മാലിന്യവും കയ്യേറ്റവും കൊണ്ട് പൊറുതിമുട്ടി ഉത്തരപ്പള്ളിയാർ




പ്രമുഖ സാമൂഹ്യ-പത്ര പ്രവർത്തകനായ സി ആർ നീലകണ്ഠൻ ഉത്തരപ്പള്ളിയാർ സന്ദർശിച്ചു. ആലാ, ചെറിയനാട്, പുലിയൂർ പഞ്ചായത്തുകളിൽ ആണ് അദ്ദേഹം സന്ദർശനം നടത്തിയത്. മാലിന്യം കുമിഞ്ഞു കൂടി വിഷമയമായ വെള്ളവും മറ്റൊരിടത്തും കാണാൻ കഴിഞ്ഞിട്ടില്ലാത്ത തരത്തിലുള്ള കൈയ്യേറ്റങ്ങളും കൊണ്ട് ഉത്തരപ്പള്ളിയാർ മാറിയിരിക്കുന്നു എന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.


മനുഷ്യ ശരീരത്തിലെ രക്തം പരിശോധിച്ചാൽ രോഗം കണ്ടെത്തുന്നപോലെ ഉത്തരപ്പള്ളിയാറിലെ ജലം കാണുമ്പോൾ ഈ പ്രദേശങ്ങൾ എത്രകണ്ട് രോഗാതുരമാണെന്നു മനസ്സിലാക്കാൻ സാധിക്കുന്നു എന്നദ്ദേഹം കൂട്ടിച്ചേർത്തു. 2018 ൽ ബഹുമാനപ്പെട്ട കേരളാ ഹൈക്കോടതി പുറപ്പെടുവിച്ച വിധി നടപ്പാക്കുന്നതിൽ ഇത്രയും കാലതാമസം നേരിടുന്നതിനെ അദ്ദേഹം അപലപിച്ചു. 60 മീറ്ററോളം വീതിയുണ്ടായിരുന്ന ഉത്തരപ്പള്ളിയാർ ഇന്ന് ശോഷിച്ചു നഗരങ്ങളിലെ ചെറിയ ചാലുപോലെ ആയിരിക്കുന്നു. 

 


എത്രയും വേഗത്തിൽ ആറിന്റെ പൂർണ്ണമായ വീണ്ടെടുപ്പ് സാധിക്കണം എന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സംസ്ഥാന റവന്യൂ വകുപ്പ് ഹൈക്കോടതിയുടെ വിധി നടപ്പാക്കി ആറ് വീണ്ടെടുക്കാൻ ഉള്ള നടപടികൾ താമസിപ്പിക്കുന്നതിനെതിരെ കോടതിയലക്ഷ്യ ഹർജിയുമായി മുന്നോട്ട് പോകാൻ തീരുമാനിചിരിക്കുന്നു എന്ന് സമിതി അറിയിച്ചു.


റൂറൽ ഡവലപ്മെന്റ് ആൻഡ് കൾച്ചറൽ സൊസൈറ്റി സെക്രട്ടറി വി എസ് ഗോപാലകൃഷ്ണൻ, ഉത്തരപ്പള്ളിയാർ ജാഗ്രതാ സമിതി കൺവീനർ ഫെബിൻ ലാസർ, സൊസൈറ്റി രക്ഷാധികാരി കെ കെ തങ്കപ്പക്കുറുപ്പ്, സമിതി എസ്‌സിക്യൂട്ടീവ് അംഗങ്ങൾ ആയ റെജി പള്ളത്തു, എം ബി ബിനു കുമാർ തുടങ്ങിയവർ പങ്കെടുത്തു.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment