ഗാഡ്‌ഗിൽ റിപ്പോർട്ടിനെ ഭയപ്പെടുന്നത് ആരൊക്കെ?




ആഗസ്റ്റ് 8 ന് ഗാഡ്ഗിൽ റിപ്പോർട്ട് നടപ്പിലാക്കണമെന്നാവശ്യപ്പെട്ട്  പരിസ്ഥിതി സംഘടനകൾ സുപ്രീം കോടതിയിൽ സമർപ്പിച്ച പരാതി പരിഗണനയിൽ വരികയാണല്ലോ. 26 പരിസ്ഥിതി സംഘടനകൾ ചേർന്ന് നാളത്തെ തലമുറയെ പ്രതിനിധീകരിക്കുന്ന 8 കുട്ടികളുടെ പേരിലാണ് കേസ്. അതേസമയം റിപ്പോർട്ടിനെതിരെ പലരും വിവിധ സംഘടനകളെ പ്രതിനിധീകരിച്ചും അല്ലാതെയും കോടതിയിൽ പരാതിയിൽ കക്ഷി ചേർന്നിട്ടുമുണ്ട്. കേരളത്തിൽ നിന്ന് മലയോര മേഖലയിലെ കർഷകരേയും കൃഷിയേയും സംരക്ഷിക്കാനെന്ന പേരിലും കൃഷിക്കാരെ മൃഗങ്ങളുടെ ശല്യത്തിൽ നിന്ന് രക്ഷിക്കാനെന്ന പേരിലും സുപ്രീം കേടതിയിൽ കേസിൽ കക്ഷി ചേർന്നിട്ടുണ്ട് എന്നാണ് വാർത്ത. ഇത് കാണിക്കുന്നത് ഗാഡ്ഗിൽ റിപ്പോർട്ട് ഇപ്പോഴും പലരേയും ഭയപ്പെടുത്തുന്നു എന്നു തന്നെയാണ്.


ഗാഡ്ഗിൽ റിപ്പോർട്ടിനെതിരെ കേരളത്തിൽ ഉണ്ടായത് പോലെ വലിയ തോതിലുള്ള ഒരു കലാപം റിപ്പോർട്ട് ബാധകമാകുന്ന മറ്റ് അഞ്ച് സംസ്ഥാനങ്ങളിൽ നിന്നും ഉണ്ടായിട്ടില്ല. ഏറ്റവും അധികം ഭൂമിയുടെ മേലുള്ള കയ്യേറ്റവും അതിക്രമവും കേരളത്തിന്റെ അതിരിൽ ഉയർന്ന് നില്ക്കുന്ന 600 ന് മേൽ ദൈർഘ്യത്തിലുള്ള പശ്ചിമഘട്ടത്തിൽ ഉണ്ടായത് പോലെ മറ്റെങ്ങും ഉണ്ടായിട്ടില്ല. വിവിധങ്ങളായ സമുദായ സംഘങ്ങൾ അവരുടെ സമ്പത്തും വിശ്വാസവും അധികാരവും വികസിപ്പിക്കാൻ ഭൂമികയ്യേറി ആരാധനാലയങ്ങൾ സ്ഥാപിച്ച്‌  വിശ്വാസികളെ കൂടെ നിർത്തി. മണി സൗധങ്ങളും റിസോർട്ടുകളും തീർത്തു.ഇവരാണ് ഗാഡ്ഗിലിനെ ഭയപ്പെടുന്നത്.


പശ്ചിമഘട്ടത്തിലെ മലകളും മരങ്ങളും ഇല്ലാതായി. തോട്ട കൃഷി വ്യാപകമായി. കാടുകളിൽ ആവസിച്ചിരുന്ന പക്ഷിമൃഗാദികൾ ആഹാരത്തിനും വെള്ളത്തിനുമായി മനുഷ്യന്റെ ഇടങ്ങളിലേക്ക് എത്തിയതിൽ അത്ഭുതമില്ല. വയനാട്ടിൽ നിന്നും പരിസ്ഥിതി പ്രവർത്തകൻ പ്രേമൻ വാട്ട്സാപ്പിൽ കുറിച്ചു. വയനാട്ടിൽ വനത്തിൽ കുറുക്കൻ സുലഭമായിരുന്നു. കാട്ടുപന്നികളും. കുറുക്കന്റെ ഇരകൾ കാട്ടുപന്നികൾ. കൃഷിയെ കാട്ടുപന്നികളിൽ നിന്ന് അന്ന് സംരക്ഷിച്ചിരുന്നത് കുറുക്കൻമാർ. കാടില്ലാതായതോടെ കുറുക്കനും വംശനാശമായി .അതോടെ പന്നികൾ നാട്ടിലേക്ക് ഇറങ്ങി. ഇതാണ് ഇന്ന് വയനാട്ടിലെ പ്രശ്നം.


ഇടുക്കിയിൽ, മൂന്നാറിലടക്കം വ്യാപകമായി ഉയർന്നു പൊങ്ങിയ വൻ സൗധങ്ങളും വൻകിട തോട്ടങ്ങളൂം ആരുടെയാണെന്നും അവയുടെ സംരക്ഷകർ ആരൊക്കെയെന്നും ദിവസവും വാർത്തയാണല്ലോ. ഇവിടെയൊന്നും സാധാരണ കർഷകരെയോ ലയങ്ങളിൽ ദുരിതജീവിതം നയിക്കുന്ന തോട്ടം തൊഴിലാളികളേയോ കാടിന്റെ നേരവകാശികളായ ആദിവാസികളേയോ കാണാൻ തന്നെയില്ല. ഇവരുടെ ജീവസന്ധാരണത്തിനൊന്നും തന്നെ ഒന്നും സംഭവിക്കുകയില്ലെന്നും ഗാഡ്ഗിൽ എന്നും അവരുടെ സംരക്ഷണമാണ് പറയുന്നതെന്നും അവർക്ക് പറഞ്ഞു കൊടുക്കുന്നതിനോ അവർ കൂടി പങ്കെടുക്കുന്ന ഗ്രാമസഭകളും ജനകീയ സമിതികളുമാണ് എല്ലാം അന്തിമമായി തീരുമാനിക്കുന്നത് എന്ന് അവരെ പഠിപ്പിക്കുന്നതിനോ ആരൂമുണ്ടായില്ല. മറിച്ച് അവരെ തെറ്റിധരിപ്പിച്ച് മുൻനിർത്തി അധീശശക്തികൾ കലാപം ആളിക്കത്തിക്കുകയാണുണ്ടായത്. 2 പ്രളയവും കാലാവസ്ഥയിലെയും മഴയിലേയും അന്തരവും നഷ്ടമാകുന്ന വെള്ളവും കൃഷിയും എല്ലാം ഈ മഹാ ഭൂരിപക്ഷത്തിന്റെ നീറുന്ന അനുഭവമാകുമ്പോഴും അവരറിയുന്നില്ല അവരുടെ വിശ്വാസ പാലകർ തന്നെയാണ് അവരെ വഞ്ചിക്കുന്നതെന്ന്, അവരുടെ ജീവിതത്തിൽ കരിനിഴൽ വീഴ്തുന്നതെന്ന്.  ഗാഡ്ഗിൽ റിപ്പോർട്ട് ഈ ശക്തികൾക്ക്  ഇപ്പോഴും ഭയമാണ് എന്ന് പറയേണ്ടി വരുന്നു.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment