ലോക ദേശാടന പക്ഷി ദിനം; പ്ലാസ്റ്റിക് മലിനീകരണത്തിൽ നിന്നും രക്ഷിക്കാം നമ്മുടെ പക്ഷികളെ 
ഇന്ന് ലോക ദേശാടന പക്ഷി ദിനം. ഐക്യരാഷ്ട്ര സംഘടനയുടെ കണക്ക് പ്രകാരം മെയ്‌ 11, ഒക്ടോബർ  12 എന്നീ ദിനങ്ങൾ ലോക ദേശാടന പക്ഷി ദിനമായാണ് ആചരിക്കുന്നത്. പ്രകൃതി ഭംഗി കൊണ്ടും മികച്ച കാലാവസ്ഥ കൊണ്ടും പശ്ചിമ ഘട്ടത്തിന്റെ സമ്പുഷ്ടമായ ജൈവ വൈവിദ്ധ്യം കൊണ്ടും നിരവധി ദേശാടന പക്ഷികളാണ് കേരളത്തിൽ വിരുന്നെത്താറുള്ളത്. നമ്മുടെ പുഴകളുടെ തീരത്തും മലമുകളിലുമാണ് പ്രധാനമായും ഇവ എത്താറുള്ളത്. നൂറുകണക്കിന്  കിലോമീറ്ററുകൾ സഞ്ചരിച്ചാണ് പല പക്ഷികളും എത്തുന്നത്. 

 


മറ്റു ദിനാചരങ്ങൾ പോലെ ഓരോ വർഷവും ദേശാടന പക്ഷി ദിനവും  ആചരിക്കുന്നത് ഒരു സന്ദേശം മുന്നോട്ടു വെച്ചതാണ്. പ്ലാസ്റ്റിക് മലിനീകരണത്തെ തടഞ്ഞ് പക്ഷികളെ സംരക്ഷിക്കുക എന്നതാണ് ഈ വർഷത്തെ സന്ദേശം. കടലിലേക്ക് നാം കളയുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ കടൽ ജീവികളോടൊപ്പം പക്ഷികൾക്കും ഏറെ ഗുരുതരമായ ദോഷങ്ങൾ ഉണ്ടാക്കുന്നുണ്ട്. ഇതുപോലെ തന്നെ നാം പല ഇടങ്ങളിലും ഉപേക്ഷിക്കുന്ന പ്ലാസ്റ്റിക് തന്നെയാണ് പക്ഷികൾക്ക് ഏറ്റവും വലിയ വെല്ലുവിളി സൃഷ്ടിക്കുന്നത്. ഇവയുടെ നിർമാർജനം തന്നെയാണ് ഈ ദേശാടന പക്ഷി ദിനത്തിൽ നാം മുന്നോട്ട് വെക്കേണ്ടത്.

 


കേരളത്തിൽ തട്ടേക്കാട്, കടമക്കുടി, കടലുണ്ടി, തൃശൂർ കോൾ പാടം, കുമരകം, കുട്ടനാട് എന്നിവയാണ് പ്രധാനമായും ദേശാടന പക്ഷികൾ എത്തുന്ന സങ്കേതങ്ങൾ. കിഴക്കൻ കരിതപ്പി, മ്യൂ കടൽകാക്ക, കറുപ്പൻ ആള, പുരികപുള്ള്, എന്നിവയാണ് ഈ അടുത്തായി കേരളത്തിലെത്തിയ ദേശാടന പക്ഷികൾ.

 


മുൻവർഷങ്ങളെ അപേക്ഷിച്ച് കേരളത്തിൽ ദേശാടന പക്ഷികളുടെ എണ്ണത്തിൽ വർദ്ധനവുണ്ടായിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്. അതേസമയം, തന്നെ പുതിയ ചില പക്ഷികൾ കേരളത്തിലെത്തുന്നുണ്ട്. ഇവ സാധാരണ ഗതിയിൽ ചൂട് പ്രദേശങ്ങളിലോ മരു പ്രദേശങ്ങളിലോ കാണുന്നതാണ്. ഇവ ചെറിയ ആശങ്കയും പരത്തുന്നുണ്ട്.

 


ഒരു ദേശത്തു നിന്നും മുട്ടയിടാനും മറ്റും മറ്റൊരു ദേശത്തേക്ക് പറക്കുന്ന പക്ഷികളാണ് ദേശാടനപക്ഷികൾ. പക്ഷികളുടെ ഈ ദേശാടനം ഋതുക്കളൂമായി ബന്ധപ്പെട്ടിരിക്കുന്നു. പക്ഷികളിലെ പല വിഭാഗങ്ങളൂം ദേശാടനം നടത്തുന്നവയാണ്. ഇതിനിടയിൽ പട്ടിണികൊണ്ടും വേട്ടയാടൽ കൊണ്ടും വലിയ നാശം സംഭവിക്കുന്നെങ്കിലും ഒരു പ്രകൃതിപ്രതിഭാസം എന്നപോലെ അവ ഒരു ദേശത്തു നിന്നും വേറൊരിടത്തെക്ക് പറക്കുന്നു. 

 


ഇത് അവയുടെ ഉത്ഭവം മുതൽ ഉണ്ടെന്നനുമാനിക്കണം. കാരണം മനുഷ്യനുകിട്ടാവുന്ന ആദ്യ തെളിവുകളിലെല്ലാം പക്ഷികളുടെ സഞ്ചാരത്തെ പറ്റിപറയുന്നുണ്ട്. കാളിദാസന്റെ മേഘസന്ദേശത്തിൽ മാനസസരസ്സിൽ നിന്നും മുട്ടയിടാനായി മാലാകാരത്തിൽ വന്നുപോകുന്ന വലാഹപക്ഷികളെയും താമരത്തളിർ തിന്നുപറക്കുന്ന രാജഹംസങ്ങളെയും സൂചിപ്പിക്കുന്നുണ്ട്

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment