ഇന്ന് ലോക വന്യജീവി ദിനം




2013 ല്‍ ആണ് വന്യ ജീവിജാലങ്ങളെയും സസ്യജാലങ്ങളെയും സംരക്ഷിക്കണം എന്ന ആശയവുമായി ഐക്യരാഷ്ട്ര സംഘടനയുടെ ജനറല്‍ അസംബ്ലി ചരിത്രത്തിലാദ്യമായി ലോക വന്യജീവി ദിനം ആചരിക്കാന്‍ തുടങ്ങിയത്. ലോകത്ത് ഏറ്റവും അധികം വന്യജീവികൾ ഒരുമിച്ച് കൊല്ലപ്പെട്ട നാളുകൾക്കിടെയാണ് ഇത്തവണത്തെ വന്യജീവി ദിനം എത്തുന്നത്. ആമസോണും ഓസ്‌ട്രേലിയയിലെ കാട്ടുതീയുമെല്ലാം എടുത്തത് എണ്ണിയാൽ ഒടുങ്ങാത്ത ജീവികളുടെ ജീവനാണ്.


ഈ ദിനത്തിൽ ഐക്യരാഷ്ട്ര സംഘടന പങ്ക് വെക്കുന്നതും ഈ വേദനാജനകമായ സ്ഥിതിവിശേഷങ്ങൾ ആണ്. വന്യജീവികള്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍, വനശീകരണം, ചൂഷണങ്ങള്‍ എന്നിവ കൂടിവരികയാണെന്നും ഇങ്ങനെ പോയാല്‍ പത്തു വര്‍ഷം കഴിയുമ്പോൾ പല ജീവികളും ഈ ഭൂമുഖത്ത് നിന്ന് തുടച്ചുനീക്കപ്പെടും എന്നാണ് മുന്നറിയിപ്പ് നല്‍കുന്നത്.


വികസനത്തിന്റെ പേരില്‍ കാടുകള്‍ വെട്ടിത്തെളിക്കുമ്പോൾ ഓര്‍ക്കുക, ലോകത്തിലെ ജൈവ വൈവിധ്യത്തിന്റെ അവിഭാജ്യ ഘടകത്തെ കൂടിയാണ് ഇല്ലാതാക്കുന്നത്. വികസനം വേണം, എന്നാല്‍ അത് മറ്റുള്ളവരുടെ അവകാശത്തെ ഹനിച്ചുകൊണ്ടാരുത് എന്ന് മാത്രം. വന്യ ജീവികളെ സംരക്ഷിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടേയും കടമയാണ്. ഈ ദിവസം നാം പ്രതിജ്ഞ എടുക്കേണ്ടതും അത് തന്നെയാണ്. കൂടാതെ ബോധവല്‍ക്കരണ യജ്ഞങ്ങള്‍ സംഘടിപ്പിക്കണം.


ധ്രുവക്കരടി, പടിഞ്ഞാറന്‍ ഗൊറില്ല, ബംഗാള്‍ കടുവ, തിമിംഗലം, ചിമ്ബാന്‍സി, ജിറാഫ്, ഹിപ്പോപ്പൊട്ടാമസ്, ചീറ്റപ്പുലി, എന്നീ ജീവികള്‍ ഏറെ വൈകാതെ ഭൂമിയിൽ നിന്ന് വിട പറയും എന്നാണ് ഐക്യരാഷ്ട്ര സംഘടനയുടെ പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ഓരോ ദിവസവും 150-200 എണ്ണം ഈ വർഗത്തിൽപ്പെട്ട ജീവികൾ ഇല്ലാതാകുന്നു എന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. മനുഷ്യന്‍ തന്നെയാണ് ഈ ജീവജാലങ്ങളെ ജല്ലാതാക്കുന്നതില്‍ പ്രധാന ഘടകം. ഇവയെ വേട്ടയാടിയും കാടുകള്‍ വെട്ടിത്തെളിച്ചും മനുഷ്യന്‍ കാട്ടുന്ന ക്രൂരതയുടെ അന്തര ഫലമാണ് ഇതൊക്കെ.


കഴിഞ്ഞ ജനുവരിക്കും ഓഗസ്റ്റിനും ഇടയിലുണ്ടായ തീപിടിത്തങ്ങളില്‍ ആമസോണ്‍ കാടുകളില്‍ മാത്രം 18,000 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയില്‍ കാട് കത്തിനശിച്ചിരുന്നു. മക്കാവു തത്തകള്‍, ടൂക്കാന്‍ പക്ഷികള്‍, ചിലന്തിക്കുരങ്ങുകള്‍, കപ്പൂച്ചിന്‍ കുരങ്ങുകള്‍, ചാണകവണ്ടുകള്‍, മരത്തവളകള്‍, അനാക്കോണ്ടകള്‍ തുടങ്ങി നിരവധി ജീവികളാണ് അന്ന് അഗ്നിക്കിരയായത്.


ഒരിക്കല്‍ നാം കൗതുകത്തോടെ കണ്ടിരുന്ന പല ജീവികളും ഇന്ന് അപ്രത്യക്ഷമായി കഴിഞ്ഞു എന്ന വസ്തുതയെങ്കിലും തിരിച്ചറിഞ്ഞ് വേണം നാം ഈ വന്യജീവി ദിനത്തെ സമീപിക്കാൻ. ഇത് കേവലം ജീവികളെ ഈ ഭൂമുഖത്ത് നിലനിർത്തുന്നതിന് വേണ്ടി മാത്രമല്ല. നമ്മൾ ഓരോരുത്തർക്കും, വരുന്ന തലമുറക്കും നിലനിൽക്കാൻ വേണ്ടി കൂടിയാണ് എന്ന ഓർമ്മയിൽ വേണം വന്യജീവി സംരക്ഷണം ഉറപ്പുവരുത്താൻ. അതിനായി ഇനി കളയാൻ സമയംവും ഇല്ല എന്ന് ഓർമിപ്പിക്കുന്നു.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment