നവ കേരള സൃഷ്ടി മറ്റൊരു പ്രഹസനമായി മാറുമോ..?




    പ്രളയത്തിലൂടെ വളര്‍ന്ന കേരളത്തിന് 2018 ലെ വെള്ളപ്പൊക്കം വന്‍ പ്രതിസന്ധി ഉണ്ടാക്കിയിരിക്കുന്നു. അതിനു കാരണമാകുവാന്‍ നമ്മുടെ നാട് ഏതെങ്കിലും തരത്തില്‍ പങ്കു വഹിച്ചുവെങ്കില്‍ അതിനെ മറന്നു കൊണ്ട്  മുന്നോട്ട് പോകുവാന്‍ കഴിയില്ല/കഴിയരുത്‌.  പ്രകൃതിയുടെ  ഭാഗമായ മലകള്‍ക്കും താഴ്വാരങ്ങള്‍ക്കും നദികള്‍ക്കും കടലിനും പ്രകൃതി പ്രതിഭാസങ്ങളെ സ്വംശീകരിക്കുവാന്‍ വേഗത്തില്‍ കഴിയും. അവയുടെ ആരോഗ്യകരമായ സാനിധ്യം പ്രകൃതി പ്രതിഭാസങ്ങളെ ദുരന്തമായി മാറാതിരിക്കുവാന്‍ വേണ്ടതെല്ലാം ചെയ്യും.


    വേരുകള്‍ അറുത്തുമാറ്റപെട്ട കാടുകളും കുന്നുകളും, അരുവികള്‍ ചെന്ന് ചേരാത്ത ഗര്‍ത്തങ്ങളായി  മാറിയ നദികളും, പാടങ്ങള്‍ നഷ്ടപെട്ട ഇടനാടും വ്യാപ്തി നഷ്ടപെട്ട കായലുകളും നാട്ടില്‍ ദുരന്തങ്ങളെ ക്ഷണിച്ചു വരുത്തികൊണ്ടിരിക്കുന്നു. വരള്‍ച്ചയായി, അതി വൃഷ്ടിയായി,സൂര്യാഘാതമായി, പകര്‍ച്ച വ്യാധികളുടെ മടങ്ങിവരവായി കേരളം മാറുകയാണ്‌.


    ജീവിത സൂചികയില്‍ മുന്നേറിയ നമ്മുടെ നാട് പ്രകൃതി ദുരന്ത ഭീഷണിയില്‍പ്പെട്ടാല്‍ അതിലും വലിയ ജീവിത പ്രതിസന്ധി മറ്റെന്താണ്?  ജീവിത സൂചികയുടെ പ്രഥമ സ്ഥാനം പ്രകൃതി സൗഹൃദമായ ചുറ്റുപാട് ആയിരിക്കും എന്നു മനസ്സിലാക്കുവാന്‍ കഴിയാത്ത ഒരു നാട് സ്വഹത്യക്ക് അവസരങ്ങള്‍ ഒരുക്കുകയാണ്. പ്രകൃതി വിഭങ്ങളുടെ മൂല്യങ്ങൾ  വിലമതിക്കുവാന്‍ കഴിയാത്തതാണ് എന്നംഗീകരിക്കാത്ത ജനാധിപത്യ സംവിധാനം, മനുഷ്യ കുലത്തിന് മാത്രമല്ല എല്ലാ ജീവിവര്‍ഗ്ഗങ്ങള്‍ക്കും ഭീഷണി തീര്‍ത്തു കൊണ്ടേ പ്രവര്‍ത്തിക്കുകയുള്ളൂ.


    സര്‍ക്കാര്‍ സംവിധാനം ആഗ്രഹിക്കുന്ന നവ മലയാളനാട്, പ്രകൃതി സ്പന്ദങ്ങളെ നെഞ്ചിലേറ്റി ജീവിച്ചു വന്ന ആദിമ വാസികള്‍ക്ക്, കാര്‍ഷിക വൃത്തി ജീവിതത്തിന്‍റെ ഭാഗമാക്കി മാറ്റിയ കർഷക തൊഴിലാളികൾക്ക്  (കർഷകർക്ക്),  കടലിന്‍റെ വേഗത്തിനൊപ്പം കഴിഞ്ഞു വരുന്നവര്‍ക്ക് ,കഴിഞ്ഞ നാളുകളില്‍ നഷ്ടപെട്ടുപോയ അവരുടെ കേരളമായി  തിരിച്ചു  കിട്ടുമോ  എന്നതാണ് പ്രസക്തമായ ചോദ്യം. അതിന് തൃപ്തികരമായ മറുപടി നല്‍കുവാന്‍ കഴിയുന്നില്ലെങ്കില്‍ Rebuilding Kerala മറ്റൊരു പ്രഹസനമായി മാറി നാടിനെ അനാഥമാക്കും

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment