കോവിഡ് കാല ബജറ്റ്: പരിസ്ഥിതി യാഥാർത്ഥ്യങ്ങളെ പരിഗണിക്കുന്നില്ല - ഭാഗം 1 




പിണറായി സർക്കാരിൻ്റെ ആറാമത് ബജറ്റിലുടനീളം മുഴങ്ങി നിന്ന കോവിഡ് വ്യാധിയുടെ തിരിച്ചടികൾ, പരിസ്ഥിതി സംതുലനത്തിൻ്റെ അനിവാര്യതയെ ആണ് ഓർമ്മിപ്പിക്കുന്നത്. മൃഗങ്ങളിൽ നിന്നും മറ്റു ജീവികളിൽ നിന്നും മനുഷ്യരിലെക്കു പടരുന്ന നിരവധി രോഗങ്ങളുടെ സാന്നിധ്യം കേരളത്തിൽ സജ്ജീവമാകുമ്പോൾ അതിനെ പ്രതിരോധിക്കുവാനായി പ്രഥമ പരിഗണന നൽകുവാൻ നാട് ബാധ്യസ്ഥമാണ്. 2018ലെ ബജറ്റിൽ ധനമന്ത്രി പ്രസംഗം തുടങ്ങിയത് ഓഖി ദുരന്തത്തെ സൂചിപ്പിച്ചു കൊണ്ടായിരുന്നു. 2018 ഉം19 ഉം കഴിഞ്ഞ ആഗസ്റ്റിലെ പെട്ടിമുടിയും കേരളത്തിൻ്റെ കരുത്തു നഷ്ടപ്പെട്ട പ്രകൃതിയെയാണ് അടയാളപ്പെടുത്തുന്നത്. അതിനു സമാനമായ ദുരന്തങ്ങൾ 1924 ലെ വെള്ളപ്പൊക്കം മാത്രമായിരുന്നു.


സംസ്ഥാനത്തിൻ്റെ ധന സൂക്ഷിപ്പിക്കുകാരനായ മന്ത്രിയുടെ പരിഗണനയിൽ ആദ്യം ഓടിയെത്തേണ്ടത് പ്രകൃതി ദുരന്തങ്ങളാൽ  സാമ്പത്തിക രംഗത്തുണ്ടായ നാടിൻ്റെ തിരിച്ചടികളാണ്. നാടിൻ്റെ സമ്പാദ്യങ്ങൾ നഷ്ടപ്പെടുവാനുള്ള സാഹചര്യങ്ങളെ തടഞ്ഞു നിർത്തലായിരിക്കും ധന മന്ത്രിയും കൂട്ടരും കൈ കൊള്ളേണ്ട ആദ്യ തീരുമാനങ്ങൾ. പരിസ്ഥിതിയിലുണ്ടാകുന്ന സാമ്പത്തിക തിരിച്ചടികളെ വൻകിട നിർമ്മാണങ്ങളിലൂടെയും ചൂതാട്ടങ്ങളിലൂടെയും മറികടക്കാമെന്നു ധരിച്ചു വെച്ചിരിക്കുന്ന ഏതൊരു സമൂഹവും സ്വന്തം ശവക്കുഴി തുരക്കുകയാണെന്ന് തിരിച്ചറിയണം.


2018 ൽ ഉണ്ടായ പ്രളയത്തിനുള്ള കാരണങ്ങളെല്ലാമൊരുക്കിയത് 38856 ച. കി. മീറ്ററിനുള്ളിൽ താമസിച്ചു വരുന്ന 3.34 കോടി മനുഷ്യരാണ് എന്നു പറയുവാൻ കഴിയില്ല. ഇടവപ്പാതി മഴയുടെ സ്വഭാവത്തിൽ ഉണ്ടായ വ്യതിയാനത്തിൽ സാർവ്വ ദേശീയമായി സംഭവിച്ച ഹരിത താപനത്തിന് പ്രധാന പങ്കുണ്ട്. എൽ നിനൊയും ലാ നിനോയും കാലാവസ്ഥ തകിടം മറിയാനുള്ള കാരണമാണ്. വൻ തോതിൽ ബാഷ്പീകരണം നടന്ന് ചെറു മേഘങ്ങൾക്കു പകരം ഭീമാകാരങ്ങളായ കാർ മേഘങ്ങൾ മഴയായി പതിക്കുമ്പോൾ, കേരളത്തിനു പരിചിതമല്ലാത്ത കൊടും മഴക്കും മേഘ വിസ്ഫോടനത്തിനും ഇടവപ്പാതി അവസരമുണ്ടാക്കി. പെയ്തിറങ്ങുന്ന മഴ വെള്ളത്തെ സ്വീകരിക്കുവാൻ കരുത്തു നഷ്ടപ്പെട്ട കാടുകൾ, മെലിഞ്ഞു പോയ പുഴകൾ, മൂടി പോയ പാടങ്ങളും കുളങ്ങളും, ചുരുങ്ങി പോയ കായലുകൾ ഒക്കെ പേമാരിയെ ദുരന്തമാക്കി തീർത്തു. 2018ലെ വെള്ളപ്പൊക്കത്താൽ മരണപ്പെട്ട 500ൽപരം മനുഷ്യരിൽ 14 പേരുടെ ശവ ശരീരങ്ങൾ ഇതുവരെ കണ്ടുകിട്ടിയിട്ടില്ല.


14 ലക്ഷം ആളുകളുടെ സ്ഥാവര ജംഗമ വസ്തുക്കൾ വെള്ളത്തിൽ മുങ്ങി. 50 ലക്ഷം ആളുകളെ ഭാഗികമായി ബാധിച്ചു. 12500 വീടുകൾ പൂർണ്ണമായി തകർന്നു. വിദേശ ഏജൻസിയുടെ കണക്കിൽ 30000 കോടിയുടെ വിഭവങ്ങൾ നഷ്ടപ്പെട്ടു. തൊട്ടടുത്ത വർഷം മലപ്പുറം ജില്ലയിലും വയനാട്ടിലും ഉണ്ടായ ഉരുൾപൊട്ടലും വയനാട്ടിലും കുട്ടനാട്ടിലും മറ്റുമുണ്ടായ വെള്ളപ്പൊക്കം വരുത്തിവെച്ച ജീവഹാനികൾ 150 വരും. സാമ്പത്തിക നഷ്ടം15000 കോടി. പ്രകൃതി ദുരന്തങ്ങളാൽ സംഭവിക്കുന്ന തിരിച്ചടികൾ യഥാർത്ഥ നഷ്ടത്തിൻ്റെ 6 മുതൽ10 വരെയാണ് (Cascading Effect). അങ്ങനെ പരിശോധിച്ചാൽ കേരളത്തിന് 2018 ലും19ലും കൂടി ഉണ്ടായ നഷ്ടം ഭയപ്പെടുത്തുന്ന കണക്കുകളിലെ പ്രകടിപ്പിക്കുവാൻ കഴിയൂ.


കോവിഡ്‌ സാർവ്വ ദേശീയമായി 8.5 ലക്ഷം ഡോളറിൻ്റെ കിതപ്പുണ്ടാക്കി. രാജ്യത്തത് 15 മുതൽ 20 ലക്ഷം കോടി രൂപ വരും. കേരളത്തിൻ്റെ സ്വപ്ന പദ്ധതികൾക്കെല്ലാം 2018 മുതൽ വൻ തിരിച്ചടി സംഭവിച്ചു. പ്രാഥമിക കണക്കുകളിൽ അത് 2 ലക്ഷം കോടിക്കു മുകളിലാണ്. വികസനത്തിൻ്റെ ഭാഗമായി സ്വപ്ന പദ്ധതികൾക്കെല്ലാം കൂടി രാജ്യത്താകമാനം സ്വപ്നം കാണാൻ കഴിയാത്ത സാമ്പത്തിക ചോഷണമാണ് 2018 മുതൽ 2020 വരെയുള്ള കാലത്ത് കേരളത്തിൽ സംഭവിച്ചത്. സംസ്ഥാനത്തിനുണ്ടായിരുന്ന (ഉണ്ടാകുമെന്നു കരുതിയിരുന്ന) വലിയ തുക നഷ്ടപ്പെടുവാൻ കാരണമായ പ്രാദേശികവും അന്തർ ദേശീയവുമായ വസ്തുതകളെ വേണ്ടത്ര പരിഗണിക്കാതെ വരും നാളുകളെ പറ്റി നടത്തുന്ന ആസൂത്രണങ്ങൾ ലക്ഷ്യം കാണാതെ പോകാനെ വഴിയുള്ളൂ. 


ബജറ്റ് അവതരണത്തിൻ്റെ  പത്താമത്തെ ഭാഗത്ത്, പരിസ്ഥിതിയെ സമ്പന്തിക്കുന്ന കാര്യങ്ങൾ സൂചിപ്പിക്കുന്നു. അതിലേക്കു കടക്കുന്നത് മലപ്പുറം കരിങ്കപ്പാറയിലെ അഷറഫ് മറിയത്തിൻ്റെ കവിതയിലൂടെയാണ്.


ഒരു മത്സ്യവും കടലിനെ മുറി വേൽപ്പിക്കാറില്ല,
ഒരു പക്ഷിച്ചിറകും ആകാശത്തിനു മീതെ വിള്ളലുകൾ ആഴ്ത്തുന്നില്ല...


തുടരും

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment