വി.എസോ നാൽവർ മുന്നണിയോ ? ആരുടെ ശരികളാണ് കേരളത്തെ രക്ഷിക്കുക?




നിയമ നിര്‍മ്മാണ സഭയെ കേരളത്തിന്‍റെ സാമൂഹിക ബോധത്തെ പ്രതിഫലിപ്പിക്കുന്ന ഒന്നാമത്തെ സ്ഥാപനമായി കരുതുവാന്‍ നമ്മള്‍ ബാധ്യസ്ഥരാണ്. അവിടെ കുമാരാനാശന്‍ മുതല്‍ സാനു മാഷും കൃഷ്ണയ്യരും ഇ.എം.എസും തോപ്പില്‍ ഭാസിയും കടമ്മനിട്ടയും അവരാല്‍ ആവും വിധം ഇടപെടലുകൾ നടത്തിയിട്ടുണ്ട്.

 

പ്രകൃതി ദുരന്തത്തില്‍ പെട്ട കേരളം ഇനി എങ്ങനെയിരിക്കണം എന്ന വിഷയത്തില്‍ പൊതുവേ നിയമസഭയിൽ രണ്ടു തരം അഭിപ്രായങ്ങള്‍ ഉയര്‍ന്നു വന്നതായി കാണാം.

 

സഖാവ്  വി.എസ്  തന്‍റെ കേരള വികസന സമീപനത്തില്‍ പാര്‍ട്ടിക്കുകൂടി പറ്റിയ തെറ്റുകള്‍ സമ്മതിച്ചു കൊണ്ടാണ് സംസാരിച്ചത്. കഴിഞ്ഞ മൂന്നു പതിറ്റാണ്ടിനിടയില്‍ പരിസ്ഥിതി വിഷയം ഉയർത്തി സംസ്ഥാനത്ത് സമരം നയിച്ച ഏക പാര്‍ട്ടി സിപിഐഎം ആയിരുന്നു.(വെട്ടിനിരത്തൽ എന്നു മലയാള മനോരമ വിശേഷിപ്പിച്ച സമരം) അതിന്‍റെ നേതാവാകട്ടെ സഖാവ് വി.എസും. അദ്ദേഹം കേരളത്തിന്‍റെ വെള്ളപൊക്കം ദുരന്തമായി പര്യവസാനിച്ചതില്‍ മനുഷ്യരുടെ തെറ്റായ  ഇടപെടല്‍ വഹിച്ച പങ്കിനെ അംഗീകരിച്ചു. 

 

മറ്റൊരു കൂട്ടരുടെ അഭിപ്രായം കുറേക്കൂടി വിപുലമായിരുന്നു. 

ആരാണവര്‍ ? എന്തായിരുന്നു അവരുടെ അഭിപ്രായങ്ങള്‍ ?


4 ആളുകളില്‍ മൂവരും ഇടതുപക്ഷ മുന്നണിയുടെ പ്രതിനിധികള്‍ പിന്നെ മാണിയും.ഏതെങ്കിലും സമരങ്ങളില്‍ കൂടി വളര്‍ന്നു വന്നവരാണോ ഇവരിൽ മൂന്നാർ കരനായ എം.എൽ.എയെ ഒഴിച്ചു നിർത്തിയാലുള്ളവർ  ? തേയില തോട്ടത്തിലെ ലയങ്ങളിൽ  ജനിച്ച് തൊഴിലാളിയായി, സി.ഐ.ടി.യു  പ്രവര്‍ത്തകനായി, ഇന്നത്തെ മൂന്നാര്‍ എം.എൽ.എ യായി  പില്‍കാലത്ത് സ്ത്രീ തൊഴിലാളികളുടെ ചെരുപ്പുകൊണ്ട് അടിയേറ്റ മഹാനാണ് എന്ന് ഓര്‍ക്കുക (സിപിഐഎം എന്ന വിപ്ലവ പാര്‍ട്ടിയുടെ സംസ്ഥാന കമ്മിറ്റിയില്‍ തൊഴിലാളികളുടെ ചെരുപ്പടിയേറ്റവരും ഉണ്ട്.)

 

മൂന്നാര്‍ മലനിരകള്‍ കൈയടക്കി വെച്ചിരിക്കുന്ന ടാറ്റാ-ഹാരിസ്സന്‍ മുതലാളിമാരുടെ ദല്ലാള്‍ പണിയും കൈയേറ്റ-ടൂറിസം മാഫിയകളുടെ ഏജനസ്സി കരാറും നടത്തി വന്ന മണിമാരുടെ കമ്പനിയില്‍ അംഗമായിനിന്ന്,  എങ്ങനെയാണ്‌ മൂന്നാര്‍ ഓപ്പറേഷനെ പൊളിച്ചതും വി.എസിന്റെ തീരുമാനത്തെ വെല്ലുവിളിച്ചതും എന്ന് ഇവിടെ ഓര്‍ക്കണം. രാഷ്ട്രീയ ലോകത്തെ ഇത്തരം  കറുത്ത ഏടുകളെ അഭിമാനമായി കൊണ്ടു നടക്കുന്ന സിപിഐഎം  , ഇടതുപക്ഷ  എം.എൽ.എമാരായ  പരിസ്ഥിതി ജ്ഞാന വിശാരദരുടെ വെളിപ്പെടുത്തലുകളിൽ ഒരു സിപിഐഎം, ഡിവൈഎഫ്ഐ  നേതാവും അപലപിച്ചില്ല.

 

എത്ര ഭൂകര സ്വരൂപമായി മാറിയിരിക്കുന്നു ശാസ്ത്രീയ സോഷ്യലിസത്തിന്റെ പാർട്ടി  എന്ന് അറിയുവാന്‍ ഇതിലും വലിയ എന്ത് തെളിവ് വേണം ഈ നാടിന് ? നിലമ്പൂര്‍ എം.എൽ.എയും തോമസ്സ് ചാണ്ടിയും രാജേന്ദ്രനും  നമ്മേ ഓര്‍മ്മിപ്പിക്കുന്നത് ആർ.എസ്.എസ്  -ബജ്രംഗ്ദള്‍ നേതാക്കളുടെ ശാസ്ത്ര ബോധത്തെയാണ്.

 

കാവി നിറത്തില്‍ ജീവിച്ചു വന്ന ജാര്‍ഖണ്ഡ് ജഡ്ജിയെയും കടത്തിവെട്ടുന്ന കേവലം വിഡ്ഢികള്‍ മാത്രമല്ല ചാണ്ടിയും അന്‍വറും. ഗള്‍ഫില്‍ നിലനില്‍ക്കുന്ന തൊഴിലാളി വിരുദ്ധ സമീപനത്തിന്‍റെ ചിലവില്‍ സമ്പത്ത് കുന്നുകൂട്ടി അതിനെ കേരളത്തില്‍ പെരുപ്പിക്കുവാന്‍ അധികാരവും കൂടി ഉറപ്പിക്കുക എന്ന ലക്ഷ്യത്തില്‍ സിപിഎമ്മിന്റെ ചുമലില്‍ കയറി കേരളത്തിന്‍റെ നിയമ നിര്‍മ്മാണ സഭയില്‍ വന്ന ഇവര്‍  സര്‍ക്കാരിനു പേരുദോഷം മാത്രം വരുത്തി വെച്ചുകൊണ്ടിരിക്കുകയായിരുന്നു.

 

ഇവരുടെ എല്ലാ നിയമ ലംഘനങ്ങളെയും രക്ഷിച്ചു വന്ന മുഖ്യമന്ത്രി ഇവിടെയും  ഇവരുടെ വിഡ്ഢിത്തത്തെ അതുപോലെ  വിഴുങ്ങുവാന്‍ മടിച്ചില്ല. മാണി അദ്ദേഹം 50 വര്‍ഷമായി തുടരുന്ന പണി വീണ്ടും ശക്തമായി തുടരുന്നു എന്ന് വ്യക്തമാക്കി. (രാജു ഏബ്രഹാം എന്ന റാന്നി എം.എൽ.എ   സംസാരിച്ചിരുന്നു എങ്കിൽ അദ്ദേഹം നേതാവായ ക്വാറി ഉടമകളുടെ സംഘടനയുടെ വേവലാതികൾ  കേൾക്കാമായിരുന്നു)

 

പുതിയ കേരള സൃഷ്ടിക്കായി സഖാവ് വി.എസ്  നടത്തിയ പ്രസംഗത്തിന്‍റെ ഉള്ളടക്കത്തെ മാനിക്കുമോ?  

 

അതോ ക്വാറികൾ ഉണ്ടായിട്ടും മഴ പെയ്തില്ലേ എന്ന ചോദ്യം ചോദിച്ച,ഹോട്ടലുകള്‍ അടച്ചാല്‍ ഉരുള്‍പൊട്ടല്‍ നില്‍ക്കുമോ എന്ന് വാദിച്ച, കാട്ടിനുള്ളില്‍ മണ്ണിടിച്ചില്‍ ഉണ്ടായില്ലേ,ജപ്പാന്‍കാര്‍ക്ക് മഴ കിട്ടുവാനായി എന്തിനാണ് പശ്ചിമഘട്ടം സംരക്ഷിക്കുന്നത് എന്ന്  വിശദമാക്കിയ നമ്മുടെ എം.എൽ.എമാര്‍ പ്രതിനിധാനം ചെയ്യുന്ന രാഷ്ടീയ-വ്യവാഹാര ലോകത്തിനായിരുന്നു പ്രളയത്തിനു മുന്‍പുള്ള കേരളത്തില്‍ വിശിഷ്യ 90കള്‍ മുതല്‍ മുന്‍‌തൂക്കം.

 

പുതിയ  കേരള സൃഷ്ടിയിൽ  ഇത്തരം പ്രകൃതി വിരുദ്ധവും മാഫിയ താല്പര്യങ്ങള്‍ കൊണ്ട് ധന്യവുമായ വ്യക്തികളില്‍ നിന്നും കേരളത്തെ രക്ഷിക്കേണ്ടതുണ്ട്. അത്തരം രക്ഷാ പ്രവര്‍ത്തനങ്ങള്‍ സിപിഐഎം  തുടങ്ങിയ പാര്‍ട്ടികളിലും നടത്തേണ്ടതുണ്ട്. ഇല്ലായെങ്കില്‍ ആവര്‍ത്തിച്ച്‌ സംഭവിച്ചു വരുന്ന വരള്‍ച്ചക്കൊപ്പം ആവര്‍ത്തിക്കുന്ന വെള്ളപൊക്കവും  കേരളത്തെ വെട്ടി മുറിച്ച് അറബി കടലില്‍ മുക്കും. ചരിത്രത്തില്‍ മ്യൂ നാടിനും അറ്റ്ലാന്‍റെസിനും പറ്റിയ ദുരന്തം പോലെ,  സോളമന്‍ ദ്വീപുകള്‍ക്ക് സംഭവിക്കും പോലെ കേരളവും ഒരോർമ്മ മാത്രമാകും. പുതിയ കേരള നിർമ്മിതിക്കായി സഖാവ്  വി.എസിന്റെ നിലപാടുകളെ മാനിക്കാം .
 

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment