ഉയരുന്ന സമുദ്രനിരപ്പ് : അപകടം നേരിടുന്ന 20 ലോകനഗരങ്ങളുടെ പട്ടികയിൽ കൊച്ചിയും




സമുദ്രനിരപ്പ് ഉയരുന്നത് മൂലം അപകടത്തിലാവുന്ന ആദ്യ 20 ലോകനഗരങ്ങളിൽ കൊച്ചിയും. കൊച്ചി, ചെന്നൈ, സൂറത്ത് ഈ മൂന്ന് ഇന്ത്യൻ നഗരങ്ങളാണ് പട്ടികയിലുള്ളത്. മറ്റു തീരദേശ നഗരങ്ങളേക്കാൾ വേഗത്തിലാണ് കൊച്ചിയിൽ കടൽ കയറിക്കൊണ്ടിരിക്കുന്നത്. കാലാവസ്ഥാ വ്യതിയാനവും മാനുഷിക ഇടപെടലുകളും കൊണ്ട് സമുദ്രനിരപ്പ് അസാധാരണമാം വിധം ഉയരുന്നതാണ് ഈ നഗരങ്ങളെ അപകടമുഖത്ത് നിർത്തുന്നത്. ഇന്ത്യൻ തീരത്തുള്ള ജൈവസമ്പന്നമായ ഡെൽറ്റകളും, ആവാസ വ്യവസ്ഥകളുമെല്ലാം ഈ സമുദ്രഭീഷണി നേരിടുന്നു. 


2014 ൽ കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച ഇന്റർ ഗവൺമെന്റൽ പാനൽ ലോകത്ത് എല്ലായിടത്തും തീരദേശ പട്ടണങ്ങൾ ഭീഷണി നേരിടുന്നതായും, ഇതിൽ തന്നെ ഇന്ത്യ, ബംഗ്ലാദേശ്, ചൈന എന്നീ തീരങ്ങളിൽ അവസ്ഥ അതീവ ഗുരുതരമാണെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. ഇന്ത്യയിൽ ഏറ്റവും കൂടുതൽ അപകട ഭീഷണി നേരിടുന്നത് ബംഗാൾ, ഒഡീഷ, കേരളം, ആന്ധ്രാപ്രദേശ്, തമിഴ്നാട്, മഹാരാഷ്ട്ര എന്നിവയാണ്. ഇന്ത്യൻ തീരദേശ പട്ടണങ്ങളിലെ ജനസംഖ്യ അതിദ്രുതം വർദ്ധിക്കുന്നതും, ജനസാന്ദ്രത കൂടുന്നതും അപകടത്തിന്റെ രൂക്ഷത വർദ്ധിപ്പിക്കുമെന്നാണ് കരുതപ്പെടുന്നത്. ഇന്ത്യയിലെ ദുരന്തനിവാരണ സംവിധാനങ്ങളുടെ പരിമിതികളും ദുരന്തത്തിന് ആക്കം കൂട്ടുമെന്നും സംസ്ഥാന ഗവണ്മെന്റുകളും, കേന്ദ്ര ദുരന്തനിവാരണ ഏജൻസികളും കൂടുതൽ  ജാഗ്രത കാട്ടണമെന്നും ഏഷ്യൻ ഏജ് എന്ന വെബ്‌സൈറ്റ് പ്രസിദ്ധീകരിച്ച ജെ.എൻ.യു വിലെ സ്‌പെഷൽ സെന്റർ ഫോർ ഡിസാസ്റ്റർ റിസർച്ചിന്റെ ചെയർമാനായ ഡോ.അമിതാ സിംഗിന്റെ റിപ്പോർട്ടിൽ പറയുന്നു. 

 

കഴിഞ്ഞ ഒരു നൂറ്റാണ്ടിനിടെ ഗ്ലോബൽ മീൻ സീ ലെവൽ 10 മുതൽ 20 സെന്റിമീറ്റർ വരെ ഉയർന്നിട്ടുണ്ട്. കഴിഞ്ഞ 20 വർഷത്തെ സമുദ്ര നിരപ്പിലുണ്ടാകുന്ന ഉയർച്ചയുടെ തോത് പ്രതിവർഷം 3.2 മില്ലിമീറ്റർ വീതമാണ്. ഈ നിരക്ക് അതിന് മുൻപുള്ള 80 വർഷത്തേക്കാൾ ഇരട്ടിയാണ്. ഇത് പ്രളയസാധ്യത 300 ശതമാനം മുതൽ 900 ശതമാനം വരെ വർദ്ധിപ്പിക്കും. 9 സംസ്ഥാനങ്ങളിലും രണ്ടു കേന്ദ്ര ഭരണ പ്രദേശങ്ങളിലും രണ്ടു ദ്വീപ് പ്രദേശങ്ങളിലുമായി 600 മില്യൺ മനുഷ്യരെ നേരിട്ട് ബാധിക്കും. കൊൽക്കത്തയിൽ കഴിഞ്ഞ 14 വർഷത്തിനിടെ 5.7 മില്ലിമീറ്ററാണ് സമുദ്രനിരപ്പിൽ വ്യത്യാസമുണ്ടായത്. ഇത് ബംഗാൾ ഡെൽറ്റ  മുങ്ങാൻ പോകുന്നതിന്റെ ലക്ഷണമായി കരുതുന്നു. കൊച്ചിയിലും സമുദ്ര നിരപ്പിലുണ്ടാകുന്ന വ്യതിയാനം മൂലം ഉപ്പ്‌വെള്ളം കയറുന്നത്  ശുദ്ധജല ലഭ്യതയെയും, കൃഷിയെയും, തൊഴിലിനേയും സാരമായി ബാധിക്കും. 

 

ഇന്ത്യയുടെ കിഴക്കൻ തീരത്ത് ഗംഗ ബ്രഹ്മപുത്ര ഡെൽറ്റയാണ് സമുദ്രനിരപ്പിൽ ഉണ്ടാകുന്ന വർദ്ധനവിന്റെ ഫലങ്ങൾ ഏറ്റവും രൂക്ഷമായി നേരിടേണ്ടി വരിക. താഴ്ന്ന കരയും, തിരകളുടെ ശക്തി കൂടുതലും ഇവിടെ കടലിനെ കൂടുതൽ സംഹാരരൂപിയാക്കും. വിശാഖപട്ടണം, ഭുവനേശ്വർ, ചെന്നൈ, നാഗപട്ടണം എന്നിവിടങ്ങളിലെല്ലാം കടൽ കയറുകയും, തീരം നഷ്ടപ്പെടുകയും കൂടുതൽ കൂടുതൽ പാരിസ്ഥിതിക അഭയാർത്ഥികളെ സൃഷ്ടിക്കുകയും ചെയ്യുമെന്ന് ഡോ.അമിതാ സിംഗിന്റെ റിപ്പോർട്ടിൽ പറയുന്നു. 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment