തീരദേശത്തെ വൻകിട നിർമ്മാണക്കാരെ രക്ഷിക്കുവാൻ സാധാരണക്കാരെ കരുവാക്കി സർക്കാർ




മരടിന്റെ പശ്ചാത്തലത്തിൽ, തീരദേശ നിയമത്തെ വെല്ലു വിളിച്ചുണ്ടാക്കിയ നിർമ്മാണങ്ങളെ പറ്റി  വിശദമായ റിപ്പോർട്ട് ,സുപ്രീം കോടതിക്കു നൽകണമെന്ന നിർദ്ദേശത്തെ അട്ടിമറിക്കുവാനുള്ള ഭഗീരഥ പ്രയത്നത്തിലാണ് സർക്കാർ സംവിധാനങ്ങൾ. അതിൽ ചീഫ് സെക്രട്ടറി മുതൽ താഴെക്കുള്ള ഉദ്യോഗസ്ഥർ പങ്കാളികളാകുന്നുവോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു എന്നാണ് കണ്ണൂർ മുതൽ തിരുവനന്തപുരം വരെ നിന്നും വരുന്ന  വാർത്തകളിൽ നിന്നും മനസ്സിലാക്കുവാൻ കഴിയുന്നത്.  ത്രിതല പഞ്ചായത്തുകളും വിഷയത്തിൽ  സങ്കുചിത അജണ്ടകൾ നടപ്പിലാക്കുവാൻ ശ്രമിക്കുകയാണ് എന്നു സംശയിക്കണം.


മൂന്നാർ ഓപ്പറേഷനെ അട്ടിമറിക്കുവാൻ തോട്ടം തൊഴിലാളികളെ തെറ്റി ധരിപ്പിച്ച്  സമരത്തിലിറക്കി വൻ കിടക്കാരെ രക്ഷിക്കുവാൻ കൈ /മെയ് മറന്നു പ്രവർത്തിച്ച വർ  സംസ്ഥാന ക്യാബിനറ്റിലും പ്രതിപക്ഷത്തും തുടരുമ്പോൾ, അതേ ഫോർമുല തീര ദേശത്തെ അനധികൃത നിർമ്മാണ വിഷയത്തിലും കൈകൊള്ളുകയാണ് ഇവിടെ.


കടൽ തീരങ്ങൾ മത്സ്യബന്ധന തൊഴിലാളികൾക്ക്  വീടു വെക്കുവാൻ, അവരുടെ ഗ്രാമങ്ങൾ വള്ളവും വലയും സൂക്ഷിക്കുവാൻ എന്ന സമീപനത്തിനു പകരം ,തീര ദേശം അദാനി മുതലുള്ളവർക്ക് മാത്രം എന്ന്  സർക്കാർ വീണ്ടും ആവർത്തിക്കുന്നു.  സാധാരണക്കാരെ പുറത്താക്കുകയും ടൂറിസം വ്യവസായികളെ സഹായിക്കുവാൻ വിഴിഞ്ഞം തീരത്തും മറ്റും  നടത്തുന്ന സംഘിടത ശ്രമങ്ങൾക്കെതിരെ  പ്രതികരിക്കാം.


30. 01. 2020


സ്വീകർത്താവ്

സെക്രട്ടറി,
കോട്ടുകാൽ ഗ്രാമപഞ്ചായത്ത്,
കോട്ടുകാൽ. പി. ഒ. PIN-695501


വിഷയം : തീരദേശ പരിപാലനചട്ടങ്ങൾ ലംഘിച്ചുനിർമ്മിച്ച കെട്ടിടങ്ങളുടെയും നിർമ്മിതികളുടെയും കയ്യേറ്റങ്ങളുടെ പട്ടിക - സംബന്ധിച്ച്


സൂചന : താങ്കൾ 23-12-2019, 12.49 ന് ഇ.മെയിൽ വഴി സർക്കാരിന് സമർപ്പിച്ച details of CRZ notification violation details


സർ/മാഡം,


മേൽ വിഷയത്തിലേയ്‌ക്കും സൂചനയിലേക്കും താങ്കളുടെ പ്രത്യേകശ്രദ്ധ ക്ഷണിക്കുന്നു. ബഹു. സുപ്രീം കോടതിയുടെ ഉത്തരവിൻ പ്രകാരം കോട്ടുകാൽ ഗ്രാമപഞ്ചായത്ത് തയ്യാറാക്കി സർക്കാരിന് സമർപ്പിച്ച പട്ടിക പരിശോധിച്ചു. തീരദേശ പ്രദേശത്തെ വൻകയ്യേറ്റക്കാരുടെ പേരുകൾ എല്ലാം ഒഴിവാക്കി പാവപ്പെട്ട സാധാരണക്കാരുടെ ലിസ്റ്റ് ആണ് നൽകിയിട്ടുള്ളത്. ഈ ലിസ്റ്റ് അപൂർണമാണ്. പ്രദേശത്തെ ജനങ്ങളിൽ നിന്നും പ്രാഥമികമായി കിട്ടിയ വിവരങ്ങൾ കൂടുതൽ അന്വേഷണത്തിനും നടപടികൾക്കുമായി ചുവടെ ചേർക്കുന്നു.


1. 1996 ൽ CRZ നിയമലംഘനത്തിനെതിരെ പുളിങ്കുടി, ചൊവ്വര നിവാസികളായ സജീവ് ലാൽ, B.K. സുരേന്ദ്രൻ എന്നിവർ ഹൈക്കോടതിയിൽ നൽകിയ കേസിൽ കുറ്റക്കാരെന്ന് വിധിച്ചിട്ടുള്ള റിസോർട്ടുകൾ (സൂര്യസമുദ്ര, ബെദ്‌സയ്‌ദ, നിക്കീസ് നെസ്റ്റ്, സോമതീരം, ട്രാവൻകൂർ ഹെറിറ്റേജ്......)


2. ആഴിമല ശിവക്ഷേത്രംവക കെട്ടിടങ്ങളും കൂറ്റൻപ്രതിമയും, അടിമലത്തുറ ശിലുവമല എന്നിപ്പോൾ അറിയപ്പെടുന്ന കുരിശടിയും ഫാത്തിമ മാതാചർച്ചിന്റെ ആനിമേഷൻ സെന്ററും മറ്റ് നിർമ്മിതികളും.


3. പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് കോട്ടുകാൽ പഞ്ചായത്ത് ആണ് അടിമലത്തുറ തീരപ്രദേശത്ത് അനധികൃത കെട്ടിട നിർമാണത്തിന് തുടക്കം കുറിച്ചത്. പൊഴിക്കരയിൽ നിർമ്മിച്ചിട്ടുള്ള ഏറ്റവുമധികം മലിനീകരണം വരുത്തുന്ന കക്കൂസ് കോംപ്ലക്സ്, ഫിഷ് ലാന്റിംഗ് സെന്ററുകൾ, മാർക്കറ്റ് തുടങ്ങിയവ.


4. റവന്യൂ പുറംപോക്കാണെമെങ്കിലും അടിമലത്തുറ - ബീച്ച് രണ്ടാമത്തെ റോഡിനുശേഷം കടലിനോട് ചേർന്നുള്ള പ്രദേശം. ചർച്ച് ഫണ്ടിലേക്ക് ഒരുലക്ഷം രൂപ വാങ്ങി, ചർച്ച് അധികൃതർ 3 സെന്റ്‌ നൽകി കെട്ടിടം വെച്ചിട്ടുള്ള വ്യക്തികൾ (ഇവരുടെ ലിസ്റ്റാണ് പഞ്ചായത്ത് നൽകിയിട്ടുള്ളതെന്ന് മനസ്സിലാക്കുന്നു)


5. തീരദേശ പരിസ്ഥിതി താറുമാറാക്കുന്ന കേരളത്തിന്റെ സ്വപ്നപദ്ധതിയെന്ന്‌ പ്രഖ്യാപിച്ചിട്ടുള്ള വിഴിഞ്ഞം വാണിജ്യതുറമുഖ പദ്ധതിയുമായി ബന്ധപ്പെട്ട നിർമ്മിതികളും അടുത്ത പ്രദേശത്തുണ്ട്.


ഈ അറിയിപ്പ് പ്രകാരം സത്യസന്ധമായ ഒരു ലിസ്റ്റ് ഗവൺമെന്റിനും കോടതിക്കും നൽകുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.


വിശ്വസ്തതയോടെ,

ഇ. പി. അനിൽ

Address


പകർപ്പ്:

1.  ജില്ലാ കളക്ടർ, തിരുവനന്തപുരം

2. രജിസ്റ്റാർ, ബഹു. സുപ്രീം കോടതി

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment