ചാലക്കുടി പുഴയിലെ പ്രളയ നിയന്ത്രണവും മുന്നറിയിപ്പും




പ്രേഷിത


കുസുമം ജോസഫ്
ചാലക്കുടി


സ്വീകർത്താവ്


ബഹു.ചീഫ് സെക്രട്ടറി
കേരള സർക്കാർ


പകർപ്പ്:

1. പ്രിൻസിപ്പൽ സെക്രട്ടറി,
റവന്യൂ & ദുരന്തനിവാരണം

2. ജില്ലാ കലക്ടർ, തൃശൂർ


സർ,

പെരിങ്ങൽകുത്ത് അണക്കെട്ടിൽ ജലനിരപ്പ് ഉയർന്നതിനെത്തുടർന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചു എന്ന വാർത്ത പുഴ ത്തീരത്തു താമസിക്കുന്നവരിൽ വലിയ ഭീതി ജനിപ്പിച്ചിരിക്കുകയാണ്. 2018ലെ ഭീകരമായ പ്രളയവും 2019 ലെ വലിയ വെള്ളപ്പൊക്കവും നേരിട്ടനുഭവിച്ചവരാണ്  ചാലക്കുടി പുഴത്തീരവാസികൾ. അന്നത്തെ ദുരന്താനുഭവങ്ങളുടെ നീറുന്ന ഓർമ്മകൾ നിലനിൽക്കുന്ന വീടുകളിലുള്ളവരുടെ ആശങ്ക വർദ്ധിപ്പിക്കുന്ന വിധത്തിലാകരുത് അണക്കെട്ടുകൾ തുറക്കുന്നത് സംബന്ധിച്ചുള്ള അറിയിപ്പുകൾ. 


പുഴത്തീരത്ത് താമസിക്കുന്നവരിൽ ഭീതിയകറ്റാനും ആത്മവിശ്വാസം വളർത്താനും ഉതകുന്ന നടപടികളാണ് അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകേണ്ടത്. നദീതട നിവാസികളുടെ ആശങ്ക കുറക്കാനുതകുന്ന ചില നിർദ്ദേശങ്ങൾ അങ്ങയുടെ പരിഗണക്കായി സമർപ്പിക്കുന്നു.


1. പെരിങ്ങൽകുത്ത് അണക്കെട്ടിൽ പൂർണ്ണതോതിൽ ജലം സംഭരിക്കേണ്ടതില്ല എന്നും ഡാമിന്റെ സ്പിൽവേ ഷട്ടറുകൾ തുറന്നു വെക്കാമെന്നും ഉള്ള തീരുമാനം ആശ്വാസകരമാണ്. എന്നാൽ ജലനിരപ്പ് സ്പിൽവേകളുടെ Crest Level ആയ 419.4 മീറ്റർ (MSL) ൽ നിലനിർത്തുമ്പോൾ ഇനിയുണ്ടാകുന്ന വലിയ മഴയിലെ പ്രളയജലത്തെ ഉൾക്കൊള്ളാനും ജലനിരപ്പ് പിടിച്ച് നിർത്താനും ഉള്ള സാധ്യത പൂർണ്ണമായും ഇല്ലാതാക്കുന്നു. പെരിങ്ങൽകുത്തിൽ പരിമിതമായ പ്രളയ നിയന്ത്രണമെങ്കിലും സാധ്യമാകണമെങ്കിൽ വൈദ്യുതി ഉല്പാദനത്തിന് തടസമാകാത്ത നിലയിൽ ജലനിരപ്പ് നിലനിർത്തണമെന്ന് അഭ്യർത്ഥിക്കുന്നു.


2. വലിയ മഴയുള്ള വേളകളിൽ മുകളിലെ അണക്കെട്ടുകളിൽ നിന്ന് ജലം പെരിങ്ങൽ കുത്തിലേക്ക് എത്തുകയില്ല എന്ന് ഉറപ്പു വരുത്തണം. ഓരോ അണക്കെട്ടിലും ഇതിനാവശ്യമായ flood cushion എല്ലാ സമയത്തും ഉണ്ട് എന്ന് ഉറപ്പിക്കണം .


3. പുഴയിലെ ജലനിരപ്പും നീരൊഴുക്കിന്റെ തോതും സംബന്ധിച്ചും പുഴയിലെ ഓരോ അണക്കെട്ടിലെയും വെള്ളത്തിന്റെ അളവ് സംബന്ധിച്ചും ഉള്ള വിവരങ്ങൾ ഓരോ ദിവസവും പൊതുജനങ്ങൾക്ക് ലഭ്യമാക്കണം.


4. അണക്കെട്ടുകൾ തുറക്കേണ്ടി വരുമ്പോൾ എത്ര അളവിൽ വെള്ളം പുറത്തേക്ക് ഒഴുകുമെന്നും ഇത് പുഴയിലെ ജലനിരപ്പിൽ എത്ര വർദ്ധന ഉണ്ടാക്കുമെന്നും ജനങ്ങളെ അറിയിക്കണം.


5. വെള്ളപ്പൊക്ക സാധ്യത ഉണ്ടെങ്കിൽ അത് ബാധിക്കാൻ ഇടയുള്ള വീടുകൾക്ക് നേരിട്ട് അറിയിപ്പ് ലഭ്യമാക്കണം. ജനങ്ങൾക്ക് കൃത്യസമയത്ത് നേരിട്ട് അറിയിപ്പ്‌ എത്തും എന്ന് സർക്കാർ പ്രഖ്യാപിച്ചാൽ അത് ആശങ്കയിൽ കഴിയുന്ന പുഴത്തീര നിവാസികൾക്ക് വലിയ ആശ്വാസമാകും.


വിശ്വസ്തതയോടെ


കുസുമം ജോസഫ്
സംസ്ഥാന കോ ഓഡിനേറ്റർ
NAPM ( National Alliance of Peoples Movements) 
ചോലയാർ ,മേലൂർ പി.ഒ
ചാലക്കുടി, തൃശൂർ .പിൻ .6803 11
ഫോൺ.9495567 276

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment