മലപ്പുറത്തെ ക്വാറി വിരുദ്ധ സമരത്തിനെതിരെയുള്ള സി.പി.എം ഗൂണ്ടായിസത്തിൽ പ്രതിഷേധിച്ച് പശ്ചിമഘട്ട സംരക്ഷണ ഏകോപന സമിതി




മലപ്പുറം ജില്ലയിൽ കാവന്നുർ പഞ്ചായത്തിൽ  അനധികൃതമായി പ്രവർത്തിക്കുന്ന ചെങ്കൽ ക്വാറിക്കെതിരെയുളള ജനകീയ സമരത്തെ ഗൂണ്ടായിസം കൊണ്ടും വധഭീഷണി കൊണ്ടും ഇല്ലാതാക്കാനുള്ള ക്വാറിയുടെ ഉടമസ്ഥൻ കൂടിയായ എളയൂർ സി.പി.എം. ഏരിയാ സെക്രട്ടറിയുടെ ഹീന ശ്രമത്തിൽ ശക്തമായ പ്രതിഷേധം അറിയിച്ച് പശ്ചിമഘട്ട സംരക്ഷണ ഏകോപന സമിതി. 


പ്രകൃതി മനുഷ്യന്റെ അജൈവ ശരീരമാണെന്നും പ്രകൃതിയുടെ അടിവേരുവരെ തുരന്നെടുക്കുന്നത് ലാഭക്കൊതി മൂത്ത മുതലാളിത്തത്തിന്റെ ഹീന പ്രവൃത്തിയാണെന്നും പ്രകൃതിയുടെ മേൽ മനുഷ്യൻ നേടുന്ന വിജയത്തിന് പ്രകൃതി തന്നെ ശക്തമായി തിരിച്ചടിക്കുമെന്നും നിരീക്ഷിച്ച മാർക്സിസ്റ്റ് ആചാര്യൻമാരുടെ കേരളത്തിലെ ഈ പിന്തുടർച്ചക്കാരിൽ കേരളം ലജ്ജിക്കുന്നുവെന്ന് പശ്ചിമഘട്ട സംരക്ഷണ ഏകോപന സമിതി ജനറൽ കൺവീനർ എസ്. ബാബുജി പറഞ്ഞു.


കേരളമാകെയും മലപ്പുറം ജില്ലയിൽ പ്രത്യേകിച്ചും നഗ്നമായ പ്രകൃതി ചൂഷണത്തിന് കക്ഷിഭേദമില്ലാതെ ചൂട്ടുപിടിക്കുന്നവരിൽ പ്രമുഖർ  സി.പി.എം ലെ നേതാക്കാളും അവരുടെ കുഴലൂത്തുകാരുമാണെന്നും കേരളം തിരിച്ചറിയുന്നു. കാവന്നൂരിൽ ജനങ്ങളുടെ ഒപ്പം നിന്ന് ക്വാറിക്കെതിരെ ശബ്ദിച്ചതിനാണ് ഏകോപന സമിതി ജില്ലാ കൺവീനർ മുസ്തഫയെ  ഭീഷണി പെടുത്തിയതും അസ്കർ ചങ്ങനാശേരിയെ നടുറോഡിൽ നിന്ന് പിടിച്ചു കൊണ്ടുപോയി ഗൂണ്ടാകൾ ക്രൂരമായി മർദ്ദിക്കുകയും അവരുടെ നേതാവും തലവനുമായ പാർട്ടി ഏരിയാ സെക്രട്ടറിയുടെ മുമ്പിൽ എത്തിച്ച് മാനസിക പീഡനത്തിനും വിചാരണക്കും വിധേയനാക്കിയതും.


എത്ര ജനവിരുദ്ധ പ്രവൃത്തികൾ ചെയ്യുമ്പോഴും ഒരിക്കലെങ്കിലും അവർ ജനങ്ങളെ ഭയപ്പെടുന്നു, വീണ്ടും അധികാര മോഹവുമായി തെരഞ്ഞെടുപ്പിനെ നേരിടുമ്പോൾ മാത്രം ജനങ്ങൾ സത്യം തിരിച്ചറിയുന്നതിനെ അവർ ഭയപ്പെടുന്നു. ജനാധിപത്യത്തെ അവർ ഭയപെടുന്നുവെന്ന് ബാബുജി പറഞ്ഞു. ക്രൂരമായ മർദ്ദനത്തിന് ഇരയായ അസ്കറിന്റെ സംരക്ഷണത്തിന് ഉത്തരവാദപ്പെട്ട പോലീസ് തന്നെ പ്രതികളെ മൊഴിയിൽ കൃത്യമായി ചൂണ്ടിക്കാണിച്ചെങ്കിലും അവർക്കെതിരെ കേസെടുക്കാതെ അവരെ സംരക്ഷിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.


കുറ്റവാളികൾക്കെതിരെ കേസെടുത്ത് ശക്തമായ നിയമ നടപടികൾ സ്വീകരിക്കണമെന്ന് പശ്ചിമഘട്ട സംരക്ഷണ ഏകോപന സമിതിക്ക് വേണ്ടി എസ് ബാബുജി ആവശ്യപ്പെട്ടു. ഞങ്ങളുടെ പ്രതിഷേധം കേരളമാകെ ഏറ്റെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment