കേരളം എന്നു കേട്ടാൽ അഭിമാന പൂരിതരാകണം മാഫിയ ലോകവും നേതാക്കളും




ആരവല്ലി മലനിരകളിൽ പണിതുയർത്തിയ 1650 വീടുകൾ (33 കെട്ടിട സമുച്ചയങ്ങൾ ) പൊളിച്ചുനീക്കുവാൻ സുപ്രീം കോടതി കഴിഞ്ഞ ദിവസം (സെപ്റ്റംബർ 11 ന്) നിർദ്ദേശം നൽകി.വീടുകൾ വാങ്ങിയവർക്ക് 50 ലക്ഷവും അതിന്റെ 18% പലിശയും ഡിസംബർ  മാസത്തിനു മുമ്പ് തിരിച്ചു നൽകണമെന്നും കോടതി വിധിച്ചു.

 

This year, we have seen the terrible flooding in Kerala in India, savage wildfires in California and Canada, and dramatic warming in the Arctic that is affecting weather patterns across the northern hemisphere. The trend is clear. The last 19 years included 18 of the warmest years on record, and greenhouse gas concentrations in the atmosphere continue to rise,"   

UN Secretary General Antonio Guterres .

(Antonio Guterres  പോർച്ചുഗീസ് ഇടതുപക്ഷ രാഷ്ട്രീയ നേതാവായിരുന്നു.)

 

വെള്ളപ്പൊക്കം കഴിഞ ശേഷം പെരിങ്ങമല പ്രകൃതിസംരക്ഷണ പ്രവർത്തകൻ ഡോ.കമറുദ്ധീന് (കേരള യൂണിവേഴ്‌സിറ്റി ) സ്വീഡിഷ് ബാെട്ടാണിസ്റ്റ് നടത്തിയ ഫോൺ കോൾ

' Sir, Are the Myristica Swamp in Peringamala safe ?'

(50000 വർഷം പഴക്കമുള്ള Myristica  കണ്ടൽ കാട് ലോകത്തിൽ അവശേഷിക്കുന്ന ചുരുക്കം പ്രദേശമാണ് പെരിങ്ങമല. അവിടെ തന്നെയാണ് ബഹു. വൈദ്യുതി മന്ത്രി  മാലിന്യപ്ലാന്റ്  സ്വപ്നം കാണുന്നതും ) 

 

സമ്പൂർണ്ണ സാക്ഷരത നേടിയ , ഇടതു പക്ഷ രാഷ്ട്രീയത്തിന് മുൻതൂക്കമുള്ള, സൈലന്റ് വാലി സമരവും ആണവ വിരുദ്ധ സമരങ്ങളും വിജയിച്ച കേരളത്തിന്റെ കാബിനറ്റ് മന്ത്രി മണിക്കും അദ്ദേഹത്തിനൊപ്പം നിൽക്കുന്ന മുന്നണിക്കും 2018ലെ വെള്ളപ്പൊക്കവും 500 അടുത്തു മരണങ്ങളും 400 നടുത്തു ഉരുൾപൊട്ടലും പതിനായിരത്തിലധികം വീടുകൾ തകർന്നതും 55 ലക്ഷം ആളുകളെ നേരിട്ടു ബാധിച്ച കഷ്ടനഷ്ടവും സംസ്ഥാനത്തിനുണ്ടായ 50000 കോടി രൂപക്കു മുകളിലെ സാമ്പത്തിക നഷ്ടവും നിസ്സാരവും ഒഴിച്ചുകൂടാൻ പാടില്ലാത്ത പ്രകൃതി പ്രതിഭാസത്തിന്റെ ഭാഗവുമാണ്. 

 


1924 July 16 -18ലെ വെള്ളപ്പൊക്കത്തെ 2018 August 15,17ലെ വെള്ളപ്പൊക്കവുമായി ഒത്തു നോക്കി നിസ്സാഹയത പങ്കു വെക്കുന്ന കേരള സർക്കാർ കഴിഞ്ഞ 70 വർഷത്തിനുള്ളിൽ ഒരിക്കലും 95 വർഷം മുൻപ് നടന്ന വെള്ളപ്പൊക്കത്തെ പരിഗണിച്ചിട്ടില്ല. പിന്നെ എങ്ങനെയാണിവർക്ക് 1924 ലെ വെള്ളപ്പാെക്കം ഇപ്പോൾ ഓർമ്മയിലെത്തുക ?

 

1924 ലെ 3 ആഴ്ച നീണ്ടു നിന്ന മഴ 172 ഇഞ്ച് ആയിരുന്നു. രാജ്യത്ത് എല്ലാ അർത്ഥത്തിലും എറ്റവും പിന്നോക്കം നിന്ന (കേരളത്തിന്റെ ) ആ കാലത്തെ വെള്ളപ്പൊക്കത്തെ വികസിത മുതലാളിത്ത രാജ്യങ്ങളുടെ ജീവിത സൂചിക കാട്ടി തരുന്ന, ആധുനിക സാങ്കേതികവിദ്യകളുടെ വൻ സാന്നിധ്യം അറിയിച്ചു വരുന്ന, ഇന്നത്തെ നമ്മുടെ സംസ്ഥാനം ഭയക്കേണ്ടി വരുന്നത്  സർക്കാർ സംവിധാനത്തിന്റെ  ഗതികേടുകൾ കൊണ്ടു മാത്രമാണ്.

 

കടലിനു സമാന്തരമായി 70 മുതൽ 120 കി.മി അകലെ മാത്രം സ്ഥിതി ചെയ്യുന്ന ലോക പരിസ്ഥിതി പൈതൃക മലയായ പശ്ചിമഘട്ടത്തിന്റെ കടയ്ക്കൽ കത്തി വെക്കുന്നതിൽ ഒരിക്കൽ പോലും വൈമുഖ്യം കാണിക്കാത്ത കേരളത്തിലെ രാഷ്ട്രീയ പാർട്ടികൾക്ക് ഇടുക്കിയും വയനാടും പൊട്ടി തകർന്നതിൽ  വേവലാതികളില്ല. മലനിരകളിൽ 9 ലക്ഷം ഹെക്ടർ വെട്ടി വെളിപ്പിച്ചു. വൻകിട തോട്ടം മുതലാളിമാർ ലക്ഷങ്ങൾ കണക്കുള്ള ഹെക്ടർ ഭൂമി സ്വന്തമാക്കി. അനധികൃത നിർമ്മാണ-ഭൂ മാഫിയ പ്രവർത്തനങ്ങളുടെ കണ്ണികളാണ് പശ്ചിമഘട്ട താഴ്വരയിലെ ഒട്ടുമിക്ക നേതാക്കളും .


അവരുടെ മുന്നിൽ രാഷ്ട്രീയ പ്രവർത്തനമെന്നാൽ ഭൂമാഫിയകളെ സഹായിക്കൽ ,വൻകിട റിസോർട്ട്കൾക്ക് നിയമ വിരുദ്ധമായി പ്രവർത്തിക്കുവാൻ സഹായം ചെയ്യൽ മുതലായവയാണ്. കൈയ്യേറ്റക്കാരെ രക്ഷിക്കുവാൻ  കുടിയേറ്റക്കാരുടെ പേരുകൾ വിളമ്പുവാൻ ഇവർ മടിക്കുന്നില്ല. എ.കെ.ജിയും വടക്കനച്ചനും ഇടുക്കിയിൽ നടത്തിയ രാഷ്ട്രീയ സമരങ്ങളെ  ഓർക്കുവാൻ  മണിമാരും രാജേന്ദ്രനും  യോഗ്യതയുള്ളതായി അവരുടെ പാർട്ടിക്കാർ പോലും അംഗീകരിക്കുമെന്നു തോന്നുന്നില്ല.


പുഴകളെ മെലിയിച്ച് കുഴിച്ചു മറിച്ച്, വികസനം നടപ്പിലാക്കിയവർ, നെൽപ്പാടങ്ങൾ നികത്തുവാൻ സ്വന്തം മേൽവിലാസത്തിൽ ഉണ്ടാക്കിയ  നിയമത്തെ തള്ളിപ്പറഞ്ഞവർ .അവരുടെ  താൽപ്പര്യാർത്ഥം പ്രവർത്തിക്കുന്ന അപകടകാരികളും ദല്ലാൾ പണിയാണ് സർക്കാർ ഉദ്യോഗം എന്നു വിശ്വസിയ്ക്കുന്ന IAS പടകളും കേരളത്തിന്റെ ഇടനാടിനെയും തകർക്കുന്നതിനായി ഇന്നും രംഗത്തുണ്ട്. 


കുട്ടനാട് ആഴ്ചകളോളം വെള്ളത്താൽ മുങ്ങിപ്പോയതിലുള്ള നേതാക്കളുടെ വേവലാതികൾ അവസാനിച്ചു . തണ്ണീർമുക്കം ബണ്ടും തോട്ടപ്പള്ളി സ്പിൽവേയും പുലി വാലുകളായി മാറി എന്നറിഞ്ഞിട്ടും രാഷ്ട്രീയക്കാർ അടുത്ത നിർമ്മാണ ത്തിനുള്ള സാധ്യതകൾ തേടുകയാണ്. കിലോമീറ്റർ ഒന്നിന് ശരാശരി 38 ലക്ഷം രൂപ വെച്ച് ലഭിച്ച കുട്ടനാട് പാക്കേജിന്റെ ഗതി എന്തായിതീർന്നു.?  തോമസ്സ് ചാണ്ടിയെ പോലെയുള്ളവരുടെ ദാസ്യ പണി ചെയ്യുന്നവരായി പുന്നപ്ര വയലാർപാർട്ടികൾ മാറിയതിൽ പോളിറ്റ് ബ്യൂറോയും കുണ്ഡിതരല്ല.

 


നദികളുടെ ഓരങ്ങൾ (100 മീറ്റർ വീതം) സംരക്ഷിക്കണമെന്ന തീരദേശ നിയമത്തെ തള്ളിപ്പറയുന്ന സർക്കാർ , വേമ്പനാട്ടു കാലിന്റെ 80 % വിസ്താരവും കുറഞ്ഞതിൽ പുനർചിന്തനം നടത്തുന്നില്ല.അറബിക്കടലിലെ മത്സ്യസമ്പത്തിൽ കുറവു വരുന്നത് അറിഞ്ഞതായി ഭാവിക്കാതെ ,കടൽ കുപ്പത്തൊട്ടിൽ ആയി തീർന്നതിൽ ഉൽക്കണ്ഠപ്പെടാത്ത ഭരണകൂടത്തിന്  പ്രകൃതി ദുരന്തം സ്വാഭാവിക പ്രതിഭാസം മാത്രമാണ്.

 

പശ്ചിമഘട്ടത്തിലെ അടർന്നു വീഴുന്ന മലനിരകളിൽ പാറ പൊട്ടിക്കൽ തുടരുകയാണ് . 

 

ദുരിതാശ്വാസ ക്യാമ്പിൽ അരി ചുമന്ന ,കഞ്ഞിക്കുപ്പു നോക്കി ശ്രദ്ധ നേടിയ IAS കാർ അവരുടെ മുൻകാല പരിസ്ഥിതി വിരുദ്ധ സേവനം ( കോടീ)ഈശ്വരന്മാർക്കായി തുടരുന്നു.

കേരള സർക്കാരിന് ,പുതിയ കേരളമെന്നാൽ  കൊള്ളക്കാർക്ക് യഥേഷ്ടം കൂടുതൽ കരുത്തോടെ 38500 ച.കിമി  വ്യാപരിച്ചു കിടക്കുന്ന നാടിനെ മാഫിയകൾക്കു പതിച്ചു കൊടുക്കുവാൻ കിട്ടിയ മറ്റൊരവസരം മാത്രം.

കേരളം എന്നു കേട്ടാൽ വലിയണം കാടുകൾ, തകരണം മലകൾ, മെലിയണം പുഴകൾ, മുങ്ങണം കുട്ടനാട്, കരയണം അറബിക്കടൽ അഭിമാന പൂരിതരാകണം മാഫിയ ലോകവും നേതാക്കളും.

 

 UN അധ്യക്ഷൻ പങ്കുവെച്ച കേരളത്തിലെയും കാലിഫോർണിയയിലെയും മറ്റും പ്രകൃതി ദുരന്തത്തെ പറ്റിയുള്ള വേവലാതികൾ ,സ്വീഡിഷ് ശാസ്ത്രജ്ഞൻ കണ്ടൽകാടിനെ പറ്റി നടത്തിയ അന്വേഷണം, ഇന്ത്യൻ പരമോന്നത കോടതി ആരവല്ലി താഴ് വരയെ സംരക്ഷിക്കുവാൻ നടത്തിയ വിധി ഒന്നും സ്വാധീനിക്കാത്ത കേരള സർക്കാരും അതിന്റെ അമരക്കാരും ആരെയാണ് ഓർമ്മിപ്പിക്കുന്നത് ?

 

കേളപ്പജിയെയല്ല, ഇ.എം.എസിനെയല്ല VS അച്യുതാനന്ദനെപ്പോലുമല്ല. 

നമ്മുടെ സർക്കാരിന്റെ Speed ന് എന്തൊരു Speed ആണ്.

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment