ലോകകപ്പിലെ മൃഗബലി




കാൽപന്തുകളി സംഘാടനത്തിൽ കാർബൺ രഹിത നിർമ്മാണ മാതൃകകൾ മുന്നോട്ടു വെക്കുന്ന റഷ്യൻ പൊതു സംവിധാനം പക്ഷേ തെരുവു നായ്ക്കളുടെ ജീവനു വിലകൽപ്പിക്കുന്നില്ല എന്ന വസ്തുത പ്രകൃതിസംരക്ഷണ നിലപാടിന്റെ കരുത്തു ചോർത്തുന്നു.

 

പന്തുകളിയുടെ സുരക്ഷക്കായി കളി നടക്കുന്ന  11 നഗരങ്ങളിലെ 20 ലക്ഷം തെരുവു നായ്ക്കളെ കൊലപ്പെടുത്തുവാനുള്ള സംഘാടകരുടെ ശ്രമം വലിയ പ്രതിഷേധങ്ങൾക്ക് ഇടയാക്കിയിരുന്നു. 119 ദശലക്ഷം യൂറോ നായ്ക്കളെ വന്ധ്യംകരിക്കാനും കൊന്നുകളയാനുമായി സർക്കാർ നീക്കി വെച്ചതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. നിരവധി വളർത്തു നായ്ക്കൾ ഉള്ള നായ സ്നേഹിയായി അറിയപ്പെടുന്ന റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിന് മൃഗസ്നേഹികൾ സമർപ്പിച്ച അപേക്ഷയിൽ രണ്ടു ദശലക്ഷം പേരാണ് ഒപ്പു വെച്ചത്. എന്നാൽ ലോകകപ്പ് നടക്കുന്നതിനിടയിൽ പോലും നായകളുടെ എണ്ണം നിയന്ത്രിക്കാൻ കരാർ എടുത്ത സ്വകാര്യ കമ്പനികൾ കൂട്ടക്കുരുതി തുടരുകയാണെന്ന് മൃഗസ്നേഹികൾ ആരോപിക്കുന്നുമുണ്ട്. 

 

ലോകകപ്പിന് മുന്നോടിയായി നായ്ക്കളോട് കാട്ടുന്ന ക്രൂരതകളെ പറ്റി റഷ്യൻ പാർലമെന്റിലെ പരിസ്ഥിതി കമ്മിറ്റിയുടെ തലവനായ വ്ലാദിമിർ ബർമറ്റോവ് തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. ഒരു നായ്ക്കായി മാറ്റി വെച്ചിരിക്കുന്ന 1.2 യൂറോ നേടാനായി നായ്ക്കളെ കൂട്ടത്തോടെ പിടികൂടുകയാണെന്നും നായ്ക്കൾക്കായുള്ള ഷെൽട്ടർ ഹോം നടത്തുന്ന കമ്പനി മൃഗസംരക്ഷണത്തിൽ പ്രാവീണ്യമുള്ളവരല്ല മറിച്ച് മാലിന്യ സംസ്കരണത്തിലെ വിദഗ്ദർ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. 

 

റഷ്യക്കാർ മറ്റാരേക്കാളും നായ്ക്കളെ സ്നേഹിച്ചു വരുന്നവരാണ്. ക്രെംലിനിലെ പ്രസിദ്ധമായ മെട്രോ സ്റ്റേഷനിൽ (Revolutionary station) ഉയർന്നു നിൽക്കുന്ന പട്ടിയും വേട്ടക്കാരനും പ്രതിമയെ ഭാഗ്യ ചിഹ്നമായി നാട്ടുകാർ കരുതി വരുന്നു. അതിന്റെ മൂക്കിൽ തൊട്ടു വന്ദിക്കുക ഒരു ചടങ്ങു പോലെയാണ്. അതിനായി നീണ്ട ക്യൂ കാണാം. (പ്രതിമയിലെ പട്ടിയുടെ മൂക്ക് വെള്ള നിറത്തിലേക്കു മാറിയിട്ടുണ്ട്.) ഒരു സ്ത്രീ കുത്തി കൊലപ്പെടുത്തിയ മാൽഷിക്ക് എന്ന നായുടെ പ്രതിമയുണ്ടാക്കി (Empathy)  മെൻഡലിവ് സ്റ്റേഷനിൽ സ്ഥാപിച്ച് മാപ്പു പറഞ്ഞ നാട്ടുകാരാണ് റഷ്യക്കാർ.  ആദ്യ ബഹിരാകാശ യാത്രികനായ ലൈക്ക എന്ന പട്ടി കുട്ടിയെ ആരും മറക്കില്ല. 

 

റഷ്യൻ മെട്രാേയിൽ  നിരന്തരമായി മനുഷ്യരെ പോലെ യാത്ര ചെയ്യുന്ന തെരുവു നായ്ക്കളെ അത്ഭുതത്തോടെ മാത്രമെ നോക്കി നിൽക്കുവാൻ കഴിയു. അവക്ക്  സ്റ്റേഷനിലെ അറിയിപ്പുകൾ തിരിച്ചറിയുവാൻ കഴിയുന്നു എന്ന് പഠനങ്ങൾ പറയുന്നുണ്ട്.

 

ലോക കാൽ പന്തുകളിയിലെ വലിയ സംഭവമായിരുന്നു 1966  ലോക മത്സര വേദിയിൽ  പ്രദർശിപ്പിച്ച FIFA അന്തർ ദേശീയ ട്രാേഫി ലണ്ടനിൽ നിന്നും മോഷണം പോയത്. അത് തിരിച്ചു കിട്ടുന്നതിന് സഹായിച്ച PickeI എന്ന കറുപ്പും വെളുപ്പും നിറമുള്ള  നായ് ലോകത്തിന്റെ അന്നത്തെ ഹീറോയായിരുന്നു.

 

52 വർഷത്തിനു ശേഷം നടക്കുന്ന മറ്റൊരു ലോക പന്തുകളി മാമാങ്കത്തിൽ, അതും പട്ടികളെ നല്ല നിലയിൽ സ്നേഹിക്കുന്ന റഷ്യയിൽ ,തെരുവു നായ്ക്കളെ കൊല്ലുവാൻ എടുത്ത തീരുമാനം തികച്ചും മനുഷ്യത്വ വിരുദ്ധമാണ്. 2014 സോചി ഒളിമ്പിക്സിന് മുൻപും നായ്ക്കളെ കൂട്ടത്തോടെ കൊന്നൊടുക്കിയിരുന്നു. 

 

റഷ്യയിൽ പല ഇടങ്ങളിലായി അര ഡസൻ നായ പ്രതിമകൾ എങ്കിലും വലിയ പ്രസിദ്ധി നേടിയവയാണ് . പുട്ടിൻ എന്ന ഏകാധിപതി ,റഷ്യൻ തെരുവു നായ്ക്കളെ കൊലപ്പെടുത്തുവാൻ എടുത്ത തീരുമാനത്തിൽ മാറ്റങ്ങൾ വരുത്താതെ  ഇരിക്കുമ്പോൾ  ദുഖകരമായ വാർത്തകൾ കൂടി സൃഷ്ടിച്ചാണ് ലോക കാൽപ്പന്തു കളി മത്സരം അവസാനിക്കുന്നത്. 

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment