തകരുന്ന വന്യജീവികളും പരിസരവും - ഒരു വന്യജീവി ദിന ഓർമ്മപ്പെടുത്തൽ 




ഐക്യരാഷ്ട്ര സംഘടന നടത്തുന്ന ലോക വന്യജീവി ദിന (മാർച്ച് 3) പരിപാടികൾ, തകർന്നു കൊണ്ടിരിക്കുന്ന വന്യ ജീവികളെയും പരിസരത്തെയും ഗൗരവതരമായി മനസ്സിലാക്കുവാൻ സഹായിക്കും. വന്യ ജീവികള്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍, വനശീകരണം മുതലായവ കൂടി വരികയാണ്. ഈ രീതി തുടർന്നാൽ പത്തു വര്‍ഷം കഴിയുമ്പോഴെക്കും ജീവി വർഗ്ഗങ്ങളിൽ പലതും ഭൂമുഖത്ത് നിന്ന് തുടച്ചു നീക്കപ്പെടും എന്നാണ് മുന്നറിയിപ്പ്. ഒരിക്കല്‍ നാം കൗതുകത്തോടെ കണ്ടിരുന്ന പല ജീവികളും ഇന്ന് അപ്രത്യക്ഷമായി കഴിഞ്ഞു. 

 


ബംഗാള്‍ കടുവ, ധ്രുവക്കരടി, പടിഞ്ഞാറന്‍ ഗൊറില്ല, തിമിംഗലം, ചിമ്ബാന്‍സി, ജിറാഫ്, ഹിപ്പോപ്പൊട്ടാമസ്, ചീറ്റപ്പുലി എന്നീ ജീവികള്‍ ഏറെ വൈകാതെ ഭൂമിയിൽ നിന്ന് വിട പറയും എന്നാണ് ഐക്യ രാഷ്ട്ര സംഘടനയുടെ പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ദിവസവും150-200 എണ്ണം ഇത്തരം വർഗത്തിൽപ്പെട്ട ജീവികൾ ഇല്ലാതാകുന്നു. 

 


ഏറ്റവും വലിയ രണ്ടു ജീവിവർഗ്ഗമായ തിമിംഗലവും ആനയും അവരവരുടെ ആവാസ വ്യവസ്ഥക്കു നൽകുന്ന സംഭാവനകൾ ശ്രദ്ധേയമാണ്. 


തിമിംഗലവും കടലിൻ്റെ സുരക്ഷയും:

 


ഭൂമിയിലെ ഏറ്റവും വലിയ ജീവിയായ തിമിംഗലം പരിസ്ഥിതിക്കു നൽകുന്ന സംഭാവനകൾ വിപുലമാണ്.കടലിലെ സൂക്ഷ്മ സസ്യങ്ങളുടെ (പ്ലാങ്ക്ടൺ മുതലായ) എണ്ണം നിയന്ത്രിക്കുന്നതിൽ നല്ല പങ്കു വഹിക്കുന്നു.കടൽ വെള്ളത്തിലട ങ്ങിയ മൂലകങ്ങൾ നിലനിർത്തുവാൻ അതിൻ്റെ വിസർജ്യം സഹായകമാണ്. ജീവൻ നഷ്ട്ടപ്പെട്ട തിമിംഗലത്തിൻ്റെ ശരീരം 400 തരം ജീവി വർഗ്ഗങ്ങൾ ഭക്ഷണമാക്കി മാറ്റുന്നു. തിമിംഗലത്തിൻ്റെ വർധിച്ച പാരിസ്ഥിതിക പ്രാധാന്യത്തെ പറ്റി International Whaling Commission വിശദമായ റിപ്പോർട്ടുകൾ പുറത്തു വിട്ടിരുന്നു. 1982 മുതൽ അവയെ സംരക്ഷിക്കുവാനുള്ള പദ്ധതികൾ നടപ്പിലാക്കുന്നുണ്ട് എങ്കിലും തിമിംഗലം ഇന്നും വംശ നാശ ഭീഷണി നേരിടുകയാണ്. തിമിംഗലങ്ങൾ ഇല്ലാത്ത കടൽ രാത്രികളിൽ അധിക പ്രകാശം പുറത്തു വിടുവാനുള്ള അവസരമൊരുക്കുമെന്നു പോലും സംശയിക്കുന്നുണ്ട്. (പ്ലാങ്ക്ടണ്ണുകളും മറ്റും അധികമായി കടലിലുണ്ടായാൽ കടൽ കൂടുതൽ പ്രകാശിക്കും,(Bioluminescence))  


ആനകളും കാടു സംരക്ഷണവും:


ആനകളുടെ ഭക്ഷണത്തിനായുള്ള തെരച്ചിൽ  ഇടതൂർന്ന സസ്യ ജാലങ്ങൾക്കിടയിൽ വിടവുകൾ സൃഷ്ടിക്കും. വിടവുകൾ പുതിയ സസ്യങ്ങൾക്ക് വളരുവാനും ചെറിയ മൃഗങ്ങൾക്ക് വഴികൾ ലഭിക്കുവാനും അവസരമൊരുക്കുന്നു. ആനകൾ ഭക്ഷണമാക്കുന്ന സസ്യങ്ങളിൽനിന്നും വിത്തുകൾ നിറഞ്ഞ പിണ്ഡങ്ങൾ വിവിധ പ്രദേശങ്ങളിൽ നിക്ഷേപിക്കുന്നതിലൂടെ സസ്യങ്ങളുടെ വിത്ത് വിതരണം സുഗമമാകും. മണ്ണിന്റെ ഫല ഫുഷ്ടി വർധിപ്പിക്കുന്നതിൽ പങ്ക് വഹിക്കുന്ന ആന പിണ്ഡങ്ങൾ ചെറു സസ്യങ്ങൾക്കും സൂക്ഷ്മ ജീവികൾക്കും വിവിധ ജീവികളുടെ ലാർവ്വകൾക്കും വളരുവാൻ  സഹായിക്കും. മറ്റു മൃഗങ്ങൾക്ക് തിന്നാൻ പറ്റാത്തത്ര വലിയ പഴങ്ങളും വിത്തുകളും ആനകൾ ഒരിടത്തുനിന്നും മറ്റിടത്ത് എത്തിക്കുന്നു. അത് കൂടുതൽ ഇടങ്ങളിലെക്ക് വ്യാപിക്കുവാൻ അവസരമൊരുക്കും.

 


കൊമ്പുകളും കാലുകളും നീളമുള്ള തുമ്പിക്കൈയ്യും ഉപയോഗിച്ച് വരൾച്ചാ ഘട്ടത്തിൽ ഭൂഗർഭ ജലം പുറത്തെത്തിക്കാൻ ആനകൾക്ക് കഴിയുന്നതിനാൽ  ആവാസ വ്യവസ്ഥയിലെ മറ്റ് ജീവ ജാലങ്ങൾക്കും വെള്ളം ലഭ്യമാകും. 2002 -നു ശേഷം ആഫ്രിക്കയിലെ ആനകളുടെ എണ്ണത്തിൽ 65 % കുറവുണ്ടായത് ,   96%വനത്തിന്റെയും സ്വാഭാവത്തിൽ കാര്യമായ മാറ്റം വരുത്തുമെന്ന് ശാസ്ത്രജ്ഞർ മുന്നറിയിപ്പു നൽകുന്നു. നൂറു വർഷകാലയളവിൽ വിത്തു വിതരണം ചെയ്യുന്ന മൃഗങ്ങളുടെ അഭാവം ഒരു സസ്യ സ്പീഷിസിന്റെ നാശത്തിനുള്ള സാധ്യത പത്തിരട്ടി വർദ്ധിപ്പിക്കുമെന്നാണ് ശാസ്ത്ര ലോകം കണ്ടെത്തിയത്.


നമ്മൾ ഓരോരുത്തർക്കും വരുന്ന തലമുറക്കും നില നിൽക്കണമെങ്കിൽ കാടും അതിലെ ജീവികളും സംരക്ഷിക്കപ്പെടണം. ഈ ഭൂമി എല്ലാ ജീവി വർഗ്ഗങ്ങൾക്കും സ്വന്തമാണെന്ന ധാരണയിൽ മാത്രമെ മനുഷ്യ വർഗ്ഗത്തിൻ്റെ നിലനിൽപ്പ് സാധ്യമാകൂ.

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment