വെള്ളം നോക്കിയിരിക്കും നമ്മുടെ സ്വന്തം കുളക്കൊക്ക്




കുളക്കൊക്ക് / Pond Heron (Ardeola grayii)


പാടത്തും ,ജലാശയതീരങ്ങളിലും സുലഭമായ ഈ പക്ഷി , കേരളത്തിൽ സർവ്വവ്യാപിയാണ്. ഭംഗി കുറഞ്ഞ കടും തവിട്ടു നിറമാണ് , എവിടെയെങ്കിലും ഇരിക്കുമ്പോൾ ,എന്നാൽ പറന്നുയരമ്പോൾ വെള്ള നിറത്തിലുള്ള ചിറകുകളും വാലും കാണാൻ മനോഹരമാണ്. കുളക്കരയിലായാലും പാടത്തായാലും , ഈ കൊക്ക് , വെള്ളത്തിനരികേയുള്ള മൺതിട്ടമേലോ ,കല്ലുകളിലോ, വരമ്പത്തോ ഇരുന്നു കൊണ്ട് വെള്ളത്തിലെയ്ക്ക് ഉറ്റു നോക്കുന്നതായാണ് കാണുക .


കുള കൊക്കിന് ആഹാരം സമ്പാദിക്കാൻ വലിയ വിഷമമില്ല .അനങ്ങാതൊരു സ്ഥലത്തിരുന്ന് ഇര അടുത്തെത്തും വരെ ഉറങ്ങുന്നതു പോലെ നടക്കും. ഇര അടുത്തെത്തിയ ഉടനെ കഴുത്തു പെട്ടന്ന് മുന്നോട്ടു നീട്ടി ഇരയെ കൊത്തിയെടുക്കുകയാണ് ചെയ്യുന്നത് .എന്നാൽ സൗകര്യമുള്ളപ്പോൾ നടന്ന് ഇര തേടുന്നതിനും പക്ഷിക്കു മടിയില്ല . മത്സ്യങ്ങളും ,ചെമ്മീനും , പ്രാണികളും , മറ്റു ചെറിയ ജലജീവികളുമാണ് പ്രധാന ഭക്ഷണം .


ഈ പക്ഷിക്ക് സന്താനോൽപ്പാദന കാലം അടക്കുമ്പോൾ വർണ്ണങ്ങൾ മാറുന്നത് പതിവാണ് .മഴ തുടങ്ങുന്നതിനൽപ്പം മുമ്പു തന്നെ കുളകൊക്കിന്റെ നിറങ്ങൾ മാറി തുടങ്ങും .പുതുമഴ പൊടിയുന്ന സമയം കൊണ്ട് ഈ മാറ്റങ്ങൾ പൂർത്തിയാവുകയും, കുളക്കൊക്കിന്റെ ദാമ്പത്യ ജീവിതം തുടങ്ങുകയും ചെയ്യുന്നു . തവിട്ടും ,കാവിയും കലർന്ന പഴയ തൂവലുകളുടെ സ്ഥാനത്ത് പട്ടു പോലെ മാർദ്ദവമുള്ള പുതിയ തൂവലുകൾ മുളച്ചു പൊന്തും .പക്ഷിയുടെ പുറം ഈ സമയത്ത് ചെമ്പിച്ച കടും തവിട്ടു നിറമായിരിക്കും. അടിഭാഗം തൂവെള്ളയായി തിളങ്ങും .തലയിൽ നിന്നും നീണ്ട വാലു പോലെയുള്ള വെള്ള തൂവലുകൾ മുതുകു വരെ നീണ്ടു കിടക്കും .കൊക്കിൽ പച്ചയും മഞ്ഞയും ,കാലിൽ ചുവപ്പും ഇക്കാലത്ത് മാത്രം കാണുന്ന നിറങ്ങളാണ് .


ഒരേ മാറ്റങ്ങൾ തന്നെ പൂവനിലും , പിടയിലും വന്നു ചേരുന്നതു കൊണ്ട് ,പൂവനേയും ,പിടയേയും തിരിച്ചറിയാൻ എളുപ്പമല്ല. പ്ലാവ് , പുളി , തെങ്ങ് തുടങ്ങിയ മരങ്ങളിലാണ് ഇവ സാധാരണ കൂടുകൂട്ടുന്നത് . കൂട് ചുള്ളിക്കമ്പുകൾ കൊണ്ടുണ്ടാക്കിയതായിരുക്കും. കൂട്ടിൽ പതിവായി നാലു മുട്ടകളാണ് കാണുക .നേരിയ പച്ച നിറമുള്ള ഈ മുട്ടകൾക്ക് കോഴി മുട്ടയോളം വലുപ്പമുണ്ടാക്യം .പൂവനോ , പിടയോ സദാ അടയിരിക്കുന്നുണ്ടായിരിക്കും .


മുട്ടകൾ വിരിഞ്ഞാൽ കുറിയതും ,മാർദ്ദവമേറിയതുമായ തൂവലുകൾ കൊണ്ടു മൂടപ്പെട്ട കുഞ്ഞുങ്ങൾ പുറത്തു വരുന്നു .തൂവലുകൾ മുളച്ചു ദേഹം മൂടുവാൻ പതിനഞ്ചു ദിവസം പിടിക്കും .വലിയ പക്ഷി ഭക്ഷണം കൊണ്ടു കൂട്ടിലെത്തിയാൽ കുഞ്ഞുങ്ങളെല്ലാം ചുറ്റും വളഞ്ഞു കൂടും .മുതിർന്ന പക്ഷി തന്റെ കൊക്കു തുറന്നു കുറേ മീൻ കഷണങ്ങളും മറ്റും കൂട്ടിൽ നിക്ഷേപിക്കുന്നു .ഇതാണ് കുഞ്ഞുങ്ങൾക്കാഹാരം .


കുറച്ചു വർഷങ്ങൾക്കു മുൻപുവരെ നാട്ടിൻ പുറങ്ങളിലെ നായാട്ടുകാരുടെ പ്രധാന ഇരയായിരുന്നു കുളക്കൊക്ക്. എന്നാൽ ഇന്നു  അധികൃതരുടെ ശക്തമായ ഇടപെടുകൾ മൂലം ഈ പക്ഷികൾ നമ്മുടെ ജലാശയങ്ങളിൽ സ്വര്യമായി വിവരിക്കുന്നു .

Green Reporter

Basil Peter

Visit our Facebook page...

Responses

0 Comments

Leave your comment