പ്രളയത്തിന് ശേഷം മരുവത്കരണത്തിലേക്ക് ; വയനാട്ടിൽ മണ്ണിരകൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു




വയനാടിന്റെ കാലാവസ്ഥ അസാധരണമാം മാറിക്കൊണ്ടിരിക്കുകയാണെന്ന് വിദഗ്ദർ. വലിയതോതിലുള്ള ഖനനവും കയ്യേറ്റങ്ങളും റിസോർട്ട് ലോബികളുടെയും നിർമാണ മാഫിയയുടെയും ഇടപെടലുകളും ചേർന്ന് നൂൽമഴ പെയ്തുകൊണ്ടിരുന്ന നാടിന് കൊലക്കയർ ഒരുക്കുകയാ യിരുന്നു. പ്രളയശേഷം കണ്ടുതുടങ്ങിയ മണ്ണിരകളുടെ കൂട്ടത്തോടെയുള്ള ചത്തൊടുങ്ങലും മണ്ണ് വിണ്ടുകീറലും അതിസൂക്ഷ്മ കാലാവസ്ഥ നിലനിന്നിരുന്ന ഇവിടം കൊടും വരൾച്ചയിലേക്കു നീങ്ങുന്നതിന്റെ ലക്ഷണമായി വിലയിരുത്തപ്പെടുന്നു. 

 

മുട്ടലിനടുത്തു കൊളവയൽ മേഖലയിലാണ് മണ്ണിരകൾ കൂട്ടത്തോടെ ചത്തൊടുങ്ങിയിരിക്കുന്നത്. മുൻപ് ഇതേ സാഹചര്യമുണ്ടായപ്പോൾ കാർഷിക ഗവേഷണശാല നടത്തിയ പഠനം മണ്ണുചുട്ടുപൊള്ളുന്നതുമൂലമാണ് ഇത് സംഭവിക്കുന്നതെന്ന് കണ്ടെത്തയിരുന്നു. കൊടും വരൾച്ചയുടെ സൂചനയാണിതെന്നാണ് വിലയിരുത്തപ്പെടുന്നത്. സമാനമായ സഹചര്യമാണ് ഇപ്പോഴും സംഭവിക്കുന്നതെന്ന് അന്ന് ഗേവഷണത്തിന് നേതൃത്വം നൽകിയ കാർഷിക ഗവേഷണകേന്ദ്രം അസോസിയേറ്റ് ഡയറക്ടർ ഡോക്ടർ പി രാജേന്ദ്രൻ പറയുന്നു. ഈ പ്രതിഭാസത്തെ ഭയക്കുകതന്നെ വേണമെന്നും, ഗൗരവതരമായ പഠനങ്ങൾ ആവശ്യമെന്നും അദ്ദേഹം പറയുന്നു .

 

അതിതീവ്രമായി പെയ്ത മഴയിൽ മണ്ണിലെ ജൈവാംശം നഷ്ടപ്പെടുമെന്ന്  ജില്ലാ മണ്ണുസംരക്ഷണ ഓഫീസർ പി യു ദാസ് പറയുന്നു. മണ്ണിലെ ഈർപ്പവും ഇതുമൂലം നഷ്ടപ്പെടുന്നു. സൂക്ഷ്മ  ജീവികളെക്കൂടാതെ ദുർബല വേരുകളുള്ള സസ്യങ്ങളെയും ഇത് ബാധിക്കും. 80 ദിവസത്തിനുള്ളിൽ 4825 മില്ലീമീറ്റർ വരെ മഴ പെയ്ത പ്രദേശങ്ങൾ വയനാട്ടിലുണ്ട്. പ്രളയത്തിന് ശേഷം പകൽ കടുത്ത ചൂടും രാത്രി നല്ല തണുപ്പുമാണ് അനുഭവപ്പെടുന്നത്. ഡെക്കാൻ പീഠഭൂമി പ്രദേശത്തെ കാലാവസ്ഥയാണിത്. ഡെക്കാൺ പശ്ചിമഘട്ടത്തെ കടന്ന് വയനാട്ടിലേക്ക് കടക്കുന്നതിന്റെ പ്രകടമായ സൂചനയായി ഇതിനെ കാണാം. പുൽപ്പള്ളി താലൂക്ക് ഏകദേശം മരുവത്കരണത്തിലേക്ക് കടന്നു കഴിഞ്ഞതായി ഏറെക്കാലമായി ആശങ്കകൾ ഉയരുന്നുണ്ട്. ഇതിനെ ശരിവയ്ക്കുന്നതാണ് ഇപ്പോഴത്തെ കാലാവസ്ഥാ വ്യതിയാനങ്ങൾ. 

 

 ലോകത്തിലെ തന്നെ അതീവ സവിഷേതയാർന്ന സൂക്ഷ്മ കാലാവസ്ഥ നിലനിന്നിരുന്ന പ്രദേശമാണ് വയനാട്. ചിറാപുഞ്ചി കഴിഞ്ഞാൽ ലോകത്ത് തന്നെ  ഏറ്റവും കൂടുതൽ മഴ ലഭിച്ചിരുന്ന പ്രദേശമാണ് വയനാട്. എന്നാൽ കഴിഞ്ഞ കുറെ വർഷങ്ങളായി വയനാടൻ കാലാവസ്ഥ തകർന്ന് കൊണ്ടിരിക്കുകയാണ്. 2004 ൽ ഡെക്കാണിന് അതിരിട്ട് ഒഴുകുന്ന കബനി നദി ഒരു മണൽപ്പരപ്പായി മാറിയ കൊടും വരൾച്ച ഉണ്ടായിരുന്നു. പുൽപള്ളി, മുള്ളൻകൊല്ലി പഞ്ചായത്തുകളിലെ കാർഷിക മേഖലയെ പാടെ തകർത്ത വരൾച്ചയായിരുന്നു അത്. ഡെക്കാൺ പീഠഭൂമിയിൽ നിന്നുള്ള ചൂടുകാറ്റ് വയനാടിനെ മരുവൽക്കരണത്തിലേക്ക് നയിക്കുകയാണെന്ന ആശങ്ക അന്ന് മുതൽ വിദഗ്ദർ പങ്ക് വെച്ചിരുന്നു. കേരളത്തിലെ നാല് കാലാവസ്ഥാ വ്യതിയാന ഹോട്സ്പോട്ടുകളിൽ ഒന്നായിട്ടാണ് വയനാടിനെ കരുതുന്നത്.

 

പാരിസ്ഥിക അതിക്രമങ്ങൾ ഒരുവശത്ത് തുടർന്നുകൊണ്ട് കേരളത്തെ പുനർനിർമിക്കാൻ സാധ്യമല്ല . തകർന്നുപോയ ആദിവാസിസമൂഹത്തോട് നീതിപുലർത്തിക്കൊണ്ട് , വികസനവും പ്രളയവും തകർത്ത വയനാടിന്റെ ഭൂമിയെ ശുശ്രൂഷിച്ചുകൊണ്ട് മരുവൽക്കരണത്തെ ചുരം കയറാൻ അനുവദിക്കാതെ നോക്കേണ്ടതുണ്ട് .കുറ്റകരമായ അശ്രദ്ധ പുനർനിർമിക്കാനാവാത്ത കേരളത്തെയാവും ബാക്കിവയ്ക്കുക.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment