നാട്ടുകാരെ ഭയന്ന് കന്യാകുമാരിയിലെ നിർദ്ദിഷ്ഠ കാർഗോ ടെർമിനൽ ഉപേക്ഷിക്കുമ്പോൾ, വിഴിഞ്ഞം പദ്ധതിയുമായി കേരളം മുന്നോട്ട്




കന്യാകുമാരി ജില്ലയിലെ കടലോര ജനതയുടെ രോഷത്തിനു മുമ്പിൽ മുട്ടു കുത്തുവാന്‍ കേന്ദ്ര സർക്കാർ തയ്യാറായതിൽ തമിഴ് തീരദേശവാസികൾ ആശ്വാസം തേടുകയാണ്. സമാന വിഷയമായ വിഴിഞ്ഞം പദ്ധതിയെ വികസനത്തിന്‍റെ പ്രതീകമായി അവതരിപ്പിക്കുവാന്‍ കേരളസര്‍ക്കാരും മൂന്നു മുന്നണികളും ഇന്നും മടിക്കുന്നില്ല എന്നതാണ് മറ്റൊരു യാഥാർത്ഥ്യം.


വിഴിഞ്ഞം തുറമുഖത്തു നിന്ന് 80 കിലോമീറ്റർ അകലെയായിരുന്നു നിർദിഷ്ട കന്യാകുമാരിയിലെ തുറമുഖ കേന്ദ്രം. ഇനയത്ത് 27570 കോടി രൂപ ചെലവിൽ പ്രതി വർഷം 127 ദശലക്ഷം ടൺ ചരക്കു കൈകാര്യം ചെയ്യാൻ ശേഷിയുള്ള പദ്ധതി, തീര പ്രദേശത്തെ ജനങ്ങളുടെ എതിർപ്പിനെത്തുടർന്ന് നേരത്തെ മരവിപ്പിക്കേണ്ടി വന്നു. കോവളത്തിനും കീഴമണക്കുടിക്കും ഇടയിൽ പദ്ധതി പുതുക്കി നിശ്ചയിച്ചു.19882 കോടിയായിരുന്നു പദ്ധതി ചെലവുകള്‍.പുതിയ തുറമുഖ പദ്ധതിയുടെ സൂത്രധാരൻ ബി.ജെ.പി സ്ഥാനാർത്ഥിയായി കന്യാകുമാരിയില്‍ മത്സരിക്കുന്നുണ്ട്. അവരുടെ പാര്‍ട്ടിക്ക് തീരപ്രദേശങ്ങളിൽ വോട്ട് ചോദിച്ച് കടന്നു ചെല്ലാൻ പോലും കഴിയാത്ത സ്ഥിതി ഉണ്ടായപ്പോഴാണ് പുതിയ പദ്ധതി ഉപേക്ഷിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചത്. കോൺഗ്രസ്, സി.പി.എം, ഡി.എം.കെ. എന്നിവർ തുറമുഖ നിർമ്മാണത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ചു.


വിഴിഞ്ഞം പദ്ധതിയേക്കാൾ മൂന്നിരട്ടി വലിപ്പമുള്ള കൃത്രിമ തുറമുഖ പദ്ധതിയാ യിരുന്നു കന്യാകുമാരിയില്‍ ഉദ്ദേശിച്ചത്. സാഗർമാല പദ്ധതിയുടെ ഭാഗമായി 5 കി.മീ നീളമുള്ള പുലിമുട്ടാണ് തുറമുഖത്തിന് വേണ്ടിയിരുന്നത്. നിർമ്മാണം സമീപ തീരങ്ങളിൽ വലിയ കടലേറ്റത്തിന് ഇടയാക്കുമെന്നത് കന്യാകുമാരി ജില്ലയിലെ തീരദേശ ജനതയുടെ എതിർപ്പിന് ഇടവരുത്തി.


വിഴിഞ്ഞം അദാനി തുറമുഖ നിർമ്മാണത്തെ തുടർന്ന് ശംഖുമുഖം തീരത്തിനുണ്ടായ നാശം കന്യാകുമാരി ജില്ലയിൽ ചർച്ചാ വിഷയമായി. എന്നാൽ കേരളത്തിലെ രാഷ്ട്രീയ കക്ഷി നേതാക്കളും തീരദേശത്തെ പ്രാദേശിക നേതാക്കൾപോലും വിഴിഞ്ഞം പദ്ധതിയുടെ ദോഷവശങ്ങൾ ചൂണ്ടിക്കാണിക്കാനോ അംഗീകരിക്കാനോ തയ്യാറായിട്ടില്ല. കേരളത്തിന്‍റെ 320 km കടല്‍ത്തീരം വലിയ തകര്‍ച്ചയെ നേരിടുകയാണ്. ലക്ഷക്കണക്കിന് ആളുകള്‍ ബുദ്ധിമുട്ടനുഭവിക്കുന്നു. വീടുകള്‍ നഷ്ടപെടുന്നു. തൊഴില്‍ ഇടങ്ങള്‍ ഇല്ലാതെയാകുന്നു.


നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒരിക്കല്‍ കൂടി 5000 കോടിയുടെ തീരദേശ വികസനത്തെ പറ്റി വാഗ്ദാനം നല്‍കുവാന്‍ ഇടതു മുന്നണി മടിച്ചിട്ടില്ല. ഐക്യ മുന്നണിയും അതെ നിലപാടിലാണ്. മത്സ്യബന്ധന ഗ്രാമങ്ങള്‍ സുരക്ഷിതമാക്കും എന്ന് പറയുന്ന രാഷ്ട്രീയ നേതൃത്വങ്ങള്‍ വിഴിഞ്ഞം പദ്ധതിയുടെ നിര്‍മ്മാണത്തില്‍ ഇപ്പോള്‍ തന്നെ ഉണ്ടാകുന്ന തിരിച്ചടികളെ പരിഗണിക്കുവാന്‍ തയ്യാറല്ല. അദാനിക്കു ലാഭം മാത്രം കൊടുക്കുവാൻ ലക്ഷ്യം വെച്ച പദ്ധതിയിലൂടെ, കോവളം മുതല്‍ വടക്കോട്ടുള്ള തീരങ്ങള്‍ വന്‍ കടല്‍ കയറ്റത്തെ നേരിടുന്നു. ചവറ പ്രദേശത്തെ കരിമണല്‍ ഖനനം തുടരുകയാണ്. ചെല്ലാനത്തും തൊട്ടടുത്ത ഗ്രാമങ്ങളിലും തിട്ടകള്‍ ദിനം പ്രതി നഷ്ടപെടുകയാണ്.
 

കന്യാകുമാരിയിലെ ജനങ്ങള്‍ നടത്തി വന്ന സമരത്തെ ഭയന്ന് ഇനയം തീരത്തെ പദ്ധതി കന്യാകുമാരിയിലെ കോവളത്തെക്ക് മാറ്റി എങ്കിലും ജനങ്ങളുടെ വികാരത്തെ പരിഗണിച്ച് പദ്ധതി ഉപേക്ഷിക്കുവാന്‍ കേന്ദ്ര സര്‍ക്കാര്‍ നിബന്ധിതരായി. വിഴിഞ്ഞം പദ്ധതിയുടെ ദോഷ വശങ്ങള്‍ അനുഭവിക്കുന്ന കേരളത്തിലെ തീരങ്ങളില്‍ പദ്ധതിക്കെതിരെ പ്രക്ഷോഭത്തിന് നാട്ടുകാര്‍ തയ്യാറാകാത്തത് നിരാശാജനകമാണ്. കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ വെച്ചു പുലര്‍ത്തുന്ന തെറ്റായ വകസന സമീപനത്തിനുള്ള തെളിവായി പരിഗണിക്കേണ്ട വിഴിഞ്ഞം ട്രാൻസ്ഷിപ്പ് ടെർമിനൽ മുതൽ Kറെയിൽ പദ്ധതിയും മറ്റും നടപ്പിലാക്കുമെന്ന് ആവർത്തിക്കുന്ന രാഷ്ട്രീയ നേതൃത്വങ്ങളെ തിരുത്തുവാൻ മലയാളിക്കിനിയും എന്നാണു കഴിയുക ?

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment