ആമസോൺ കാടുകളിലെ തീ അണക്കാൻ സൈന്യത്തെ അയച്ച് ബ്രസീൽ; സഹായ ഹസ്‌തവുമായി ജി7




ആമസോണ്‍ കാടുകളിലെ തീയണയ്ക്കാന്‍ ബ്രസീല്‍ സൈന്യത്തിന്റെ സഹായത്തോടെ ശ്രമം തുടങ്ങി. യൂറോപ്യൻ രാജ്യങ്ങള്‍ ഉപരോധ ഭീഷണി മുഴക്കിയതിനെ തുടര്‍ന്ന്‍ കാട്ടുതീ അണയ്ക്കാൻ ബ്രസീൽ പ്രസിഡന്റ് ജെയർ ബോൾസൊനാരോ സൈന്യത്തെ അയച്ചിരുന്നു. തീപ്പിടിത്തം രൂക്ഷമായ ആറു ബ്രസീലിയന്‍ സംസ്ഥാനങ്ങളിലേക്ക് 44,000 സൈനികരെ അയച്ചിട്ടുണ്ടെന്ന് ബ്രസീൽ സര്‍ക്കാര്‍ അറിയിച്ചു. 


കാട്ടുതീയുണ്ടായ രാജ്യങ്ങളെ സഹായിക്കാൻ ജി ഏഴ് ഉച്ചകോടി തീരുമാനിച്ചതായി ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോൺ അറിയിച്ചു. ആമസോണിലെ കാട്ടുതീ രാജ്യാന്തര പ്രശ്നമായി മാറിയെന്ന് ഇമ്മാനുവൽ മക്രോ പറഞ്ഞിരുന്നു. കാട്ടുതീ ശക്തമായ ബ്രസീലിനും സമീപരാജ്യങ്ങൾക്കും സഹായം നൽകണമെന്നും വനവത്കരണത്തിന് സഹായിക്കണമെന്നും മാക്രോൺ ജി ഏഴ് ഉച്ചകോടിക്ക് മുമ്പ് തന്നെ ആവശ്യപ്പെട്ടിരുന്നു.


വിമാനമാര്‍ഗം വെള്ളം പമ്ബുചെയ്ത് തീയണയ്ക്കാനാണ് ശ്രമിക്കുന്നത്. ആദ്യഘട്ടത്തില്‍ റൊണ്ടോണിയ സംസ്ഥാനത്താണ് തീയണയ്ക്കുന്നത്. 700 പേരാണ് ഇവിടേക്ക് പുറപ്പെട്ടിട്ടുള്ളത്. രണ്ട് സി-130 ഹെര്‍ക്കുലീസ് വിമാനങ്ങളിലായി 12,000 ലിറ്റര്‍ വെള്ളം ദുരന്തമേഖലയിലേക്ക് പമ്ബുചെയ്യാനാണ് ശ്രമിക്കുന്നത്. നേരത്തേ വനനശീകരണം നടന്ന മേഖലകളടക്കം ഏറക്കുറെ അഗ്‌നി വിഴുങ്ങി. മറ്റോ ഗ്രോസ്സോ സംസ്ഥാനത്തും വന്‍തോതില്‍ അഗ്‌നിബാധയുണ്ട്. തീയണയ്ക്കാന്‍ അടിയന്തര ഇടപെടല്‍ നടത്തണമെന്ന് അന്താരാഷ്ട്രസമൂഹം സമ്മര്‍ദംചെലുത്തുന്നുണ്ട്.


അതേസമയം, ആമസോണിൽ തീപടർന്ന് പിടിക്കുകയാണ്. ഒരുമിനിറ്റില്‍ അര ഫുട്‌ബോള്‍ സ്റ്റേഡിയത്തിന്റെ അത്രയും അളവില്‍ തീ ആളിപ്പടരുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. നൂറിലധികം സ്ഥലത്ത് വീണ്ടും തീ കണ്ടുവെന്ന് റിപ്പോർട്ടുകളുണ്ട്. ബ്രസീൽ സ്പേസ് റിസേർച്ച് സെന്‍റർ പുറത്തുവിട്ട കണക്ക് പ്രകാരം 1,200 പുതിയ സ്ഥലങ്ങളിലാണ് തീ കണ്ടെത്തിയത്. 


വെള്ളിയാഴ്ച മുതൽ യുഎസിന്‍റെ സൂപ്പർ ടാങ്കറുകൾ ബൊളീവിയ -  ബ്രസീല്‍ അതിര്‍ത്തിയില്‍ എത്തിയിട്ടുണ്ട്. 76,000 ലിറ്റർ വെള്ളം സംഭരിക്കാൻ ശേഷിയുള്ള ബോയിങ് 747 സൂപ്പര്‍ എയര്‍ ടാങ്കറുകള്‍ ആമസോണ്‍ മഴക്കാടുകള്‍ക്ക് മുകളില്‍ ജലവര്‍ഷം നടത്തി. എന്നിട്ടുണ്ട് തീ അണഞ്ഞിട്ടില്ല. തീ പൂർണമായി അണക്കാൻ ദിവസങ്ങളുടെ കഠിന പരിശ്രമം വേണ്ടിവരും. ആ സമയത്തിനുള്ളിൽ വനത്തിന്റെ കൂടുതൽ ഭാഗങ്ങളും നശിക്കും.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment