ദുരിതാശ്വാസ ക്യാമ്പുകൾക്കായി ഗസ്റ്റ് ഹൗസുകളും റിസോർട്ടുകളും ഏറ്റെടുക്കാൻ സർക്കാർ എന്തുകൊണ്ട് തയ്യാറാകുന്നില്ല?




പ്രളയകാലത്തിന്റെ കെടുതിയിൽപെട്ട് ഇന്നു രാവിലെ വരെ കണ്ടെത്തിയ മൃതദേഹങ്ങൾ 86ആണ്. കണ്ടത്തേണ്ടത് മറ്റൊരു 59പേരെ. മൂന്നു ദിവസം കൂടി തെക്കൻ കേരളത്തെ മുൾമുനയിൽ നിർത്തുന്ന തരത്തിൽ മഴയുണ്ടാകും എന്ന് കാലാവസ്ഥാ പ്രവചനം പറയുന്നു. 


പ്രകൃതി പ്രതിഭാസങ്ങളെ ദുരന്തമായി തീർത്തതിൽ നമ്മുടെ മുഖ്യമന്ത്രിമാർ മുതൽ പ്രാദേശിക ഭരണ സംവിധാനവും അവരുടെ വീക്ഷണങ്ങൾക്ക് പിന്തുണ നൽകുവാൻ നിർബന്ധിതമായ ജനങ്ങളും ഉത്തരവാദികളാണ്. മണ്ണിൽ പെട്ട് പൊലിഞ്ഞു പോയ പിഞ്ചു കുഞ്ഞുങ്ങൾ മുതൽ വൃദ്ധരെ വരെ  നിർബന്ധിത മഹാ ബലികളാക്കി മാറ്റിയത് വികസന നായകരാണ്. അവരേ ഓർത്തു വിലപിക്കുവാൻ സംസ്ഥാനത്തെ ഒട്ടുമിക്ക ഗ്രാമങ്ങളിലും നേതാക്കൾ എത്തി കൊണ്ടിരിക്കുന്നു.


പൊട്ടി വീഴാൻ നിർബന്ധിതമായ കുന്നുകൾ, അതിനടിയിൽപെടാനായി നിർബന്ധിതരായി കൊണ്ടിരിക്കുന്ന ആയിരങ്ങൾ, സുരക്ഷിത ഇടങ്ങളിൽ താമസിക്കുന്ന കൊലവിളിക്കാരായ ഖനന മാഫിയകളും അവർക്ക് എത്രയും പ്രിയപ്പെട്ട നേതാക്കളും.


സംസ്ഥാനത്തെ കോഴിക്കോട്, വയനാട്, തൃശൂർ, പത്തനംതിട്ട, എറണാകുളം, കോട്ടയം, ആലപ്പുഴ ജില്ലകളിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിച്ചു വരുന്നു. ആളുകളെ രക്ഷിക്കുവാൻ, അവർക്കു സഹായമെത്തിക്കുവാനും സാധാനങ്ങൾ നൽകുവാനും നൗഷാദന്മാരും അറബിക്കടലിന്റെ മക്കളും മലയാളത്തിന്റെ അഭിമാനമായി രംഗത്തുണ്ട്.


ദുരിതാശ്വാസ ക്യാമ്പുകൾ മിക്കതും വിദ്യാലയങ്ങളാണ്. ക്വാമ്പുകളിലെ അസൗകര്യങ്ങൾ ആളുകളെ അവിടേക്ക് എത്തുവാൻ വിമുഖരാക്കുന്നു. കവളപ്പാറയിൽ നിന്ന് ഒഴിഞ്ഞു പോകുവാൻ മടിച്ചതിനു കാരണവുമതായിരുന്നു. 17/9/2018ൽ സർക്കാർ ഇറക്കിയ സർക്കുലറിൽ വിദ്യാലയങ്ങളേയും കമ്യൂണിറ്റി ഹാളിനേയും ദുരിതാശ്വാസ ക്യാമ്പുകളായി ഉപയോഗിക്കുവാൻ വേണ്ട തയ്യാറെടു പ്പുകൾ നടത്തണമെന്നു നിർദ്ദേശിച്ചു. എവിടെ ഒക്കെ നടപ്പിലാക്കി എന്ന്  അറിയുക അത്ര എളുപ്പമല്ല.


നിലവിൽ 2.76 ലക്ഷം ആളുകൾ 1600 ക്യാമ്പുകളിൽ തുടരുന്നു. ആലപ്പുഴയിൽ 77, കോട്ടയം 140, എറണാകുളം 69, പത്തനംതിട്ട 82, തൃശൂർ 240, വയനാട് 212, കോഴിക്കോട് 180 ക്യാമ്പുകൾ .അവയുടെ എണ്ണം വർദ്ധിച്ചു കൊണ്ടിരിക്കുന്നു.


സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഉപയോഗിക്കാതെ പണി തീർന്നു കിടക്കുന്ന ഫ്ലാറ്റുകൾ, വീടുകൾ, മഴക്കാലമായതിനാൽ അതിഥികളില്ലാതെ ഒഴിഞ്ഞു കിടക്കുന്ന റിസോർട്ടുകൾ. സർക്കാർ അതിഥി മന്ദിരങ്ങൾ. ഇവയെ ദുരിതാശ്വാസ ക്യാമ്പുകളാക്കുവാൻ എന്തു കൊണ്ട്  സർക്കാർ തീരുമാനിക്കുന്നില്ല? വെള്ളവും ശുചി മുറിയും പാചകം ചെയ്യുവാൻ സൗകര്യമുള്ള, വൃത്തിയും വെടിപ്പുമുള്ള അന്തരീക്ഷം ക്യാമ്പുകൾക്ക് ഉണ്ടാകരുത് എന്ന് നിർബന്ധമുണ്ടോ സർക്കാരിന് ? 


ഒഴിഞ്ഞുകിടക്കുന്ന വീടുകൾ മുതൽ  റിസോർട്ടുകൾ വരെ താൽക്കാലികമായി ഏറ്റെടുക്കുവാൻ സർക്കാർ നിർദ്ദേശം നൽകിയാൽ ഇപ്പോൾ ക്യാമ്പുകൾ സംഘടിപ്പിക്കുവാൻ ഓടി നടക്കുന്ന ഉദ്യോഗസ്ഥർക്കും ജനപ്രതിനിധികൾക്കും ക്വാമ്പുകളിലെ അംഗങ്ങൾക്കും ആശ്വാസമായിരിക്കും. 


പക്ഷേ നമ്മുടെ സർക്കാരിന്റെ പ്രിയപ്പെട്ടവരായ പരപ്പ മുതൽ നെടുമങ്ങാട് വരെ പ്രവർത്തിക്കുന്ന, അദാനി മുതലായ കോർപ്പറേറ്റുകൾ, റിയൽ എസ്റ്റേറ്റ് വ്യവസായികൾ,  ടൂറിസം മാഫിയകൾ, ഖനന പ്രിയർ മുതലായവർക്ക്  ഒരവസരത്തിലും അലോസര മുണ്ടാക്കുവാൻ  ഞങ്ങൾ തയ്യാറല്ല എന്ന് പ്രിയ മുഖ്യമന്ത്രിയും നിയമസഭാ സാമാജികരും ത്രിതല പഞ്ചായത്ത് നേതാക്കളും ഈ ദുരന്ത കാലത്തും അവർക്ക്  ഉറപ്പു നൽകുന്നുവോ? 


മലകളും പാടവും കായലും കടലും കൊള്ളയടിക്കുന്നവർക്കും  അവർക്കായി വീണ മീട്ടുന്നവർക്കും പുറത്തുള്ള രക്തസാക്ഷികളാകുവാൻ നിർബന്ധിതരായ  സാധാരണക്കാർ മഹാബലികളായി പാതാളത്തിലേക്കോ മത്സ്യഗന്ധികളായി അറബിക്കടലിലേക്കോ പതിക്കുന്ന കാലം അകലെയല്ല.


വികസന വിരുദ്ധരെ തുറങ്കലിലടച്ച് കേരള വികസന കുതിപ്പ് സാധ്യമാക്കുമെന്ന് 3 വർഷങ്ങൾക്കു മുമ്പ് റിലയൻസ്സിന്റെ ചാനൽ പരിപാടിയിൽ  പങ്കെടുത്ത് വ്യവസായികളുടെ കൈയ്യടി വാങ്ങിയ  ഞങ്ങളുടെ മുഖ്യമന്ത്രി, നിങ്ങൾ അന്ന് തുറങ്കലിൽ അടക്കുവാൻ യോഗ്യത നൽകിയവരിൽ പ്രൊ.ഗാഡ്ഗിൽ മുതൽ ഞങ്ങളെ പോലെയുള്ള സാധാരണക്കാരും അംഗങ്ങളായിരുന്നു. നിങ്ങളുടേയും മുൻ ഗാമികളുടേയും  ഉപദേശകരാണ് പാവങ്ങളെ രക്ത സാക്ഷികളാക്കി കൊണ്ടിരിക്കുന്നത് എന്ന് ഇനി എങ്കിലും സമ്മതിക്കുമോ ?

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment