മണ്ണിരകള്‍ കൂട്ടത്തോടെ ചത്തുപൊങ്ങുന്നു; കാലാവസ്ഥ തകിടം മറിയുന്നതിന്റെ സൂചന




കല്‍പ്പറ്റ: തുടര്‍ച്ചയായ രണ്ടാം വര്‍ഷവും പ്രളയത്തിന് ശേഷം മണ്ണിരകള്‍ കൂട്ടത്തോടെ ചത്തുപൊങ്ങുന്നത് ആവര്‍ത്തിക്കുന്നു. കാലാവസ്ഥ തകിടം മറിയുന്നതിന്റെ സൂചനയാണെന്ന് വിദഗ്ധര്‍ ആവര്‍ത്തിച്ചു. മഴയ്ക്ക് ശേഷം കാലാവസ്ഥ തകിടം മറിയുന്നതോടെയാണ് മണ്ണിര കൂട്ടത്തോടെ ചാകുന്നത്. 4 വര്‍ഷം മുന്‍പും കഴിഞ്ഞ 2 വര്‍ഷവും ഇതേ പ്രതിഭാസമുണ്ടായിട്ടുണ്ട്.


മുന്‍ വര്‍ഷങ്ങളില്‍ മഴ മാറി ആഴ്ചകള്‍ക്ക് ശേഷമാണ് മണ്ണിരകള്‍ ചത്തിരുന്നതെങ്കില്‍ ഇക്കുറി മഴ പൂര്‍ണമായും മാറും മുന്‍പ് തന്നെ മണ്ണിരകള്‍ ചത്തൊടുങ്ങുകയാണ്. മഴ മാറിയതിനു ശേഷം ഇടയ്ക്ക് മഴയുണ്ടെങ്കിലും ശക്തമായ ചൂട് തന്നെയാണ് മണ്ണിര കൂട്ടത്തോടെ ചാകുന്നതിനു കാരണം. 


മണ്ണിന്റെ സ്വഭാവത്തിലുണ്ടായ മാറ്റങ്ങള്‍ മൂലം സുരക്ഷിത സ്ഥാനം തേടി കുടിയേറ്റം നടത്തുമ്പോഴാണ് മണ്ണിരകളുടെ കൂട്ടമരണങ്ങളുണ്ടാകുന്നത് എന്ന് എംജി സര്‍വകലാശാലയിലെ സീനിയര്‍ റിസര്‍ച്ച്‌ അസോഷ്യേറ്റ് ഡോ പ്രശാന്ത് നാരായണന്‍ കഴിഞ്ഞ വര്‍ഷം പറഞ്ഞിരുന്നു. നെല്‍വയലുകള്‍ വ്യാപകമായി തരം മാറ്റി മറ്റു കൃഷികളിലേക്കു മാറിയതോടെ മണ്ണിന്റെ ജലസംഭരണ ശേഷിയില്‍ മാറ്റംവന്നു. മഴ നിലച്ചു പൊടുന്നനെ വെയില്‍ വന്നതോടെ മണ്ണിലെ ഈര്‍പ്പം കുറഞ്ഞു. ഈര്‍പ്പം കുറഞ്ഞ മണ്ണില്‍ മണ്ണിരകള്‍ക്കു ജീവിക്കാനാകില്ല. ചൂടുകുറഞ്ഞ രാത്രികാലങ്ങളില്‍ ഇവ മണ്ണിനു പുറത്തെത്തി സുരക്ഷിതസ്ഥാനങ്ങള്‍ തേടിപ്പോകും. എന്നാല്‍, സുരക്ഷിതസ്ഥാനത്തേക്കു എത്തുന്നതിന് മുന്‍പു നേരം പുലരുകയും വെയില്‍ ആവുകയും ചെയ്യുന്നതോടെയാണ് ഇവ ചാകുന്നത്.


മണ്ണ് ചുട്ടുപൊള്ളുന്നതാണ് മണ്ണിര ചാകുന്നതിന് കാരണമെന്ന് കഴിഞ്ഞ വര്‍ഷം അമ്പലവയൽ പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രവും സ്ഥിരീകരിച്ചിരുന്നു. ചൂടിനനുസരിച്ച്‌ വികസിക്കുകയും ചുരുങ്ങുകയും ചെയ്യുന്നത് ഡക്കാന്‍ പീഠഭൂമി പ്രദേശത്തെ മണ്ണിന്റെ സവിശേഷതയാണ്. ഇതിന്റെ ഭാഗമായി മണ്ണു വിണ്ടുകീറി മേല്‍ മണ്ണിന്റെ ഈര്‍പ്പം നഷ്ടപ്പെടുമ്പോൾ തണുപ്പു തേടി മണ്ണിനുള്ളിലേക്ക് നീങ്ങുകയാണ് മണ്ണിരകളുടെ പതിവ്. എന്നാല്‍, ഇതിന് വിപരീതമായി മുകളിലേക്ക് വരുമ്പോൾ കൊടുംചൂടില്‍ ചത്തൊടുങ്ങുകയാണ് മണ്ണിരകള്‍.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment