വയനാട് തുരങ്കപ്പാത: മുഖ്യമന്ത്രിയുടെ പ്രഖ്യാപനം അസംബന്ധവും വീണ്ടുവിചാരമില്ലാത്തതും




അസംബന്ധ വികസനത്തിന്റെ അന്ധത്വം ബാധിച്ച ഒരു സാധാരണ മനുഷ്യന്റെ അല്ലെങ്കിൽ ഒരു പ്രതിലോമ രാഷ്ടീയക്കാരന്റെ ജല്പനമായി വയനാട് തുരങ്കപ്പാത പ്രഖ്യാപനത്തെ കാണാനാകില്ല. മാർക്സിസത്തിന്റെ പരിസ്ഥിതി പാഠങ്ങൾ അടക്കം ഹൃദ്യസ്ഥമാക്കിയ ഒരു കമ്യൂണിസ്റ്റ്‌ മുഖ്യനായകനായ ഗവൺമെന്റ് തീരുമാനിച്ചുറപ്പിച്ച 100 ദിവസത്തെ വിവിധ വികസന പ്രവർത്തങ്ങളിൽ ഉൾപ്പെടുത്തി നടത്തിയ പ്രഖ്യാപനമെന്ന നിലയിൽ  കേരളം അത് ഗൗരവത്തോടെ കാണുന്നു.


എന്നാൽ ജനങ്ങൾ ശക്തമായി ഉന്നയിക്കേണ്ട ചില കാര്യങ്ങൾ 
പശ്ചിമ ഘട്ട സംരക്ഷണ ഏകോപന സമിതി ഇവിടെ ഉയർത്തുന്നു.


1. കേരളത്തിന്റെ ഭാവി നിലനില്പിന് തന്നെ വലിയ ആഘാതമേൽപിക്കുമെന്ന് പ്രഥമ ദൃഷ്ട്യാ ബോധ്യമാകുന്ന തുരങ്കപ്പാതയുടെ പ്രഖ്യാപനത്തിന് ജനങ്ങളുടെ മാൻഡേറ്റ് വേണ്ടേ.
ആറു മാസത്തിനു ശേഷം വീണ്ടും മുഖ്യമന്ത്രി സ്ഥാനത്തുണ്ടാകുമെന്ന് ഒരു ഉറപ്പുമില്ലാതെ ഈ പദ്ധതിയുടെ വിദൂര സാധ്യതയെ പറ്റി പോലും പ്രഖ്യാപിക്കാൻ അദ്ദേഹത്തിന് എന്തവകാശം? വരുന്നതെരഞ്ഞെടുപ്പിനു മുമ്പ് തയ്യാറക്കുന്ന പ്രകടന പത്രികയിൽ ഈ പദ്ധതി ഉയർത്തി കാട്ടി ജയിച്ചു വരട്ടെ . അതാണ്  അദ്ദേഹം മാന്യമായി ചെയ്യേണ്ടത്. (കഴിഞ്ഞ തെരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ പരിസ്ഥിതി വാഗ്ദാനങ്ങൾ ജനങ്ങൾ മറന്നിട്ടില്ല എന്നും ഓർക്കേണ്ടതാണ്.


2. വികസനം ഈ തുരങ്കത്തിലൂടെ കേരളത്തിലേക്ക് ഓടിയെത്തുമെന്നും എരുമേലിയിൽ , ചെറുവള്ളി എസ്റ്റേറ്റിൽ പറന്നിറങ്ങുമെന്നും ഒക്കെ ഒരു മാർക്സിസ്റ്റ് നേതാവ് പറഞ്ഞാൽ അത് അപ്പടി വിഴുങ്ങുന്ന ഒരു കാലം ഉണ്ടായിരുന്നു. 2018 ലെ മഹാ പ്രളയവും 19 ലും 20 ലും ആവർത്തിച്ച ഉരുൾ പൊട്ടലും മണ്ണിടിച്ചിലും അങ്ങിനെ മണ്ണോട് ചേർന്ന് ഇനിയും തിരിച്ചറിഞ്ഞിട്ടില്ലാത്ത മനു ജീവനുകളും മാനവികത മരിച്ചിട്ടില്ലാത്ത ഓരോ മലയാളിയുടേയും മുറിവുകളാണിന്ന്. ഏത് വികസനത്തിന്റെ പേരിലായാലും കാടും മലയും അനിയന്ത്രിതമായി കവർന്നെടുത്തതിന്റെ തിരിച്ചടികളാണ് ഇതിന് കാരണമെന്നും കേരളം തിരിച്ചറിയുന്നു. എന്നാൽ ഈ തിരിച്ചറിവ് ഒരു ഇടതുപക്ഷ ഗവൺമെന്റിന് ഉണ്ടായിട്ടില്ല എന്നതും അത്ഭുതമുണ്ടാക്കുന്നു.


3. പ്രോജക്ട് റിപ്പോർട്ടോ , അതിനനുബന്ധമായി ജനങ്ങൾ അറിയേണ്ട പരിസ്ഥിതി ആഘാതം സംബന്ധിച്ചും ജൈവ വൈവിധ്യ വിനാശം സംബന്ധിച്ചും ഉള്ള ഏതെങ്കിലും പഠന റിപ്പോർട്ടോ തയ്യാറാകാതെ ഇത്തരമൊരു പ്രഖ്യാപനം എന്തിന് , ആർക്കുവേണ്ടി എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. വിവിധ കൺസൾട്ടൻസികൾ രാജ്യമാകെ പറന്നു നടക്കുമ്പോൾ , തീർച്ചയായും പശ്ചിമ ഘട്ടത്തെയാകെ വില പറഞ്ഞ് വിൽക്കുന്നത് ആർക്കുവേണ്ടിയെന്ന് ജനങ്ങളറിയണം .


4. പശ്ചിമഘട്ടത്തിന്റെ വളരെ സുപ്രധാനവും ജൈവ വൈവിധ്യങ്ങളാൽ സമൃദ്ധവുമായ മേഖലയാണ് വയനാട് . പരിസ്ഥിതി ദുർബല മേഖലയായ ഈ ദേശം ഇപ്പോൾ തന്നെ മാരകമായ പരിസ്ഥിതി ആഘാതങ്ങളാൽ ശ്വാസം മുട്ടുകയാണ്. ഇനി ഇത്ര വലിയ ആഘാതം കൂടി വഹിക്കാൻ ഉള്ള ശേഷി ആ ഭൂഭാഗത്തിനില്ല, അവിടത്തെ ആവാസ വ്യവസ്ഥക്കുമില്ല.
5. നിലവിൽ ചുരം കയറിപ്പോകുന്ന പാതകൾ കൂടുതൽ ഗതാഗത യോഗ്യമാക്കുന്നതിനുള്ള പരിഷ്കരണ പരിപാടികൾ പ്രാഥമികമായി ആലോചിക്കുകയോ, അതിനുള്ള പദ്ധതികൾ ജനങ്ങളുടെ മുമ്പിൽ വക്കുകയോ ചെയ്യുന്നില്ല. ഈ മുൻഗണനാരീതി എന്തുകൊണ്ട് നഷ്ടമായി.


തികച്ചും വീണ്ടുവിചാരമില്ലാതെ വയനാട് തുരങ്കപ്പാതക്കായി മുഖ്യമന്ത്രി നടത്തിയ പ്രഖ്യാപനം പിൻവലിക്കണമെന്ന് പശ്ചിമ ഘട്ട സംരക്ഷണ ഏകോപന സമിതി ആവശ്യപ്പെടുന്നു

Green Reporter

Babuji

Visit our Facebook page...

Responses

0 Comments

Leave your comment