ആധുനിക കേരളത്തിൻ്റെ രക്ഷകരായ പ്രവാസികളെ രാജകീയമായി സ്വീകരിക്കുവാൻ കേരളം ബാധ്യസ്ഥമാണ്




രാജ്യത്താദ്യമായി കൊറോണ വൈറസ് സാന്നിധ്യം കണ്ടെത്തിയിട്ട് 100 ദിവസമാകുവാൻ ചില ദിവസങ്ങൾ കൂടി മതിയാകും. ഇന്ത്യയുടെ ഒന്നാം ഘട്ട കോവിഡ് വ്യാപനം ദിവസങ്ങൾക്കകം അവസാനിച്ചു എങ്കിൽ രണ്ടാം ഘട്ടം മറ്റൊരു ചിത്രമാണ് രാജ്യത്തിനു നൽകിയത്. രണ്ടാം വരവിലും കേരളം പതുക്കെ പതുക്കെ രോഗ വിമുക്തമായി കൊണ്ടിരിക്കുന്നു എന്നതിൽ നാടിനഭിമാനിക്കാം.


തമിഴ്നാട് മുതലുള്ള മിക്ക സംസ്ഥാനങ്ങളുടെയും അവസ്ഥ സുഖകരമല്ല. കേരളത്തിലെ ആകെ കോവിഡ് രോഗികൾ 500 കടക്കുവാൻ 95 ദിവസമെടുത്തു എങ്കിൽ ഗുജറാത്ത്, മഹാരാഷ്ട്ര ,തമിഴ്നാടു തുടങ്ങിയ സംസ്ഥാനങ്ങളിൽ കഴിഞ്ഞ ദിവസം തിരിച്ചറിഞ്ഞ കോവിഡ് രോഗികളുടെ എണ്ണം 500 വെച്ചാണ് എന്ന വാർത്ത ഭീതി ജനിപ്പിക്കുന്നു. രാജ്യത്ത് ഒറ്റ ദിവസം മരണപ്പെട്ടത് 111 പേരാണ്.ഗുജറാത്തിൽ 49 പേർ, മഹാരാഷ്ട്രയിൽ 34 , രാജസ്ഥാൻ 12, പശ്ചിമ ബംഗാളിൽ 7 അങ്ങനെ പോകുന്നു മരണസംഖ്യ .


49400 കോവിഡ് രോഗികൾ രാജ്യത്തുള്ളപ്പോൾ 1691 മരണവും രോഗ വിമുക്തർ 14183മാണ്.മരണ അനുപാതം100 രോഗികളിൽ 3.4 എന്നത് ലോക ശരാശരിക്കൊപ്പമാണ് എങ്കിലും രോഗ വിമുക്തർ 28.7% എന്ന താഴ്ന്ന നില ആശാവഹമല്ല.കേരളത്തിൽ അത് 94 % മാണ്. കർഫ്യൂ നടപ്പിലാക്കിയതിലൂടെ വ്യാപന തോത് 1.8 RO (Reproductive No) ൽ നിർത്തുവാൻ സഹായിച്ചു. എന്നാൽ കർഫ്യൂ വരുത്തിവെച്ച കഷ്ട നഷ്ടങ്ങൾ കണക്കുകൾക്കപ്പുറമാണ്. പരിശോധനയിൽ കേരളം പിന്നോട്ടു പോയ സാഹചര്യങ്ങളെ വേഗം പരിഹരിക്കേണ്ടതുണ്ട്..


കേരളത്തിലെ രോഗികളുടെ എണ്ണം 30 ൽ താഴെക്കെത്തുമ്പോൾ, നാട്ടിലേക്കെത്തുന്ന പ്രവാസികളെ സ്വീകരിക്കുവാൻ തയ്യാറെടുപ്പുകളുടെ അവസാന ഘട്ടത്തിലാണ്. കോവിഡ് രോഗാണുവിനെ സംബന്ധിച്ച്, പ്രവാസി എന്നാേ സ്വദേശി എന്നോ പരിഗണന ബാധകമാകാതെ, അസുഖം പടർത്തുവാനുള്ള അതിൻ്റെ ശേഷിയെ സാമൂഹിക ഉത്തരവാദിത്തത്തോടെ പ്രതിരോധിക്കേണ്ടതുണ്ട്. അതിനായി  പഴുതുകളില്ലാത്ത സംവിധാനങ്ങൾ സർക്കാരിൻ്റെ ഭാഗത്തുണ്ട് എന്ന് മന്ത്രിമാർ പറയുന്നു. അതിൻ്റെ പരിമിതികൾ ചൂണ്ടി കാട്ടുവാൻ പ്രതിപക്ഷത്തിനും ശാസ്ത്ര പ്രവർത്തകർക്കും മറ്റുമുള്ള അവകാശങ്ങളെ ബന്ധപെട്ടവർ ഉപയോഗപ്പെടുത്തണം.


NRK ക്കാരായ മടങ്ങി വരുമെന്നു പ്രതീക്ഷിക്കുന്ന ആളുകളെ വീടുകളിൽ ക്വാറൻ്റയിനിൽ ഇരുത്താം എന്ന ആത്മ വിശ്വാസം സർക്കാരിനു ലഭിച്ചത് 1.75 ലക്ഷം ആളുകളിൽ 95% ത്തെയും കഴിഞ്ഞ മൂന്നു മാസമായി ഏറെക്കുറെ സുരക്ഷിതമായി നിർത്തുവാൻ കഴിഞ്ഞതിനാലാണ്. എന്നാൽ Reverse Quarantine നെ പറ്റി ചിന്തിക്കുന്ന പുതിയ സാഹചര്യത്തിൽ പ്രവാസി വീടുകളിലേക്ക് എത്തുന്ന വ്യക്തികൾക്കൊപ്പം വീടുകളിലെ അംഗങ്ങൾ സാമൂഹിക അകലം പാലിക്കുവാൻ ബാധ്യസ്ഥമാകേണ്ടതുണ്ട്. പ്രായമെത്തിയവരുടെ സുരക്ഷയെ മാനിച്ച് അത്തരക്കാർക്ക് പ്രത്യേക സുരക്ഷ ഒരുക്കുവാൻ സാമൂഹിക സംവിധാനമുണ്ടാകണം. അതു വഴി നിലവിലെ വിജയകരമായ കോറോണ രോഗവിമുക്തി സംസ്ഥാനത്തു നിലനിർത്തുവാൻ കഴിയും. 7 ദിവസത്തിനു ശേഷം തുടരുന്ന വീട്ടിലെ ക്വാറഡൈൻ, വീട്ടുകാർക്കേവർക്കും ബാധകമാക്കിയാൽ അതുണ്ടാക്കുന്ന സുരക്ഷിതത്വം വലുതാണ്. അതിനുള്ള എല്ലാ പിന്തുണയും കൊടുക്കുവാൻ സമൂഹം ഒറ്റകെട്ടായി തയ്യാറാകുമെന്ന് ഉറപ്പാക്കാം.


നവോധാന കേരളത്തിൻ്റെ ശില്പികൾ വൈകുണ്ഠ സ്വാമികൾ, നാരായണ ഗുരു, അയ്യങ്കാളി, കുമാര ഗുരു ,വാഗ്ഭടാനന്ദൻ തുടങ്ങിയവരും രാഷ്ട്രീയ കേരളത്തിൻ്റെ ഗുരുക്കൾ കേളപ്പജി, T K.മാധവൻ, സഹോദരൻ അയ്യപ്പൻ, A. K. G., EMS മുതലായവരും ആയിരുന്നു. ആധുനിക കേരളത്തിൻ്റെ രക്ഷകർതൃത്വം നിർവഹിച്ചു വരുന്ന പ്രവാസികളെ രാജകീയമായി സ്വീകരിക്കുവാൻ കേരളം ബാധ്യസ്ഥമാണ്. വരും ദിവസങ്ങൾ അതിനായി കേരളം മുഴുകി നിൽക്കും എന്നുറപ്പിക്കാം.

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment