ഇന്ന് ലോക തണ്ണീർത്തട ദിനം - കോട്ടുകാലിന്റെ ജലസമ്പത്തും ജീവനും സംരക്ഷിക്കണം




1971 മുതൽ ഫെബ്രുവരി 2 ന് കൊണ്ടാടുന്ന തണ്ണീർതട ദിനങ്ങളുടെ  ആഘോഷങ്ങൾ ഒരിക്കൽ കൂടി എത്തിയിരിക്കുന്നു. 1971 ഫെബ്രുവരി 2 ന് ഇറാനിലെ കാസ്പിയൻ കടൽത്തീരത്തിലെ റാംസർ നഗരത്തിൽ വച്ച് ലോക തണ്ണീർത്തട ഉടമ്പടി ഒപ്പു വെക്കുകയുണ്ടായി. ഈ ദിവസത്തിന്റെ ഓർമ്മ നിലനിർത്താനും തണ്ണീർത്തടങ്ങൾ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ജനങ്ങളിൽ അവബോധം സൃഷ്ടിക്കാനും 1997 ഫെബ്രുവരി 2 മുതലാണ് ആഗോളതലത്തിൽ തണ്ണീർത്തടദിനമായി ആചരിക്കാൻ തുടങ്ങിയത്.  


റാംസർ ഉടമ്പടിയിലെ അംഗമായ ഒരു രാജ്യമാണ് ഇന്ത്യ. രാജ്യത്ത് ഈ ഉടമ്പടി പ്രകാരം മൊത്തം 677,131 ഹെക്ടർ വിസ്തൃതിയിൽ 25 തണ്ണീർത്തടങ്ങളെ റാംസർ സൈറ്റുകളായി പരിഗണിച്ചിട്ടുണ്ട്. ഇന്ത്യയിലെ തണ്ണീർത്തടങ്ങളുടെ സംരക്ഷണവും നിലനിൽപ്പും ഉറപ്പുവരുത്തുവാനുള്ള പൂർണ്ണ ഉത്തരവാദിത്തം കേന്ദ്ര വനം -പരിസ്ഥിതി മന്ത്രാലയത്തിനാണ്. 115 നീർത്തടങ്ങളെയാണ് ഇന്ത്യയിൽ ഇതു വരെ പരിപാലനത്തിനായി പരിഗണിച്ചിട്ടുള്ളത്. രാജ്യത്ത് ഭീക്ഷണി നേരിടുന്ന മറ്റു തണ്ണീർത്തടങ്ങളെ സംരക്ഷിക്കുവാനായി സംരക്ഷണവും-പരിപാലനവും എന്ന നിയമാവലിക്ക് 2010-ൽ വനം-പരിസ്ഥിതി മന്ത്രാലയം രൂപം കൊടുത്തിരുന്നു. കേരളത്തിൽ നിന്ന് വേമ്പനാട്ട്, അഷ്ടമുടി, ശാസ്താംകോട്ട കായൽ എന്നിവയെ റാംസർ സമ്മേളന സുരക്ഷണത്തിൻ കീഴിൽ കൊണ്ടു വന്നിട്ടുണ്ട് എങ്കിലും അവ നാശത്തിന്റെ പരമ കോടിയിലാണ്.


ലോക തണ്ണീർത്തട ദിനത്തോടനുബന്ധിച്ച്  കോട്ടുകാലിന്റെ ജലസമ്പത്തും ജീവനും സംരക്ഷിക്കാൻ 2020 ഫെബ്രുവരി 1 ന് വൈകിട്ട് 5 മണിക്ക് ചപ്പാത്ത് ജംഗ്ഷനിൽ കൂടിയ തണ്ണീർത്തട സംരക്ഷണ പൊതുജനസഭയിൽ അവതരിപ്പിച്ച പ്രമേയം


കോട്ടുകാലിന്റെ ജലസമ്പത്തും ജീവനും സംരക്ഷിക്കണം.


കോട്ടുകാൽ പ്രദേശത്തെ 90 ഏക്കർ തണ്ണീർത്തട ഭൂമി (കോട്ടുകാൽ ഏലാ) നികത്താനുള്ള അദാനി കമ്പിനിയുടെ അപേക്ഷ, കേരളാ നെൽവയൽ- തണ്ണീർത്തട സംരക്ഷണ നിയമം, 2008 പ്രകാരം രൂപീകരിച്ചിട്ടുള്ള സംസ്ഥാനതല വിദഗ്ധ സമിതി പരിസ്ഥിതി കാരണങ്ങളാൽ നിഷേധിച്ചിരി ക്കകയാണ്. ഈ ഭൂമി നികത്തിയാൽ ജലവാഹക ശേഷി 36 കോടി ലിറ്റർ കുറയുമെന്നും അത് കോട്ടുകാലിന്റെ കുടിവെള്ള ലഭ്യതയിൽ കുറവ് വരുത്തുമെന്നും വേനൽക്കാലത്ത് കടുത്ത ജലക്ഷാമം അനുഭവപ്പെടാമെന്നും മറ്റ് ജലശേഖരണികൾക്കും ജലസ്രോതസുകൾക്കും മലിനീകരണവും ജലശോഷ ണവും സംഭവിക്കാമെന്നും തുടങ്ങി വളരെയധികം പ്രത്യാഘാതങ്ങൾ വിദഗ്ധസമിതി റിപ്പോർട്ടിൽ സൂചിപ്പിച്ചിട്ടുണ്ട്. ചുരുക്കി പറഞ്ഞാൽ കോട്ടുകാൽ ഇടത്തോടും വലിയതോടും നമ്മുടെ കിണറുകളും കുളങ്ങളുംവറ്റി കോട്ടുകാലിലും ചുറ്റിലുമുള്ള പഞ്ചായത്തുകളിലേയും ജനങ്ങളും മറ്റ് ജീവജാലങ്ങളും കുടിവെള്ളം കിട്ടാതെ മരിക്കേണ്ടിവരും.


പ്രസവിച്ച അമ്മയോടും വളർത്തിയ പോറ്റമ്മയോടും ശ്വസിക്കുന്ന വായുവിനോടും കുടിക്കുന്ന വെള്ളത്തി നോടും നടക്കുന്ന മണ്ണിനോടും ഊർജമേകുന്ന സൂര്യനോടും തണലേകുന്ന ആകാശത്തോടും പ്രകൃതിയോടും ഞങ്ങൾ ജന്മം നൽകിയ ഞങ്ങളുടെ മക്കളോടും ഞങ്ങൾക്ക് സ്നേഹവുംകടപ്പാടും ഉള്ളതുകൊണ്ടും ഞങ്ങൾക്ക് കോട്ടുകാലിന്റെ ഈ പുണ്യഭൂമിയിൽ ജീവിക്കാൻ ആഗ്രഹം ഉള്ളതു കൊണ്ടും ഞങ്ങളുടെ പോറ്റമ്മയായ കോട്ടുകാൽ നീർത്തടത്തെ ജീവനുതുല്യം സ്നേഹിക്കുന്നു. 


കോട്ടുകാൽനീർത്തടവും ജലസ്രോതസുകളും നശിപ്പിച്ച്,  കോട്ടുകാലിലെയും സമീപ പ്രദേശങ്ങളിലെ ഏഴ് പഞ്ചായത്തുകളിലെയും തിരുവനന്തപുരം നഗരസഭയുടെ വിഴിഞ്ഞം മേഖലയിലെയും ജനങ്ങ ളുടെ കുടിവെള്ളം ഇല്ലാതാക്കുന്ന  വൻവിപത്തിൽ നിന്നും നാടിനെ എങ്ങനെ രക്ഷിക്കാമെന്നതിനെ ക്കുറിച്ചും, പരിസ്ഥിതി - ജൈവവൈവിധ്യ സംരക്ഷണത്തിന്റെ ആവശ്യകതയും  തണ്ണീർത്തടങ്ങളുടെ പ്രാധാന്യവും നാം സ്വപ്നംകാണുന്ന വികസനവും, യഥാർത്ഥ വികസന കാഴ്ചപ്പാടും എന്താണെന്ന തിരിച്ചറിവ് നേടാനും ആവശ്യമായ പഠന - പരിശീലന - ബോധവൽക്കരണ പരിപാടികൾ അയൽസഭ, ഗ്രാമസഭ എന്നിവയുടെ പ്രത്യേക യോഗങ്ങൾ അടിയന്തിരമായി വിളിച്ചുകൂട്ടണം. പഞ്ചായത്ത്' / വാർഡ്‌ തലത്തിൽ  BMCയും വാർഡ് വികസനസമിതിയും ജാഗ്രതാസമിതിയും സോഷ്യൽഓഡിറ്റ് കമ്മിറ്റി തുടങ്ങിയ ജനകീയസംവിധാനങ്ങളും ശക്തിപ്പെടുത്തണമെന്നും കോട്ടുകാൽ പഞ്ചായത്തിനോടും ബഹുമാനപ്പെട്ട കേരളസർക്കാരിനോടും മറ്റ് അധികാരികളോടും നീതിന്യായ സംവിധാനങ്ങളോടും അപേക്ഷിക്കുന്നു. ഈ വിഷയം ചർച്ച ചെയ്യാൻ അയൽസഭകളും സ്പെഷ്യൽ ഗ്രാമസഭകളും വിളിച്ചു കൂട്ടണം.


ജീവന്റെ നിലനില്പിന്റെ ജീവനാഡികളായ തണ്ണീർത്തടങ്ങൾ ഇല്ലാതായാൽ സംഭവിക്കാവുന്ന ദുരന്തങ്ങളെക്കുറിച്ചും അവയുടെപ്രത്യാഘാതങ്ങളെക്കുറിച്ചും സമൂഹത്തിന് അറിവ് നൽകുന്നതിനായി കോട്ടുകാൽ പരിസ്ഥിതി സംരക്ഷണ സമിതി നടത്തുന്ന പരിപാടികൾ കോട്ടുകാൽ പഞ്ചായത്തിന്റെ പരിപാടിയായി ഏറ്റെടുക്കുകയും ആവശ്യമായ സാമ്പത്തികം ഉൾപ്പെടെയുള്ള എല്ലാപിൻതുണയും നൽകണമെന്നും അഭ്യർത്ഥിക്കുന്നു.


നീർത്തടങ്ങൾ നശിപ്പിച്ചുകൊണ്ടും ശുദ്ധജലവും ശുദ്ധവായുവും പരിസ്ഥിതിയും ജൈവവൈവിധ്യവും സംരക്ഷിച്ചുകൊണ്ടല്ലാത്തതും വിനാശം വിതക്കുന്ന പദ്ധതികൾ അടിയന്തിരമായി നിർത്തിവയ്ക്കുവാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ബന്ധപ്പെട്ട അധികൃതരോട് അഭ്യർത്ഥിക്കുന്നു. കോട്ടുകാൽ തണ്ണീർതടങ്ങൾ സംരക്ഷിക്കാനാവശ്യമായ നടപടികൾ അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടാകാത്തപക്ഷം ജീവിക്കാനായുള്ള അവകാശങ്ങൾക്കു വേണ്ടി ശക്തമായ ജനകീയപ്രക്ഷോഭങ്ങൾ ആരംഭിക്കുമെന്ന് തണ്ണീർത്തട സംരക്ഷണ പൊതുജനസഭ ഏവരേയും ഈ പ്രമേയത്തിലൂടെ അറിയിക്കുന്നു.

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment