പക്ഷിലോകം: താലിക്കെട്ടില്ലാതെ പറന്ന് നടന്ന് താലിപ്പരുന്ത്




കേരളത്തിൽ വളരെ അപൂർവ്വമായി മാത്രം കാണപ്പെടുന്ന അതിമനോഹരവും, പ്രൗഢീയുമുള്ള ഒരു പക്ഷിയാണ് താലിപ്പരുന്ത്. കടലിലും, കായലിലും, വലിയ ജലസംഭരണികളിലുമാണ് ഇവയെ കാണപ്പെടുന്നത്. മത്സ്യങ്ങളെ കൂടുതലായും ഭക്ഷണമാക്കുന്നതു കൊണ്ട് മീൻപ്പിടിയൻ പരുന്ത് എന്നും ഇവയെ വിളിക്കാറുണ്ട്.


കടും തവിട്ടു നിറത്തിലുള്ള പുറംഭാഗവും, വെളുത്ത അടിഭാഗവുള്ള ഇവയ്ക്ക് കണ്ണിനു  മീതേ ഒരു കറുത്ത പട്ടയുണ്ട്. ശരീരത്തിന്റെ അടി ഭാഗത്തയി, തവിട്ടു നിറത്തിൽ മാല പോലെ ഒരു പട്ട മാറിടത്തിലുമുണ്ട്. അതിനാലാണ് ഇവയ്ക്കു താലിപ്പരുന്ത് എന്ന പേരു ലഭിച്ചത് . 


വളരെ അത്ഭുതകരമായ രീതിയിലാണ്. ഇവയുടെ ഇരിപ്പിടുത്തം. നീളമുള്ളതും, ബലമുള്ളതുമായ കാലുകളുപയോഗിച്ചാണ് ഇവ ഇര പിടിക്കുന്നത്. ജലപ്പരപ്പിന് അമ്പതടി മീതേ പറന്നു കൊണ്ടിരിക്കേ ,പെട്ടന്ന് ബ്രേക്കിട്ട് ഒരു കൂറ്റൻ മീൻ കൊത്തിയെ പോലെ "കാറ്റു ചവുട്ടി" (Hovring) നിലകൊള്ളും . അസാമാന്യ കാഴ്ച ശക്തിയുള്ള കണ്ണുകൾക്ക് വെള്ളത്തിന്റെ അടിയിൽ സഞ്ചരിക്കുന്ന ചെറിയ മത്സ്യങ്ങളെ പോലും കൃത്യമായി കാണാൻ കഴിയും .നീണ്ട കാലുകൾ താഴ്ത്തി കല്ലു വീഴുന്നതു പോലെ , പക്ഷി വെള്ളത്തിലെയ്ക്കു കുതിക്കും. വെള്ളത്തിലെയ്ക്ക് മുഴുവനായും മുങ്ങി, വലിയ ഒരു മത്സ്യത്തെയും വിരലുകളിലിറുക്കിപ്പിടിച്ചു കൊണ്ട് പൊന്തി വന്ന്, കലി കയറിയ ഭാവത്തോടെ കരയിലുള്ള ഒരു വലിയ ഇരിപ്പടത്തിയെക്കു കുതിക്കും. അവിടെയിരുന്ന് തീരേ ധൃതികൂടാതേ കൊത്തി കീറി വിഴുങ്ങി തുടങ്ങും.


ചിലയവസരങ്ങളിൽ മത്സ്യത്തിന്റെ വലിപ്പവും, ശക്തിയും മനസ്സിലാക്കാതേ റാഞ്ചിപ്പിടിച്ച് അതിന്റെ ശരീരത്തിൽ നഖങ്ങൾ കുത്തിയിറക്കുന്നു. ഭാരം കൂടിയ മത്സ്യങ്ങളെ താങ്ങിപ്പിക്കാൻ കഴിയാതേ വരുമ്പോൾ ഈ പക്ഷി മത്സ്യത്തൊടൊപ്പം വെള്ളത്തിൽ മുങ്ങി ചാകാറു മുണ്ട്. മത്സ്യം പിടിക്കാൻ സാധിക്കാത്ത സമയങ്ങമിൽ എലി, തവള, പല്ലികൾ തുടങ്ങിയവയും ഭക്ഷണമാക്കാറുണ്ട് .


ഒരു ദേശാടകനാണ് താലിപ്പരുന്ത്. കേരളക്കരയിൽ മഞ്ഞുകാലവും, വേനലും കഴിച്ചുകൂട്ടിയ ശേഷം മാർച്ച് ഏപ്രിൽ മാസത്തിൽ ഗൃഹാശ്രമം അനുഷ്ഠിക്കാൻ യുറേഷ്യായുടെ വടക്കു ഭാഗത്ത് പോയി കൂടു കൂട്ടി, കുഞ്ഞു വിരിയിക്കുന്നു .


വെള്ളത്തിനടുത്തുള്ള വൻ മരങ്ങളിലും, ചിലപ്പൊൾ താഴെ തന്നെയും , വലിയ ചുള്ളികൾ കൊണ്ട് കൂടു കൂട്ടി മൂന്ന് നാലു മുട്ടകൾ ഇടും. ഒരിക്കൽ കൂടു കൂട്ടിയ സ്ഥലത്തൊട്, ഈ പക്ഷിക്ക് പ്രത്യേക കൂറുള്ളതിനാൽ, പഴയ കൂട്ടിൽ കുറേ കൂടി ചുള്ളികൾ പിടിപ്പിച്ച് കൊല്ലം തോറും കുഞ്ഞു വിരിയിക്കുന്നു .


ചില താലിപ്പരുന്തുകൾ ഏപ്രിലിനു ശേഷവും, വർഷം മുഴുവനും നമ്മുടെ നാട്ടിൽ താമസിക്കുന്നതായി കണ്ടിട്ടുണ്ട്. യുറോപ്പിലും , വടക്കൻ അമേരിക്കയിലും കീടനാശിനികളുടെ അമിതമായ ഉപയോഗം കാരണം വംശനാശത്തിന്റെ വക്കിലെത്തിയിരുന്ന പക്ഷികളിലൊന്നായിരുന്നു താലിപ്പരുന്ത്. ഈ കീടനാശിനികളുടെ  ഉപയോഗത്തിലുണ്ടായ നിയന്ത്രണത്തിനു ശേഷം സാവധാനത്തിലെക്കിയും താലിപ്പരുത്തിന്റെ സംഖ്യ മെച്ചപ്പെട്ടിട്ടുണ്ട്.

 

പക്ഷിലോകം: ബേയ്‌സിൽ പീറ്റർ
പക്ഷി നിരീക്ഷകൻ, വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ  

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment