ഇന്ന് തണ്ണീർത്തട ദിനം; ആഘോഷത്തിനപ്പുറം സംരക്ഷണമാണ് വേണ്ടത്




ജീവന്‍റെ നിലനില്‍പ്പിനായി വായൂ കഴിഞ്ഞാല്‍ പരമ പ്രധാനമായിട്ടുള്ള  വെള്ളത്തിന്‍റെ ലഭ്യത ഉറപ്പു വരുത്തുന്നതില്‍ കടലും കായലും പുഴകളും അരുവികളും അരുവികള്‍ ഉത്ഭവിക്കുന്ന ചരിവുകളും വിവിധ ഉയരത്തിലുള്ള മലകളും പ്രധാന പങ്കുവഹിക്കുന്നു. ഇവ ഓരോന്നും  ഓരോ ധര്‍മ്മങ്ങളാണ്  നിര്‍വഹിക്കുന്നു.അവയില്‍  പ്രധാന ഘടകമായി പരിഗണിക്കാവുന്നത് തണ്ണീര്‍ തടങ്ങളെയാണ്. നദികളുടെ ഉത്ഭവം സാധ്യമാകണമെങ്കില്‍ അവയിലേക്ക് എല്ലാ സമയത്തും വെള്ളം ഇറ്റിറ്റ് വീഴുവാന്‍ അവസരം ഒരുക്കുന്ന, മണ്ണിനെ സ്പോഞ്ഞു പോലെ നനച്ചു സംരക്ഷിക്കുന്ന,തണ്ണീര്‍ തടങ്ങള്‍ ഉണ്ടായിരിക്കണം.കുറഞ്ഞത്‌ 100 ച.കി.മീ വിസ്താരമുള്ള തടങ്ങള്‍ ഉണ്ടെങ്കില്‍ മാത്രമേ നദിയുടെ ആരോഗ്യകരമായ നിലനില്‍പ്പ്‌ സാധ്യമാകൂ.ചതുപ്പ് എന്ന് മലയാളത്തില്‍ പറയാവുന്ന പ്രദേശം ഉണ്ടായി വരുവാന്‍ 10 ലക്ഷം വര്‍ഷങ്ങള്‍ എടുക്കും എന്ന ശാസ്ത്ര സത്യം അത്ഭുതകരമായി തോന്നാം. ഇത്തരം പ്രദേശങ്ങളിലാണ് ലോകത്തെ ജീവി വര്‍ഗ്ഗങ്ങളില്‍ 40% ജീവിക്കുന്നത്.  മൃഗങ്ങളില്‍ 12% വും ഇതിനെ വാസസ്ഥലമായി കാണുന്നു. 20000 തരം നട്ടെലുള്ള ജീവി വര്‍ഗ്ഗങ്ങള്‍ അഭയം തേടിയിരിക്കുന്ന തണ്ണീര്‍ തടങ്ങള്‍ക്ക് ഉണ്ടാകുന്ന ഏതൊരു നാശവും ഭൂമിയിലെ ജീവി വര്‍ഗ്ഗങ്ങളെ മൊത്തത്തിൽ പ്രതികൂലമായി ബാധിക്കും. ആമസോണ്‍ തണ്ണീര്‍ തടത്തിന്‍റെ വിസ്താരം 75 ലക്ഷം ച.കി.മീ ആണ്. ഇന്ത്യയുടെ വലിപ്പത്തിലും രണ്ടര ഇരട്ടിവരുന്ന പ്രദേശത്തിന്‍റെ സാന്നിധ്യം തെക്കേ അമേരിക്കയുടെ മൊത്തം ജീവ ജാലങ്ങള്‍ക്കു മാത്രമല്ല ഭൂമിയിലെ മുഴുവന്‍ ജീവി വര്‍ഗ്ഗത്തിന്‍റെ നിലനില്‍പ്പിന് ഒഴിച്ചുകൂടാന്‍ പാടില്ലാത്തതാണ്.


പടിഞ്ഞാറേ സൈബീരിയന്‍ തണ്ണീര്‍ തടം,സുന്ദര്‍ ബന്ദ്‌,ഗംഗാ തടം എന്നിവ ലോകത്തെ പ്രധാന തണ്ണീര്‍ തടങ്ങളുടെ പട്ടികയില്‍ പെടുന്നു.ഏറ്റവുമധികം സംരക്ഷണം നല്‍കി സൂക്ഷിക്കേണ്ട തണ്ണീര്‍ തടങ്ങളില്‍ പകുതിയും 1993 കൊണ്ടുതന്നെ നശിച്ചു കഴിഞ്ഞു എന്നത് ഗൌവരവതരമായ വിഷയമാണ്‌.


തണ്ണീര്‍ തടങ്ങളും അതിന്‍റെ ഭാഗമായ മറ്റു ഭൂമികളും പാരിസ്ഥിതകമായി സംരക്ഷിക്കുവാന്‍ 1971 ഇറാനിലെ റംസാറില്‍ കൂടിയ ലോക രാജ്യങ്ങളുടെ സമ്മേളനം ഫെബ്രുവരി 2നെ തണ്ണീര്‍തട സംരക്ഷണ ദിനമായി പരിഗണിച്ചു. എങ്കിലും എല്ലാ വര്‍ഷവും ഇതേ ദിനം വിപുലമായ പരിപാടികളുമായി മുന്നോട്ട് പോകുവാന്‍ 1997 വരെ കാത്തിരിക്കേണ്ടി വന്നു.ഈ വര്‍ഷത്തെ തണ്ണീര്‍ തട ദിന മുദ്രാവാക്യം നമ്മുടെ നഗരങ്ങളും തണ്ണീര്‍തടവും തമ്മിലുള്ള ബന്ധത്തെ സൂചിപ്പിക്കുന്നു.റംസാര്‍ സമ്മേളനം എല്ലാ മൂന്നു വര്‍ഷം കൂടുമ്പോഴും നടക്കുന്നു എങ്കിലും തണ്ണീര്‍ തടങ്ങള്‍ ഇന്നും വറ്റി വരളുകയാണ്.


തണ്ണീര്‍ തടങ്ങളിലെ ജീവികളില്‍ പലതും അന്യമാകുന്ന സ്ഥിതിയില്‍ എത്തിയിട്ടുണ്ട്.(endangered species)വെള്ളത്തിലെ താറാവുകളില്‍ 17% ഉം 38% ശുദ്ധ ജല സസ്തനികള്‍, മത്സ്യങ്ങളില്‍ 33%, ഉഭയ ജീവികളില്‍ 25%, ആമകളില്‍ 72 മുതല്‍ 86%വും പ്രതിസന്ധിയിലാണ്.ഒപ്പം മുതല, പാരുകള്‍ ഇവയും സുരക്ഷിതമല്ല.


മത്സ്യ ബന്ധനം നടത്തി ജീവിക്കുന്നവര്‍ക്കും നെല്‍കൃഷിക്കാര്‍ക്കും അരിയാഹാരം കഴിക്കുന്ന 300 കോടി ആളുകള്‍ക്കും ചതുപ്പുകള്‍ ഇല്ലാതെയാകുന്നതോടെ ജീവിതം വഴിമുട്ടുകതന്നെ ചെയ്യും.വിവിധതരം പനകള്‍, തെങ്ങ്, പുല്ലുകള്‍,ദേശാടന പക്ഷികള്‍ ഒക്കെ പ്രബലമായി കാണുന്ന പ്രദേശത്തിന്‍റെ തകര്‍ച്ച ഭീകരമായ അവസ്ഥ സൃഷ്ടിക്കും..


തണ്ണീര്‍ തടങ്ങള്‍ നദികളെ നിലനിര്‍ത്തുന്നതിനൊപ്പം വെള്ളപൊക്കത്തെ നിയന്ത്രിക്കുന്നു. ജലം ശുദ്ധീകരിക്കുവാനും മെറ്റല്‍, ഫോസ്ഫറസ്,വിഷങ്ങള്‍ എന്നിവയെ വലിച്ചെടുക്കുവാനും കഴിവുണ്ട്.നൈട്രജനെ,നൈട്രോ ഗ്യാസ് ആയി തീര്‍ക്കുവാന്‍ ചതിപ്പിനു കഴിയും.കാര്‍ബണെ അവ അന്തരീക്ഷത്തില്‍ നിന്നും സസ്യങ്ങളില്‍ എത്തിക്കുന്നു.പ്രതി വര്‍ഷം 50 കോടി ടണ്ണിനടുത്ത് കാര്‍ബണ്‍ വലിച്ചെടുക്കുന്ന തണ്ണീര്‍ തടങ്ങള്‍ പക്ഷികള്‍ക്കും മത്സ്യങ്ങള്‍ക്കും സംരക്ഷകനാണ്.(കെനിയയിലെ ബോഗോറിയാ തടാകക്കരയില്‍ 10 ലക്ഷം ഫ്ലാമിങ്ങോകളെ കാണാം.)  


തണ്ണീര്‍ തടങ്ങള്‍ ജല വിതാനത്തെ വലിയ തോതില്‍ സഹായിക്കുമ്പോഴും  സംസ്ഥാനത്തെ അവയുടെ സ്ഥിതി പരിതാപകരമാണ്.നമ്മുടെ 3.25 ലക്ഷം ഹെക്റ്റര്‍ തണ്ണീര്‍ തടങ്ങളുടെ വിസ്തൃതി (2004) ഇപ്പോൾ 1.6 ലക്ഷം ഹെക്റ്ററില്‍ എത്തി. സംസ്ഥാനത്ത് 4500 ലധികം തണ്ണീര്‍ തടങ്ങള്‍ ഇന്നുള്ളതായി  സര്‍ക്കാര്‍ കണക്കുകള്‍ പറയുന്നു. ന്യൂയോര്‍ക്ക് നഗരത്തിന്‍റെ ജല ലഭ്യത വര്‍ദ്ധിപ്പിക്കുവാന്‍ 300 കോടി മുതല്‍ 800 കോടി ഡോളര്‍  കുടിവെള്ള പദ്ധതികള്‍ നടപ്പിലാക്കുന്നതിനു പകരം നഗരത്തിനു ചുറ്റും ഉള്ള ചതുപ്പ് നിലങ്ങള്‍ വാങ്ങികൊണ്ട്(ചെലവ് 150 കോടി) ജല ക്ഷാമത്തെ നേരിട്ടു എന്ന് അവിടെ നിന്നുള്ള വാര്‍ത്ത‍കളില്‍ കാണാം.


കേരളത്തിലെ നദികള്‍ ഇന്നനുഭവിക്കുന്ന തകര്‍ച്ചയുടെ കാരണങ്ങളില്‍ പ്രധാനമാണ് വൃഷ്ടി പ്രദേശങ്ങളുടെ തകര്‍ച്ചയും തണ്ണീര്‍ തടങ്ങളുടെ ഘടനാ മാറ്റവും.  തണ്ണീര്‍ തടങ്ങള്‍ക്കൊപ്പം സംരക്ഷിക്കേണ്ട പാടങ്ങളുടെ അവസ്ഥ കേരളത്തില്‍ പല കുറി ചര്‍ച്ച ഉണ്ടായിട്ടും നിയമം പാസാക്കിയിട്ട് 10 വര്‍ഷം കഴിഞ്ഞിട്ടും അവയുടെ വിസ്താരം കുറഞ്ഞു വരുന്നു.സര്‍ക്കാര്‍ അവയൊന്നും തന്നെ  പരിഗണിക്കാതെ, ഉണ്ടായിരുന്ന നിയമത്തെ കൂടുതല്‍ അശക്തമാക്കി യിരിക്കുകയാണ്.


റംസാര്‍ ഉടമ്പടി പ്രകാരം സംരക്ഷിക്കേണ്ട സംസ്ഥാനത്തെ കണ്ടല്‍ കാടുകളുടെ , 700 ച.കി.മീ  വിസ്താരം  ഇപ്പോള്‍ 100ല്‍ ഒന്നായി ചുരുങ്ങി കഴിഞ്ഞു .കേരളം വരണ്ടുണങ്ങുന്നതിലും വെള്ളപ്പൊക്കം രൂക്ഷമാകുന്നതിലും തണ്ണീർ തടങ്ങളുടെ തകർച്ച പ്രധാന പങ്കു വഹിക്കുന്നു. അത്തരം വിഷയങ്ങളില്‍ ശ്രദ്ധ ചെലുത്തുവാന്‍ കഴിയാത്ത സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഫെബ്രുവരി രണ്ടിലെ ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നതില്‍ ശ്രദ്ധാലുക്കള്‍ ആയിരിക്കും എന്നതാണ് വിരോധാഭാസം .     

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment