ഇന്ന് ലോക ജലദിനം; പ്രകൃതി വിഭവങ്ങളുടെ സംരക്ഷണം ഉറപ്പാക്കണം 
ഭൂമിയിൽ  ജീവൻ അവശേഷിക്കണമെങ്കിൽ വായുവും ജലവും എത്രമാത്രം പ്രധാനമായിരിക്കും എന്ന അറിവുനേടിയവരാണ്  ആധുനിക മനുഷ്യർ. മലകളും കാടും പുഴയും ചതുപ്പും പാടങ്ങളും അവക്കഭിമുഖമായ  കടലും മനുഷ്യജീവികളെക്കാൾ എത്രയോ മുൻപ് തന്നെ ഇവിടെ നിലനിന്നു വരുന്നു. അവയുടെ തണലിലാണ് മനുഷ്യവർഗ്ഗം വളർന്നതും വികസിച്ചതും. ആധുനിക ശാസ്ത്രത്തിന്റെ ഗുണഭോക്താക്കളായ മനുഷ്യർ പ്രകൃതി വിഭവങ്ങളുടെ പ്രമുഖ പങ്കിനെ പരിഗണിക്കുവാൻ മടിക്കുന്നതിനു പിന്നിൽ ( പരിഗണിച്ചാലും നടപ്പിലാക്കുവാൻ വിമുഖരാകുന്നത് ) ശാസ്ത്രത്തിന്റെ ശേഷിക്കുറവല്ല കാരണം. ശാസ്ത്രത്തിന്റെ അജണ്ടകൾ തീരുമാനിക്കുന്ന അധികാര ലോകം കൈ കൊള്ളുന്ന തെറ്റായ സമീപനമാണ് ഇവിടെ വില്ലനായി പ്രവർത്തിച്ചു വരുന്നത്. അപ്പോഴും ശാസ്ത്രലോകം കാടുകളെ പറ്റിയും ജലത്തിന്റെയും തണ്ണീർ തടങ്ങളുടെയും പ്രാധാന്യത്തെ പറ്റിയും ഉള്ള യാഥാർത്ഥ്യങ്ങൾ കണ്ടെത്താറുണ്ട്.


നമ്മുടെ കാടുകൾ , കാടുകളുടെ രാജാക്കന്മാർ എന്ന പദവി നേടുവാൻ സമ്പൂർണ്ണ യോഗ്യരാണ്. നിത്യ ഹരിതവനങ്ങൾ മറ്റു കാടുകളേക്കാൾ ജൈവ വൈവിധ്യം കൊണ്ട് അത്ഭുതം തീർക്കുന്നു. അവ ഉയരം കൂടിയ മരങ്ങൾ മുതൽ പുൽച്ചെടി മുതലായ  എണ്ണിയാലൊടുങ്ങാത്ത ജീവി വർഗ്ഗങ്ങളാൽ സമ്പന്നമാണ്. നമ്മുടെ കാടുകളിലെ ഒരു മരം 200 തരം ജീവിവർഗ്ഗങ്ങളെ നേരിട്ടും അല്ലാതെയും സഹായിക്കുന്നു. സജ്ജീവമായ അരുവികൾ, അവ ഉണ്ടാകുന്ന തണുത്ത അന്തരീക്ഷം,അതിന്റെ സാന്നിധ്യത്തിൽ വളരുന്ന ലൈക്കണുകൾ (മരങ്ങളിലെ പൂപ്പൽ)വണ്ടുകൾ,ചിത്രശലഭങ്ങൾ, തേനീച്ചകൾ  അങ്ങനെയുള്ള അന്തരീക്ഷം അറബിക്കടലിനെ തന്നെ തണുപ്പിച്ചു നിർത്തി. 


കേരളത്തിലെ  കാടുകളുടെ വൈവിധ്യം ഒന്നിച്ചറിയുവാൻ പശ്ചിമ ഘട്ടത്തിന്റെ തെക്കേ അറ്റത്തു സ്ഥിതി ചെയ്യുന്ന അഗസ്ത്യർ മലയുടെ പ്രത്യേകതകൾ മനസ്സിലാക്കിയാൽ മതി. ബോണക്കാട് എന്ന മലയോര തേയില തോട്ട ഗ്രാമത്തിൽ അവസാനിക്കുന്ന അഗസ്ത്യർ കാടിന്റെ ആദ്യ ഭാഗത്ത് വൻ മരങ്ങൾ നിറഞ്ഞു നിൽക്കുന്നു. ഒപ്പം ഇടത്തരം മരങ്ങളും. അവിടെ അരുവികൾ വന്ന് ചെറുപുഴകളായി ഒഴുകുന്നതു കാണാം. അടുത്ത ഘട്ടത്തിൽ പൊതുവേ ഉയരം കുറഞ്ഞ മരങ്ങളും പുല്ലുകളും ശക്തമാണ്. ഉയരം കൂടിയ മൂന്നാം ഭാഗത്ത് മുളകളും പാറക്കെട്ടുകളും ഉണ്ട്. പിന്നീടുള്ള (1500 മീറ്റർ ഉയരം) ഭൂഭാഗത്ത് കുറ്റിമുളകൾ സുലഭമാണ്. അതിനും മുകളിൽ തറയിൽ പറ്റിപ്പിടിച്ച പുല്ലുകൾ , അവക്കു ശേഷം പാറ കെട്ടുകൾ മാത്രം.വനത്തിലൂടെയുള്ള 26 Km പടിഞ്ഞാറു കിഴക്കൻ ദിശയിലേക്കുള്ള നടത്തത്തിലൂടെ അത്ഭുതകരമായ കാടുകളുടെ വൈവിധ്യങ്ങൾ കേരളം കഴിഞ്ഞാൽ (നീലഗിരി, കൊങ്കൺ കാടുകൾ ഇതേ സ്വഭാവം പ്രകടിപ്പിക്കുന്നു) പിന്നെ കാണുവാൻ കഴിയുക സുമാത്രയിലും ആമസോണിലും മാത്രം. ഇത്തരം കാടുകൾ കേരളത്തിനു മാത്രമല്ല ഇന്ത്യക്കാകെ നൽകുന്ന സേവനം വളരെ വലുതാണ്. ഭൂമിയുടെ 1.5 % മാത്രം വരുന്ന നമ്മുടെ രാജ്യം ലോകത്തെ ജീവിവർഗ്ഗങ്ങളിൽ 7.5% പേറുന്നു എന്നഭിമാനിക്കുമ്പോൾ അവയുടെ സുരക്ഷയുടെ കാര്യത്തിൽ രാജ്യം കൈക്കൊള്ളുന്ന നിഷേധ നിലപാടുകൾ  വലിയ തിരിച്ചടികൾ ഉണ്ടായിട്ടും തിരുത്തുവാൻ തയ്യാറായിട്ടില്ല.


കേരളത്തിലെ കാടുകൾ സർക്കാർ രേഖകളിൽ 115OO ച.കി.മീറ്ററിനടുത്തു വരുന്നു.(30% ലധികം വിസ്തൃതി) ഈ കണക്കിൽ തോട്ടങ്ങളും ഉൾപ്പെടുന്നുണ്ട്. എന്നാൽ യഥാർത്ഥ കാടുകൾ 10% പോലും ഇല്ല എന്നതാണു വസ്തുത. നമ്മുടെ നാടിന്റെ പരിസ്ഥിതിക സുസ്ഥിരത നിലനിൽക്കണമെങ്കിൽ ഏറ്റവും കുറഞ്ഞത് 33% എങ്കിലും ഭൂമി വന നിബിഡമായിരിക്കണം. ഇന്ത്യാ രാജ്യത്തെ കാടുകളുടെ വിസ്തൃതി സർക്കാർ രേഖകളിൽ പോലും 22% മാണ്. പശ്ചിമഘട്ട മലനിരകളിലെ ഏറ്റവും ശക്തമായ കാടുകൾ സ്ഥിതി ചെയ്യുന്ന കേരളത്തിൽ നിന്നും നഷ്ടപ്പെട്ട കാടുകളുടെ വിസ്തൃതി 9 ലക്ഷം ഹെക്ടർ വരും. കാടുകൾ ഉണ്ടായി തീരുവാൻ എത്ര നാൾ വേണ്ടിവരും എന്ന ചോദ്യത്തിനുള്ള ഉത്തരം അവിശ്വസനീയമായ തരത്തിൽ  നീണ്ട  കാലമെന്നായിരിക്കും. മനുഷ്യ നിർമ്മിത വനങ്ങൾ പ്രകൃതി സമ്മാനിച്ച വനങ്ങൾക്ക് ഒരു തരത്തിലും പകരം വെക്കുവാൻ കഴിയുന്നതല്ല .ദേശീയ സർക്കാർ കണക്കുകൾ പ്രകാരം  ഒരു ഹെക്ടർ വനത്തിനു നൽകിയിരിക്കുന്ന സാമ്പത്തിക മൂല്യം ശരാശരി 1 കോടി രൂപയാണ്. അങ്ങനെ എങ്കിൽ പശ്ചിമഘട്ട കാടുകളുടെ തകർച്ച കേരളത്തിനുണ്ടാക്കിയ സാമ്പത്തിക നഷ്ടം 9 ലക്ഷം കോടി രൂപയായിരിക്കും. 1500 km നീളത്തിൽ ഉരുൾപൊട്ടൽ സാധ്യത നിലനിൽക്കുന്ന പശ്ചിമഘട്ടത്തിന്റെ പ്രതിരോധ ശേഷി എത്ര നിസ്സാരമായിക്കഴിഞ്ഞു എന്ന് കഴിഞ്ഞ മഴക്കാലം കേരളീയരെ പഠിപ്പിച്ചു. പക്ഷേ മഴയവസാനിച്ച് വെള്ളം ഇറങ്ങിയ ശേഷം നമ്മുടെ സർക്കാർ എല്ലാം മറന്ന മട്ടാണ്. കാടുകൾ വെട്ടി വെളുപ്പിക്കുവാൻ പുതിയ അവസരങ്ങൾ, തോട്ടങ്ങൾ കുത്തകൾക്ക് തുടരുവാൻ നിയമസഹായം ,പുതിയ ഖനന അനുമതി, വികസനത്തിന്റെ പേരിൽ അനധികൃത നിർമ്മാണം തുടങ്ങിയ പ്രവർത്തനങ്ങൾ ഇടതടവില്ലാതെ നടക്കുന്നു.


ഒരു വന ദിനം കൂടി അന്തർദേശീയ സെമിനാറുകളുടെയും മറ്റു സർക്കാർ പരിപാടികളുടെയും സാന്നിധ്യത്തിൽ കടന്നു പോയി. ചില മാധ്യമങ്ങൾ അവരുടെ എഡിറ്റോറിയൽ പേജുകൾ വിഷയത്തെ ചർച്ചക്കെടുത്തിട്ടുണ്ടാകും .അന്തരീക്ഷ ഊഷ്മാവ് റിക്കാർഡുകൾ ഭേദിച്ചു കൊണ്ടിരിക്കുന്നു. വിവിധ രോഗങ്ങൾ (west Nile, ഡങ്കി, മഞപ്പിത്തം മുതലായവ) കേരളത്തെ വേട്ടയാടുന്നു. ജലക്ഷാമം പഴകിപ്പോയ വാർത്തയാണ് നമുക്ക്. സൂര്യാഘാത മരണങ്ങൾ വ്യാപകമാകുവാൻ അവസരം ഒരുങ്ങി. ഡാമുകൾ വറ്റി വരണ്ടു. സർക്കാർ ജല കിയോസ്ക്കുകൾ സ്ഥാപിക്കുവാനുള്ള തിരക്കിലാണ്. മൃഗങ്ങൾ അനുഭവിക്കുന്ന വേവലാതികൾ എങ്ങും എത്താറില്ല.അവശേഷിക്കുന്ന കാടുകൾ പോലും കത്തിയമരുന്നു..


എല്ലാം കേട്ടും കണ്ടും കേരളീയർ ഒരു വനദിനത്തിനു കൂടി സാക്ഷിയായി.തീർന്നില്ല, ജലദിനമായ ഇന്നു നമുക്ക് ( മാർച്ച് 22) ജലസംരക്ഷണത്തെ പറ്റി നീണ്ട പ്രഭാഷണങ്ങൾ, ചിത്രരചനാ മത്സരം, കഴിയുമെങ്കിൽ ഒരു സിനിമാ തന്നെ നിർമ്മിച്ച് ആഘോഷങ്ങൾ കൊഴിപ്പിക്കുവാൻ മടിക്കേണ്ടതില്ല.

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment