നമ്മുടെ കേരളത്തിലെ കർഷകർ എല്ലാം എവിടെ ?




വടക്കേ ഇന്ത്യയുടെ മുഴുവൻ സ്പന്ദനങ്ങളും ഹൃദയത്തിൽ ആവാഹിച്ചെടുത്ത് കീഴടങ്ങാൻ മനസ്സിലാത്ത ചങ്കുറപ്പോടെ ലക്ഷങ്ങളായ കർഷകരും കർഷക തൊഴിലാളികളും കുടുംബങ്ങളും അതിജീവനത്തിന്റെ അവസാന പോരാട്ടവുമായി എല്ലാ ത്യാഗവും സഹനവും ഏറ്റുവാങ്ങി കേന്ദ്ര ഭരണ കേന്ദ്രത്തിലേക്ക് മുന്നേറുകയാണ്. സ്വതന്ത്ര ഭാരതത്തിലെ 80% ന്റെ പ്രതിനിധികൾ പുതിയ ഒരു ചരിത്രം എഴുതുകയാണ്. ബ്രിട്ടീഷ് ഭരണത്തിനെതിരെ. സ്വതന്ത്ര ഇന്ത്യക്കായി പതിനായിരങ്ങൾ  സമര ചെയ്തുവെങ്കിൽ  ഇത് ജനാധിപത്യ ഇന്ത്യയിൽ ജനങ്ങൾ തന്നെ കയറ്റി ഇരുത്തിയവർക്കെതിരെ അവർ തന്നെ നയിക്കുന്ന സമരം.? 


സംസ്ഥാനങ്ങൾ ഒന്നൊന്നായി സമരത്തിലേക്ക് ഒഴുകി എത്തുകയാണ്. നീതി കിട്ടാതെ മടക്കമില്ല എന്ന് പതിനായിരങ്ങൾ ഒന്നിച്ചു ഒരേ ശബ്ദത്തിൽ. ഇവിടെ ഫാസിസ്റ്റ് സർക്കാരിന് വിയർപ്പിന്റെ ഉരുക്ക് മുഷ്ടികൾക്ക് മുമ്പിൽ കീഴടങ്ങാതെ മറ്റു മാർഗമൊന്നുമില്ല. എന്നാൽ കേരളത്തിന്റെ കർഷക ശബ്ദം ഇവിടെയൊന്നും കേൾക്കാനില്ല എന്നത് അത്ഭുതവും ആശങ്കയും ഉണ്ടാക്കുന്നു. ഇങ്ങ് സ്വന്തം നാട്ടിലും വീട്ടിലുമിരുന്ന് സോഷ്യൽ മീഡിയയിലൂടെ ഹായ് പറഞ്ഞും ഐക്യദാർഢ്യം പ്രഖ്യാപിച്ചും നാം ഒരു ജോലി തീർക്കുന്നു.


കേരളത്തിലെ കർഷകരെയോ കാർഷിക മേഖലയേയോ ജനജീവിതത്തെയോ പുതിയ കാർഷിക നിയമങ്ങൾ ബാധിക്കുകയേ ഇല്ലന്ന് സ്വയം സമാധാനിച്ച് ഇടത് പക്ഷ സമരവീര്യം ഉയർത്തിപ്പിടിക്കുന്ന കേരളം മൗനമാകുന്നത് എന്തുകൊണ്ടൊക്കെയായിരിക്കും.


1. കാർഷിക മേഖലയെ ആകെ ഗ്രസിക്കാൻ പോകുന്ന കോർപ്പറേറ്റ് ആധിപത്യം മറ്റ് മേഖലകളെപ്പോലെ നാം നിശബ്ദമായി അംഗീകരിക്കുന്നു.


2. മലീമസമായ സാമ്പത്തിക അധികാരത്തിന്റെ കക്ഷി രാഷ്ട്രീയ കിടമൽസരത്തിന്റെ നീർചുഴിയിൽപെട്ട നമ്മൾ അപരാഷ്ട്രീയത്തിന്റെയും അതു വഴി മൗനത്തിന്റെയും മൂടുപടത്തിൻ കീഴിൽ ഒളിക്കുന്നു.


3. ഭക്ഷണ പ്രധാനമായ കാർഷിക മേഖലയെ കയ്യൊഴിഞ്ഞ് നമ്മൾ വ്യവസായ പ്രധാനമായ തോട്ടം കൃഷിയെ പ്രമുഖമായി കാണുന്നു. അന്നം എന്ന വികാരത്തിൽ നിന്ന് ലാഭം എന്ന സന്ധി ചിന്തയെ സ്വീകരിക്കുന്നു.


4. പരിസ്ഥിതിയെയും കൃഷിയെയും സംരക്ഷിക്കുന്നതിന് മുൻഗണന നൽകുന്ന ഗാഡ്ഗിൽ റിപ്പോർട്ടിനെതിരെ സംഘടിക്കാനും പ്രതിഷേധിക്കാനും അതു വഴി വൻകിട ഭൂമി, വന കയ്യേറ്റക്കാരെ സംരക്ഷിക്കാനും കഴിയുന്നതാണ് ശരിയെന്ന് അവർ തെറ്റിധരിക്കപ്പെടുന്നു.


5.തോട്ട ഭൂമിയെന്ന് തെറ്റിദ്ധരിപ്പിച്ച് വൻകുത്തകകൾ കയ്യടക്കി വച്ചിട്ടുള്ള പകുതിയിലധികം വരുന്ന മലയോരകൃഷി ഭൂമിയിൽ യഥാർത്ഥ കർഷകർക്കും തൊഴിലാളികൾക്കും യാതൊരു അവകാശവും ലഭിക്കാതിരിക്കുന്നതിന് അവർ തന്നെ വിശ്വസിക്കുന്ന തൊഴിലാളി സംഘടനകളും രാഷ്ടീയ പ്രസ്ഥാനങ്ങളും കുത്തകകൾക്കായി വിടുപണി ചെയ്യുകയും അവരുടെ അതിജീവന പ്രശ്നങ്ങളിൽ പോലും അവരുടെ മുന്നിൽ നിന്നും സമരം നയിക്കേണ്ടവർ അതിലൊന്നും ഇല്ലാത്ത അവസ്ഥ സൃഷ്ടിക്കുന്ന അനിശ്ചിതത്വം


6. ഒന്നിച്ച് ഒരു വേദിയിൽ അണിചേരാനോ യോജിച്ച ഒരു മുദ്രാവാക്യമുയർത്താനോ കഴിയാത്ത വിധം വ്യത്യസ്ത രാഷ്ടീയ , സാമ്പത്തിക, സമുദായ താത്പര്യങ്ങളിൽ മുങ്ങി നിൽക്കുന്നു , കേരളം


ഓർക്കുക, 500 ൽ അധികം വിവിധങ്ങളായ കർഷക സംഘടകളാണ് ഒന്നിച്ച് ഒരു മനസോടെ കർഷക സമരത്തിൽ മുന്നേറുന്നത്. അത്രമേൽ തീഷ്ണമാണ് അവർ ജീവിതത്തിൽ നേരിടുന്ന പ്രശ്നങ്ങൾ !
നമുക്കോ പ്രശ്നങ്ങൾ എല്ലാം സ്വയം പരിഹരിക്കാമെന്ന അഹം ബോധവും . 10 പേർ ഒരുമിച്ച് ഏതെങ്കിലും പ്രശ്നളിൽ ഒന്നിച്ചാൽ തന്നെ അത് അധികം നാൾ നിൽക്കില്ല , അതിന് മുമ്പ് തലങ്ങും വിലങ്ങും വെട്ടി ഛിന്നഭിന്നമാക്കും. പിന്നെ , ഇന്ന് നമുക്ക് നഷ്ടപ്പടാനുള്ളത് വിലങ്ങുകളല്ല. പുതിയ ലോകം ഒന്നും വേണ്ടേ,
നേടിയ സമ്പത്തും, സൗകര്യങ്ങളും ഒക്കെ കൈവിടാതെ കെട്ടിപ്പിടിച്ച് വക്കാനുള്ള തിരക്കിലാണ് നമ്മൾ.

Green Reporter

Babuji

Visit our Facebook page...

Responses

0 Comments

Leave your comment