കേരളത്തിൽ 10 സ്ഥലത്ത് പുതുതായി മിയാവാക്കി വനങ്ങൾ വരുന്നു




നഗരപ്രദേശങ്ങളിൽ കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കാനുള്ള കുട്ടിവനങ്ങൾ കൂടുതൽ വളർത്തിക്കൊണ്ട് വരാൻ സർക്കാർ ശ്രമിക്കുന്നു. മിയാവാക്കി ശൈലിയിലുള്ള വനം സംസ്ഥാനത്ത് പത്ത് ഇടത്താണ് പുതുതായി സ്ഥാപിക്കുന്നത്. കാസർഗോഡ് ജില്ലയിലെ ബേക്കൽ, പെരിന്തൽമണ്ണയിലെ അലിഗഢ് മുസ്‌ലിം യൂണിവേഴ്‌സിറ്റി, കൊല്ലത്തെ ആശ്രമം മൈതാനം എന്നിവയാണ് നിലവിൽ ഇതിനായി കണ്ടെത്തിയിട്ടുള്ളത്. ബാക്കിയുള്ള സ്ഥലങ്ങൾ ഉടൻ കണ്ടെത്തും.


നഗരങ്ങളോട് ചേർന്ന് സർക്കാർ ഉടമസ്ഥതയിലുള്ള 20 സെന്റ് വീതമുള്ള സ്ഥലങ്ങളിലാണ് വനം വെച്ച് പിടിപ്പിക്കുക. കേരളാ ഡെവലപ്മെന്റ് ആൻഡ് ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിൽ (കെ-ഡിസ്‌ക്) എന്ന സർക്കാർ സ്ഥാപനം വഴിയാണ് പദ്ധതി നടപ്പിലാക്കുന്നത്. പത്ത് സ്ഥലങ്ങളിലും കൂടി 2.96 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. 1000 ചതുരശ്രീ അടി വിസ്തീർണത്തിൽ വനം വെച്ചുപിടിപ്പിക്കാൻ 3.7 ലക്ഷം രൂപ വീതമാണ് നൽകുന്നത്.


മൊത്തം 20 സെന്ററിൽ 8000 ചതുരശ്ര അടി വനമാണ് ഉണ്ടാക്കേണ്ടത്. ആറുമാസത്തിനകം നിർമാണം പൂർത്തിയാക്കണം. പരിപാലത്തിനായി മൂന്ന് വർഷത്തേക്ക് മാസം 15000 രൂപ വീതവും നൽകും. ഒരു മീറ്റർ ആഴമുള്ള കുഴിയെടുത്ത് അതിൽ ചാണകപ്പൊടിയും ചകിരിയും മണ്ണും ചേർന്ന മിശ്രിതം നിറച്ച ശേഷം തൈകൾ നടാനാണ് നിർദേശം.


തിരുഅവന്തപുരത്ത് കനകക്കുന്നിൽ അഞ്ച് സെന്റ് സ്ഥലത്ത് കഴിഞ്ഞ കൊല്ലം നേച്ചർസ് ഗ്രീൻ ഗാർഡിയൻ ഫൗണ്ടേഷൻ മിയാവാക്കി വനം വെച്ച് പിടിപ്പിച്ചിരുന്നു. 


എന്താണ് മിയാവാക്കി വനങ്ങൾ?


ഇടതൂർന്ന ചെറുവനം ഒരുക്കാൻ ജപ്പാനിലെ സസ്യശാസ്ത്രജ്ഞൻ അകിര മിയാവാക്കി രൂപപ്പെടുത്തിയ വനവതകരണ സമ്പ്രദായമാണ് മിയാവാക്കി വനങ്ങൾ എന്ന പേരിൽ അറിയപ്പെടുന്നത്. മൂന്ന് വര്ഷം കൊണ്ട് മരങ്ങൾ 30 അടി ഉയരമെങ്കിലും ആവും. 100 വർഷം പഴക്കമുള്ള കാടിന്റെ രൂപം കിട്ടാൻ കേവലം പത്ത് വര്ഷം മതി എന്നതാണ് ഇതിന്റെ പ്രത്യേകത. ചാണകപ്പൊടിയും ചകിരിയും മണ്ണും  തുല്യ അളവിൽ ചേർന്ന മിശ്രിതത്തിലാണ് തൈ നടുന്നത്. അടുപ്പിച്ച് നടുന്നതിനാൽ മരങ്ങളുടെ മത്സരിച്ചുള്ള വളർച്ച ഉണ്ടാകും. ജപ്പാനിൽ ഇത്തരത്തിൽ 4000 മിയാവാക്കി വനങ്ങൾ ഉണ്ട്.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment