സർക്കാർ പരിസ്ഥിതിയെ പറ്റി പറഞ്ഞതും ചെയ്‌തതും




ഇടതുപക്ഷ സർക്കാർ അഞ്ചാം വർഷത്തിലേക്കു കടന്ന അവസരത്തിൽ പരിസ്ഥിതിയെ പറ്റി പറഞ്ഞതും ചെയ്തതും - ഭാഗം 1.


ഓഖിയും രണ്ടു വെള്ളപ്പൊക്കങ്ങളും കോവിഡും കേരളത്തെ വലിയ തോതിൽ പ്രതിസന്ധിയിൽ എത്തിച്ചിരിക്കെ, പ്രകടന പത്രികയിൽ നൽകിയ പ്രകൃതിയെ സംബന്ധിച്ച വാഗ്ദാനങ്ങൾ ജല രേഖയായി തുടരുന്നത് ജനാധിപത്യ കേരളത്തെ വില കുറച്ചു കാണലാണ്. 


കാടും കുരങ്ങും മനുഷ്യനു ശേഷം മാത്രം. വികസനത്തിനായി നെൽപ്പാടങ്ങളെ മണ്ണിട്ടു മൂടുന്നതിൽ തെറ്റില്ല. ഭക്ഷ്യ സുരക്ഷ പണം കൊണ്ടു പരിഹരിക്കാം. നദികൾ ഒഴുകേണ്ടത് മനുഷ്യരുടെ തീരുമാന പ്രകാരം. കാടും കുളങ്ങളും കായലും കടലും നമ്മുടെ സൗകര്യങ്ങൾക്ക് വിധേയമാകണം. പ്രകൃതിയെ മെരുക്കി കൊണ്ട് മുന്നേറ്റങ്ങൾ സാധ്യമാണ് മുതലായ ധാരണകൾ രാഷ്ട്രീയ പാർട്ടികൾ മാറ്റി തുടങ്ങിയതിന്റെ സൂചനകൾ 2016 ലെ ഇടതു പക്ഷ പ്രകടന പത്രിക നൽകിയിരുന്നു.അന്തർ ദേശീയ രംഗത്തെ പരിസ്ഥിതിയെ സംബന്ധിച്ച പ്രതികരണങ്ങൾ സജ്ജീവമായിരിക്കെ, കേരളവും മാറ്റത്തിൻ്റെ പാതയിലാണെന്നു തോന്നിപ്പിക്കുന്നതായിരുന്നു അവരുടെ വാഗ്ദാനങ്ങൾ.

 


കേരളത്തിൻ്റെ പരിസ്ഥിതി പ്രശ്നങ്ങളെ മറന്നു കൊണ്ടു സംസാരിക്കുവാൻ കഴിയാത്ത അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിക്കഴിഞ്ഞതായി ഇടതു പക്ഷ മുന്നണി തിരിച്ചറിഞ്ഞിരിക്കുന്നു എന്നായിരുന്നു 4 വർഷം മുമ്പത്തെ സംസ്ഥാന തെരഞ്ഞെടുപ്പിൽ അവർ പറഞ്ഞത്.അതിന്റെ ഭാഗമായി ഇടതു പക്ഷ ജനാധിപത്യ സർക്കാരിന്റെ  പ്രകടന പത്രികയിൽ (2016)പരിസ്ഥിതിയെ സംബന്ധിച്ച വിവിധ വിഷയങ്ങൾ പ്രതിപാദിച്ചു


ഇടതു പക്ഷ സർക്കാർ നൽകിയ പരിസ്ഥിതി രംഗത്തെ ഉറപ്പുകൾ എവിടെ വരെ എത്തി എന്ന് (പ്രകടന പത്രികയിൽ 71 മുതൽ 90 വരെ ) 4 വർഷം  പിന്നിട്ട വേളയിൽ പരിശോധിക്കേണ്ടതാണ്. 


പ്രകടന പത്രികയിലെ 71ആം ഇനമായി പറയുന്നത്,6 മാസത്തിനകം പരിസ്ഥിതി ധവള പത്രം ഇറക്കുമെന്നായിരുന്നു.മുൻ സർക്കാരിന്റെ പരിസ്ഥിതി വിഷയത്തിലെ തെറ്റായ സമീപനങ്ങൾ തിരുത്തും. എന്നു കുടി വാഗ്ദാനം നൽകി.എന്താണ് യഥാർത്ഥത്തിൽ  സംഭവിച്ചത് ?
 

 

പരിസ്ഥിതി ധവള പത്രം ഒന്നര വർഷം കഴിഞ്ഞപ്പോൾ പ്രസിദ്ധീകരിച്ചു. സംസ്ഥാനത്തെ പൊതുവായ പരിസ്ഥിതി പ്രശ്നങ്ങൾ വിവരിക്കുന്ന പ്രസ്തുത രേഖയിൽ  വന വിസ്തൃതി വർദ്ധിച്ചു എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. പശ്ചിമഘട്ടത്തിലെ കൈയ്യേറ്റങ്ങൾ, ഖനനങ്ങൾ, വൃഷ്ടി പ്രദേശങ്ങൾ, തോട്ടങ്ങളുടെ മറവിലെ തിരിമറികൾ ,കളനാശിനി /കീടനാശിനി പ്രയോഗം തുടങ്ങിയ വിഷയങ്ങളിൽ നിശബ്ദത പുലർത്തുന്ന ധവള പത്രം നദികളുടെ ശോചനീയ അവസ്ഥ വിവരിച്ചു. എന്നാൽ പെരിയാർ നദീ മലിനീകരണത്തെ പറ്റി പരാമർശിക്കുന്നില്ല. തീരദേശ സംരക്ഷണ നിയമത്തിൽ പരാമർശിച്ച പ്രാധമിക നിർദ്ദേശങ്ങൾ പിന്നീട് കാറ്റിൽ പറത്തി. നദികളുടെ തീര സംരക്ഷണ വിഷയം റിപ്പോർട്ടിൽ പറയുന്നില്ല. സർക്കാരിൻ്റെ നാലാം വർഷത്തിൽ നദീ സംരക്ഷണത്തിനായി സമിതി രൂപീകരിച്ചിട്ടുണ്ട്. 2018ലെ വെള്ളപ്പൊക്കത്തിൻ്റെ പശ്ച്ചാത്തലത്തിൽ നദികൾക്കുണ്ടായ ഘടനാ പരമായ മാറ്റങ്ങൾ പഠിക്കുവാൻ നിയമിച്ച (പമ്പാ നദി) സമിതിയുടെ റിപ്പോർട്ട് രണ്ടു വർഷം കഴിഞ്ഞുള്ള മഴക്കാലമായിട്ടും വെളിച്ചം കണ്ടിട്ടില്ല.


നമ്മുടെ കാടുകളിലും പുരയിടങ്ങളിലും ജലാശയത്തിലുമെത്തിയ അന്യദേശ ജീവി വർഗ്ഗങ്ങളിൽ പലതും വരുത്തി വെക്കുന്ന അപകടത്തെ പറ്റി ധവളപത്രം വേവലാതിപ്പെടുന്നു. 2008 ൽ പുറത്തു വന്ന കേരളത്തിലെ പരിസ്ഥിതിയെ പറ്റിയുള്ള പഠനത്തിന്റെ സമഗ്രത നില നിർത്തുവാൻ കഴിയാതിരുന്ന 2018ലെ ഇടതു പക്ഷ സർക്കാരിൻ്റെ ധവള പത്രം സമഗ്രതയിലും വീക്ഷണത്തിലും പരാജയമായിരുന്നു.

 


72 ആം പ്രകടന പത്രിക ഇനം , നെൽ വയൽ നീർത്തട സംരക്ഷണത്തെ പറ്റി പറയുന്നു.നെൽവയൽ സംരക്ഷണത്തിനായി ഇന്ത്യയിൽ ആദ്യമായി സമരം ചെയ്ത സംഘടനയാണ് കേരള കർഷക തൊഴിലാളി യൂണിയൻ.പ്രസ്തുത സമരത്തിന് നേതൃത്വം കൊടുത്തതാകട്ടെ കേരള മുൻ മുഖ്യമന്ത്രി ശ്രീ.V. S. അച്യുതാനന്ദനും അദ്ദേഹത്തിന്റെ പാർട്ടിയുമായിരുന്നു.അന്നത്തെ സമരത്തെ വെട്ടി നിരത്തൽ സമരമായി ആക്ഷേപിക്കുവാൻ മുത്തശ്ശി പത്രങ്ങൾ മടിച്ചിരുന്നില്ല.


57 ലെ സംസ്ഥാന സർക്കാരിന്റെ ബജറ്റ്, ഭക്ഷ്യ ധാന്യത്തിന്റെ 48% മാത്രമേ നാട്ടിൽ ഉൽപ്പാദിപ്പിക്കുന്നുള്ളു എന്ന് വേവലാതിപ്പെട്ടതായി കാണാം. പിൽക്കാലത്ത് ഇത്തരം ഉൽക്കണ്ഠകൾ പറയുവാൻ ആരും തയ്യാറായില്ല. 79/80 കാലത്ത് 8.8 ലക്ഷം ഹെക്ടർ ഉണ്ടായിരുന്ന നെൽപ്പാടത്തിന്റെ വിസ്തൃതി 2010 കഴിഞ്ഞപ്പോൾ  2 ലക്ഷത്തിനും താഴെയായി.നെൽ ഉൽപ്പാദനം 5.2 ലക്ഷം ടണ്ണും.ഈ സാഹചര്യത്തിൽ ഇടതുപക്ഷ സർക്കാർ നടപ്പിലാക്കിയ നെൽവയൽ തണ്ണീർതട നിയമം രാജ്യത്തിന് മാതൃകയായിരുന്നു. നിയമം നടപ്പിലാക്കിയ ശേഷവും കാൽ ലക്ഷം ഹെക്ടർ നെൽ പാടങ്ങൾ നികത്തി. ഇതിനു കാരണമായത് പിൽക്കാലത്ത് അധികാരത്തിൽ വന്ന ഐക്യ ജനാധിപത്യ മുന്നണി സർക്കാർ തീരുമാനങ്ങളായിരുന്നു.

 


അതിന്റെ പശ്ചാത്തലത്തിൽ നെൽവയൽ നീർത്തട സംരക്ഷണ നിയമം ശക്തമാക്കുവാൻ  അധികാരമേറ്റ്  6 മാസത്തിനകം ഡേറ്റാ ബാങ്കുകൾ ഉണ്ടാക്കി പ്രസിദ്ധീകരിക്കും പരാതികൾ പരിഹരിക്കുവാൻ ഒരു വർഷം സമയം നൽകി നീർത്തടങ്ങൾ സംരക്ഷിക്കുമെന്നും ഇടതു പാർട്ടികൾ വാഗ്ദാനം നൽകി. അതിനായി വേണ്ട ഉദ്യോഗസ്ഥരെ അധികമായി നിയമിക്കുമെന്നായിരുന്നു പ്രഖ്യാപനം. പ്രഖ്യാപനങ്ങളിൽ പറഞ്ഞ ഡേറ്റാ ബാങ്കുകൾ നാളിതുവരെ തയ്യാറാക്കിയിട്ടില്ല. പ്രസ്തുത വിഷയത്തിൽ സർക്കാർ കൈകൊണ്ട സമീപനങ്ങൾ എല്ലാ വാഗ്ദാനങ്ങൾക്കും ഘടക വിരുധമായിരുന്നു. 


നെൽവയൽ നീർത്തട സംരക്ഷണ നിയമം, ഭൂവിനിയോഗ നിയമം (നമ്പർ 73) എന്നിവയിൽ ഐക്യജനാധിപത്യ മുന്നണി നടത്തിയ അട്ടിമറികൾ പരിഹരിക്കും എന്നു പറഞ്ഞ ഇന്നത്തെ സർക്കാർ, നെൽവയൽ സംരക്ഷണത്തെ ഐക്യമുന്നണിയെ നാണിപ്പിക്കും വിധം അട്ടിമറിച്ചു. ഭൂവിനിയോഗത്തിൽ വേണ്ടതിലധികം അട്ടിമറികൾ നടത്തി കൊണ്ട് ഭൂമി കച്ചവടക്കാരെ സഹായിക്കുവാൻ മടിച്ചില്ല.


74 ആം ഇനമായി പശ്ചിമഘട്ടത്തെ പറ്റി പറയുന്നു.പശ്ചിമഘട്ട സംരക്ഷണത്തിനായി ജനകീയ പദ്ധതികൾ നടപ്പിലാക്കും എന്നു പറഞ്ഞവരുടെ   സമീപനങ്ങൾ കുപ്രസിദ്ധമായിരുന്നു. തോട്ടം / ടൂറിസം മാഫിയകൾക്കായി നിയമങ്ങളെ വ്യാഖ്യാനിക്കുന്ന സർക്കാരും ജന പ്രതിനിധികളും ഉദ്യോഗസ്ഥന്മാരും പശ്ചിമഘട്ട സംരക്ഷണത്തെ അട്ടിമറിക്കുകയാണ്.വെള്ളപ്പൊക്കം തകർത്തെറിഞ്ഞ ഇടുക്കിയും വയനാടും പശ്ചിമ ഘട്ടത്തിന്റെ തകർന്നു വീണ മുഖങ്ങളായിട്ടും മലനിരകളുടെ സംരക്ഷണത്തെ ഭരണാധികാരികൾ  ഗൗരവതരമായി എടുക്കുന്നില്ല. 

 


പ്രകടനപത്രികയിലെ 75 ആം ഇനത്തിൽ വ്യവസായ മലിനീകരണ നിയന്ത്രണത്തെ പറ്റി പ്രതിപാദിക്കുന്നു. പെരിയാർ, ചാലക്കുടി പുഴകളെ വിഷ ലിപ്തമാക്കുന്ന വ്യവസായ യൂണിറ്റുകൾ പ്രവർത്തനം തുടരുമ്പോൾ സർക്കാർ വാഗ്ദാനം പാഴായി പോകുകയാണ്.


(തുടരും)

 

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment