അനധികൃത ഭൂഗർഭ ജലചൂഷണം ; അദാനിക്കെതിരെ ഓസ്‌ട്രേലിയൻ ഗവണ്മെന്റ് അന്വേഷണം പ്രഖ്യാപിച്ചു




അനധികൃത ഭൂഗർഭ ജലചൂഷണം നടത്തിയ അദാനി ഗ്രൂപ്പിനെതിരെ ഓസ്‌ട്രേലിയൻ ഗവണ്മെന്റ് അന്വേഷണം പ്രഖ്യാപിച്ചു. അദാനി ഗ്രൂപ്പിന്റെ ഉടമസ്ഥതയിൽ ക്വീൻസ് ലാൻഡിലെ കാർമിഷേലിലുള്ള ഖനിയിലാണ് അനധികൃത കുഴൽക്കിണറുകൾ വഴി ഭൂഗർഭജലം ഊറ്റുന്നത്. ഖനിയിൽ അനധികൃതമായി കുഴൽക്കിണറുകൾ സ്ഥാപിക്കപ്പെട്ടിട്ടുണ്ടെന്ന് പരിസ്ഥിതിസംഘടനയായ കോസ്റ്റ് ആൻഡ് കൺട്രി ആകാശ ദൃശ്യങ്ങൾ സഹിതം ആരോപിച്ചിരുന്നു. ഈ  പരാതിയിന്മേലാണ് അന്വേഷണം. എവിടെയാണ് കുഴൽക്കിണറുകൾ കുഴിച്ചിരിക്കുന്നതെന്നും എന്താണ് ഇവയുടെ ഉദ്ദേശമെന്നും പരിശോധിച്ച് വരികയാണെന്ന് ക്വീൻസ് ലാൻഡ് ഗവണ്മെന്റ് അറിയിച്ചു. ദി ഗാർഡിയൻ ദിനപത്രമാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 

 

ഈവിഷയത്തെ ഗൗരവമായിക്കാണുന്നുവെന്നും ആസ്ട്രേലിയൻ ഫെഡറൽ ഗവണ്മെന്റിന്റെ ഭാഗത്ത്‍നിന്നും അന്വേഷണമുണ്ടാകുമെന്നും ഓസ്‌ട്രേലിയൻ പരിസ്ഥിതികാര്യമന്ത്രി മെലീസ പ്രൈസ് പ്രതികരിച്ചു. അനുമതികളൊന്നും കൂടാതെ അദാനി ഗ്രൂപ്പ് കുഴൽക്കിണറുകൾ സ്ഥാപിച്ച് ഭൂഗർഭ ജലം ഊറ്റുകയാന്നെന്ന പരാതി വിവിധ സംഘടനകളിൽ നിന്ന് ലഭിച്ചിട്ടുണ്ടെന്നും, ഇത് സംബന്ധിച്ച് പരിസ്ഥിതി മന്ത്രാലയം അന്വേഷണം നടത്തി വരികയാണ്. അന്വേഷണത്തിൽ ഇരിക്കുന്ന വിഷയത്തിൽ കൂടുതൽ അഭിപ്രായ പ്രകടനം നടത്താനില്ലെന്നും അവർ പറഞ്ഞു. 

 

അദാനി ഗ്രൂപ്പ് പത്തോളം അനധികൃത കുഴൽക്കിണറുകൾ കുഴിച്ചതിന്റെ ഡ്രോൺ ദൃശ്യങ്ങളും, ഉപഗ്രഹ ചിത്രങ്ങളും തങ്ങളുടെ കൈവശമുണ്ടെന്ന് കോസ്റ്റ് ആൻഡ് കൺട്രിയുടെ ഡെറിക് ഡേവിസ് പറഞ്ഞു. ഈ വിവരങ്ങൾ അദാനി ഗ്രൂപ്പ് ആസ്ട്രേലിയൻ ഗവൺമെന്റിന് സമർപ്പിച്ച റിപ്പോർട്ടിൽ മറച്ച് വെച്ചതായും ഇവർ ആരോപിക്കുന്നു. ഈ വർഷം മാർച്ചിനും ജൂണിനും ഇടയിൽ എടുത്ത ദൃശ്യങ്ങളാണ് കോസ്റ്റ് ആൻഡ് കൺട്രിയുടെ കൈവശമുള്ളത്. അനധികൃത ജലചൂഷണം തെളിഞ്ഞാൽ പാരിസ്ഥിതിക അനുമതി വരെ റദ്ദാക്കാൻ ഇടയുള്ള കുറ്റമാണിതെന്ന് ആസ്ട്രേലിയൻ കൺസർവേഷൻ ഫൗണ്ടേഷൻ പറയുന്നു. 

 

സമീപപ്രദേശങ്ങളിലെ കുടിവെള്ള സ്രോതസ്സുകളെ ബാധിക്കുന്ന തരത്തിൽ ആർട്ടേഷ്യൻ ബേസിനിലാണ് അദാനി കുഴൽക്കിണറുകൾ സ്ഥാപിച്ചിട്ടുള്ളത്. ഇത് വരെയുള്ള ഖനനം കൊണ്ട് എന്തൊക്കെ പാരിസ്ഥിതിക ആഘാതങ്ങൾ ഉണ്ടായിട്ടുണ്ടെന്നും അതിനെ തടയാൻ ഗവണ്മെന്റ് എന്തൊക്കെ നടപടികൾ എടുത്തുവെന്നും അറിയാനുള്ള അവകാശം ജനങ്ങൾക്കുണ്ട്. അതുകൊണ്ട് നിഷ്പക്ഷമായ ഒരു അന്വേഷണം ഈ വിഷയത്തിൽ ഉണ്ടാകണം. ആസ്ട്രേലിയൻ കൺസർവേഷൻ ഫൗണ്ടേഷൻ ചീഫ് എക്സിക്യൂട്ടീവ് കെല്ലി ഒ ഷാനാസി പറഞ്ഞു. 

 

കഴിഞ്ഞ കൊല്ലാതെ ഡെബ്രിസ് കൊടുങ്കാറ്റിനിടെ അപൂർവ്വ പവിഴപ്പുറ്റുകളായ ഗ്രേറ്റ് ബാരിയർ റീഫിന് സമീപം മലിനജലമൊഴുക്കിയതിന് അദാനിയുടെ ഉടമസ്ഥതയിലുള്ള അബ്ബോട്ട് പോയിന്റ് ബൾക്ക് കോൾ എന്ന കമ്പനിയെ പ്രോസിക്യൂട്ട് ചെയ്യുമെന്ന് കഴിഞ്ഞയാഴ്ച ക്വീൻസ് ലാൻഡ് ഗവണ്മെന്റ് അറിയിച്ചിരുന്നു. ആസ്‌ട്രേലിയയിൽ ഖനന പ്രവർത്തനങ്ങളിൽ നിക്ഷേപിക്കാനായി ആറായിരം കോടി രൂപ എസ്.ബി.ഐ അദാനിക്ക് വായ്പ്പ നൽകിയത് ഇന്ത്യയിൽ വിവാദമായിരുന്നു. 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment