ചെങ്ങോട് മല സമര സമിതി പ്രവർത്തകർക്ക് നേരെ ഡിവൈഎഫ്ഐ ആക്രമണം




ചെങ്ങോട് മല ഖനന വിരുദ്ധ ആക്ഷൻ കമ്മറ്റി 4-ാം വാർഡ് കൺവീനർ ദിലീഷ് കുമാർ അരീക്കര, സമരസമിതി പ്രവർത്തകരായ പൂവത്തും ചോലയിൽ അരുൺ, പൂവത്തും ചോലയിൽ പ്രമോദ് എന്നിവർക്ക് നേരെ ഡിവൈഎഫ്ഐ ആക്രമണം. വീടുകയറി നടന്ന അക്രമത്തിൽ ശക്തമായി പ്രതിഷേധം അറിയിച്ച് ചെങ്ങോട് മല ഖനന വിരുദ്ധ ആക്ഷൻ കമ്മറ്റി. ഖനന വിരുദ്ധ സമരം ഇക്കൂട്ടരെ എത്രമാത്രം അസ്വസ്ഥരും അസഹിഷ്ണുക്കളുമാക്കുന്നു എന്നതിന്റെ തെളിവാണ് ഈ ആക്രമണമെന്ന് കമ്മറ്റി നേതാക്കൾ പറഞ്ഞു.


കോവിഡ്- 19ന്റെ സാഹചര്യത്തിൽ സാമൂഹ്യാകലം പാലിക്കുന്നതിനെപ്പറ്റി സർക്കാർ നിർബന്ധിക്കുമ്പോൾ തന്നെയാണ് ഭരണകക്ഷിയുടെ യുവജന വിഭാഗം  പതിനഞ്ചിലേറെ വരുന്ന ആൾക്കൂട്ടവുമായി വീട്ടിൽ അതിക്രമിച്ചു കയറി ആക്രമണം നടത്തിയത്. 


സമരസമിതി പ്രവർത്തകർക്കുനേരെ നേരത്തെയൊക്കെ നടന്ന ആക്രമണങ്ങൾ ഖനന മാഫിയയായ ഡൽറ്റയുടെ ഗുണ്ടകളെ മുന്നിൽ നിർത്തിയായിരുന്നെങ്കിൽ ഇപ്പോൾ ഡിവൈഎഫ് തന്നെ ആയുധം ഏറ്റുവാങ്ങിയിരിക്കുകയാണ്. ജനാധിപത്യ യുവജന സംഘടന എന്നവകാശപ്പെടുന്ന ഒരു കൂട്ടർ തങ്ങളോട് വിയോജിക്കുന്നവരെ കൈകാര്യം ചെയ്യുന്ന രീതിയാണിതെന്ന് ചെങ്ങോട് മല ഖനന വിരുദ്ധ ആക്ഷൻ കമ്മറ്റി പറഞ്ഞു.


ജനകീയമായ ഒരു മുന്നേറ്റത്തെ ആക്രമിച്ച് അവസാനിപ്പിച്ചു കളയാമെന്ന് കരുതുന്നത് മൂഢത്വമാണെന്ന് ആക്ഷൻ കമ്മറ്റിക്ക് വേണ്ടി കെ പി പ്രകാശൻ പറഞ്ഞു. ജനങ്ങൾ അവരുടെ അനുഭവങ്ങളിൽ നിന്നാണ് ഡിവൈഎഫ്ഐ അടക്കമുള്ള മുഖ്യധാരാ സംഘടനകളെ കാത്തു നിൽക്കാതെ പൊരുതാനിറങ്ങിയത്. കക്ഷിരാഷ്ട്രീയത്തിന്റെ എല്ലാ കൗശലങ്ങളെയും തിരിച്ചറിയുകയും മറികടക്കുകയും ചെയ്ത മുന്നേറ്റമാണത്. അതിനെ ആയുധബലംകൊണ്ടോ കയ്യൂക്കുകൊണ്ടോ കീഴ്പ്പെടുത്തിക്കളയാമെന്ന് ഇനിയും കരുതേണ്ടെന്നും അദ്ദേഹം പറഞ്ഞു.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment