ഗാന്ധിയൻ കളക്ടീവ് ദേശീയ സത്യഗ്രഹം സമാപനം പ്ലാച്ചിമടയിൽ




ഗാന്ധിജിയുടെ ഇന്ത്യ ദരിദ്രനെ മറക്കാത്ത രാഷ്ട്രീയം ആവശ്യപ്പെടുന്നു എന്ന മുദ്രവാക്യമുയർത്തി ഗാന്ധിയൻ കളക്ടീവ് പരിസ്ഥിതി ദിനമായ ജൂൺ 5 ന് ബീഹാറിലെ ചമ്പാരനിൽ തുടക്കം കുറിച്ച നൂറ്റിയിരുപത് ദിവസത്തെ ഒന്നാം ഘട്ട ദേശീയ റിലേ ഉപവാസ സത്യാഗ്രഹത്തിന്റെ സമാപനം ഗാന്ധി ജയന്തി ദിനത്തിൽ (ഒക്ടോബർ 2) പാലക്കാട് ജില്ലയിലെ പ്ലാച്ചിമടയിൽ നടക്കും. കൃഷിക്കാരെയും തൊഴിലാളികളെയും ഗ്രാമീണ സമ്പദ് വ്യവസ്ഥയെയും പരിസ്ഥിതിയെയും സംരക്ഷിക്കുക എന്ന ആവശ്യമാണ് സത്യഗ്രഹം മുന്നോട്ടുവെച്ചത്.


ദേശീയ തലത്തിൽ കഴിഞ്ഞ നാല് മാസമായി നടന്നു വരുന്ന സത്യാഗ്രഹത്തിന്റെ അടുത്ത ഘട്ടമായി കാർഷിക മേഖലയുടെ പ്രശ്നങ്ങളിലിടപെട്ടുകൊണ്ടുള്ള ദീർഘകാല പ്രവർത്തനങ്ങൾക്കുള്ള തയ്യാറെടുപ്പിലാണ് ഗാന്ധിയൻ കളക്ടീവ്. ഓരോ സംസ്ഥാനത്തെയും കാർഷിക സാഹചര്യങ്ങളുടെ പശ്ചാത്തലത്തിലാവും പ്രവർത്തന പരിപാടികൾ തീരുമാനിക്കുക. കേരളത്തിൽ കാർഷിക വിളകൾക്ക് ന്യായവില ഉറപ്പാക്കുന്നതിന് നയപരമായും  ഘടനപരമായും വരുത്തേണ്ട മാറ്റങ്ങൾ സംബന്ധിച്ച പ്രായോഗിക നിർദേശങ്ങൾ മുന്നോട്ടുവെച്ചുകൊണ്ടുള്ള പ്രചാരണ - സമര പ്രവർത്തനങ്ങളും, ഭക്ഷണ - ആരോഗ്യ കാര്യങ്ങളിലെ സ്വാശ്രയത്വം ലക്ഷ്യമിട്ടുള്ള ഭക്ഷ്യ - ആരോഗ്യ സ്വരാജ് കാമ്പയിനുമാണ് അടുത്തഘട്ട പ്രവർത്തനമായി ഗാന്ധിയൻ കളക്ടീവ് തീരുമാനിച്ചിട്ടുള്ളത്. ഇതിന്റെ ഭാഗമായി പ്രാദേശിക കർഷക സംഘടനകൾക്ക് രൂപം കൊടുക്കുന്ന പ്രവർത്തനത്തിന്റെ തുടക്കവും സമാപന ചടങ്ങിൽ നടക്കും.


ദേശീയ സത്യഗ്രഹത്തിന്റെ ഒന്നാം ഘട്ട സമാപനയോഗം വൈകീട്ട് അഞ്ച് മണിക്കാണ് പ്ലാച്ചിമടയിൽ നടക്കുക. ഗാന്ധിയൻ കളക്ടീവ് കേരള കോ-ഓഡിനേറ്റർ സണ്ണി പൈകട അധ്യക്ഷത വഹിക്കും. കവി സച്ചിദാനന്ദൻ യോഗം ഉദ്ഘാടനം ചെയ്യും. ദേശീയ കോ-ഓഡിനേറ്റർമാരായ സഞ്ജയ് സിംഗ്, ഡോ. സിബി കെ ജോസഫ്, പ്രസൂൺ ലതാൻഡ്, അനീഷ് തില്ലങ്കേരി, വിലയോടി വേണുഗോപാൽ, അഡ്വ. വി എം മൈക്കിൾ. പുതുശ്ശേരി ശ്രീനിവാസൻ, ഇസാബിൻ അബ്ദുൽ കരീം തുടങ്ങിയവർ പങ്കെടുക്കും. ദേശീയ നേതാക്കൾ ഓൺലൈൻ ആയി ആകും പങ്കെടുക്കുക.  


സമാനാപനത്തോടനുബന്ധിച്ച് വിവിധ സംസ്ഥാനതലങ്ങളിലും കർഷക സംഗമങ്ങളും കൂട്ട ഉപവാസങ്ങളും നടക്കുന്നുണ്ട്. ഇതുവരെ 26 സംസ്ഥാനങ്ങളിൽ നിന്നുള്ളവർ കഴിഞ്ഞ നാല് മാസത്തിനിടെ ഉപവാസ സത്യാഗ്രത്തിന്റെ ഭാഗമായി. സന്ദീപ് പാണ്ഡെ, പി വി രാജഗോപാൽ, ദയാബായി, ഡോ. രാജേന്ദ്ര സിംഗ്, അമർനാഥ് ഭായി, രാധ ബെൻ ഭട്ട് തുടങ്ങിയ പ്രമുഖരും ഇതിന്റെ ഭാഗമായി.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment