വെള്ളയാണി കായൽ തകർച്ചയുടെ വക്കിൽ !


First Published : 2026-05-04, 04:22:29pm - 1 മിനിറ്റ് വായന


മൃതപ്രായമാണ് : സംരക്ഷണമൊരുക്കാൻ ജനകീയ കൂട്ടായ്മ രംഗത്ത്


തലസ്ഥാന ജില്ലയിലെ ഏക ശുദ്ധജല തടാകമായ വെള്ളയാണി കായൽ ചരിത്രത്തിലെ ഏറ്റവും വലിയ നാശത്തെ അഭിമുഖീകരിക്കുന്നു.കടുത്ത വേനലിൽ കായൽ വറ്റി വരണ്ടതിനൊപ്പം,നിയമവിരുദ്ധമായ ഭൂമി പരിവർത്ത നവും കൈയ്യേറ്റവും തടാകത്തിന്റെ അസ്തിത്വത്തെത്തന്നെ ബാധിച്ചിരിക്കുകയാണ്.ഈ സാഹചര്യത്തിൽ കായലിന്റെയും സമീപപ്രദേശങ്ങളിലെയും പരിതാപകരമായ അവസ്ഥ നേരിട്ടറിയാൻ മേയ് 1, 2026 രാവിലെ 6:30-ന് വിവിധ പരിസ്ഥിതി പ്രവർത്തകരും ജനപ്രതിനിധികളും സന്നദ്ധ സംഘടനകളും ചേർന്ന് കായൽ സന്ദർശനം നടത്തി.

​സംയുക്ത സന്ദർശനംപക്ഷി നിരീക്ഷണ കൂട്ടായ്മയായ 'വാർബ്ലേഴ്സ് ആൻഡ് വേഡേഴ്സ്'(Warblers and Waders), കല്ലിയൂർ ഗ്രാമപഞ്ചായത്തിലെ ജനപ്രതിനിധികൾ,ലോയോള കോളേജ് LES-ന്റെ ഭാഗമായ കോഡ് ഇനിഷ്യേറ്റീവ് (CODE Initiative)അംഗങ്ങൾ,'സെലിബ്രേറ്റിംഗ് വാട്ടർ ബോഡീസ്'(Celebrating Waterbodies)എന്ന വാട്സപ്പ് കൂട്ടായ്മ, തണൽവേദി, EPRC എന്നിവർ സംയുക്തമായാണ് സ്ഥലത്തെത്തിയത്. 


കായലിന്റെ സ്വാഭാവിക ഒഴുക്കിനെ തടസ്സപ്പെടുത്തുന്ന നീർച്ചാലുകളും വറ്റിപ്പോയ കായൽ പ്രദേശങ്ങളും സംഘം വിശദമായി വിലയിരുത്തി.​രൂക്ഷമായ ജലപ്രതിസന്ധിയും പാരിസ്ഥിതിക ആഘാതവും വെള്ളയാണി കായലിൽ നിലവിൽ ജലനിരപ്പ് ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലാണ്.ഇതിനുപുറമെ ആഫ്രിക്കൻ പായലും താമരയും അമിതമായി വളർന്ന് കായൽ പ്രദേശം ശ്വാസം മുട്ടുകയാണ്. 


വെള്ളം കുറഞ്ഞതോടെ കൈയ്യേറ്റക്കാർക്ക് തടാകം നികത്താനുള്ള സൗകര്യം വർദ്ധിച്ചുവരുന്നു.സർക്കാർ നടപ്പിലാക്കുന്ന 'സിനി ടൂറിസം' പദ്ധതിയുടെ മറവിൽ കിരീടം പാലത്തിന് സമീപം ഒരു ഏക്കറിലധികം വരുന്ന കായൽ പ്രദേശം സ്വകാര്യ വ്യക്തി അനധികൃതമായി നികത്തി.പുറമെ നിന്നുള്ള മണ്ണ് നിക്ഷേപിച്ച് കായലിന്റെ ഭാഗമായ വയൽ പ്രദേശം കരഭൂമിയാക്കി മാറ്റാനുള്ള ശ്രമങ്ങൾ തകൃതിയായി നടക്കുകയാണ്.


​കല്ലിയൂർ കൃഷി ഓഫീസർ,ബാലരാമപുരം മൈനർ ഇറിഗേഷൻ അസിസ്റ്റന്റ് എൻജിനീയർ,കല്ലിയൂർ ഗ്രാമ പഞ്ചായത്ത് ഭരണസമിതി എന്നിവർ ഇവിടെ നടക്കുന്നത് നിയമലംഘനമാണെന്നും ഭൂമി തരം മാറ്റിയിരിക്കുന്നത് തെറ്റായ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണെന്നും ഇവ തടയണമെന്നും വ്യക്തമായ റിപ്പോർട്ടുകൾ നൽകിയിരുന്നു. എന്നാൽ ഈ ഔദ്യോഗിക റിപ്പോർട്ടുകളെപ്പോലും കാറ്റിൽ പറത്തിക്കൊണ്ടാണ് നിർമ്മാണ പ്രവർത്തനങ്ങളും നിലം നികത്തലും തുടരുന്നത്.ഇത് പ്രദേശത്തെ ഭൂഗർഭ ജല വിതാനത്തെയും ജൈവവൈവിധ്യത്തെയും സാരമായി ബാധിച്ചിരിക്കുന്നു.


​ദുരിതമൊഴിയാതെ പട്ടികജാതി കുടുംബങ്ങൾ അനേകം ഇവിടെ പെട്ടിരിക്കുന്നു.കായൽ നികത്തലും തോട് കൈയ്യേറ്റവും ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത് പള്ളിച്ചൽ തോടിന്റെ ഇരുവശങ്ങളിലുമായി വസിക്കുന്ന നാൽപ്പതോളം പട്ടികജാതി കുടുംബങ്ങളെയാണ്.കല്ലിയൂർ പഞ്ചായത്തിലെ രണ്ടാം വാർഡായ വെള്ളയാണിയിലും മൂന്നാം വാർഡായ മുകളൂർമലയിലുമാണ് ഈ കുടുംബങ്ങൾ താമസിക്കുന്നത്.വെള്ളയാണി കായലിന്റെയും പള്ളിച്ചൽ തോടിന്റെയും സ്വാഭാവികത നഷ്ടപ്പെട്ടതോടെ,മഴക്കാലത്ത് ഈ കുടുംബങ്ങൾ ദുരിതാശ്വാസ ക്യാമ്പുകളിൽ അഭയം തേടേണ്ടി വരുന്നു.കാലങ്ങളായി തുടരുന്ന ഈ ദുരിതത്തിന് ശാശ്വതമായ പരിഹാരമുണ്ടാകണമെന്ന് സംഘം ആവശ്യപ്പെട്ടു.

​ജനകീയ പ്രതിരോധത്തിന് തുടക്കംവെള്ളയാണി കായലിന്റെ നാശത്തിനെതിരെയും അനധികൃത കൈയ്യേറ്റങ്ങൾക്കെ തിരെയും ശക്തമായ പ്രതിഷേധം ഉയർത്താൻ സന്ദർശനത്തിൽ പങ്കെടുത്ത കൂട്ടായ്മകൾ തീരുമാനിച്ചു. 


ഇതിന്റെ ഭാഗമായി വരുന്ന ശനിയാഴ്ച (മേയ് 9, 2026) വൈകുന്നേരം തിരുവനന്തപുരം മ്യൂസിയം കോമ്പൗണ്ടിൽ ഒരു ജനകീയ യോഗം ചേരുന്നതാണ്. .വെള്ളയാണി കായലിനെ സ്നേഹിക്കുന്ന പരിസ്ഥിതി പ്രവർത്തകർ, സന്നദ്ധ സംഘടനകൾ, സാമൂഹിക പ്രവർത്തകർ എന്നിവരെല്ലാം ഈ യോഗത്തിൽ പങ്കെടുത്ത് ഭാവി പരിപാടികൾക്ക് രൂപം നൽകുമെന്ന് സംഘാടകർ അറിയിച്ചു.


Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment