ഭൂമിക്ക് ചരമ ഗീതം പാടാൻ ഇനി എത്ര നാൾ




ഇനിയും മരിക്കാത്ത ഭൂമി
നിന്നാസന്ന മൃതിയില്‍ നിനക്കാത്മശാന്തി
ഇത് നിന്റെ എന്റെയും ചരമശുശ്രൂഷയ്ക്ക്
ഹൃദയത്തിലിന്നേ കുറിച്ച ഗീതം


ഒ എൻ വി യൂടെ ഈ ചരമ കുറിപ്പ് യാഥാർഥ്യമാകുവാൻ ഇനിയും അധിക സമയമില്ലെന്നു പ്രകൃതി തന്നെ പല വിധത്തിലുള്ള സൂചനകൾ നൽകി കഴിഞ്ഞിരിക്കുന്നു. പലതരത്തിലുള്ള ചൂഷണങ്ങളിലൂടെ മനുഷ്യകുലത്തിന്റെ കുത്തകയായി ഭൂമിയെ മാറ്റിയിരിക്കുന്നു. നാം അധിവസിക്കുന്ന ഈ ഭൂമി ഇനി വരുന്ന തലമുറയ്ക്കും വാസയോഗ്യമാക്കണമെന്ന കരുതലിൽ ഭൂഗോളത്തിനായി ഒരു ദിവസം വേണമെന്നു മനുഷ്യൻ തീരുമാനിച്ചിട്ടു ഇന്ന് 50 വര്ഷം ആകുന്നു .


വ്യാവസായിക വിപ്ലവങ്ങളിലൂടെയും ഹരിത വിപ്ലവങ്ങളിലൂടേയും ലോകം കമ്പോളവത്കരിച്ചപ്പോൾ പ്രകൃതി ചൂഷങ്ങളുടെ തോത് അതിന്റെ അതിർവരമ്പുകൾ കടന്നു പോയിരുന്നു. ഇനിയും ഇതിനെതിരെ ജന്മനസുകൾ ഉണർന്നില്ലെങ്കിൽ അടുത്ത തലമുറയ്ക്ക് കൈമാറാൻ ഒന്നും അവശേഷിക്കില്ലെന്നു മനസിലാക്കിയ ഒരു കൂട്ടം അമേരിക്കൻ ജനത 1970ൽ തെരുവുകളിലും കോളേജ് കാമ്പസുകളിലും ഒത്തുകൂടി പാരിസിഥിതിയെ മറന്നുള്ള വികസനത്തിനെതിരെ പ്രതികരിച്ചു. അന്നത്തെ അമേരിക്കൻ ജനതയുടെ പ്രതിനിധികളായി 20 ലക്ഷത്തോളം ആളുകളാണ് പ്രതിഷേധിച്ചത്. അമേരിക്കൻ ജനസംഖ്യയുടെ ഏകദേശം പത്തു ശതമാനത്തോളം പേരായിരുന്നു അത്.

 


1969 ൽ വിസ്കോൺസിനിൽ നിന്നുള്ള യുഎസ് സെനറ്റർ ഗെയ്‌ലോർഡ് നെൽസണിൽ നിന്നാണ് ഭൗമദിനം ആരംഭിക്കാനുള്ള ആശയം വന്നത്. 1960 കളിൽ എണ്ണ ചോർച്ചയും വർദ്ധിച്ചുവരുന്ന വായു മലിനീകരണവും മൂലം വഷളായിക്കൊണ്ടിരിക്കുന്ന പാരിസ്ഥിതിക സാഹചര്യങ്ങളെക്കുറിച്ച് ആഴത്തിലുള്ള ആശങ്കയുണ്ടാക്കിയ അദ്ദേഹം അതിന്റെ ദോഷത്തെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കുന്നതിന് പരിസ്ഥിതി പ്രസ്ഥാനങ്ങൾക്ക് തുടക്കം കുറിച്ചു. മനുഷ്യന്റെ ഇടപെടലുകൽ കൊണ്ടു  പാരിസ്ഥിതിക ആരോഗ്യത്തിന് ഉണ്ടാകുന്ന നാശങ്ങളെ കുറിച്ച് ജനങ്ങളിൽ അവബോധമുണ്ടാക്കാൻ അദ്ദേഹത്തിനായി.


ശുദ്ധമായ വായുവും ജലവും ലഭ്യമാക്കുന്നതിനും വംശനാശം സംഭവിച്ച ജീവജാലങ്ങളെ സംരക്ഷിക്കുന്നതിനും പരിസ്ഥിതി നിയമം അമേരിക്കയിൽ നിലവിൽ വന്നത് ഈ പ്രക്ഷോഭങ്ങളെ  തുടർന്നാണ്. അന്ന് മുതൽ ഏപ്രിൽ 22 ലോക ജനത ലോകഭൗമദിനമായി ആചരിക്കുന്നു.

 


1972  ജൂണിൽ സ്റ്റോക്ഹോമിൽ വച്ച് നടന്ന യുനൈറ്റഡ് നാഷന്റെ  ഹ്യൂമൻ എൻവിറോണ്മെന്റ് കോൺഫറൻസിൽ  ഇന്ത്യയും പങ്കാളിയായിരുന്നു. അതിൽ നടത്തിയ ചർച്ചകളുടെ അടിസ്ഥാനത്തിൽ ഭാരതത്തിന്റെ പാർലമെന്റ് 1986 ഇൽ ഭാരതത്തിന്റെ ജൈവ വൈവിധ്യ സംരക്ഷണത്തിനായി  Environment (Protection) Act, 1986 പാസാക്കി. 


അമ്പതു വര്ഷം മുൻപ് ഇതിനു തുടക്കമിട്ട അമേരിക്കയുടെ നയപരമായ പലമാറ്റങ്ങളും തുടക്കത്തിൽ ഇതിനു നൽകിയ പരിഗണകൾ പലതും പിന്നീടവരുടെ പ്രവർത്തികളിൽ കാണാൻ സാധിച്ചില്ല. 2017-ല്‍ പാരിസ് കാലാവസ്ഥാ ഉടമ്പടിയില്‍ നിന്ന് പിന്‍മാറുമ്പോള്‍ ട്രംപും, കൂട്ടരും ഊന്നല്‍ നല്‍കിയതു പാരിസ് ഉടമ്പടി അമേരിക്കയോട് ചെയ്യാനാവശ്യപ്പെടുന്ന ചില അടിയന്തിര പ്രവര്‍ത്തനങ്ങള്‍ നീതിയുക്തമല്ലെന്നായിരുന്നു. ഗവണ്‍മെന്റിന്റെ ഇടപെടല്‍ കൂടാതെ തന്നെ കാലാവസ്ഥാ വെല്ലുവിളികള്‍ നേരിടാന്‍ അമേരിക്കന്‍ വ്യവസായ സമൂഹത്തിനു കഴിയുമെന്ന് അമേരിക്കൻ പ്രസിഡണ്ട് അവകാപെട്ടു. മുതലാളിത്ത രാജ്യങ്ങളിൽ ഭൂരിഭാഗവും കാലാവസ്ഥ വ്യതിയാനാവും , പാരിസ്ഥിക ചൂഷണവും മാനവരാശി നേടിടുന്ന ഒരു പ്രധാന വിഷയമായി കണക്കാക്കിയിരുന്നില്ല . 1970 പരിസ്ഥിതി പ്രശ്‌നങ്ങളേക്കുറിച്ച് പ്രസിഡണ്ട് നിക്‌സണ്‍ അഭിപ്രായപ്പെട്ടത് ഇപ്പോൾ പ്രവർത്തിച്ചില്ലെങ്കിൽ  ഒരിക്കലും കഴിയില്ല എന്നായിരുന്നു . അരനൂറ്റാണ്ട് കഴിഞ്ഞിട്ടും അമേരിക്കയടക്കമുള്ള പലരാജ്യങ്ങളും പദ്ധതികളിൽ പലതും പ്രഖ്യപനങ്ങളിൽ മാത്രം ഒതുക്കുന്നു. .

 


ലോകത്തിൽ ഒരു കൊച്ചു രാജ്യമായ ഭൂട്ടാൻ പ്രകൃതി സംരക്ഷണതിൽ ഊന്നിയുള്ള വികസനമാണ് നടപ്പിലാക്കുന്നത്. കാർബൺ ഡൈ ഓക്സൈഡിന്റെ പ്രധാന ഉൽ‌പാദകരായ ഇന്ത്യയ്ക്കും ചൈനയ്ക്കുമിടയിൽ സ്ഥിതിചെയ്യുന്ന ഒരു ചെറിയ രാജ്യമാണ് ഭൂട്ടാൻ, എന്നിട്ടും അവരുടെ  പ്രവർത്തനങ്ങൾ കൊണ്ട് കഴിഞ്ഞ വർഷങ്ങളിൽ സമ്പൂർണ്ണ കാർബൺ നിഷ്പക്ഷത കൈവരിക്കാൻ ഭൂട്ടാന് കഴിഞ്ഞു. 


130 കോടി ജനങ്ങളുള്ള ഭാരതത്തിൽ പരിസ്ഥി സംരക്ഷണത്തിൽ കൂടതൽ ശ്രദ്ധ കൊടുക്കേണ്ട കാലം കഴിഞ്ഞിരിക്കുന്നു. കഴിഞ്ഞ കുറെ വർഷമായി സർക്കാർ സാമൂഹിക വനവൽക്കരണത്തിന് വളരെയേറെ പ്രാധാന്യം നൽകിവരുന്നു . എന്നാൽ ഓരോ വർഷവും നടുന്ന മരങ്ങൾ എത്രമാത്രം കാലാവസ്ഥയെ അതിജീവിച്ചു വളരുന്നു എന്നുള്ള കണക്കുകളോ നട്ടവയെല്ലാം സംരക്ഷിക്ക പെടുന്നുണ്ടോ എന്നുള്ള പരിശോധനകളോ അത് പരിരക്ഷിക്കാൻ വേണ്ടിയുള്ള തുടർ നടപടികളോ സ്വീകരിച്ചു കാണുന്നുമില്ല. എങ്കിലും ഇത്തരം നടപടികളിലൂടെ കുറെയൊക്കെ മാറ്റം പ്രകൃതിയിൽ വരുത്താൻ സാധിച്ചിട്ടുണ്ട്.  ഉപഗ്രഹ ചിത്രങ്ങൾ അപഗ്രഥിക്കുമ്പോൾ  ലോകത്തിൽ ഇന്ത്യയിലും ചൈനയിലും മാത്രമാണ് കഴിഞ്ഞ കുറെ വര്ഷങ്ങളായിട്ടു പച്ചപ്പ്‌ കൂടിയതായിട്ടു കാണുന്നത്.


മരം നട്ടുവളർത്തുന്ന പ്രക്രിയകൾ മാത്രം കൊണ്ട് ഭൂമിയെ സംരക്ഷിക്കുവാൻ സാധിക്കുകയില്ല. കുന്നുകളും മലകളും, തടാകങ്ങളും, ചതുപ്പുനിലങ്ങളും, അരുവികളും പുഴകളും, കടലും, വായുവും മറ്റു ജീവജാലങ്ങളും എല്ലാംതന്നെ പ്രകൃതിയുടെ അന്തുലിതമായ അവസ്ഥക്ക് അത്യാവശ്യഘടകമാണ്. മനുഷ്യർക്ക് മാത്രം അധിവസിക്കാൻ വേണ്ടിയുള്ളതാണ് ഈ ഭൂമിയെന്നുള്ള ചിന്തകൾ അവാസാനിപ്പിക്കണം. പ്രകൃതിയുടെ ചൂഷകരെ സംരക്ഷിക്കുന്ന രാഷ്ട്രീയ ഉദ്യോഗസ്ഥ കൂട്ടുകെട്ടുകൾ പൊട്ടിച്ചെറിയുവാനും ഇവക്കെതിരെ പ്രാദേശികമായി സംഘടിച്ചു പ്രവർത്തിക്കുവാനും ഓരോ പൗരന്റെയും കടമയാണ്. ഇതൊന്നും എന്റെ പണിയല്ല അതിനൊക്കെ സർക്കാരും പരിസ്ഥിതി പ്രവർത്തകരും ഉണ്ടല്ലോ എന്നുള്ള ചിന്തയാണ് ഓരോ ശരാശരി മലയാളികൾക്കും ഉള്ളത്.

 


ലോക ഭൗമദിനത്തിനോട് അനുബന്ധിച്ചു പ്രധാനമന്ത്രി ട്വിറ്ററിൽ ജനങ്ങൾക്കായി ഒരു സന്ദേശം അയച്ചിരുന്നു  "On International Day of Mother Earth, we all express gratitude to our planet for the abundance of care & compassion. Let us pledge to towards a cleaner, healthier & more prosperous planet."


ഭൂമി ഈ ഒരു തലമുറയ്ക്ക് മാത്രമുള്ളതല്ല. ഇതിനുമുന്പും പതിനായിരകണക്കിന് തലമുറകൾ ഉണ്ടായിരുന്നു ഇനിയും പതിനായിരക്കണക്കിന് തലമുറകൾ കടന്നു വരാനുമുണ്ട്. സൂക്ഷ്മാണുക്കൾ മുതൽ നീലത്തിമിംഗലം വരെയുള്ള ലക്ഷകണക്കിന് ജന്തുക്കളും കോടിക്കണക്കിനു സസ്യജാലങ്ങളും അടങ്ങുന്ന ജൈവ വൈവിധ്യ കലവറയാണ്  നാം അധിവസിക്കുന്ന ഭൂമി. ഇവയെല്ലാം കൂടിയുള്ള ഒരു സന്തുലിത അവസ്ഥയിലാണ് ഭൂമിയുടെ നിലനിൽപ്പു. എവിടെയെങ്കിലും അസന്തുലിതാ അവസ്ഥ സംഭവിച്ചാൽ പ്രകൃതി ഇടപെടുകതന്നെ ചെയ്യും. ലാത്തൂരിലെ  ഭൂകമ്പം, ഉത്തരാഖണ്ഡിലെ മേഘവിസ്പോടനത്തിനെ തുടർന്നുണ്ടായ വെള്ളപ്പൊക്കവും, ലോകത്തിൽ പല രാജ്യത്തിലെയും ലക്ഷകണക്കിനു മനുഷ്യരെ തുടച്ചു നീക്കിയ സുനാമിയുടെയും, വെള്ളപോക്കങ്ങളുടെയും, ചുഴലിക്കാറ്റുകളുടെയും രൂപത്തിൽ പ്രകൃതി സൂചികരണ പ്രവർത്തനങ്ങൾ നടത്തികൊണ്ടേയിരിക്കുന്നു. 2018 ൽ കേരളത്തിൽ മലവെള്ളം കുത്തിയൊലിച്ചുവന്നപ്പോൾ പുഴയോഴുകേണ്ട വഴികൾ അടച്ചു നമ്മൾ കെട്ടിപ്പൊക്കിയ മണിമാളികകൾ സംരക്ഷികാനായി അവക്ക് ചുറ്റിലും നമ്മൾ അയൽവാസികൾ കയറാതെ കെട്ടിപൊക്കിവച്ച മതില്കെട്ടുകൾക്കു ഒന്നും ചെയ്യുവാൻ കഴിഞ്ഞിരുന്നില്ല . ജലം സംരക്ഷിച്ചു സംഭരിക്കേണ്ട വയലേലകൾ നികത്തി അംബരചുംബികളായ മണിമാളികൾ പണിഞ്ഞു വച്ചിട്ട് മഴപെയ്തു വന്ന വെള്ളത്തെ പേടിച്ചു അതിന്റെ മുകളിലത്തെ നിലയിൽ നിന്ന് ഒരുനേരത്തെ അന്നത്തിനുവേണ്ടി നിലവിളിച്ച ജനങ്ങളെയും നമ്മൾ കണ്ടതാണ് .എന്നിട്ടും നമ്മൾ എന്താണ് പഠിച്ചത്. 2018 വന്ന വെള്ളപൊക്കം ഇനി നൂറു വര്ഷത്തെ കഴിനെ പണ്ടത്തെപ്പോലെ ഇനിയും വരുകയുള്ളു എന്ന് നാം പ്രതീക്ഷിച്ചു. വെള്ളം ഇറങ്ങിക്കഴിഞ്ഞപ്പോൾ വീണ്ടും വെട്ടിപിടിക്കുവാനും തീരദേശവും മലകളും കുന്നുകളും കയ്യേറുവാനും നമ്മൾ ഇറങ്ങി തിരിച്ചു. അടുത്ത വര്ഷം അതിലുംഭീകരമായി വെള്ളപൊക്കം ഉണ്ടായപ്പോഴും, തീരദേശത്താകെ കൊടുങ്കാറ്റു വീശിയടച്ചപ്പോഴും നിസഹായരായി നോക്കിനിൽക്കാനേ നമുക്ക് കഴിഞ്ഞൊള്ളു.


ഇപ്പോൾ മനുഷ്യരെ വിറപ്പിച്ചു കൊണ്ടിരിക്കുന്ന കൊറോണ എന്ന കുഞ്ഞൻ വൈറസ് പ്രകൃതിയുടെ വരാൻ പോകുന്ന മറ്റൊരു ഇടപെടലിന്റെ സൂചനയാണോ തരുന്നതെന്ന ചോദ്യം ഇവിടെ വക്കുന്നു .ഒരുകാലത്തു ഭൂമി മുഴുവൻ അടക്കി വാണിരുന്ന ദിനോസറുകൾ എങ്ങനെ അപ്രത്യ്ക്ഷമായെന്നു ഇന്നും ഉത്തരം കിട്ടാത്ത ചോദ്യമാണ്. മറ്റുള്ള ജീവജാലങ്ങൾക്കെല്ലാം ബാധ്യതയായി ഒരു വിഭാഗം മാറിയാൽ അതിനെ നിയന്തിക്കുവാൻ പ്രകൃതിതന്നെ പോംവഴികൾ സ്വീകരിക്കും.


പ്രകൃതിയെ ചൂഷണം ചെയ്യുന്നത് കുറക്കുക എന്നൊരു മാർഗം മാത്രമേ നമ്മുടെ മുന്നിലുള്ളു. പ്ലാസ്റ്റിക്കുകൾ ഉല്പാദനവും ഉപയോഗവും പരമാവധി കുറക്കണം, മണ്ണിനും, പരിസ്ഥിതിക്കും, ജലത്തിനും, മനുഷ്യർക്കും  പ്ലാസ്റ്റിക് ഉയർത്തുന്ന  വെല്ലുവിളി വളരെ നിസാരമല്ല.  Reduce, Reuse, Recycle, എന്ന മുദ്രാവാക്യം എല്ലാ മേഖലകളിലും പ്രവർത്തികമാക്കണം. പബ്ലിക് ട്രാൻസ്പോറ്റേഷൻ സംവിധാനം കൂടുതൽ നന്നാക്കണം ,വാഹനങ്ങളുടെ പൊല്യൂഷൻ ഉണ്ടാക്കുന്ന മലിനീകരണം കുറക്കുവാൻ ഇലക്ട്രിക്ക് വാഹനങ്ങൾ പരമാവധി പ്രോത്സാഹിപ്പിക്കണം . ഡാമുകൾ പ്രകൃതിയുടെ ആവാസ വ്യവസ്ഥക്ക് കാര്യമായ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നുണ്ട്. വൈധ്യുതിക്കു കൂടുതൽ പുനർനിർമ്മിക്കാവുന്ന ഊർജ്ജസ്രോതസ്സുകളായ  സൗരോർജ്യവും, കാറ്റാടിയന്ദ്രങ്ങളിൽനിന്നുള്ള വൈധ്യുതി എന്നിവക്ക് പരമാവധി പ്രോത്സാഹനം നൽകേണ്ടതാണ്.


കാലാവസ്ഥാ പ്രവർത്തനമാണ് ഈ വർഷത്തെ ഭൗമദിനത്തിനായി സജ്ജമാക്കിയ ചിന്താവിഷയം. അന്റാർട്ടിക്കയിലെ മഞ്ഞുപാളികൾ  ഉരുകുന്നത് തുടരുകയും വരൾച്ചയും വെള്ളപ്പൊക്കവും വർദ്ധിക്കുകയും ജീവിവർഗ്ഗങ്ങൾ വംശനാശം സംഭവിക്കുകയും ചൂട് തരംഗങ്ങൾ രൂക്ഷമാവുകയും കാലാവസ്ഥാ രീതികൾ മാറുകയും ചെയ്യുന്ന ഈ സാഹചര്യങ്ങളിൽ അന്തരീക്ഷോഷ്മാവ് കുറക്കുവാനുള്ള പ്രക്രിയയിൽ പങ്കാളികളാകേണ്ടത് ഓരോ മനുഷ്യരുടെയും കർത്തവ്യമാണ് . ഈ സാഹചര്യത്തിൽ, ഹരിതഗൃഹ വാതകങ്ങൾ, കാർബൺ ഉദ്‌വമനം, വ്യക്തിഗത കാർബൺ കാൽപ്പാടുകൾ എന്നിവയെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കുക എന്നതാണ് ഈ ദിവസത്തെ പ്രധാന ലക്ഷ്യം.


കാലാവസ്ഥാ വ്യതിയാനത്തിന്റെ നാശനഷ്ടങ്ങൾ അനുദിനം കൂടുതൽ വ്യക്തമാകുമ്പോൾ, ശുദ്ധമായ അന്തരീക്ഷത്തിനായുള്ള പോരാട്ടം അടിയന്തിരമായി തുടരേണ്ടിയിരിക്കുന്നു. നമ്മുടെ കാലാവസ്ഥാ പ്രതിസന്ധിയെക്കുറിച്ചുള്ള അവബോധം വളരുന്നതിനനുസരിച്ച് പൊതുസമൂഹവും അതിനു വേണ്ടിയുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു തുടങ്ങിയിരിക്കുന്നു. ഒരു വെളിച്ചം അങ്ങകലെ കാണുവാൻ സാധിക്കുന്നു എന്നത് ഒരു പുതിയ ലോകത്തിനായി പ്രവർത്തിക്കുന്ന ഒരു ജനത ഒരുമിക്കാൻ തുടങ്ങിയെന്നത്തിന്റെ ശുഭ സൂചനയാണ് നൽകുന്നത്.  


"ഒരു തൈ  നടാം നമുക്കമ്മയ്ക്ക് വേണ്ടി ..

ഒരു തൈ  നടാം കൊച്ചു മക്കൾക്ക് വേണ്ടി ..

ഒരു തൈ  നടാം നൂറു കിളികൾക്ക്  വേണ്ടി..

ഒരു തൈ നടാം നല്ല നാളേക്ക് വേണ്ടി..

ഇതു പ്രാണ വായുവിനായ് നടുന്നു..

ഇത് മഴയ്ക്കായ്‌ തൊഴുതു നടുന്നു.

അഴകിനായ്, തണലിനായ് , തേൻ പഴങ്ങൾക്കായ് ...

ഒരു നൂറു തൈകൾ നിറഞ്ഞു നടുന്നു ..

ചൊരിയും മുലപ്പാലിന്നൊർമയുമായ് ..

പകരം തരാൻ കൂപ്പുകൈ മാത്രമായ് ..

ഇതു  ദേവി ഭൂമി തൻ  ചൂടല്പ്പം മാറ്റാൻ ..

നിറ കണ്ണുമായ് ഞങ്ങൾ  ചെയ്യുന്ന പൂജ....   "


സുഗതകുമാരി ടീച്ചറുടെ ഈ കവിത പുതിയ തലമുറകൾക്കൊരു പ്രത്യാശയുടെ വെളിച്ചമായി മാറട്ടെയെന്നു പ്രതീക്ഷിക്കുന്നു

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment