യുക്തിരഹിതമായ നിർമ്മാണ പ്രവർത്തനങ്ങൾ ആവാസ വ്യവസ്ഥയെ അട്ടിമറിക്കുന്നുവെന്ന് മുഖ്യമന്ത്രി




യുക്തിരഹിതമായ നിർമ്മാണ പ്രവർത്തനങ്ങൾ ആവാസ വ്യവസ്ഥയെ അട്ടിമറിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രകൃതി വിഭവങ്ങൾ ചൂഷണം ചെയ്തുള്ള അനിയന്ത്രിതമായ നിർമ്മാണങ്ങൾക്ക് ഇനി അനുമതി നൽകാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഭവന നിർമ്മാണ വകുപ്പിന്റെ ആഭിമുഖ്യത്തിലുള്ള  ലോക പാർപ്പിട ദിനാചരണത്തിന്റെ സംസ്ഥാന തല ഉദ്‌ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിഭവങ്ങളുടെ നീതിപൂർവ്വമായ വിതരണത്തിന് മുൻഗണന നൽകാനാണ് സർക്കാർ ശ്രമിക്കുന്നത്. കേരളത്തിലെ ഭവനനിർമ്മാണ ശീലങ്ങളിൽ മാറ്റം വരണമെന്നും മുഖ്യമന്ത്രി പറഞ്ഞു. 


സാമൂഹ്യവും സാമ്പത്തികവുമായ സന്തുലിതാവസ്ഥ നിലനിർത്താനാവുന്ന ഭവനനിർമ്മാണ സംസ്കാരം രൂപപ്പെടുത്തണം. ഭാവിയിൽ വീടുകൾ ചെലവ് കുറഞ്ഞതും, പരിസ്ഥിതി സൗഹൃദവും, ഊർജ്ജക്ഷമവും, ദുരന്തപ്രതിരോധ ശേഷിയുള്ളതുമാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു. നവകേരള നിർമ്മാണത്തിൽ പരിസ്ഥിതി സൗഹൃദ നിർമ്മാണങ്ങൾക്കായിരിക്കും മുൻഗണന. കാഴ്ചപ്പാടുകൾക്ക് മാറ്റം വരുത്തി പരിസ്ഥിതിക്ക് അനുകൂലമായതും ഭാവി തലമുറയ്ക്ക് ഗുണകരമാകുന്നതുമായ നിർമ്മാണങ്ങളാണ് പ്രോത്സാഹിപ്പിക്കേണ്ടത്. വീടുകൾ ആവശ്യത്തിനും സൗകര്യത്തിനും ആയിരിക്കണമെന്നും പൊങ്ങച്ചവും ആർഭാടവും കാണിക്കാൻ ആവരുതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കുടുംബത്തില്‍ നാലു പേരുണ്ടെങ്കില്‍ മഹാസൗധം ആവശ്യമില്ല. ആകാശ സൗധങ്ങള്‍ മാത്രമല്ല, അടച്ചുറപ്പുളള ഒറ്റമുറിയും വീടാണെന്ന തിരിച്ചറിവുണ്ടാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു. 


അടച്ചുറപ്പുള്ള പാർപ്പിടം ഓരോ മനുഷ്യന്റെയും അവകാശമാണ്. കേന്ദ്രസർക്കാർ കണക്കനുസരിച്ച് 18.78 ദശലക്ഷം വീടുകൾ രാജ്യത്ത് കുറവുണ്ട്. അതേ സമയം ആൾതാമസമില്ലാത്ത വീടുകൾ കൂടി വരികയാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ആവാസ വ്യവസ്ഥ കൂടി പരിഗണിച്ചുള്ള പാർപ്പിട നിർമ്മാണത്തിനാണ് പ്രാധാന്യം നൽകുകയെന്ന് ചടങ്ങിൽ സംസാരിച്ച റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരനും വ്യക്തമാക്കി. ഭവന നിർമ്മാണ ബോർഡ് ചെയർമാൻ പി.പ്രസാദ് പാർപ്പിട ദിന സന്ദേശം നൽകി. ഭവനനിർമ്മാണവും പരിസ്ഥിതിയും, പാർപ്പിട പ്രശ്നം ; പ്രളയാനന്തര കേരളത്തിൽ നഗരങ്ങളിലെ ഖരമാലിന്യ പ്രശ്നം എന്നീ വിഷയങ്ങളിൽ സെമിനാറുകളും കനകക്കുന്ന് കൊട്ടാരത്തിൽ നടന്ന പരിപാടിയിൽ സംഘടിപ്പിച്ചിരുന്നു. 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment