മങ്ങാട്ടുപാറയിൽ ഖനന നടപടികൾ തൽക്കാലം നിർത്തിവെക്കാൻ ഉത്തരവ്




തിരുവനന്തപുരം: ഉഴമലയ്ക്കൽ പഞ്ചായത്തിൽ മങ്ങാട്ടുപാറയിൽ ഖനനം നടത്താൻ അനുമതി നൽകിയ നടപടികൾ തൽക്കാലം നിർത്തിവെക്കാൻ കളക്ടറുടെ ഉത്തരവ്. സ്വകാര്യ വ്യക്തിക്ക് റവന്യൂ വകുപ്പ് നിരാക്ഷേപ പത്രം നൽകിയ നടപടിയാണ് നിർത്തിവെക്കാൻ ഉത്തരവായത്. ഇതുസംബന്ധിച്ച കളക്ടറുടെ ഉത്തരവ് ഉഴമലയ്ക്കൽ പഞ്ചായത്തിന് ലഭിച്ചു.


പത്ത് വർഷത്തേക്കാണ് ഉഴമലയ്ക്കൽ വില്ലേജിലെ ബ്ലോക്ക് നമ്പർ 50 ലെ 399/1, 399/2 എന്നീ സർവേ നമ്പറുകളിൽ ഉൾപ്പെട്ട 5 .71 ഹെക്റ്റർ സർക്കാർ പാറ പൊട്ടിക്കാൻ റവന്യൂ വകുപ്പ് സ്വകാര്യ വ്യക്തിക്ക് നിരാക്ഷേപ സാക്ഷ്യപത്രം നൽകിയത്. 2018 മെയ് 15 നാണ് റവന്യൂ വകുപ്പ് അനുമതി നൽകിയത്. ഈ അനുമതി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഉഴമലയ്ക്കൽ പഞ്ചായത്ത് പ്രസിഡന്റ് എ റഹീം സർക്കാരിന് പരാതി നൽകിയിരുന്നു. നിരാക്ഷേപ സാക്ഷ്യപത്രം റദ്ധാക്കരുതെന്ന് ആവശ്യപ്പെട്ട് ഖനനം നടത്താൻ അനുമതി ലഭിച്ച വ്യക്തിയും അപേക്ഷ നൽകിയിരുന്നു.


ഇതോടെ പരാതികളിൽ സമഗ്രമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കുവാനും റിപ്പോർട്ട് ലഭിച്ച് അതിന്മേൽ തീരുമാനം എടുക്കുന്നത് വരെ ഖനനം നടത്താൻ അനുവദിച്ച നിരാക്ഷേപ സാക്ഷ്യപത്രം താത്കാലികമായി നിർത്തിവെക്കാൻ സർക്കാർ നിർദേശിച്ചു. ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നത് വരെ ലഭിച്ച എൻഓസിയുടെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കാൻ പാടില്ലെന്നും കളക്ടറുടെ ഉത്തരവിൽ പറയുന്നു.


നേരത്തെ, മങ്ങാട്ടുപാറയിൽ ഖനനം നടത്താൻ റവന്യൂ വകുപ്പ് നൽകിയ നിരാക്ഷേപ സാക്ഷ്യപത്രം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എസ്. ശബരീനാഥൻ എംഎൽഎ വകുപ്പ് മന്ത്രിക്ക് നിവേദനം നൽകിയിരുന്നു. അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് വി ആർ വിനോദ് മങ്ങാട്ടുപാറയിൽ സന്ദർശനം നടത്തിയിരുന്നു. 


അതേസമയം, വാണിയംപാറയിലെ സർക്കാർ പാറയിലെ ഖനനം നടത്താൻ നിരാക്ഷേപ സാക്ഷ്യപത്രം നൽകിയ നടപടി ഇപ്പോഴും അതേപടി നിലനിൽക്കുകയാണ്.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment