അനധികൃത ക്വാറികൾക്ക് സർക്കാർ കൂട്ട് നിൽക്കുന്നു




തിരുവനന്തപുരം: പട്ടയഭൂമിയില്‍ പ്രവര്‍ത്തിക്കുന്ന അനധികൃത ക്വാറികള്‍ നിയമവിധേയമാക്കാന്‍ സര്‍ക്കാര്‍നീക്കം. 1964-ലെ ഭൂമിപതിവു ചട്ടം ഭേദഗതിയുടെ മറവിലാണ്‌ ഇടുക്കി ജില്ലയിലുൾപ്പെടെയുള്ള പട്ടയഭൂമികളിലെ ക്വാറികള്‍ നിയമവിധേയമാക്കാന്‍ നീക്കം നടക്കുന്നത്‌. ഇതോടെ അനധികൃതമായി പ്രവര്‍ത്തിക്കുന്ന നൂറുകണക്കിനു ക്വാറികള്‍ നിയമവിധേയമാകും. 2019 മാര്‍ച്ച്‌ അഞ്ചിനു ചേര്‍ന്ന മന്ത്രിസഭായോഗമാണ്‌ ഇതു സംബന്ധിച്ച്‌ തീരുമാനമെടുത്തത്‌. 


ഇടുക്കി ജില്ലയില്‍ മാത്രം വാഗമണ്‍, ശാന്തന്‍പാറ, അടിമാലി, ചെറുതോണി എന്നിവിടങ്ങളില്‍ അനധികൃതമായി നിരവധി പാറമടകളാണ്‌ പ്രവര്‍ത്തിക്കുന്നത്‌. മലകള്‍ പോലും അനധികൃതമായി പൊട്ടിച്ചു നിരത്തുകയാണ്‌. ഇതു സംബന്ധിച്ച്‌ സര്‍ക്കാര്‍ തലത്തില്‍ തന്നെ നിരവധി റിപ്പോര്‍ട്ടുകള്‍ നിലനില്‍ക്കെയാണ്‌ അനധികൃത ക്വാറികള്‍ക്കു അനുമതി നല്‍കാന്‍ നീക്കം നടക്കുന്നത്‌.


നിശ്‌ചിത ഫീസ്‌ അടയ്‌ക്കുകയും ജിയോളജിസ്‌റ്റും വില്ലേജ്‌ ഓഫീസറും കൃഷി ഓഫീസറും ഉള്‍പ്പെടുന്ന കമ്മിറ്റി ഖനനത്തിനു അനുമതി നല്‍കേണ്ട സ്‌ഥലം പരിശോധിച്ച്‌ കൃഷിക്ക്‌ യോഗ്യമല്ലെന്നും ഖനനത്തിനു യോഗ്യമാണെന്നുമുള്ള റിപ്പോര്‍ട്ട്‌ നല്‍കിയാല്‍ മതിയെന്നാണു പുതിയ തീരുമാനം. പിന്നീടു ജിയോളജി വകുപ്പിന്‌ അനുമതി നല്‍കാം. 


1964 ലെ ഭൂപതിവ്‌ ചട്ടങ്ങളില്‍ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ച്‌ പറയുന്നതിലാണ്‌ ഖനാനുമതി നല്‍കുന്നതിനെക്കുറിച്ചു വിവരിക്കുന്നത്‌. നിലവിലുള്ള ചട്ടം ഭേദഗതി ചെയ്യുകയും അതിനു താഴെ ഉപചട്ടം 2 ആയി പട്ടയ ഭൂമിയില്‍ ഖനനം അനുവദിക്കുന്നതു ചേര്‍ക്കാനാണു ഇതില്‍ പറയുന്നത്‌. പട്ടയ ഭൂമിയിലുള്ള അനധികൃത ക്വാറികള്‍ നിയമവിധേയമാക്കാനുള്ള വ്യവസ്‌ഥയാണു മൂന്നാം ഉപചട്ടത്തിലുള്ളത്‌. നിര്‍മാണപ്രവര്‍ത്തനങ്ങളുടെ ദൗര്‍ലഭ്യം പരിഹരിക്കാനാണ്‌ അനുമതി എന്നാണ്‌ ഉത്തരവില്‍ പറയുന്നത്‌. പതിച്ചു നല്‍കിയ ഭൂമിയില്‍ നിലവില്‍ ഖനനാനുമതി നല്‍കിയ പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്ന അനധികൃത ക്വാറികള്‍ ഇതിലൂടെ നിയമവിധേയമാകും.


സര്‍ക്കാര്‍ ഭൂമിയില്‍നിന്നം ഖനനം ചെയ്യുന്നതിന്‌ ഈടാക്കിവരുന്ന നിരക്കില്‍ സീനിയറേജ്‌ സ്വീകരിച്ചുകൊണ്ടായിരിക്കും ഖനനം ക്രമവല്‍ക്കരിക്കുക. ഇതു മന്ത്രിസഭായോഗം അംഗീകരിച്ചതായും രേഖകള്‍ തെളിയിക്കുന്നു. അഡീഷണല്‍ അഡ്വക്കേറ്റ്‌ ജനറലിന്റെയും ലാന്‍ഡ്‌ റവന്യൂ കമ്മിഷണറുടേയും ഉപദേശത്തിനുശേഷം ഭേദഗതി നിലവില്‍ വരുത്താനാണ്‌ തീരുമാനം.

 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment