ദേശീയ വനം രക്തസാക്ഷി ദിനം
നമ്മുടെ നാട്ടിൽ എത്രപേർക്ക് അറിയുമെന്നറിയില്ല  ഇന്ന് ദേശീയ വനം രക്തസാക്ഷി ദിനം (Forest Martyrs Day) ആണെന്നുള്ള വിവരം. രാജ്യത്തിന്റെ വിവിധ കോണുകളിലുടനീളമുള്ള വനങ്ങളെയും വന്യജീവികളെയും സംരക്ഷിക്കാൻ ജീവൻ വെടിഞ്ഞവരുടെ ത്യാഗത്തെ അനുസ്മരിച്ച് എല്ലാ വർഷവും സെപ്റ്റംബർ 11 ന് ദേശീയ വന രക്തസാക്ഷി ദിനം ആചരിക്കുന്നു. 1730 സെപ്റ്റംബർ 11 ന് ഖെജാർലിയിൽ (രാജസ്ഥാൻ) ബിഷ്നോയി ഗോത്രത്തിലെ 365 ഓളം പേർ മരങ്ങൾ സംരക്ഷിക്കുന്ന പ്രവർത്തിയിൽ ജീവൻ ബലിദാനം ചെയ്തു. ജോധ്പൂർ രാജാവ് ഖെജ്രി മരങ്ങൾ വെട്ടിമാറ്റുന്നതിനെ അവർ എതിർത്തതിനാലാണിത് ഈ അരുംകൊല നടന്നത്.


രാജസ്ഥാനിലെ ജോധ്പൂർ ജില്ലയിലെ ഒരു ഗ്രാമമാണ് ഖെജാർലി. ഗ്രാമത്തിൽ ധാരാളമായി ഉണ്ടായിരുന്ന ഖേജ്രി മരങ്ങളിൽ നിന്നാണ് ഗ്രാമത്തിന്റെ പേര് ഉരുത്തിരിഞ്ഞു വന്നത്. എ ഡി 1730 സെപ്റ്റംബറിൽ ഗ്രാമം രാജ്യത്തിന്റെ ചരിത്രത്തിലെ ആദ്യത്തെ, ഏറ്റവും രക്ത രൂക്ഷിതമായ പരിസ്ഥിതി സംരക്ഷണ പ്രവർത്തനത്തിന്  സാക്ഷ്യം വഹിച്ചു. മാർവാറിലെ മഹാരാജാവിനു പുതിയ കൊട്ടാരത്തിന്റെ നിർമ്മാണത്തിനായി കുമ്മായം ഉത്പാദിപ്പിക്കാൻ ഗ്രാമവാസികൾക്ക് പവിത്രമായ ഖേജ്രി  മരങ്ങൾ മുറിച്ചു കത്തിക്കാൻ എന്ന ലക്ഷ്യത്തോടെ  മഹാരാജാവിന്റെ മന്ത്രി ഗിരിധർ ഭണ്ഡാരിയുടെ നേതൃത്വത്തിലുള്ള ഒരു സംഘം ഗ്രാമത്തിലെത്തി. മരം മുറിക്കുന്നത്തിനെതിരെ  ബിഷ്നോയിസ് വിശ്വാസികൾ അമൃതദേവിയുടെ നേതൃത്വത്തിൽ  പ്രതിഷേധിച്ചപ്പോഴാണ് അതി ക്രൂരമായ നടപടികൾ ഉണ്ടായത്. ബിഷ്നോയി മതത്തിൽ മരങ്ങൾ മുറിക്കുന്നത്  നിരോധിച്ചിരിക്കുന്നതിനാൽ അവർ പവിത്രമായി കരുതിയിരുന്ന മരങ്ങളെ മുറിച്ചുമാറ്റാൻ അനുവദിക്കാതെ അതിനെ സംരക്ഷിക്കാൻ സജ്ജനങ്ങൾ മരങ്ങളെ കെട്ടിപ്പിടിച്ചു നിന്ന്  തടയുവാൻ ശ്രമിച്ചു. വൃക്ഷങ്ങളെ മുറിക്കുവാൻ സഹായംചെയ്താൽ കൈക്കൂലിയായി പണം നൽകാമെന്ന്  അവർ അമൃതദേവിയോട് പറഞ്ഞു. ഈ ആവശ്യം അംഗീകരിക്കാൻ അവർ വിസമ്മതിക്കുകയും ആ വാഗ്ദ്ധാനം അവഹേളനമായി കണക്കാക്കുകയും അത് അവരുടെ മതവിശ്വാസത്തെ  മതവിശ്വാസത്തെ അപമാനിക്കുന്നതായും അവർ കരുതി. മരങ്ങളെ രക്ഷിക്കാൻ തന്റെ ജീവൻ ത്യജിക്കാൻ വരെ തയാറാണെന്നു  അവർ പറഞ്ഞു.


“Sar santey rukh rahe to bhi sasto jan.” “If a tree is saved even at the cost of one's head, it is worth it.” ~ Amrita Devi.


ഒരു മനുഷ്യന്റെ തലയ്ക്കു പകരം  ഒരു മരംവച്ച് സംരക്ഷിച്ചാൽ പോലും അതൊരു വലയ കാര്യമാണെന്നായിരുന്നു അമൃത ദേവി അന്ന് അഭിപ്രായപെട്ടത്. അമൃത ദേവിയും അവരുടെ മൂന്ന് പെൺമക്കളും അടക്കം 365 മനുഷ്യ ജീവനുകളാണ് ആ പുണ്യമരങ്ങളെ സംരക്ഷിക്കുവാൻ വേണ്ടി ബലിയാടായത്. അതി ഭയാനകമായ രക്തച്ചൊരിച്ചിലിന്റെ വാർത്ത കേട്ട്‌ അസ്വസ്ഥനായ മാർവാറിലെ മഹാരാജാ അഭയ് സിംഗ്  ഉടൻ തന്നെ മരങ്ങൾ മുറിക്കുന്നത് നിർത്താൻ തന്റെ ആളുകളോട് ആവശ്യപ്പെടുകയും ബിഷ്നോയ് സമൂഹത്തിന്റെ ധൈര്യത്തെ മാനിക്കുകയും സമൂഹത്തോട് ക്ഷമ ചോദിക്കുകയും ചെയ്തു. ഖെജാർലി മരങ്ങൾ വെട്ടിമാറ്റുന്നതും ബിഷ്നോയ് ഗ്രാമങ്ങൾക്കകത്തും സമീപത്തും മൃഗങ്ങളെ വേട്ടയാടുന്നത് നിരോധിക്കുന്നതിനുമായി രാജാവ് ചെമ്പ് തളികയിൽ കൊത്തിവച്ച ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു.

 


ഇന്ത്യയിലെ ആദ്യത്തെ പരിസ്ഥിതി പ്രവർത്തകരായിട്ടാണ് ബിഷ്നോയികളെ കണക്കാക്കുന്നത്. അവർ ജനിക്കുന്നതുതന്നെ പ്രകൃതി സ്നേഹികളായിട്ടാണ്. രാജസ്ഥാനിലെ താർ മരുഭൂമിയിൽ വിശുദ്ധ ഗുരു ജംബേശ്വർ 1485 എ.ഡിയിൽ ബിഷ്നോയിസം ആരംഭിച്ചതായി പറയപ്പെടുന്നു. പാരിസ്ഥിതിക പ്രതിസന്ധികളെക്കുറിച്ച് ലോകം അറിയുന്നതിന് വളരെ മുമ്പുതന്നെ, പ്രകൃതിയുമായുള്ള മനുഷ്യന്റെ ബന്ധത്തെക്കുറിച്ചും അതിൻറെ അതിലോലമായ സന്തുലിതാവസ്ഥ നിലനിർത്തേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും ബിഷ്നോയിസ് മനസിലാക്കിയിരുന്നു. അരനൂറ്റാണ്ട് മുമ്പ്തന്നെ ബിഷ്നോയ് ദർശനങ്ങൾ ഈ വിഷയങ്ങളെക്കുറിച്ച് ചിന്തിച്ചിരുന്നു എന്നതും ശ്രദ്ധേയമാണ്. പരിസ്ഥിതി മൂല്യത്തിനും സംരക്ഷണത്തിനും പരിചരണത്തിനും മറ്റൊരു മതക്രമവും ഈ പ്രാധാന്യം നൽകിയിട്ടില്ല.


1973 ൽ ഇന്ത്യയിലെ ഹിമാലയത്തിലെ മണ്ഡൽ ഗ്രാമത്തിൽ നിന്നുള്ള ഒരു കൂട്ടം സ്ത്രീകൾ മരങ്ങൾ വെട്ടിമാറ്റുന്നത് തടയാൻ ചിപ്കോ പ്രസ്ഥാനത്തിന് രൂപംനൽകി. മരം വെട്ടുകാർ വന്നപ്പോൾ ഗൗര ദേവിയുടെ നേതൃത്വത്തിൽ സ്ത്രീകൾ മരങ്ങൾ വളഞ്ഞു: “ഈ വനം ഞങ്ങളുടെ അമ്മയുടെ വീടാണ്; ഞങ്ങളുടെ എല്ലാ ശക്തിയോടെയും ഞങ്ങൾ അതിനെ സംരക്ഷിക്കും ”."മരങ്ങൾ മുറിച്ചാൽ മണ്ണ് ഒഴുകിപ്പോകും. മണ്ണിടിച്ചിലും മണ്ണൊലിപ്പും വെള്ളപ്പൊക്കമുണ്ടാക്കും, ഇത് നമ്മുടെ വയലുകളെയും വീടുകളെയും നശിപ്പിക്കും, നമ്മുടെ ജലസ്രോതസ്സുകൾ വറ്റിപ്പോകും, കാട് നൽകിക്കൊണ്ടിരിക്കുന്ന എല്ലാ ആനുകൂല്യങ്ങളും നശിച്ചുപോകും."  അവർ ഒരേസ്വരത്തിൽ ഉറക്കെ വിളിച്ചുപറഞ്ഞു. ഭീഷണികളും അധിക്ഷേപങ്ങളും ഉണ്ടായിരുന്നിട്ടും നാല് ദിവസത്തിന് ശേഷം കരാറുകാർ തിരികെ പോകുന്നതുവരെ സ്ത്രീകൾ ഉറച്ചുനിന്നു. അവരുടെ വാക്കുകൾക്ക് സമൂഹത്തിലാകെ പ്രചാരം ലഭിച്ചു. അങ്ങനെയാണ്  ചിപ്കോ പ്രസ്ഥാനം ഉദയം കൊള്ളുന്നത്. 1730 ൽ രാജസ്ഥാനിലെ ഖെജാർലിയിൽ, സമൂഹം പവിത്രമായി കരുതുന്ന ഖേജ്രി മരങ്ങൾക്കായി ജീവൻ ബലിയർപ്പിച്ച പ്രതിഷേധമാണ് ചിപ്പ്കോ പ്രസ്ഥാനത്തിന് പ്രചോദനമായത്.  ചിപ്കോ, എന്ന വാക്കിന്റെ അർഥം ഹിന്ദിയിൽ “ആലിംഗനം” എന്നാണ്. പരിസ്ഥിതി പ്രവർത്തകർക്ക് ഉപയോഗിക്കുന്ന 'ട്രീ ഹഗ്ഗർ' എന്ന വാക്കിന്റെ ഉത്ഭവം ഇതിൽനിന്നാണ്.


ഭാരതത്തിന്റെ ചരിത്രം പരിശോധിച്ചുനോക്കിയാൽ പ്രകൃതി സംരക്ഷണ പ്രഷോഭങ്ങളിൽ മുൻപതിയിൽ വന്നിട്ടുള്ളത് കൂടുതലും സ്ത്രീകൾ ആണെന്ന് കാണാം. പ്രകൃതിയെ അമ്മയെന്ന് വിശേഷിപ്പിക്കുന്നതിൽ അർഥം തേടി മറ്റൊരിടത്തും പോകേണ്ട ആവശ്യം ഇല്ലായെന്ന് ഇവരുടെ പ്രവർത്തികൾ അടിവരയിട്ടു കാണിക്കുന്നു . 


വൈൽഡ്ലൈഫ്  ഫോട്ടോഗ്രഫിയുമായി രാജ്യത്തെ പല സംസ്ഥാനങ്ങളിലെ കാടുകളിലൂടേയും സഞ്ചരിക്കുമ്പോൾ വനാസികളായ പല വാച്ചർമാരായും പരിചയപ്പെടാൻ സാധിച്ചിട്ടുണ്ട്. പുസ്തകത്താളുകളിൽ നിന്നും ലഭിക്കാത്ത പല അറിവുകളും നമുക്ക് ലഭിക്കുന്നത് അവരുടെ വർഷങ്ങളായുള്ള ജീവിത അറിവുകളിനിന്നാണ്. പലതും തലമുറകളായി കൈമാറിവരുന്നവയും. പറമ്പികുളത്തു വർഷങ്ങൾക്കു മുൻപ് കടുവയുടെ സെൻസസ് എടുക്കാൻ ഒൻപതു ദിവസം കാട്ടിനുള്ളിൽ റോന്തു ചുറ്റിയപ്പോൾ ഞങ്ങളുടെ വാച്ചർമാരുടെ കയ്യിൽ ആകെയുണ്ടായിരുന്നത്‌ രണ്ടു വാക്കത്തി മാത്രമായിരുന്നു. പക്ഷെ കാടിനെ അവർക്കു ഭയമില്ല കാട്ടുമൃഗങ്ങളെയും. സ്വയം രക്ഷക്കല്ലാതെ ഒരു മൃഗവും ആക്രമിക്കുകയില്ലെന്നു അവർ സാക്ഷ്യ പെടുത്തുന്നു. പറമ്പിക്കുളത്തു ഞങ്ങളുടെ തൊട്ടു മുന്നിൽ കടന്നുപോയ രണ്ടു കടുവയുടെ കാൽപാടുകൾ ഒരു കുഞ്ഞരുവിയുടെ പരിസരത്തു പതിഞ്ഞു കിടക്കുന്നതു കണ്ടു. കാൽപാടിൽനിന്നും ജലാംശം ഉണങ്ങാത്തത് തന്നെ അവ കടന്നു പോയിട്ടു മിനിറ്റുകൾ പോലും ആയിട്ടില്ലായെന്നത്തിന്റെ അടയാളമായിരുന്നു. 

 


ആദിവാസി യുവാക്കളെ വാച്ചർമാരായി കൂടുതലായി നിയമിക്കാൻ സാധിച്ചതായിരുന്നു വന സംരക്ഷണത്തിന് കൂടുതൽ ശക്തി പകർന്നത്. കാടിന്റെ മുക്കും മൂലയും അടുത്തറിയാവുന്ന അവരുടെ സേവനം വന സംരക്ഷണത്തിന് ശക്തിപകരുന്നു. നെയ്യാർ വന്യജീവി സങ്കേതത്തിന്റെ ഡോക്യുമെന്ററി ചെയ്യാൻ പത്തുവർഷങ്ങൾക്കു മുൻപ് കാടുകയറിയപ്പോൾ ഞങ്ങളുടെ കൂടെ വാച്ചർമാരുടെ സന്തത സഹചാരികളായ രണ്ടു നായകളും ഉണ്ടായിരുന്നു. അതിലൊരു നായ താമസസസ്ഥലത്തു കാവലായി നിന്നപ്പോൾ മറ്റൊരു നായ ഞങ്ങളോടൊപ്പം കുന്നും മലയുമെല്ലാം കയറിയിറങ്ങി ഞങ്ങളുടെ എല്ലാപേരുടേയും പുറകിലായി നടന്നു വരുമായിരുന്നു. മുൻപൊക്കെ കാട്ടിനുള്ളിലെ പല സ്ഥലത്തിൽ ഉള്ള ആദിവാസി വാച്ചർമാരുടെ കൂടയും അവരുടെ ജീവിതത്തിന്റെ ഭാഗമായി നായകളും കൂടെ കാണും. സെന്തുരുണിയിൽ ഉമ്മയാറിലെ വാച്ചർമാരുടെ കൂടാരത്തിൽ പണ്ടൊരു ചെമ്പൻ എന്ന് വിളിപ്പേരുള്ള ഒരു നായയുണ്ടായിരുന്നു. കാട്ടരുവിയിലൂടെ മുളയിലുള്ള ചങ്ങാടത്തിൽ വാച്ചറിനോടൊപ്പം അവന്റെ വരവ് ഒരു രസകരമായ കാഴ്ചയായിരുന്നു. 
    

പ്രകൃതിയുടെ സന്തുലിനാവസ്ഥയും ജീവജാലങ്ങളുടെ ആവാസവ്യവസ്ഥയും സംരക്ഷിക്കുവാൻ വനപാലകർ നടത്തുന്ന പ്രവർത്തനങ്ങളെ രാജ്യത്തിൻറെ അതിർത്തിയിൽ കാവൽ നിൽക്കുന്ന സൈനികരുമായി പോലും വേണമെങ്കിൽ താരതമ്യം ചെയ്യാം. കേരളത്തിലെ വനങ്ങളിൽ പ്രട്രോളിങ്ങിന് പോകുന്ന വാച്ചർമാരുമായി പാലപ്പഴും കാട്ടിലൂടെ സഞ്ചരിക്കുമ്പോൾ അവരുടെ കയ്യിൽ കാട്ടുമൃഗങ്ങളിൽ നിന്നും വേട്ടക്കാരുടെയും  മാവോയിസ്റുകളുടേയും മറ്റു കാട്ടുകള്ളൻ മാരുടേയും കയ്യിൽനിന്നും ഉള്ള ആക്രമണങ്ങളെ പ്രതിരോധിക്കാൻ അത്യാധുനിക ആയുധമായ ഒരു വാകത്തിയായിരിക്കും പരമാവധി ആയുധം. 1968 ൽ  വനം വകുപ്പ് രൂപീകരിക്കുന്നതിന് ശേഷം ആദ്യമായി കേരളത്തിൽ വനസംരക്ഷണ പ്രവർത്തനങ്ങളിൽ ബലിദാനിയായവരുടെ പട്ടിക ആനയുടെ ചവിട്ടേറ്റ് മരിച്ച കൃഷ്ണൻ നായരിൽ തുടങ്ങി ഒടുവില്‍ റാന്നിയിൽ മരിച്ച ബിജു, മാസങ്ങള്‍ക്ക് മുമ്പ് ഔദ്യോഗിക കൃത്യ നിര്‍വഹണത്തിനിടെ ജീവത്യാഗം ചെയ്യേണ്ടിവന്ന പറമ്പിക്കുളത്തെ സുബ്രഹ്മണ്യന്‍ വരെ എത്തി നിൽക്കുന്നു. വളരെ അപകടകരമായ ചുറ്റുപാടുകളിൽ ജോലിചെയ്യുന്ന ഇവരുടെ കൂടെ പലപ്രാവശ്യം നിബിഡമായ വനന്തരങ്ങളിലൂടെ സഞ്ചരിക്കാൻ കഴിഞ്ഞതിന്റെ  പശ്ചാത്തലത്തിൽ അവർ അനുഭവിക്കുന്ന മാനസിക പിരിമുറുക്കങ്ങളും വളരെ പരിമിതമായ ജീവൻരക്ഷാ സൗകര്യവുമായി പ്രവർത്തിക്കുന്ന വനത്തിന്റെ കാവലാളുകളുടെ പ്രവർത്തനങ്ങളിൽ അഭിമാനമുണ്ട്. തൃശൂർ കഴിഞ്ഞ വർഷത്തെ കാട്ടുതീയിൽ ജീവൻ നഷ്ടപെട്ട മൂന്ന് ജീവനുകൾ ഇവരുടെ കാടിനോടുള്ള ആത്മാർത്ഥതയുടെ പ്രതിഭലമായിരുന്നു. കഴിഞ്ഞ വർഷത്തെ ഒരു റിപ്പോർട്ട് പ്രകാരം സ്വതന്ത്രഭാരതത്തിൽ ഏകദേശം ആയിരത്തി നാനൂറോളം വനപാലകരാണ് വനസംരക്ഷണ പ്രവർത്തനങ്ങൾക്കിടയിൽ ജീവൻ നഷ്ട്ടപെട്ടിട്ടുള്ളത്. 

 


വനങ്ങളെയും വന്യജീവികളെയും സംരക്ഷിക്കുവാൻ ഇവർ  നടത്തുന്ന പ്രവർത്തനങ്ങൾക്ക് സഹായകരമായി അവരുടെ ജീവൻ സംരക്ഷിക്കുവാൻ വേണ്ട കൂടുതൽ സൗകര്യങ്ങൾ ചെയ്തുകൊടുക്കേണ്ട കടമ നമ്മുടെ ഭരണകൂടങ്ങൾക്കുണ്ട്. കാട്ടാനകളെ കാട്ടു തീയേയും നേടിടാൻ  പലപ്പോഴും ഇവരുടെ കയ്യിൽ ഒരു ചെറിയ വാക്കത്തിയോ അതുകൊണ്ടു വെട്ടിയെടുക്കുന്ന രണ്ടു കമ്പുകളോ ആണ് ഉള്ളത്. ഇനിയും കൂടുതൽ രക്തസാക്ഷികളെ സൃഷ്ടിക്കാൻ ആകാതിരിക്കട്ടെ ഇനിയുള്ള പ്രവർത്തനങ്ങൾ. കാലാനുസൃതമായ മാറ്റങ്ങൾ വനസംരക്ഷണ രംഗത്ത് കൊണ്ടുവരേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ആദിമമനുഷ്യൻ വനാന്തരങ്ങളിൽ അതിജീവനത്തിനുവേണ്ടി പോരാടിയ ആയുധങ്ങളുമായാണ് ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും നമ്മുടെ വനംവകുപ്പിലെ പോരാളികൾ കാവൽ നിൽക്കുന്നത് എന്നുള്ളത് എത്ര മാത്രം അഭിമാനകരമെന്ന് അറിയില്ല.   

 
എഴുത്തും ചിത്രങ്ങളും: ബിജു കാരക്കോണം, പ്രകൃതി വന്യജീവി ഫോട്ടോഗ്രാഫർ.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment