പെരിങ്ങമ്മല പഞ്ചായത്ത് സെക്രട്ടറിയെ പുറത്താക്കുക


First Published : 2025-09-12, 10:37:33am - 1 മിനിറ്റ് വായന


പെരിങ്ങമ്മല പഞ്ചായത്ത് സെക്രട്ടറിയെ സസ്പെൻഡ് ചെയ്യുക..


ലോകത്തെ തന്നെ അത്യപൂർവ്വ പരിസ്ഥിതി സമ്പന്നമായ പഞ്ചായത്താണ് തിരുവനന്തപുരം ജില്ലയുടെ കിഴക്കെ അതിർത്തിയിൽ,അഗസ്ത്യാർകൂട താഴ്വാരത്ത് സ്ഥിതി ചെയ്യുന്ന പെരിങ്ങമ്മല ഗ്രാമപഞ്ചായത്ത്. പരിസ്ഥിതിയെ തകർക്കുന്ന സമീപനമാണ് നിലവിൽ പ്രാദേശിക ഭരണ സംവിധാനം തുടർന്നു വരുന്നത്.

 200-ൽ അധികം പക്ഷികളും,50 ഇനം ചിലന്തി വർഗ്ഗങ്ങളും, വംശനാശം നേരിടുന്ന 60 ഇനം ചിത്രശലഭങ്ങളും, 21 ഇനം തുമ്പികളും,40 ഇനം പാമ്പുകളും ഇവിടെയുണ്ട്.മൂന്നാർ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ വരയാടുകളുള്ള വരയാട്ടു മൊട്ട ഈ ഗ്രാമപഞ്ചായത്തിലാണ് ഇവിടെയാണ്.50000 വർഷത്തെ ചരിത്രമുള്ള Myristica Swamb(കാട്ട് ജാതിക്ക ചതുപ്പ് ) വളർന്നു നിൽക്കുന്ന ഏഷ്യയിലെ ഏറ്റവും വലിയ ശുദ്ധജല കണ്ടൽചതുപ്പ് ഈ നാടിൻ്റെ പ്രത്യേകതയാണ്. പ്രകൃതി സമ്പന്നമായ നാട്ടിൽ അപകടകരമായ പദ്ധതികൊണ്ടു വരുവാനുള്ള ശ്രമത്തിന് പഞ്ചായത്ത് ഒത്താശ ചെയ്യുകയാണ്.


വർഷങ്ങൾക്കു മുമ്പ് ആശുപത്രി മാലിന്യ പ്ലാൻ്റും, മാലിന്യത്തിൽ നിന്ന് വൈദ്യുതി ഉൽപ്പാദിപ്പിക്കുന്ന പദ്ധതിയും ജനങ്ങ ളുടെ പ്രതിഷേധത്താൽ ഉപേക്ഷിക്കാൻ സർക്കാർ നിർബന്ധി തമായിരുന്നു.

മാന്തുരുത്തിയിലെ നിർദ്ദിഷ്ട പ്ലാസ്റ്റിക് മാലിന്യ പ്ലാൻ്റ് സ്ഥാപിക്കുവാൻ  പെരിങ്ങമ്മല പഞ്ചായത്ത് കമ്മിറ്റി ഏകകണ്ഠമായി അനുമതി നൽകില്ലായെന്ന് തീരുമാനമെടു ക്കുകയും ആ വിവരം സ്ഥലം MLA യും ഭരണകക്ഷി നേതാക്കളും ആ വാർഡിലെ ജനങ്ങളെ വിളിച്ചു കൂട്ടി  പഞ്ചായത്ത് കമ്മിറ്റി എടുത്ത പ്രസ്തുത തീരുമാനം ബഹു: പഞ്ചായത്ത് പ്രസിഡൻ്റ് തന്നെ യോഗത്തിൽ വായിക്കുകയും,തുടർന്ന് ബഹു:MLA ജനങ്ങൾക്ക് പദ്ധതി വരില്ലായെന്ന് ഉറപ്പുനൽകുകയും ചെയ്തിരുന്നു.

ഇതിനിടെ കടന്നുവന്ന പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പിൻ്റെ സ്ഥാനാർത്ഥി നിർണ്ണയം നടത്തുന്നതിന് മുന്നേ പദ്ധതിക്ക് അനുമതി നൽകാമെന്ന് പദ്ധതി നടത്തിപ്പുകാർക്ക് ചില ഭരണകക്ഷി നേതാക്കൾ രഹസ്യമായി  നൽകിയിരുന്ന ഉറപ്പിൻ്റെ അടിസ്ഥാനത്തിൽ, തെരഞ്ഞെടുപ്പിന് മുന്നേ തന്നെ പദ്ധതിക്ക് പഞ്ചായത്ത് സെക്രട്ടറി രഹസ്യമായി അനുമതി നൽകുകയുണ്ടായി. ആസമത്ത് പഞ്ചായത്തിൽ പ്രസിഡൻ്റ് CPM കാരിയും ഭൂരിപക്ഷ അംഗങ്ങളും കോൺഗ്രസുകാരുമായിരുന്നു. അവരാരും ഇത് ചോദ്യം ചെയ്യാൻ തയ്യാറായില്ല.അതിനവർ ഒത്താശ ചെയ്തു കൊടുക്കുകയാണ് ചെയ്തത്.ഉപ തെരഞ്ഞെടുപ്പിനുശേഷം CPM ഭരണ സമിതി തന്നെ അധികാരത്തിൽ വന്നപ്പോൾ പഞ്ചായത്ത് കമ്മിറ്റി ഏകകണ്ഠേന എടുത്ത തീരുമാനത്തിന് എതിരായി നിന്ന പഞ്ചായത്ത് സെക്രട്ടറിയെ മാറ്റണമെന്ന വാദം ഉന്നയിക്കാതെ അദ്ദേഹത്തെ മുൻനിർത്തി ഭീമമായ അഴിമതി പഞ്ചായ ത്തിൽ നടന്നു എന്ന് നാട്ടുകാർ മനസ്സിലാക്കുന്നു.CPM - കോൺഗ്രസ് - BJP, കോൺഗ്രസ് ലീഗ് വ്യത്യാസമില്ലാതെ മെമ്പർമാർ അഴിമതിക്ക് കൂട്ടുനിൽക്കുന്നു എന്ന് ന്യായമായും സംശയിക്കണം.


വിവാദ പദ്ധതിക്ക് വേണ്ടി എല്ലാ അനുമതിയും രഹസ്യമായി  കൊടുത്തിട്ട് സമരക്കാരോട് ഇനി കോടതിയിൽ പോകാൻ പറയുന്ന പഞ്ചായത്ത് മെമ്പർമാരെയും,രാഷ്ട്രീയ നേതാക്ക ന്മാരുമാണ് ഇവിടെയുള്ളത്.


ബഹു.MLA അടക്കമുള്ളവർ ബന്ധപ്പെട്ട വിഷയത്തിന് വിപരീതമായി പ്രവർത്തിച്ച പഞ്ചായത്ത് സെക്രട്ടറിയെ സ്ഥലം മാറ്റാൻ നാളിതുവരെ ഒരു നടപടിയും എടുക്കാതെ ഇത്രയും കാലം അവർ സംരക്ഷിച്ചത് തുടർന്നും അഴിമതി നടത്തുവാൻ വേണ്ടി മാത്രമായിരുന്നുവോ ? 


നിലവിലെ പഞ്ചായത്ത് ഭരണസമിതി  വന്നതിന് ശേഷം അഴിമതി കൂടുതൽ വ്യാപകമായി എന്ന് പറയാം. അതിന് എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും പൂർണ്ണ പിന്തുണ സെക്രട്ടറിക്കുണ്ട് എന്ന് തോന്നും വിധമാണ് കാര്യങ്ങൾ.

ജനങ്ങളുടെ കണ്ണിൽ പൊടിയിടാനും വികസന ഫണ്ട് കൊള്ള യടിക്കാനുമുള്ള ശ്രമമാണ് പെരിങ്ങമ്മല ഗ്രാമ പഞ്ചായത്തിൽ നടക്കുന്ന എല്ലാ വികസന പദ്ധതികളും പരിപാടികളുമെന്ന് പൊതുജനങ്ങൾ തിരിച്ചറിയണം.


അതീവ പരിസ്ഥിതി ലോല മേഖലയായ പൊൻമുടി മെർക്കിൺസ്റ്റൺ എസ്റ്റേറ്റിൽ അന്തരാഷ്ട്ര സൈക്കിളിംഗ് മത്സരത്തിൻ്റെ മറവിൽ കുന്നുകൾ ഇടിച്ചു നിരപ്പാക്കിയതിനും തൊഴിലാളികളുടെ താമസസ്ഥലങ്ങൾ
(ലയങ്ങൾ)അനധികൃതമായി പുനർനിർമ്മിച്ച്  ടൂറിസ്റ്റ് റിസോർട്ടുകളാക്കിയത് പൊതുജന പരാതിയുടെ അടിസ്ഥാനത്തിൽ പൊളിച്ചു നീക്കാൻ ജില്ലാ കളക്ടർ ഉത്തരവിട്ടിട്ട് നാളിതു വരെ നടപ്പാക്കാതെ ഒത്തുകളിക്കുകയാണ് സെക്രട്ടറിയും പഞ്ചായത്ത് ഭരണസമിതിയും


വിജിലൻസ് തുടർച്ചയായി പഞ്ചായത്തിൽ പരിശോധന നടത്തി പഞ്ചായത്തിനും,സർക്കാറിനും കൊടുത്ത റിപ്പോർട്ടുകൾ ഭരണക്കാർ അട്ടിമറിക്കുന്നു.

ഒന്നര കോടിയുടെ ചന്ത നവീകരണവും,ഏറ്റവും പഴയ ഓടിട്ട പഞ്ചായത്ത് കെട്ടിടം ഓട് മാറ്റി ഷീറ്റിട്ടതിന് അറുപത്തഞ്ച് ലക്ഷവും അക്രഡിറ്റഡ് ഏജൻസിയുടെ പേരിൽ മാറ്റിയെ ടുത്തു.
 
പൊൻമുടി സ്കൂളിലേയ്ക്ക് അഞ്ചു സെൻ്റീമീറ്റർ കനത്തിൽ  കോൺക്രീറ്റ് റോഡ് നിർമിച്ചത് ഉദ്ഘാടനത്തിന് മുന്നേ പൊട്ടി പൊളിഞ്ഞു.

ഒരു ദിവസം പന്നിയെ വെടിവെയ്ക്കാൻ രണ്ട് ഷൂട്ടർമാരെ നിയോഗിച്ച്,പദ്ധതിക്ക് അനുവദിച്ച ഒരു ലക്ഷം രൂപയും ഒറ്റ രാത്രി കൊണ്ട് ചെലവാക്കിയതായി രേഖയുണ്ടാക്കി. വന്യജീവികൾ കാരണം കർഷകർ പൊറുതി മുട്ടുമ്പോൾ പഞ്ചായത്ത് അധികാരികൾ നിശബ്ദരാണ്.

ഹൈമാസ്ക്,മിനി മാസ്ക് ലൈറ്റുകൾ നന്നാക്കുന്ന പദ്ധതി യിൽ കുളത്തൂപ്പുഴ മെയിഡ് വ്യാജ അസംബ്ലിംഗ് ലൈറ്റുകൾ ഉപയോഗിച്ചിട്ട് കൂടിയ കമ്പനിയുടെ സാധനത്തിൻ്റെ പേരിൽ  പണം തട്ടുന്നു എന്നാണ് നാട്ടുകാരുടെ പരാതി.


നൂറു കോടിയുടെ ജലജീവൻ മിഷൻ കുടിവെള്ള പദ്ധതിയുടെ ഓവർഹെഡ് ടാങ്കുകൾ നിർമ്മിക്കുന്നതിനും,പദ്ധതി സൈറ്റിലേക്കു ഇതുവരെ വാഹനം പോകാനുള്ള വഴിയ്ക്ക് സ്ഥലം വാങ്ങാനും പഞ്ചായത്ത് ഭരണസമിതിയ്ക്കായിട്ടില്ല.


പൈപ്പ് ലൈനിനായി ഗ്രാമീണ റോഡുകൾ കുഴിച്ചത് നന്നാക്കാൻ ജല അതോറിറ്റി പഞ്ചായത്തിന് നൽകിയ എട്ടുകോടി രൂപയെ പറ്റിയാതൊരു വിവരവുമില്ല. പഞ്ചായത്ത് എഞ്ചിനീയറിംഗ് വിഭാഗവും,ജല അതോറിറ്റിയും സംയുക്ത പരിശോധന നടത്തി റോഡ് നന്നാക്കാൻ അനുമതി യായിട്ട് മാസങ്ങളായി, യാതൊരു നടപടിയും പഞ്ചായത്ത് സ്വീകരിക്കുന്നില്ല.

   
ഈ ഭരണ സമിതിയുടെ കാലത്ത് ലക്ഷങ്ങൾ മുടക്കി നിർമിച്ച കെട്ടിടങ്ങൾ ഇവർ തന്നെ പൊളിച്ചു കളയുന്നു.പൊതു പണം ധൂർത്തിന് പെരിങ്ങമ്മല പഞ്ചായത്തിനെക്കാളും വലിയ ഉദാഹരണം ഇനി വേറെ കണ്ടെത്തേണ്ടിയിരിക്കുന്നു.

പൗരബോധമുള്ള പൊതുജനങ്ങൾ ഉന്നത അധികാരികൾ ക്കും,അഴിമതി നിയന്ത്രണ സംവിധാനങ്ങൾക്കും മുന്നിൽ  വിഷയങ്ങൾ എത്തിച്ചു സെക്രട്ടറിയുൾപ്പെടെയുള്ള എല്ലാ അഴിമതിക്കാർക്കും കടുത്ത ശിക്ഷ വാങ്ങി കൊടുക്കണമെന്ന് നിരന്തരം ആവശ്യപ്പെട്ടിട്ടും സർക്കാർ തയ്യാറാകുന്നില്ല. 


അഴിമതിക്കാരനായ സെക്രട്ടറിയെ അടിയന്തിരമായി പുറത്താക്കണം.സർക്കാർ ഏജൻസികൾ പെരിങ്ങമ്മല പഞ്ചായത്തിലെ അഴിമതകൾ അന്വേഷിച്ച് പൊതുപണം കൊള്ളയടിച്ചവരിൽ നിന്നു തിരിച്ചു പിടിക്കാനും കേസെടുക്കാനും തയ്യാറാകണം.എന്ന്
പെരിങ്ങമ്മല പ്രകൃതി സംരക്ഷണ സമിതി ആവശ്യപ്പെടുന്നു.

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

“വികസനം” എന്ന് പറഞ്ഞാല്‍ പ്രകൃതി തകർക്കാമെന്ന് അര്‍ഥമില്ല. ജനങ്ങളുടെ കൂട്ടായ്മയ്ക്ക് ശക്തി ഉണ്ട്—നമ്മള്‍ ഒത്തുചേരാം. ✊

  • 2025-09-12

ഒപ്പം

  • 2025-09-14

ഇതോടൊപ്പം മനച്ചാലിൽ നടന്ന വൈടൂറിയ ഖനനം (കോടികൾ )പഞ്ചായത്തിലെ കേരളത്തിലെ തന്നെ വലിയ അടിച്ചു മാറ്റൽ ഒരക്ഷരം ഒരു നേതാക്കളും പറയുന്നില്ല???? ഗ്രീൻ റിപ്പോർട്ടറോട് പറയുന്നു ഈ വലിയ അഴിമതി കൂടി ഇതിൽ ഉൾപ്പെടുത്തണം. അന്വേഷണ വിധേയമാക്കണം. നമ്മുടെ നാടിന്റെ പൊതുസ്വത്ത് സംരക്ഷിക്കപ്പെടണം????????

  • 2025-09-14

Leave your comment