മൂഴിക്കുളം ശാല സംഘടിപ്പിച്ച ബദർ അറിവുറവിട യാത്രയെ പറ്റി - 




ബദൽ അറിവുറവിട യാത്ര -5   April -1,2     
                    

                 കൂത്താട്ടുകുളത്തെ(മുത്യാരുവേലിൽ) വീടിനു ചുറ്റുമുള്ള കുണ്ടനിടവഴിയിലൂടെ തപ്പിത്തടഞ്ഞു പരസ്പരം കൈത്താങ്ങായി നടന്നപ്പോൾ ഒരു കാര്യം മനസിലായി.ഒരു വ്യക്തി വിചാരിച്ചാലും ചിലതെല്ലാം നടക്കുമെന്ന്.. 

 

ആഗോള താപനവും കാലാവസ്ഥാ വ്യതിയാനവും ഉമ്മറപ്പടി യിൽ വന്ന്‌ മുട്ടി വിളിക്കുമ്പോൾ,ശ്വാസം മുട്ടുന്ന ഭൂമി ഞെരി പിരി കൊള്ളുമ്പോൾ ചില ജീവിതങ്ങൾ കാവൽ മാലാഖമാരെ പ്പോലെ അവിടെയും ഇവിടെയും രക്ഷകരായി അവതരിക്കും.നിയോഗങ്ങൾ പോലെ..... 
സ്വന്തം വീടകങ്ങളെ കാടകങ്ങളാക്കി മാറ്റി അവർ ഭൂമി ദേവിയ്ക്ക് സാന്ത്വനം അരുളും.മാഷ് പറയും പോലെ നെറുകയിൽ പൂ വിരിയുന്നവർ...        


 
പ്രകൃതിയുടെ വിളികേട്ട ജോബിയുടെ ജീവിതം കണ്ട് പലതും നമുക്ക് പഠിക്കാം.തിരക്കേറിയ പ്രവാസ ജീവിതത്തിൽ നിന്നും കൂത്താട്ടുകുളത്തെ തറവാട്ടിലേയ്ക് ജോബി തന്റെ ജീവിതം പറിച്ചു നട്ടു. പപ്പയുടെ രോഗവസ്ഥയിൽ വന്ന അവിശ്വസനീയ മാറ്റങ്ങൾ ജോബി ആഹ്ലാദത്തോടെ കണ്ടു നിന്നു.

 

ഇനി ഒരു തിരിച്ചു പോക്കില്ലാത്തവിധം പ്രകൃതി ജോബിയിൽ സ്വാധീനം ചെലുത്തി.സ്വന്തം പുരയിടത്തിലുണ്ടാക്കിയ വ്യത്യസ്തത ഇതാ ഇപ്പോൾ ' വനമിത്ര ' പുരസ്‌ക്കാരത്തിന് അർഹനാക്കി.പ്രകൃതി കൃഷി,ജൈവകൃഷി,നാട്ടു വൈദ്യം, നാട്ടറിവുകൾ എന്നിവയിലെല്ലാം തല്പരനാണ് ജോബി. മൂഴിക്കുളം ശാല നാട്ടറിവ് പഠന കളരിയിലെ പഠിതാവാണ്. യോഗ TTC ജേതാവാണ്.അങ്ങിനെ .....
ജോബി ഒരു സംഭവം തന്നെയാണ്..മഴ പെയ്യുമ്പോൾ ചാലുകളായി വെള്ളം ഒലിച്ചിറങ്ങുന്ന വെട്ടുവഴികളിലൂടെ നടന്ന് ചുറ്റുമുള്ള കാനനഭംഗി നമുക്ക് ആസ്വദിക്കാം..

 

ചെടികളും വൃക്ഷങ്ങളും ഇവിടെ സ്വാഭാവിക രീതിയിൽ തന്നെ സംരക്ഷിച്ചിരിക്കുകയാണ്. കണ്ണഞ്ചിപ്പിക്കുന്ന കാന്തിയോടെ  പൂത്തുലഞ്ഞു നിൽക്കുന്ന കായാമ്പൂ തുടങ്ങിയ അപൂർവ സസ്യലതാദികളോട് കുശലം പറഞ്ഞ്.ജോബി ഒരുക്കിയ പ്രഭാത ഭക്ഷണത്തോടൊപ്പം ഓരോ ചൂരൽ പഴവും നുണഞ്ഞ്.(ചൂരൽ കൊണ്ടുള്ള അടി അല്ല കേട്ടോ..)
നമ്മൾ 21അംഗ യാത്രാ സംഘം.ജോബിയെയും പപ്പയെയും ആദരിച്ചും അനുമോദിച്ചും മൂഴിക്കുളം ശാല ഡയറക്ടർ പ്രേം കുമാർ മാഷിന്റെ നേതൃത്വത്തിൽ യാത്ര തുടരുകയാണ്.

 

അറിവിന്റെ ഉറവിടങ്ങൾ തേടി. ബദലുകൾ തേടി..      " സുന്ദരന്മാരും സുന്ദരികളും" നിറഞ്ഞ ലോകത്തിന്റെ ഒരു ചെറുപതിപ്പ് സമ്മാനമായി നൽകിക്കൊണ്ട് സുന്ദരമായ യാത്രാവിവരണങ്ങൾ എഴുതിയ ലതാദേവിയെയും യാത്ര സംഘം അഭിനന്ദിച്ചു.

 

സന്തോഷം.തേൻ,ജാതിക്ക,കാപ്പി,കുരുമുളക് തുടങ്ങി അനേകം കാർഷിക വിഭവങ്ങളുടെ വിപണനത്തിനും,JOMU എന്ന പേരിൽ ജോബി ആരംഭിക്കുന്ന സംരംഭത്തിനും എല്ലാവിധ ആശംസകളും അർപ്പിച്ചുകൊണ്ട്.(Jack fruit Oriented Manufacturing Unit.)ഒരു കുഞ്ഞൻ വൈറസിന്റെ മുമ്പിൽ ലോകം വിറച്ചുനിന്ന കോവിഡ്കാലം തിരിച്ചറിവു കളുടേത് കൂടിയായിരുന്നു.ഇലക്ട്രോണിക്സ് എൻജിനീയറിങ് ബിരുദധാരിയായ ഹരികുമാറിനും കോട്ടയം ആനിക്കാടുള്ള 'മഹാലക്ഷ്മി ഗോശാല 'എന്ന മഹാപ്രപഞ്ചം അതിനൊരു ഉത്തമ ഉദാഹരണമാണ്.ദ്രൗപദി,,ദേവകി, ജാനകി, ജാനു, കണ്ണൻ.പേരുകൾ നീളുകയാണ്,സുന്ദരമായ പേരുകൾ, 'മുകുന്ദ' എന്ന എട്ടുവയസ്സുകാരിയുടെ കളിക്കൂട്ടുകാരായ നാടൻ പൈക്കൾ ആണ് ഇവർ.അവരുടെ കുട്ടികളും. മുകുന്ദ ഒന്ന് നീട്ടി വിളിച്ചാൽ വിളിപ്പുറത്ത് അവരെത്തും.വെച്ചൂർ,ഗീർ, കൃഷ്ണ, കപില,കാസർഗോഡ് കുള്ളൻ,തുടങ്ങി ഇന്ത്യയിലെ ഏറ്റവും വലിയ നാടൻ കറവപ്പശുവായ,അരിവാൾ കൊമ്പുകളും ആയി തലയു യർത്തി നിൽക്കുന്ന കാങ്കരജ് ഇനത്തിൽപ്പെട്ട ദ്രൗപദിയും അവിടുത്തെ അന്തേ വാസികളാണ്.പഴയ നാടൻ പയ്യിന്റെ നാഴൂരി പാലല്ല,8-10 ലിറ്റർ കിട്ടുന്നവയും അവിടെയുണ്ട്. അണുവിമുക്തമാക്കപ്പെട്ട കൈ കാലുകളോടെ ഗോശാലയി ലേക്ക് പ്രവേശിക്കുന്ന അതിഥികൾക്ക് സുസ്വാഗതം ഓതി ഹരിയും കുടുംബവും.ഹരികുമാർ,മായ,മീര,മുകുന്ദ,അച്ഛൻ. കുടിക്കാൻ തന്ന സംഭാരം യാത്രാ ക്ഷീണം അകറ്റിയ അമൃത പാനീയമായി.ചുവർ ചിത്രങ്ങളാൽ അലംകൃതമായ പശു തൊഴുത്ത് ക്ഷേത്ര സമാനമായി പരിരക്ഷിക്കുന്നു. ഗോമൂത്രം, ചാണകം,പാൽ,തുടങ്ങിയവ മൂല്യ വർദ്ധിത ഉൽപ്പന്നങ്ങൾ ആയി 'e'shop വഴി വിപണനം നടത്തുന്നു. ശുദ്ധമായ പശുവിൻ നെയ്യ്,ഭസ്മം, ചാണക വരളി, ചെരാതുകൾ,ജൈവ വളക്കൂ ട്ടുകൾ,കൊതുക് നിവാരണി കൾ തുടങ്ങി ഒട്ടനവധി ഉൽപ്പന്നങ്ങൾ . നാടൻ പശു വളർത്ത ലിലൂടെ ലഭിക്കുന്ന ആദായവും അനുഭവിക്കുന്ന ആനന്ദവും ഹരി വിശദമാക്കി.സ്വാദിഷ്ടമായ ഉച്ച ഭക്ഷണത്തിനുശേഷം നാട്ടു പൈക്കളുടെ മഹിമയുമായി നില കൊള്ളുന്ന മഹാലക്ഷ്മി ഗോശാലയിൽ നിന്നും മടക്കം.കഴിഞ്ഞ യാത്രയിലെ യാത്രികരായിരുന്ന പാമ്പാടിയിലുള്ള Dr.വിപിനും കുടുംബവും നമ്മളെ കാണാൻ ഗോശാലയിൽ എത്തിയിരുന്നു സ്നേഹാദരങ്ങളോടെ.

 

മറ്റൊരു മായാലോകത്തേക്ക്. ഇല്ലിമുളം കൂട്ടങ്ങൾ ഈണമിട്ട് സ്വാഗതം ചെയ്യുന്നവാണി വിജിത്തിന്റെ ജൈവകൃഷിയിടം. ഹരിപ്പാട്.'വാണി 'ചൊരി മണലിൽ പൊന്നുവിളയിച്ച യുവ കർഷക പ്രതിഭ.പ്രകൃതി സൗഹൃദ ജൈവ കൃഷി രീതിയാണ് ഇവിടെ. 32 ഇനം മുളകൾ നട്ടുവളർത്തി സംരക്ഷിക്കുന്നത് കൂടാതെ 9കുളങ്ങളും നിലനിർത്തിയിരിക്കുന്നു.വന്യ സസ്യ ങ്ങൾ,ഔഷധ ചെടികൾ,പച്ചക്കറികൾ,വിവിധതരം ചീരകൾ, പൂമരങ്ങൾ,ഫലവൃക്ഷങ്ങൾ തുടങ്ങി അനവധി. നാടൻ പശുക്കൾ, നാടൻ കോഴികൾ, താറാവ്,മത്സ്യങ്ങൾ, നാടൻ വിത്തുകളുടെ സംരക്ഷണം,ജൈവവളങ്ങൾ,ജൈവ കീടനാശിനികൾ, ബയോ ഗ്യാസ് പ്ലാന്റ്കൾ തന്നെ മൂന്നെണ്ണം. അമ്പമ്പോ..അനന്തനും ആവുമോ ഇവിടത്തെ വിശേഷങ്ങൾ വർണ്ണിക്കാൻ.ഇത് നാലേക്കറിൽ പുഷ്പിണിയായി, പുളകിത യായ ഭൂമി കണ്ടറിയണം,അനുഭവിച്ചറിയണം,ആത്മാവിലേ ക്ക് ആവാഹിക്കണം, "വാസു'ജൈവാങ്കണ'ത്തിൽ പ്രകൃതി ജൈവ കലവറ എന്ന പേരിൽ ജൈവ ഉൽപ്പന്നങ്ങളുടെ വിപണനത്തിനായി വിശാലമായി ഒരുക്കിയിരിക്കുന്ന വിപണന കേന്ദ്രമാണ് നമ്മെ സ്വാഗതം ചെയ്യുന്നത്. പച്ചക്കറികളുടെയും പഴവർഗ്ഗങ്ങളുടെയും ഒരു കലവറ തന്നെയാണ് ഇത്. പച്ചക്കറികളും,പഴവ ർഗ്ഗങ്ങളും മൂല്യ വർദ്ധിത ഉത്പന്നങ്ങൾ ആക്കി മാറ്റുന്നതിനായി,ശാസ്ത്രീ യമായി രൂപകൽപ്പന ചെയ്ത് പ്രവർത്തിക്കുന്ന മാർഗ്ഗങ്ങ ളാണ് ഇവിടെ അവലംബിച്ചിരിക്കുന്നത്.സൂര്യ പ്രകാശം പരമാവധി പ്രയോജനപ്പെടുത്തുന്നു.കൃഷിക്ക് ആവശ്യമായ വിത്തുകൾ,ജൈവവളക്കൂട്ടുകൾ,ജൈവ കീട നാശിനികൾ, തുടങ്ങി കാർഷിക അനുസാരികളും,ഉൽപ്പന്നങ്ങളും,എല്ലാം ഒരു കൂരയ്ക്ക് താഴെ.ഇവിടെ വില നിശ്ചയിക്കുന്നത് ഉത്പാദകരാണ് എന്നൊരു പ്രത്യേകത യുണ്ട്.തന്മൂലം വിപണിവില ഇടിഞ്ഞാലും കർഷകർ തളരില്ല.കർഷകർക്ക് അവരുടെ അധ്വാനത്തിന്റെ ഫലം ലഭിച്ചിരിക്കണമെന്ന് വാണിയ്ക്കു നിർബന്ധമാണ്. 

 

കാർഷിക ബിരുദധാരിയായ വാണിയ്ക്ക് കൂട്ട് എൻജിനീയ റായ വിജിത്താണ്.അവരുടെ സ്വപ്നങ്ങൾ ചിറകു വിരിച്ച് പറക്കുന്നത് നമുക്ക് അവിടെ കാണാം.2010ലെ അക്ഷയശ്രീ അവാർഡ്,,2019 സംസ്ഥാനത്തെ മികച്ച യുവകർഷകക്കുള്ള അവാർഡ് തുടങ്ങി നിരവധി പുരസ്കാരങ്ങൾ വാണിയെ തേടിയെത്തി.2022ൽ സ്വാമി വിവേകാനന്ദൻ യുവ പ്രതിഭാ പുരസ്കാരനിറവിൽ നിൽക്കുകയാണ് വാണി.ഇന്നത്തെ ഈ അവസ്ഥയിൽ എത്താൻ വാണിയും വിജിത്തും മറി കടന്ന കടമ്പകൾ ഏറെയാണ്.പഴം വരട്ടി ഉണ്ടാക്കിയ മിട്ടായി, ഏത്തപ്പഴം പുഴുങ്ങിയത്,അട തുടങ്ങി നാവിലെ രസമുകുള ങ്ങളെ ത്രസിപ്പിക്കുന്ന നാടൻ വിഭവങ്ങളും പാനീയങ്ങളും തന്ന് സൽക്കരിച്ചു വാണിയും വിജിത്തും.ഈ കാർഷിക വിസ്മയങ്ങൾ കണ്ടു തീരാൻ മണിക്കൂറുകൾ പോരാ.

 

നടന്നു കൊണ്ടിരിക്കുന്നതും തുടങ്ങിവച്ചതുമായ പ്രോജക്ടു കൾ,മനസ്സിൽ ഓമനിച്ചു കൊണ്ട് നടക്കുന്ന ഭാവി പരിപാടി കൾ എല്ലാം സാഫല്യം  ആകട്ടെ എന്ന ആശിർവാദത്തോടെ. കൃഷി യിടങ്ങളിൽ നിന്ന് അടുത്തയിടത്തേക്ക്.

 


രാത്രി,ഭക്ഷണവും വിശ്രമവുമായി മറ്റൊരു ലോകത്ത്.അതും സൗജന്യമായി.സാധാരണയിൽ നിന്നും വേറിട്ടു നിൽക്കുന്ന ഒരിടം, സായി ഗ്രാമം',അതെ നഗര മധ്യത്തിൽ ജാഡകൾ ഇല്ലാതെ പേരു പോലെ തന്നെ ഒരു ഗ്രാമം.എന്താണ് പറയേ ണ്ടത് എഴുതേണ്ടത്.വാക്കുകൾ ഇവിടെ മൗനം പാലിക്കുന്നു. മൗനം വാചാലമാകുന്നു..
ഒരു രാത്രി മാത്രം ചിലവഴിച്ചുള്ളൂ എങ്കിലും അറിഞ്ഞപ്പോൾ, കണ്ട് മനസ്സിലാക്കിയപ്പോൾ സായി ഗ്രാമം എന്ന വിശ്വശാന്തി ധാമം ഒരു അത്ഭുതമായി മനസ്സിൽ മഴവില്ല് വിരിയിച്ചു.

 

തിരുവനന്തപുരം ജില്ലയിൽ തോന്നയ്ക്കൽ പാണ്ഡവൻ മലയിൽ 25 ഏക്കറിൽ സത്യസായി ഓർഫനേജ് ട്രസ്റ്റിന്റെ സായി ഗ്രാമം എന്ന സേവാ സൗധം പടർന്നു പന്തലിച്ച് വളരുക യാണ്.സായി നികേതൻ,സാകേതം,സായൂജ്യം, സാന്ത്വനം,സായി നാരായ ണാലയം,സത്യസായി ഗോകുലം, സത്യസായി വിദ്യാമന്ദിർ, ക്ഷേത്ര സമുച്ചയങ്ങൾ തുടങ്ങി ശാഖോപ ശാഖകൾ ആയി വ്യാപിച്ചു കിടക്കുന്നു.ഒരു Post office ഉം അവിടെ പ്രവർത്തി ക്കുന്നു.അനാഥർക്കും ആലംബഹീനർക്കും ഒപ്പം ജാതി മത വർഗ്ഗ വർണ്ണ വ്യത്യാസ മില്ലാതെ ലോകത്തിലെ പരമ കോടി മനുഷ്യർക്കും ആശ്വാസവും,വിജ്ഞാനവും, ആശ്രയവും നൽകുന്നതായി മാറട്ടെ പാണ്ഡവൻ മലയിലെ ഈ സ്നേഹ ഗ്രാമം.      

   


1873 ഏപ്രിൽ 12, ചിത്രാ പൗർണമി ആയിരുന്നു അന്ന്. ചിറയിൻകീഴ് കായിക്കര എന്ന കടലോര ഗ്രാമത്തിൽ സൂര്യ തേജസോടെ പിറന്നുവീണ കുഞ്ഞാണ് പിൽക്കാലത്ത് മലയാളസാഹിത്യത്തിലെ നവോത്ഥാന കാലഘട്ടത്തിനു തുടക്കം കുറിച്ച മലയാളത്തിന്റെ പ്രിയപ്പെട്ട സ്നേഹ ഗായകൻ മഹാകവി കുമാരനാശാൻ.മഹാകാവ്യം എഴുതാതെ മഹാകവിയായി മാറിയ ആശയ ഗംഭീരനായ കുമാരനാശാന്റെ സ്മാരകമായ കുമാരനാശാൻ ദേശീയ സാംസ്കാരിക ഇൻസ്റ്റിറ്റ്യൂട്ടിലേക്ക്.പ്രകൃതി രമണീയമായ തോന്നയ്ക്കലിൽ നാഷണൽ ഹൈവേയുടെ ഓരം ചേർന്ന് ആശാൻ സ്മാരകം തലയുയർത്തി നിൽക്കുന്നു.ആധുനിക കവിത്രയത്തിൽ ഒരാളായ കുമാരനാശാന്റെ ജീവിതവുമായി ബന്ധപ്പെട്ട വസ്തുക്കൾ,അദ്ദേഹം താമസിച്ചിരുന്ന വീട്, കൃതികൾ,അദ്ദേഹത്തിന് ലഭിച്ച ഉപഹാരങ്ങൾ,എഴുത്തു കുത്തുകൾ എല്ലാം സ്മാരക സമുച്ചയത്തിൽ സംരക്ഷിച്ചി രിക്കുന്നു.

 

അദ്ദേഹത്തിന്റെ ഖണ്ഡകാവ്യങ്ങൾ,ബാലസാഹിത്യ കൃതി കൾ,പരിഭാഷകൾ നാടകങ്ങൾ തുടങ്ങി എല്ലാ സാഹിത്യ സൃഷ്ടികളും ഉൾപ്പെടുത്തി.കുമാരനാശാൻ സമ്പൂർണ്ണ കൃതി കൾ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്.അദ്ദേഹത്തിന്റെ കൈ പ്പടയിൽ എഴുതിയ ബുക്കുകൾ നമുക്കവിടെ കാണാം ആ നിശബ്ദതയിൽ എവിടെയോ നിന്ന് ചണ്ഡാലഭിക്ഷുകിയി ലെയും നളിനി യിലെയും ഈരടികൾ ഒഴുകി വരുന്നു. വീണപൂവിന്റെ ഗദ്ഗദം നാം അനുഭവിക്കുന്നു.ഈ ബദൽ ഇടത്തിൽ കയറിയിറങ്ങു മ്പോൾ ആരുടെയും മനസ്സ് തരളി തമാകും തീർച്ച.51 വയസ്സിൽ പല്ലനയാറ്റിലെ റെഡ്മീർ ബോട്ട് അപകടത്തിൽപ്പെട്ട മഹാനായ മഹാകവിയുടെ സ്മരണ കളുമായി യാത്ര തുടരുന്നു.      

 

ഐങ്കുടികമ്മാളരുടെ പിൻതലമുറയിൽ പെട്ട,കൈവിരലുക ളിൽ ദേവസ്പർശം ഉള്ള ശില്പികളുടെയും കൈപ്പണിക്കാരു ടെയും നെയ്ത്തുകാരുടെയും കരവിരുതാൽ സൃഷ്ടിക്കപ്പെട്ട കലാരൂപങ്ങൾക്കുള്ള ഒരു സ്ഥിരം വേദിയാണ് കോവള ത്തിന് അടുത്തുള്ള വെള്ളാർ എന്ന ഗ്രാമത്തിൽ എട്ടര ഏക്കറിൽ പരന്നുകിടക്കുന്ന ആർട്സ് ആൻഡ് ക്രാഫ്റ്റ് വില്ലേജ്.കേരള ടൂറിസം ഡിപ്പാർട്ട്മെന്റിനുവേണ്ടി ഊരാളു ങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി രൂപകല്പന ചെയ്ത് പടുത്തുയർ ത്തിയിരിക്കുന്ന ഇത് കലകളുടെയും കര കൗശലങ്ങളുടെയും ഒരത്ഭുത പ്രപഞ്ചം നമുക്ക് മുന്നിൽ തുറന്നിട്ട് തരുന്നു.എം പോറിയങ്ങൾ,ആർട്ട് ഗ്യാലറികൾ, സ്റ്റുഡിയോകൾ,കൈത്തറി ഗ്രാമം,പുസ്തകശാല,റസ്റ്റോറന്റ് എന്ന് വേണ്ട സുഗന്ധവിള തോട്ടം,ഔഷധ ത്തോട്ടം,ശല ഭോദ്യാനം തുടങ്ങി പറഞ്ഞാൽ തീരാത്തത്ര  സങ്കേതങ്ങൾ ഇതിൽ വിന്യസിച്ചിരിക്കുന്നു.കല്ലിലും മര ത്തിലും കവിത വിരിയിക്കുന്ന ശില്പചാതുര്യം നമുക്ക് അവിടെ കാണാം.പുൽക്കൊടി പോലും സർഗ്ഗ ഭാവനകൾക്ക് വിധേയമായി വർണ്ണ പ്രപഞ്ചം ഒരുക്കി നമ്മെ വിസ്മയിപ്പി ക്കാൻ അവിടെ ഒരുങ്ങി നിൽക്കുന്നു.800ൽപരം കര കൗശല കലാകാരന്മാർ,28 ഓളം സ്റ്റുഡിയോകൾ, art galleryകൾ, ആറന്മുള കണ്ണാടി,നെട്ടൂർ പെട്ടി,കഥകളി രൂപങ്ങൾ,വിശ്വ രൂപം ect.തടികളും കല്ലും മണ്ണും പാഴ്‌ വസ്തുക്കളും കര വിരൽ സ്പർശത്താൽ കലാരൂപങ്ങളായി മാറുന്ന കാഴ്ച നേരിട്ട് കാണാം.നൈയ്ത്ത് ഗ്രാമം തന്നെ പ്രവർത്തിക്കുന്നു ഗ്ലാസ്,ഓല,പനയോല,മടൽ,തേങ്ങ,ചകിരി,ചിരട്ട,തുണി, കടലാസ് തുടങ്ങി പാഴ്മുളം തണ്ടുകൾ വരെ വിലയേറിയ കലാരൂപങ്ങളായി മാറുന്നു.കലാകാരന്മാരെ നേരിട്ട് കാണാം സംവദിക്കാം.ഒരു ദിനം മുഴുവൻ അവിടെ ചിലവഴിക്കാം. സമയം ഇവിടെ നിശ്ചല മാണ്.ആ സുഖശീതള മരത്തണ ലുകളിൽ വിശ്രമിക്കാം.പലസ്റ്റാളുകളിൽ നിന്നും കലാ രൂപങ്ങൾ  മാടി വിളിക്കും.മറ്റൊരു കാല്പനിക ലോക ത്തേക്ക് അവ നമ്മെ കൊണ്ടു പോകും.കലാകാരന്മാരുടെ കലാ സൃഷ്ടികൾക്കുള്ള ഈ കലവറ നയന മനോഹരം തന്നെ. അടുക്കും ചിട്ടയോടും കൂടി സൂക്ഷിച്ചിട്ടുള്ള പുരാ വസ്തു ക്കൾ,മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള കലാ സൃഷ്ടികൾ, മരച്ചീളുകളാൽ മെനഞ്ഞെടുത്ത ഡ്രൈ ഫ്ലവേഴ്സ് ,കടലാസ് ചുരുളുകളാൽ തീർത്ത സുന്ദര വസ്തു ക്കൾ കല്ലിലും മണ്ണിലും തടിയിലും തീർത്ത മനോഹര പ്രതിമകൾ,കളിപ്പാട്ട ങ്ങൾ,നെറ്റിപ്പട്ടങ്ങൾ,ഗജവീരന്മാർ, നിറച്ചാർത്താൽ സമ്പന്ന മായ ചിത്ര രചനകൾ,ദേവീ ദേവന്മാർ,അലങ്കാര വസ്തു ക്കൾ.ഉൽപ്പന്നങ്ങളുടെ പ്രദർശനവും വില്പനയും പരിശീലന വും എല്ലാം അവിടെ സമന്വയിപ്പിച്ചിരിക്കുന്നു.നമ്മുടെ കൈ വേല പാരമ്പര്യത്തിൽ നമുക്ക് അഭിമാനം കൊള്ളാം.

 

സഞ്ചാരികളുടെ പറുദീസയായ കോവളം.കടൽക്കാറ്റേറ്റ് തിര മാല കൈകളാൽ ആലോലം അടി ഏതാനും മണിക്കൂറു കൾ.ലോക വിനോദസഞ്ചാര ഭൂപടത്തിലെ ഹോട്ട്സ്പോട്ട് ആയ കോവളത്തിന്റെ മനോഹാരിത ആവോളം ആസ്വദിച്ചു കൊണ്ട്.ഇവിടെ നമ്മോടൊത്ത് ചേരാനും സന്തോഷത്തിൽ പങ്കുകൊള്ളാനും പ്രദീപും വിജിതയും കാട്ടാക്കടയിൽ നിന്ന് എത്തി.കൂടെ മൂന്നു മാസം പ്രായമുള്ള പ്രകൃതിയും.

 

ഇത്തരം കൂടി ചേരലുകൾ യാത്രയുടെ സന്തോഷം ഇരട്ടിയാ ക്കുന്നു.പ്രദീപ്‌,ഈ സ്നേഹ വായപിന് നന്ദി.നന്ദി..
ദിവാകരൻ ആഴക്കടലിലേയ്ക് മറഞ്ഞു പോകുന്നത് കാണാനാകാതെ ഒരു പിൻ മടക്കം. 
അതെ ചക്രവാള സീമകളിലെ ആ മനോഹര വർണപ്പകർച്ച കാണാതെ നമ്മൾ മടങ്ങുകയാണ്..
സമയം അതിക്രമിക്കുന്നു....

 

മൂഴിക്കുളം ശാല ബദൽ അറിവുറവിട യാത്രികർ.... പലയിടങ്ങളിൽ നിന്ന് വന്ന്‌ ഒന്നിച്ചൊരു രാത്രിയും രണ്ട് പകലുകളും കഴിഞ്ഞ് പിരിയുകയാണ്.... 
അവനവന്റെ താവളങ്ങളിലേയ്ക്ക്..... കർമ്മകാണ്ഡങ്ങളിലേക്ക്..........
21 യാത്രികരെയും വഹിച്ച് കയറിയും ഇറങ്ങിയും സുഖ യാത്ര പ്രദാനം ചെയ്ത വസന്ത് ട്രാവൽസിന്റെ സാരഥിയ്ക്കും സ്നേഹത്തോടെ.                  

 

നമ്മുടെ ചുറ്റുവട്ടത്ത് മറഞ്ഞുകിടക്കുന്ന അത്ഭുത കാഴ്ചക ളുടെ മാന്ത്രികച്ചെപ്പുകൾ തുറന്നു തന്ന് വിസ്മയ യാത്രകൾ സംഘടിപ്പിക്കുന്ന പ്രേംകുമാർ മാഷിന് ഒരായിരം നന്ദി.. മറവിയുടെ മാറാല നീക്കി പുതിയ പുതിയ ഉറവിടങ്ങൾ മാഷ് കണ്ടുപിടിക്കട്ടെ..
നമുക്ക് ഇനിയും ഒത്തുകൂടാം..... 
ഒന്നിച്ച് യാത്ര പോകാം...... 
സഹയാത്രികർക്ക് എല്ലാം സ്നേഹാദരങ്ങൾ..........

     

എഴുതിയത് ശ്രീ. ലതാദേവി. S
 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment