കക്കാടം പൊയിൽ ആക്രമണം: പരിസ്ഥിതി പ്രവർത്തകർ ഗവർണർക്ക് നിവേദനം നൽകി




കക്കാടം പൊയിലിലെ തടയണകളും ക്വാറിയും മറ്റു അനധികൃത നിർമ്മാണങ്ങളും നേരിൽ കണ്ട് മനസ്സിലാക്കുന്നതിനു വേണ്ടി ജനകീയ രാഷ്ട്രീയ മുന്നണിയുടെ നേതൃത്വത്തിൽ എത്തിയ സാസ്കാരിക പരിസ്ഥിതി രാഷ്ട്രീയ പ്രവർത്തകരെ ആക്രമിച്ച സംഭവത്തിൽ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ നേരിൽ കണ്ട്  നിവേദനം നൽകി. സി.ആർ.നീലകണ്ഠൻ, പ്രൊഫ.കുസുമം ജോസഫ്, കെ.എം.ഷാജഹാൻ, ഡോക്ടർ ആസാദ്, പ്രസാദ് സോമരാജൻ, വർഗീസ് സി.ജെ എന്നിവർ ചേർന്നാണ് ഗവർണറെ കണ്ടത്. 


കക്കാടം പൊയിൽ സന്ദർശിക്കാനെത്തിയ സാസ്കാരിക പരിസ്ഥിതി രാഷ്ട്രീയ പ്രവർത്തകരായ പ്രൊഫ. എം എൻ കാരശ്ശേരി, കെ.അജിത, സി.ആർ നീലകണ്ഠൻ, പ്രൊഫ. കുസുമവും ജോസഫ്, കെ.എം.ഷാജഹാൻ, ഡോക്ടർ ആസാദ് തുടങ്ങിയവർക്ക് നേരെയാണ് പിവി അൻവർ എംഎൽഎയുടെ ഗുണ്ടകൾ ഉൾപ്പെടെയുള്ളവരുടെ ആൾക്കൂട്ട അതിക്രമങ്ങൾ ഉണ്ടായത്. ഇതുസംബന്ധിച്ച് പ്രധാനമായും മൂന്ന് ആവശ്യങ്ങൾ ഉന്നയിച്ചാണ് നിവേദനം നൽകിയത്. 


1)  ആക്രമണം സംബന്ധിച്ച്  ഇപ്പോൾ പോലീസ് നടത്തുന്ന അന്വേഷണങ്ങൾ പ്രഹസനമാണ്. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ നടത്തിയവർക്കെതിരെ പോലും ശരിയായ രീതിയിൽ കേസെടുത്ത് അറസ്റ്റ് ചെയ്തു അന്വേഷണം നടക്കുന്നില്ല. ആയതിനാൽ
 കക്കാടാംപൊയിലിലെ ആക്രമണം സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തുവാൻ സർക്കാരിനോട് ആവശ്യപ്പെടുക .


2) മൂന്നിലേറെ പ്രാവശ്യം ഹൈക്കോടതി പൊളിച്ചു മാറ്റാൻ ഉത്തരവ് ഇട്ട  ശേഷവും  മനുഷ്യനും പ്രകൃതിക്കും ഭീഷണിയായ ആ നിയമവിരുദ്ധ തടയണകൾ ഇപ്പോഴും നിലനിൽക്കുന്നത് നിയമവ്യവസ്ഥയോടുള്ള വെല്ലുവിളി ആയതിനാൽ അത് പൊളിച്ചുമാറ്റാൻ സർക്കാരിനോട് ആവശ്യപ്പടുക.


3) പരിസ്ഥിതിനിയമങ്ങളും മറ്റു ദുരന്തനിവാരണ ചട്ടങ്ങളും ലംഘിക്കുന്ന ഒരു ജനപ്രതിധിയായ ശ്രീ പി.വി.അൻവറിനെ  നിയമസഭയുടെ പരിസ്ഥിതി വിഷയസമിതിയിൽ നിന്നും മാറ്റുക . 


മേൽവിഷയങ്ങൾ ശ്രദ്ധയോടെ കേൾക്കുകയും ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും നിയമ വാഴ്ച ഉറപ്പു വരുത്തുമെന്നും കേരള ഗവർണർ സന്ദർശിച്ച പ്രവർത്തകർക്ക് ഉറപ്പു നൽകി.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment