മരടിലെ കെട്ടിട നിർമ്മാതാക്കളെയും സഹായികളെയും ശിക്ഷിക്കുക




മരടിലെ 350 താമസക്കാരുള്ള  5 ബഹുനില കെട്ടിടങ്ങള്‍ പൊളിച്ചു നീക്കുന്നതില്‍  വിട്ടു വീഴ്ച്ച ഉണ്ടാകരുത്  എന്ന് സുപ്രീംകോടതി ആവര്‍ത്തിക്കുമ്പോള്‍, വീടുകള്‍ വാങ്ങിയവരെ പറ്റിയുള്ള വ്യാകുലതകള്‍ ശക്തമാകുകയാണ്.  നിയമങ്ങളപറ്റിയുള്ള  അറിവില്ലായ്മ ഒരു തരത്തിലും ചെയ്തു പോയ തെറ്റിനെ ന്യായീകരിക്കുവാന്‍ സഹായിക്കില്ല എന്ന് നമ്മുടെ ഭരണ ഘടന ഓര്‍മ്മിപ്പിക്കുന്നു. ലാഭം മാത്രം ലക്‌ഷ്യം വെച്ച്, നിയമങ്ങളെ കൈയ്യില്‍ എടുത്ത്, കച്ചവടം നടത്തുവാന്‍ രംഗത്തുള്ള സംവിധാനങ്ങള്‍ , നിയമങ്ങളേയും അധികാര കേന്ദ്രങ്ങളേയും ഉദ്യോഗ സംവിധാനങ്ങളേയും രാഷ്ട്രീയക്കാരെയും  നിയമലംഘനങ്ങള്‍ക്ക് ഒപ്പം കൂട്ടുന്നു എന്നറിയാവുന്നരാണ് നമ്മള്‍ ഇന്ത്യക്കാർ.


പൊളിച്ചു കളയുവാന്‍ സുപ്രീംകോടതി ആവര്‍ത്തിച്ച്‌ പറഞ്ഞ 5 കെട്ടിട സമുച്ചയത്തിന്റെ നിർമ്മിതാക്കളിൽ ഒരാളായ Holy Faith Builders and Developers Pvt. Ltd. അവരെ പറ്റി സ്വയം നടത്തിയ വെളിപെടുത്തല്‍ അവരുടെ തന്നെ ഭാഷയില്‍ ഇങ്ങനെ പറയുന്നു....


'One of the most promising real estate developers in Kerala has built land marks at choicest destinations in Cochin City. The Group's unending quest for excellence and commitment to offer higher living standards has won the continuing faith of scores of happy families across the city.'


'HolyFaith respects your desire to lead a life in ultimate peace. That’s basically the reason why we designed H2O the super luxury apartments with air, water and ‘you’ as main ingredients. Set on the banks of the palm-fringed Nettoor backwaters, H2O is a set of 91 thoughtfully crafted apartments.'


പരസ്യത്തില്‍ അവകാശപെടുന്ന വാദങ്ങളുടെ ഉള്ളടക്കങ്ങള്‍ ഏതൊരു സമാന കെട്ടിട നിര്‍മ്മിതാക്കളും അവകാശപെടുന്നുണ്ട്. ഇവിടെ കെട്ടിടത്തിന്‍റെ പേരില്‍ തന്നെ എച്ച് ടു ഓ എന്ന് ചേര്‍ത്ത് വെച്ചിരിക്കുന്നതിലെ കാരണങ്ങള്‍ അവര്‍ വിവരിച്ചിരുന്നു. വായുവും വെള്ളവും പിന്നെ നിങ്ങളും മാത്രമാണ് ഇവിടുത്തെ സാന്നിധ്യം . നെട്ടൂര്‍ കായലിന്‍റെ ഓരത്ത് നിങ്ങളുടെ അപ്പുറം നീണ്ടുകിടക്കുവാൻ കായല്‍ പരപ്പുകള്‍ മാത്രം.  ഫ്ലാറ്റ് കച്ചവടക്കാരുടെ ഓരോ വരികളും നിയമ ലംഘനങ്ങള്‍ മാത്രമായിരുന്നു എന്ന് തിരിച്ചറിയുവാന്‍ നാട്ടില്‍ വിപുലമായ സംവിധാനങ്ങള്‍ ഉണ്ടായിരുന്നു. ആ സംവിധാനങ്ങള്‍ എല്ലാം ഒറ്റ കെട്ടായി, കച്ചവടക്കാര്‍ക്കുവേണ്ടി ഒന്നിച്ച് നിശബ്ദവും പരസ്യവുമായി അണി നിരന്നപ്പോള്‍, എല്ലാ നിയമങ്ങള്‍ക്കും അതീതമായി എന്നും കച്ചവടങ്ങള്‍ കൊഴുപ്പിക്കാം എന്ന് Real estate സ്രാവുകള്‍ കരുതിയിട്ടുണ്ട് .അതില്‍ അകപ്പെട്ടു പോയ 350 അന്തേവാസികൾ ക്കുണ്ടായ നഷ്ടം നിര്‍മ്മാണ കമ്പനികള്‍, അവര്‍ക്ക് അവസരം നല്‍കിയ പഞ്ചായത്ത് ഭരണസമിതി, ഉദ്യോഗസ്ഥര്‍, പരസ്യം നല്‍കുവാന്‍ മുന്നില്‍ നിന്ന മാധ്യമങ്ങള്‍ എന്നിവരില്‍ നിന്നും വാങ്ങി കൊടുക്കുവാന്‍ സര്‍ക്കാര്‍ തയ്യാറാകേണ്ടതാണ്.


സംസ്ഥാനത്തെ വിവിധ തരത്തില്‍ യാതന അനുഭവിക്കുന്ന നിരവധി ആളുകള്‍ നമുക്കൊപ്പമുണ്ട്.അവരുടെ ജീവിക്കുവാനുള്ള അവകാശം നഷ്ടപെടുത്തുന്നത് സര്‍ക്കാരിന്‍റെ തെറ്റായ നിലപാടുകള്‍ കൊണ്ടാണ് എന്നറിയുവാൻ വലിയ ബുദ്ധിമുട്ടില്ല..


എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍, വികസനത്തിന്‍റെ പേരില്‍ ഊരുകള്‍ നഷ്ടപെട്ട  ആദി വാസികള്‍ , മൂലംപള്ളിയില്‍ നിന്നും കുടി ഇറങ്ങിയവര്‍, പ്ലാച്ചി മടയെ മരുഭൂമിയാക്കിയ അവസ്ഥ, ചാലിയാര്‍, ചാലക്കുടി തീരവാസികള്‍, തോട്ടം തൊഴിലാളികള്‍ , മത്സ്യ തൊഴിലാളികള്‍, ചെങ്ങറയില്‍ വോട്ടവകാശം നഷ്ടപെട്ട 3000 ആളുകള്‍, ഖനനത്താല്‍ വീടും കുടിവെള്ളവും മറ്റും നഷ്ടപെട്ടവര്‍, മലയിടിഞ്ഞും വെള്ളം പൊങ്ങിയും മറ്റും ജീവിതം വഴി മുട്ടിയവര്‍ തുടങ്ങി ലക്ഷക്കണക്കിന് ആളുകള്‍ നമ്മുടെ നാട്ടില്‍ നരക ജീവിതം നയിക്കുകയാണ്.അവരുടെ (ജീവിത) ഗതി കേടുകള്‍ മാലോകരെ അറിയിക്കുവാന്‍ നമ്മുടെ ഔദ്യോഗിക മാധ്യമങ്ങൾ (സോഷ്യല്‍ മീഡിയപോലും) വേണ്ട താല്പര്യം കാട്ടാറില്ല.


മരടിലെ ഉപരി വര്‍ഗ്ഗത്തില്‍പെട്ടവരുടെ ബുദ്ധിമുട്ടുകള്‍  കണ്ടില്ല എന്നു നടിക്കുവാന്‍ മന്ത്രിമാര്‍ മുതലുള്ള ആര്‍ക്കും കഴിയില്ല.(എന്നതാണ് വസ്തുത.)  അതിന്‍റെ പേരില്‍ CRZ പാെലെയുള്ള നിരവധി നിയമങ്ങളെ വീണ്ടും നിരായുധമാക്കുവാനുള്ള അവരമാക്കി എടുക്കുവാൻ, വഞ്ചനക്ക് ഇരയായവരെ മുന്നില്‍ നിര്‍ത്തി , നേതാക്കളും മറ്റും നടത്തുന്ന ശ്രമങ്ങള്‍ ഇവിടെ നടക്കുന്നു..ആന്തൂരിൽ ഉണ്ടായ അതി ദാരുണമായ സംഭവത്തെ നിയ മലംഘനത്തിനുള്ള ലൈസൻസ്സാക്കി മാറ്റുവാൻ മടിക്കാത്തവർ നമ്മുടെ അധികാര കസേരയിലുണ്ട് .  


ഗാട്ഗില്‍ കമ്മീഷന്‍ നിര്‍ദ്ദേശങ്ങളെ വെട്ടി നിരത്തുവാന്‍ എല്ലാ രാഷ്ട്രീയ-മത-മാധ്യമ നേതാക്കളും ഒറ്റ കെട്ടായത് ,അവര്‍ക്ക് കേരളത്തിലെ ഇടത്തരം വിഭാഗത്തെയും അവരുടെ ആഗ്രഹങ്ങളെ കരുപിടിപ്പിക്കുന്ന ദല്ലാള്‍ സ്വഭാവമുള്ള വരെയും പ്രസ്തുത റിപ്പോര്‍ട്ട് ആശങ്കയില്‍ ആഴ്ത്തുന്നു എന്നതിനാലായിരുന്നു. അതു വഴി പശ്ചിമഘട്ടത്തിന്റെ നശീകരണം തുടരുവാൻ ബന്ധപ്പെട്ടവർ താൽക്കാലികമായി എങ്കിലും  വിജയിച്ചതായി കാണാം.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment