ശക്തമായി മാറിയ വൈദേശിക ഉടമസ്ഥാവകാശം സ്വാഭാവിക വനങ്ങള്‍ വെട്ടി മാറ്റി തോട്ടങ്ങള്‍ ഉണ്ടാക്കുവാൻ അവസരമൊരുക്കി. അതിലൂടെ ആരംഭിച്ച ദുരന്തങ്ങള്‍ കാലം കഴിയുന്തോറും വര്‍ധിക്കുകയാണ്. ഏറെ അധികം പാരിസ്ഥിതിക ദുരന്തങ്ങള്‍ ഉണ്ടായ ജില്ലകളായ വയനാടും ഇടുക്കിയും മലപ്പുറവും വന്‍കിട തോട്ടങ്ങളുടെ സാനിധ്യം അനുഭവിക്കുന്നുണ്ട്.


1792 ല്‍ ആദ്യമായി മലബാറിലെ അഞ്ചര കണ്ടിയില്‍ ആരംഭിച്ച തോട്ടകൃഷിയില്‍ കാപ്പിയും കുരുമുളകും ഇഞ്ചിയും കരിമ്പും ചന്ദനവും ഉണ്ടായിരുന്നു.1849 മുതല്‍ തിരുവിതാംകൂറിലും വനങ്ങള്‍ വെട്ടിമാറ്റി കാപ്പിയും മറ്റും വ്യാപിപ്പിച്ചു. ബ്രിട്ടിഷ് ഈസ്റ്റിന്‍ഡ്യാ കമ്പനിയുടെ നേതൃത്തത്തില്‍ നടന്ന 1824 ലെ സസ്യശാസ്ത്ര കോണ്‍ഗ്രസ്സില്‍ അവതരിപ്പിച്ച കച്ചവടത്തിലൂടെയുള്ള മുന്നേറ്റം(Enlighting the world commerce) എന്ന പദ്ധതി കേരളത്തിലും ഡാര്‍ജലിംഗിലും മറ്റും നാണ്യ കൃഷിയെ വ്യപകമാക്കി. നാണ്യവിളയുടെ കയറ്റുമതി ബ്രിട്ടന്‍റെ തുണിമില്ലുകളെ ചലിപ്പിച്ചു. കാപ്പിയും തേയിലയും സുഗന്ധ വസ്തുക്കളും മാര്‍ക്കറ്റില്‍ വ്യപകമാക്കി അവർ  കച്ചവടം വര്‍ധിപ്പിച്ചു. ഇംഗ്ലണ്ടും മറ്റു കോളനി രാജ്യങ്ങളും കൊഴുത്തു തടിക്കുവാൻ അവസരം ഉണ്ടായി.പ്രസ്തുത രംഗത്തേക്ക് തൊഴിലാളികളെ എത്തിക്കുവാന്‍ അടിമ വേല രാജ്യത്ത്  നിരോധിച്ചു. അതു വഴി അധ്വാനശക്തി വില്‍ക്കുവാന്‍ അവകാശമുള്ള സ്വതന്ത്ര തൊഴിലാലിവർഗ്ഗത്തെ സൃഷ്ട്ടിച്ചു.


കേരളത്തില്‍ സജ്ജീവമായിരുന്ന നെല്‍കൃഷിയെ നിരുത്സാഹപ്പെടുത്തുന്നതിനു പിന്നില്‍ നാണ്യ കൃഷിയിലേക്ക് സാധാരണക്കാരെ എത്തിക്കുക എന്ന നയം ഉണ്ടായിരുന്നു. അതിന്‍റെ ഭാഗമായി തിരുവിതാംകൂര്‍രാജഭരണം സായിപ്പന്മാർക്കായി  നെല്ലിന്‍റെ ഇറക്കുമതി ചുങ്കം എടുത്തു കളഞ്ഞു.(1865). വില കുറച്ച് ബര്‍മ്മീസ് അരി ഇറക്കുമതി തുടങ്ങിയതോടെ അരിയുടെ വില കുറഞ്ഞു. നെല്‍കൃഷി നഷ്ട്ടത്തില്‍ എത്തി.അങ്ങനെ സാധാരണക്കാരും തോട്ട കൃഷിയിലേക്ക് കൂടുതല്‍ ആകര്‍ഷിക്കപെട്ടു1940 കൊണ്ട് ഭക്ഷ്യ വിള വിസ്തൃതി 50%ത്തില്‍ താഴെത്തെത്തി.


വയനാട്ടിൽ സ്വന്തം  നാട്ടുകാരായ അടിമവാസികളെ അടിമകളാക്കികൊണ്ട് തോട്ടം വ്യവസായം വളർത്തിയ വെള്ളക്കാർ, ഇടുക്കിയില്‍ തമിഴരെ ഇറക്കുമതി ചെയ്തു.1891 ലെ സര്‍ക്കാര്‍ കണക്കില്‍ 2.54 ലക്ഷം തമിഴര്‍ തോട്ടം തൊഴിലാളികളായി ഇടുക്കി മലനിരകളില്‍ ഉണ്ടായിരുന്നു.മൂന്നാര്‍ മലകളുടെ  ഉടമകളായ മുതുവരെ പുറത്താക്കി. നീലഗിരികുന്നുകളില്‍ നിന്നും തോടരും .1911 ലെ തിരുവിതാംകൂര്‍ വന നിയമത്തില്‍ ആദിവാസികള്‍ക്ക് വന ഭൂമിയില്‍ ഉടമസ്ഥാവകാശം അനുവദിച്ചില്ല. അങ്ങനെ വനങ്ങള്‍ നശിക്കുകയും തോട്ടങ്ങള്‍ വര്‍ദ്ധിക്കുകയും അവിടെ അടിമപ്പണി വ്യാപകമായി മാറുകയും ചെയ്തു.ഏക വിള തോട്ടങ്ങള്‍ മലനിരകള്‍ക്കും കാടിന്‍റെ ഉടമകള്‍ക്കും ഒരുപോലെ പ്രതികൂലമായി മാറി.


നവകേരള സൃഷ്ട്ടിക്കായുള്ള പ്രക്ഷോഭങ്ങളില്‍ കൃഷിഭൂമ ജന്മിമാരില്‍ നിന്നും ഏറ്റെടുക്കുന്നതിനൊപ്പം തോട്ടങ്ങൾ വ്യവസായികളില്‍ നിന്നും നഷ്ട്ട പരിഹാരം കൊടുക്കാതെ പിടിച്ചെടുക്കണം എന്ന കമ്യുണിസ്റ്റ് പ്രഖ്യാപനത്തെ അവരുടെ സര്‍ക്കാര്‍ തന്നെ 1957 ല്‍ തള്ളി പറഞ്ഞു. ആ തള്ളി പറയല്‍ ഇന്നും തുടരുകയാണ്.


തോട്ടങ്ങളില്‍ പണിയെടുക്കുന്ന തൊഴിലാളികള്‍ക്ക് കുറവ് ശമ്പളം മാത്രം നല്‍കി, സര്‍ക്കാര്‍ ഭൂമി തുശ്ചമായ പാട്ടം പോലും നല്‍കാതെ, ഭൂമി തന്നെ മറിച്ചു വില്‍ക്കുന്ന സമീപനം വിദേശ കമ്പനികള്‍ ഇന്നും തുടരുമ്പോള്‍ അവരെ രാജ്യ ദ്രോഹം ചുമത്തി പുറത്താക്കുവാന്‍ കേരള സര്‍ക്കാര്‍ മടിച്ചു നില്‍ക്കുന്നു.അതു വഴി നാടിനുണ്ടാകുന്ന കഷ്ട്ട-നഷ്ടങ്ങള്‍ വളരെ വലുതാണ്.ഭൂരഹിതരായ ആദിമാവാസികളും ദളിതരും മറ്റു പിന്നോക്കക്കാരും കിടപ്പാടവും കൃഷി ഭൂമി ഇല്ലാതെയും അലയുമ്പോള്‍, 5.5 ലക്ഷം ഏക്കര്‍ ഭൂമി 71എസ്റ്റേറ്റ്കളായി കോര്‍പ്പറേറ്റ്കള്‍ സ്വന്തമാക്കി വെച്ചു വരുന്നു. ഇത്തരം സമീപനം പ്രകൃതി നാശത്തിന്‍റെ സാധ്യതകള്‍ വര്‍ധിപ്പിക്കുകയാണ്.


വയനാട്ടില്‍ മാസങ്ങളായി തുടരുന്ന തോവരി സമരം ,അനധികൃതമായി ഭൂമി കൈവശം വെച്ചിരിക്കുന്ന ഹാരിസ്സന്‍ മലയാളം കമ്പനിയില്‍ നിന്നും  ഭൂമി വയനാട്ടുകാര്‍ തിരിച്ചു പിടിക്കുവാനുള്ള സമരത്തിന്‍റെ ഭാഗമാണ്. ഹാരിസ്സണിനു പുറമേ കണ്ണന്‍ ദേവന്‍, എ.വി.റ്റി, പോബ്സണ്‍ മുതലായ തോട്ടം കമ്പനികള്‍ കൈവശം വെച്ചിരിക്കുന്ന ഭൂമികള്‍ അവരില്‍ നിന്നും സ്വതന്ത്രമാക്കി പൊതു ഉടമസ്ഥതയില്‍ കൊണ്ടുവരുവാനുള്ള സമരങ്ങൾ, ഒരേ സമയം ഭൂമിയുടെ യഥാര്‍ഥ ഉടമകളുടെ അവകാശ സമരവും  പശ്ചിമഘട്ട സംരക്ഷണത്തിനായുള്ള പോരാട്ടവുമായി കേരളം അടയാളപെടുത്തും എന്ന് പ്രതീക്ഷിക്കാം.

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment