വയനാട്ടിൽ നിന്ന് വരൾച്ചയുടെ വാർത്തകൾ ; നെൽപ്പാടങ്ങൾ വിണ്ടു കീറുന്നു




വയനാട്ടിൽ വരൾച്ചയുടെ കൂടുതൽ ലക്ഷണങ്ങൾ കണ്ടു തുടങ്ങി. കൊടും വെയിലില്‍ നെല്‍പാടങ്ങള്‍ വരണ്ട് വിണ്ടുകീറുകയാണ്. രണ്ട് ആഴ്ച മുമ്പ് വരെ വെള്ളത്തിന്റെ അടിയിലായിരുന്ന പാടങ്ങളാണ് ഉണങ്ങി വിണ്ടുകീറുന്നത്. വരള്‍ച്ചയെ തുടര്‍ന്ന് കർഷകർ ആശങ്കയിലാണ്. പ്രളയത്തിൽ കൃഷിനാശം നേരിട്ട കർഷകർക്ക് അടുത്ത തിരിച്ചടിയാവുകയാണ് വരൾച്ച. പല കര്‍ഷകരും നെല്‍ കൃഷി പാതിവഴിയില്‍ ഉപേക്ഷിക്കുകയാണ്. കഴിഞ്ഞ ദിവസം വയനാട്ടിൽ നിന്ന് സൂര്യതാപത്തിന്റെ റിപ്പോർട്ടുകൾ വന്നിരുന്നു. 

 

പ്രളയത്തിന് ശേഷം മണ്ണിരകൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു എന്നതായിരുന്നു വയനാട്ടിൽ നിന്ന് ആദ്യമെത്തിയ വരൾച്ചാ സൂചന. മണ്ണ് വിണ്ടു കീറുന്നതും മണ്ണിലെ ജൈവാംശം നഷ്ടപ്പടുന്നതുമാണ് മണ്ണിരകൾ ചത്തൊടുങ്ങാൻ കാരണമെന്നാണ് വിദഗ്ദർ പറയുന്നത്. വയനാട്ടിൽ മുൻപും വരൾച്ചയിൽ ഇത് പോലുള്ള പ്രതിഭാസം ഉണ്ടായിരുന്നു. അതിന് പിന്നാലെ മണ്ണിനടിയിൽ കഴിയുന്ന കുരുടി വിഭാഗത്തിൽ പെട്ട പാമ്പായ ഇരുതലമൂരികൾ കൂട്ടത്തോടെ പുറത്തേക്കിറങ്ങാൻ തുടങ്ങി. 

 

പ്രളയത്തിന് ശേഷം വ്യക്തമായ കാലാവസ്ഥാ വ്യതിയാനമാണ് വയനാട്ടിൽ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഡെക്കാൺ പ്രദേശങ്ങളിലെ കാലാവസ്ഥയ്ക്ക് സമാനമായ കാലാവസ്ഥയാണ് ഇപ്പോൾ വയനാട്ടിൽ. പകൽ വലിയ ചൂടും രാത്രിയിൽ കൊടുംശൈത്യവും. വയനാട് മരുവൽക്കരണത്തിലേക്ക് നീങ്ങുന്നു എന്ന ആശങ്ക മുൻപ് തന്നെ ഉയർന്നിട്ടുള്ളതാണ്. 

 

ലോകത്തിലെ തന്നെ അതീവ സവിഷേതയാർന്ന സൂക്ഷ്മ കാലാവസ്ഥ നിലനിന്നിരുന്ന പ്രദേശമാണ് വയനാട്. ചിറാപുഞ്ചി കഴിഞ്ഞാൽ ലോകത്ത് തന്നെ ഏറ്റവും കൂടുതൽ മഴ ലഭിച്ചിരുന്ന പ്രദേശമാണ് വയനാട്. 2004 ൽ ഡെക്കാണിന് അതിരിട്ട് ഒഴുകുന്ന കബനി നദി ഒരു മണൽപ്പരപ്പായി മാറിയ കൊടും വരൾച്ച ഉണ്ടായിരുന്നു. പുൽപള്ളി, മുള്ളൻകൊല്ലി പഞ്ചായത്തുകളിലെ കാർഷിക മേഖലയെ പാടെ തകർത്ത വരൾച്ചയായിരുന്നു അത്. ഡെക്കാൺ പീഠഭൂമിയിൽ നിന്നുള്ള ചൂടുകാറ്റ് വയനാടിനെ മരുവൽക്കരണത്തിലേക്ക് നയിക്കുകയാണെന്ന ആശങ്ക അന്ന് മുതൽ വിദഗ്ദർ പങ്ക് വെച്ചിരുന്നു. കേരളത്തിലെ നാല് കാലാവസ്ഥാ വ്യതിയാന ഹോട്സ്പോട്ടുകളിൽ ഒന്നായിട്ടാണ് വയനാടിനെ കരുതുന്നത്.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment