ലുലു മാളിനെതിരെ ഹൈക്കോടതി; പാരിസ്ഥിതികാനുമതി ലഭിച്ച രേഖകൾ ഹാജരാക്കണം




കൊച്ചി: തിരുവനന്തപുരത്ത് നിർമിക്കുന്ന ലുലുമാളിനെതിരെ നൽകിയ ഹർജിയിൽ രേഖകൾ തിങ്കളാഴ്ച്ച ഹാജരാക്കണമെന്ന് ഹൈക്കോടതി നിർദേശം. സംസ്ഥാന പരിസ്ഥിതി ആഘാത സമിതി നൽകിയ അനുമതി സംബന്ധിച്ച രേഖകളാണ് ഹാജരാക്കാൻ നിർദേശം നൽകിയിരിക്കുന്നത്. കൊല്ലം സ്വദേശി എം കെ സലിം സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്.


1,50,000 ചതുരശ്ര മീറ്ററിന് മേല്‍ കാര്‍പറ്റ് ഏരിയയുള്ള കെട്ടിടങ്ങള്‍ക്ക് കേന്ദ്ര വനം- പരിസ്ഥിതി മന്ത്രാലയമാണ് പാരിസ്ഥിതികാനുമതി നല്‍കേണ്ടത്. ആക്കുളത്ത് നിര്‍മ്മിക്കുന്ന ലുലു മാള്‍ 2,32,400 കാര്‍പ്പറ്റ് ഏരിയയാണ്. ഇതിനു പാരിസ്ഥിതികാനുമതി നല്‍കിയിരിക്കുന്നത് സംസ്ഥാന പരിസ്ഥിതി ആഘാത സമിതിയാണെന്നും ഇത് നിയമ വിരുദ്ധമാണെന്നുമാണ് സലിമിന്റെ പരാതി. 


കേസില്‍ വിശദീകരണം നല്‍കാന്‍ എതിര്‍ കക്ഷികള്‍ പത്ത് ദിവസത്തെ സാവകാശം തേടിയെങ്കിലും കോടതി അനുവദിച്ചില്ല. നിയമ ലംഘനമുണ്ടെങ്കില്‍ എങ്ങിനെ നിര്‍മ്മാണം മുന്നോട്ടു കൊണ്ടു പോകുമെന്നും കോടതി ചോദിച്ചു. പാരിസ്ഥിതിക പ്രാധാന്യമുള്ള അതീവ ഗൗരവുള്ള വിഷയമാണിതെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് ചൂണ്ടിക്കാട്ടി. സംസ്ഥാന പരിസ്ഥിതിക ആഘാത സമിതിക്ക് നല്കാനാവുന്നതിലും കൂടുതൽ വലിയ നിർമാണത്തിന് എങ്ങനെ അനുമതി ലഭിച്ചു എന്നും കോടതി ചോദിച്ചു.


പരിസ്ഥിതി ലോലമായ സി.ആര്‍.സോണ്‍ മൂന്നില്‍ പെട്ട തണ്ണീര്‍ തടത്തിനു സമീപത്താണ് ഈ നിര്‍മാണം നടക്കുന്നത്. ഇവിടെ ഒരു വലിയ പ്രദേശം മുഴുവന്‍ കോണ്‍ക്രീറ്റ് ചെയ്യുമ്പോള്‍ കടുത്ത ജലക്ഷാമത്തിന് വഴിവെക്കുന്ന ഭീകര പാരിസ്ഥിതിക ദുരന്തമാകുംമെന്നും ഹര്‍ജിയില്‍ പറയുന്നു.


തിരുവന്തപുരത്ത് പാര്‍വതി പുത്തനാറിന്റെ തീരത്ത് നിര്‍മിക്കുന്ന മാള്‍ ചട്ടം ലംഘിച്ചാണ് നിര്‍മിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി  ജൂലൈ 18ന് അഡ്വ. സി.ഇ. ഉണ്ണികൃഷ്ണന്‍ മുഖാന്തരം സമര്‍പ്പിച്ച പരാതി ഫയലില്‍ സ്വീകരിച്ച ചീഫ് ജസ്റ്റിസ് ഹൃഷികേശ് റോയിക്യം, ജ. ജയശങ്കരന്‍ നമ്പ്യാരും അങ്ങുന്ന ബെഞ്ച് എതിര്‍ കക്ഷികളായ ചീഫ് സെക്രട്ടറി, തിരുവനന്തപുരം കലക്ടര്‍, പരിസ്ഥിതി അതോറിറ്റി, കോര്‍പ്പറേഷന്‍, ലുലു മാള്‍ എന്നിവര്‍ക്ക് നോട്ടീസ് അയക്കാന്‍ ഉത്തരവിട്ടിരിന്നു.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment