ഭൂമിയുടെ നിലനിൽപ്പിനും ജനങ്ങളുടെ സുരക്ഷയ്ക്കുമായി കണ്ണൂരിൽ കൂടിയാലോചന




കണ്ണൂർ: കേരളത്തിന്റെ ഭൂമിശാസ്ത്രപരമായ നിലനിൽപ്പിനും ജനങ്ങളുടെ സുരക്ഷയ്ക്കുമായി രാഷ്ട്രീയ- പാരിസ്ഥിതിക ജാഗ്രത കൂടിയാലോചനായോഗം സംഘടിപ്പിക്കുന്നു. ആഗസ്റ്റ് 18 ഞായർ ഉച്ചകഴിഞ്ഞു 2 മണിക്ക് കണ്ണൂർ റെയിൻബോ കോൺഫറൻസ് ഹാളിലാണ് യോഗം ചേരുന്നത്. യോഗത്തിലേക്കു ക്രിയാത്മക നിർദ്ദേശങ്ങളുമായി മുഴുവൻ മനുഷ്യസ്നേഹികളെയും ക്ഷണിക്കുന്നെന്ന് സംഘാടകർ അറിയിച്ചു.


വർഷകാലം മലയാളിയെ സംബന്ധിച്ച് ഒരു പേടീ സ്വപനമായി മാറിക്കൊണ്ടിരിക്കുകയാണ്. വർഷം തോറും സംഭവിക്കുന്ന പ്രളയ ദുരന്തങ്ങൾ നമ്മെ വേട്ടയാടിക്കൊണ്ടിരിക്കുന്നു. കനത്ത മഴയുടെ കാരണം പ്രകൃതി പ്രതിഭാസങ്ങളാവാം. പക്ഷേ, അതിന്റെ ഫലമായി സംഭവിക്കുന്ന പ്രളയവും മണ്ണിടിച്ചിലും ഉരുൾപൊട്ടലുമൊന്നും മേൽ പറഞ്ഞ കാരണങ്ങളാൽ മാത്രം സംഭവിക്കുന്നതല്ല. ദുരന്തങ്ങളുടെ ആഘാതം ഇത്രമേൽ വർധിപ്പിക്കുന്നത് കോർപ്പറേറ്റ് വികസന നയങ്ങളും അതിന്റെ ഫലമായി നാം അനുവർത്തിക്കുന്ന പരിസ്ഥിതി വിരുദ്ധവും മനുഷ്യ വിരുദ്ധവുമായ ഇടപെടലുകളുമാണ്. 


പശ്ചിമഘട്ട മേഖലകളിലാണ് ഏറ്റവും വലിയ ദുരന്തം സംഭവിച്ചത്. ഈ പ്രദേശങ്ങളാവട്ടെ വ്യാപകമായി ക്വാറികൾ പ്രവർത്തിക്കുന്നതോ വൻതോതിലുള്ള നിർമ്മാണ പ്രവർത്തനങ്ങൾ നടന്നതോ ആയ സ്ഥലങ്ങളാണ്. മറ്റിടങ്ങളിലാകട്ടെ, തോടും പുഴയും കായലുമെല്ലാം വ്യാപകമായി കൈയ്യേറിക്കൊണ്ടിരിക്കുന്നു. തണ്ണീർത്തടങ്ങളും നെൽവയലുകളും നികത്തിക്കൊണ്ടുള്ള ' 'വികസന' പ്രവർത്തനങ്ങൾ എന്നു പേരിട്ടു വിളിക്കുന്ന നിർമ്മാണ പ്രവർത്തനങ്ങൾ വ്യാപകമായിക്കൊണ്ടിരിക്കുന്നു. പല സ്ഥലങ്ങളിലുമുണ്ടായ വെള്ളപ്പൊക്കത്തിന്റെ യഥാർത്ഥ കാരണം സുഗമമായി വെള്ളം ഒഴുകി പോവുന്നതിനുണ്ടായ തടസ്സങ്ങളാണ്. അതാകട്ടെ മേൽ പറഞ്ഞ അശാസ്ത്രീയ നടപടികൾ കൊണ്ടാണ് സംഭവിച്ചതും.


ഓരോ വർഷവും വിലപ്പെട്ട എത്രയോ മനുഷ്യജീവനുകളും നിരവധി ജീവജാലങ്ങളും വസ്തുവകകളുമാണ് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നത്. ആയിരക്കണക്കിനു കോടികളുടെ സാമ്പത്തിക നഷ്ടവും അതിന്റെ പ്രത്യാഘാതങ്ങളും വേറെയും.ഇതേ രീതിയിൽ ഇതു തുടരുകയാണെങ്കിൽ ആ സന്ന ഭാവിയിൽ തന്നെ കേരളമെന്ന ഭൂപ്രദേശം ഈ ഭൂമുഖത്തു നിന്നും അപ്രത്യക്ഷമാവും. അങ്ങനെ സംഭവിച്ചതിന്റെ ലോകാനുഭവങ്ങളും നമ്മുക്കു മുന്നിലുണ്ട്. പശ്ചിമഘട്ടത്തിന്റെ നാശം ആത്യന്തികമായി കേരളത്തിന്റെ സർവ്വനാശത്തിലേക്കു നയിക്കുമെന്ന വിലയിരുത്തൽ ഇതിനകം തന്നെ വിദഗ്ധ കേന്ദ്ര ങ്ങളിൽ നിന്നുണ്ടായിട്ടുമുണ്ട്. പക്ഷേ, നമ്മുടെ ഭരണ കർത്താക്കൾക്കും സാമൂഹിക -രാഷ്ട്രീയ നേതൃത്വങ്ങൾക്കും ഇതൊരു ഗൗരവമുള്ള  വിഷയമേ അല്ല!.


മധ്യവർഗ ആലസ്യത്തിലാണ്ട മലയാളി പൊതുബോധത്തിനാകട്ടെ ദുരന്തമുഖത്തു നിൽക്കുമ്പോൾ മാത്രം ഉദിക്കുന്ന പരിസ്ഥിതി ബോധവും മനുഷ്യസ്നേഹവും മാത്രമേയുള്ളൂ. ഉപരിപ്ലവ രാഷ്ട്രീയ ബോധത്താൽ നയിക്കപ്പെടുന്നവർക്ക് 'ഡിസാസ്റ്റർ ക്യാപിറ്റലിസ'ത്തിന്റെ കഴുകൻ കണ്ണുകളെ കാണാനാവുന്നില്ല.ഗൗരവപൂർണമായ ഒരാലോചനയും ഇതുസംബന്ധിച്ചുണ്ടാവുന്നില്ല എന്നുള്ളത് ഖേദകരമാണ്. നമ്മുടെ വികസന സമീപനങ്ങളും മുൻഗണനകളും അതിന്റെ പദ്ധതികളുമൊക്കെ മൾട്ടിനാഷണൽ കൺസൾട്ടന്റുകളാൽ തയ്യാർ ചെയ്യപ്പെടുന്നവയും ആഗോള ധനകാര്യ ഏജൻസികളാൽ നിയന്ത്രിക്കപ്പെടുന്നതുമായി എന്നേ മാറിക്കഴിഞ്ഞു !!!
അതിനു തുല്യം ചാർത്തിക്കൊടുക്കുന്ന കങ്കാണിപ്പണി മാത്രമേ  ഭരണവർഗ രാഷ്ട്രീയം നിർവ്വഹിക്കുന്നുള്ളൂ !


അവർക്ക് നാടിനോടോ ജനങ്ങളോടോ യാതൊരുത്തരവാദിത്തവുമില്ല. ഉണ്ടായിരുന്നുവെങ്കിൽ ഇങ്ങനെയല്ല അവർ പെരുമാറുകയും പ്രവർത്തിക്കുകയും ചെയ്യുക!. ബഹുഭൂരിപക്ഷം വരുന്ന സാധാരണ ജനങ്ങൾ പക്ഷേ, ഈ സത്യം ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. ഈയൊരു സാഹചര്യത്തിൽ മേൽ പറഞ്ഞ വിഷയങ്ങൾ ഫലപ്രദമായി ഉന്നയിച്ചു കൊണ്ടുള്ള ജനാധിപത്യപരമായ ഒരു കാമ്പയിൻ കണ്ണൂർ ജില്ലയിലെമ്പാടും നടത്തുന്നതിനെക്കുറിച്ചുള്ള ആലോചനകൾ നടക്കേണ്ടിയിരിക്കുന്നു. ജില്ലയിലെ വിവിധ സമരസംഘടനകളുടെയും പരിസ്ഥിതി - മനുഷ്യാവകാശ -പ്രതിരോധ സമിതികളുടെയും ജനപക്ഷത്തു അടിയുറച്ചു നിൽക്കുന്ന മറ്റ് ഇടതുപക്ഷ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെയും കൂട്ടായ മുൻകൈയ്യിൽ ആലോചനായോഗം അതിനായി ചേരുകയാണ്. യോഗത്തിലേക്ക് എല്ലാവരെയും ക്ഷണിക്കുകയാണെന്ന് രാജൻ കണ്ണൂർ അറിയിച്ചു.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment